Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കിതാബിന് ശേഷം വിവാദമായി 'ദേശി'; കിതാബിനെതിരെ രംഗത്തെത്തിയത് പോപ്പുലർ ഫ്രണ്ടെങ്കിൽ ദേശിക്കെതിരെ ഉറഞ്ഞു തുള്ളി ഹിന്ദു ഐക്യവേദി; നാടകത്തിന് അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ടവരിൽ ശശികല ടീച്ചറും; വെല്ലുവിളികളെ നേരിട്ട് സംസ്ഥാന കലോത്സവത്തിൽ അവതരിപ്പിച്ച നാടകത്തിന് മികച്ച പ്രതികരണം; ചിത്രീകരിച്ചത് പൗരത്വ രജിസ്റ്ററിൽ ഉൾപ്പെടാതെ പോകുന്നവരുടെ ജീവിതാവസ്ഥകൾ; വിഷയം കത്തിക്കാൻ പ്രവർത്തിച്ചത് മറ്റൊരു സ്‌കൂൾ അധികൃതരെന്നും ആക്ഷേപം; നാടകത്തെക്കുറിച്ച് പ്രതികരിക്കാതെ ദേശി സംവിധായകൻ

കിതാബിന് ശേഷം വിവാദമായി 'ദേശി'; കിതാബിനെതിരെ രംഗത്തെത്തിയത് പോപ്പുലർ ഫ്രണ്ടെങ്കിൽ ദേശിക്കെതിരെ ഉറഞ്ഞു തുള്ളി ഹിന്ദു ഐക്യവേദി; നാടകത്തിന് അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ടവരിൽ ശശികല ടീച്ചറും; വെല്ലുവിളികളെ നേരിട്ട് സംസ്ഥാന കലോത്സവത്തിൽ അവതരിപ്പിച്ച നാടകത്തിന് മികച്ച പ്രതികരണം; ചിത്രീകരിച്ചത് പൗരത്വ രജിസ്റ്ററിൽ ഉൾപ്പെടാതെ പോകുന്നവരുടെ ജീവിതാവസ്ഥകൾ; വിഷയം കത്തിക്കാൻ പ്രവർത്തിച്ചത് മറ്റൊരു സ്‌കൂൾ അധികൃതരെന്നും ആക്ഷേപം; നാടകത്തെക്കുറിച്ച് പ്രതികരിക്കാതെ ദേശി സംവിധായകൻ

കെ വി നിരഞ്ജൻ

കാഞ്ഞങ്ങാട്: കഴിഞ്ഞ വർഷം കോഴിക്കോട് മേമുണ്ട ഹയർ സെക്കണ്ടറി സ്‌കൂൾ അവതരിപ്പിച്ച കിതാബ് എന്ന നാടകത്തിനെതിരെ പോപ്പുലർ ഫ്രണ്ട് ഉൾപ്പെടെയുള്ള ഇസ്ലാമിക സംഘടനകൾ ഉറഞ്ഞു തുള്ളിയത് കേരളം കണ്ടതാണ്. പ്രതിഷേധത്തെ തുടർന്ന് റഫീഖ് മംഗലശ്ശേരി സംവിധാനം ചെയ്ത ഈ നാടകത്തിന് സംസ്ഥാന കലോത്സവത്തിലേക്കുള്ള പ്രവേശനവും നഷ്ടപ്പെട്ടു. സമാനമായ അവസ്ഥയാണ് 'ദേശി' എന്ന നാടകത്തിനും ഉണ്ടായത്. കാഞ്ഞങ്ങാട് ദുർഗ്ഗ ഹയർ സെക്കണ്ടറി സ്‌കൂളിന്റെ ഈ നാടകത്തിനെതിരെ രംഗത്ത് വന്നത് ഹിന്ദു ഐക്യവേദിയാണ്. നാടകം സംസ്ഥാന കലോത്സവത്തിൽ അവതരിപ്പിക്കരുതെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹിന്ദു ഐക്യവേദിയുടെ പോസ്റ്ററുകൾ നിറഞ്ഞ കാഞ്ഞങ്ങാട് തന്നെ, നിറഞ്ഞ സദസ്സിൽ ദേശി അവതരിപ്പിക്കപ്പെട്ടു. സംസ്ഥാന സ്‌കുൾ കലോത്സവത്തിലെ നാടക ആരാധകർ സഹർഷമാണ് ഈ നാടകത്തെ സ്വീകരിച്ചത്.

അതിർത്തിഗ്രാമങ്ങളിൽ മതിയായ രേഖകളില്ലാത്തതിന്റെ പേരിൽ ഇന്ത്യക്കാരല്ലാതായിപ്പോകുന്ന ഒരു ജനതയുടെ നിസ്സഹായാവസ്ഥ അനുഭവിപ്പിക്കുന്നു ഈ നാടകം. പൗരത്വ രജിസ്റ്ററിൽ ഉൾപ്പെടാതെ പോകുന്ന കഥാപാത്രങ്ങളുടെ ജീവിതാവസ്ഥകൾ മികവുറ്റ രീതിയിൽ അവതരിപ്പിച്ചാണ് ദേശി പ്രേക്ഷകരുടെ പ്രിയം നേടിയത്. രാജ്യത്തിന്റെ മതേതര സ്വഭാവത്തിനും അഖണ്ഡതയ്ക്കും എതിരായതിനാൽ സംസ്ഥാന കലോത്സവത്തിൽ നാടകം പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഹിന്ദു ഐക്യവേദി രംഗത്ത് വന്നിരുന്നത്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി, സാംസ്കാരിക വകുപ്പ് മന്ത്രി, വിദ്യാഭ്യാസ വ കുപ്പ് മന്ത്രി എന്നിവർക്ക് സംഘടന പരാതി നൽകുകയും ചെയ്തു. എന്നാൽ എതിർപ്പുകളെയും വെല്ലുവിളികളെയും സധൈര്യം നേരിട്ടാണ് കൗമാര കലാകാരന്മാർ നാടകത്തിലൂടെ മറുപടി നൽകിയത്. ദേശി എന്ന നാടകത്തിന് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ അവതരണാനുമതി നൽകരുതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല ടീച്ചറും ആവശ്യപ്പെട്ടിരുന്നു.

ചില സാങ്കേതികതകളുടെ പേരിൽ പൗരത്വ പട്ടികയിൽ പെടാതെ പോകുമോ എന്ന ആശങ്ക നെഞ്ചിലേറ്റുന്ന കഥാപാത്രങ്ങളുടെ ജീവിതമാണ് ദേശി. അസമിലെ ഒരു ഗ്രാമത്തിലെ നിഷ്‌കളങ്കവും സംഗീതസാന്ദ്രവുമായ സാധാരണ ജീവിതത്തിലേക്ക് പൗരത്വനിർണയമെന്ന ഇടിത്തീ വന്നുപതിക്കുന്നു. അതുവരെ മതങ്ങളുടെ വേർതിരിവുകൾക്കപ്പുറം നിർമലമായ പ്രണയവും സഹവർത്തിത്വവും സഹിഷ്ണുതയും അനുവർത്തിച്ചുപോരുന്ന ജനമനസ്സുകളിൽ കടുത്ത വിഭാഗീയത വളർത്തുന്നത് അധികാരകേന്ദ്രങ്ങൾ തന്നെയാണെന്ന് നാടകം പറയുന്നു. ആസാമീസ് അതിർത്തി ഗ്രാമത്തിൽ താമസിക്കുന്ന അൻവറുള്ള എന്ന ദേശീയ ബോധമുള്ള കഥപാത്രത്തിന്റെയും കുടുംബത്തിന്റേയും കഥ കൂടിയാണിത്. അൻവറുള്ളയുടെ പിതാവ് സ്വാതന്ത്ര്യ സമര സേനാനി കൂടിയായിരുന്നു. പ്രളയത്തിൽ നഷ്ടപ്പെട്ടു പോയ ആധാർ കാർഡും വോട്ടർ ഐഡിയും വീണ്ടെടുക്കാനാകാതെ വിഷമിക്കുന്ന സാധാരണ മനുഷ്യരുടെ കഥയാണ് നാടകം പറയുന്നത്. അൻവറുള്ളയുടെ എന്ന കഥാപാത്രത്തിന്റെ മകളും രൺവീർ എന്ന ഹിന്ദുവായ യുവാവും തമ്മിലുള്ള പ്രണയവും നാടകം പറയുന്നുണ്ട്. അൻവറുള്ളയുടെ മകളെ ഒരു ഹിന്ദുവായ എംഎൽഎ ബലാത്സംഗം ചെയ്യുന്നുണ്ട്. ഇതെല്ലാം ഹിന്ദുക്കളെ അപമാനിക്കുന്നതും ബിജെപിയെ ഉദ്ദേശിച്ച് രൂപപ്പെടുത്തിയതുമാണെന്നാണ് സംഘപരിവാർ സംഘടനകളുടെ ആക്ഷേപം. വരേണ്യവർഗം ബലാൽക്കാരം ചെയ്തുകൊന്നുതള്ളുന്ന വടക്കേ ഇന്ത്യയിലെ പെൺകുട്ടികളിൽ ഒരാൾമാത്രമാണ് ഈ നാടകത്തിലെ അൻവറുള്ളയുടെ മകൾ. കൊലചെയ്യപ്പെട്ട മകളുടെ മൃതശരീരം സ്വന്തം സൈക്കളിൽ ചേർത്തുകെട്ടി അഭയാർഥിപ്രയാണത്തിനു തൊട്ടുമുമ്പ് അൻവറുള്ള പറയുന്നു, 'ഇന്ത്യ എന്റെ രാജ്യമായിരുന്നു'.

രാഷ്ട്രീയ പാർട്ടികളേയോ മത-സാമുദായിക സംഘടനകളെയോ ഒന്നും നാടകത്തിൽ പരാമർശിക്കുന്നില്ലെന്ന് നാടകത്തിന്റെ അണിയറ പ്രവർത്തകർ പറയുന്നു. സാങ്കേതിക പ്രശ്നങ്ങൾ കാരണം പൗരത്വ രജിസ്റ്ററിൽ പെടാതെ പോകുന്ന നിസ്സഹായരായ ജീവിതങ്ങളുടെ ദുരവസ്ഥ മാത്രമാണ് നാടകത്തിലൂടെ പറയുന്നതെന്നും അവർ വ്യക്തമാക്കുന്നു. കെ പി എ സിയുടെ നിരവധി നാടകങ്ങൾ രചിച്ച സുരേഷ് ബാബു ശ്രീസ്ഥയാണ് നാടകം രചിച്ചിരിക്കുന്നത്. ഇതേ സമയം നാടകത്തെക്കുറിച്ച് പ്രതികരിക്കാൻ സംവിധായകൻ തയ്യാറായില്ല. സർക്കാർ ഉദ്യോഗസ്ഥനായതുകൊണ്ട് തനിക്ക് പ്രശ്നമുണ്ടാവുമെന്ന് ഭയന്നാണ് സംവിധായകൻ മൗനം പാലിക്കുന്നത്.

ഇതേ സമയം നാടകം വിവാദമാക്കിയതിന് പിന്നിൽ മറ്റൊരു സ്‌കൂളിലെ ചിലർക്ക് പങ്കുണ്ടെന്നാണ് അറിയുവാൻ കഴിയുന്നത്. മറ്റൊരു വിദ്യാലയം പ്രശസ്ത ചലച്ചിത്ര സംവിധായകനെകൊണ്ടുവന്ന് മൂന്നര ലക്ഷത്തോളം രൂപ ചെലവഴിച്ച് ഒരു നാടകം രൂപപ്പെടുത്തിയിരുന്നു. എന്നാൽ ജില്ലയിൽ ദേശി ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ ഈ നാടകം പിന്നോക്കം പോയി.ഇതോടെ ഒരു അദ്ധ്യാപകൻ ദേശി നാടകം ഹിന്ദു വിരുദ്ധമാണ് എന്നെല്ലാം പറഞ്ഞ് ഹിന്ദു ഐക്യവേദിയെ സമീപിക്കുകയും അവരെക്കൊണ്ട് നാടകത്തിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുകയുമായിരുന്നെന്നാണ് ചിലർ വ്യക്തമാക്കുന്നത്. ഹിന്ദു ഐക്യവേദിക്കാർ ഈ നാടകം കണ്ടിട്ടില്ലെന്നും കണ്ടവർക്ക് നാടകത്തിന്റെ അന്തസത്ത മനസ്സിലായിട്ടുമില്ലെന്നും ഇവർ പറയുന്നു. അവരെ ഹിന്ദു വിരുദ്ധമെന്ന് പറഞ്ഞ് പ്രകോപിപ്പിച്ച് നാടകത്തിനെതിരെ രംഗത്തിറക്കുകയായിരുന്നു ഈ അദ്ധ്യാപകൻ ചെയ്തതെന്നും ആക്ഷേപമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP