Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വാഹന പരിശോധനകൾ എസ് ഐയുടെ നേതൃത്വത്തിൽ നടത്തണം; എല്ലാം ക്യാമറയിൽ പകർത്തണമെന്നതും നിർബന്ധം; വളവിലും തിരിവിലും 'കൈകാണിക്കുന്നതിനും' നിരോധനം; അനിഷ്ട സംഭവങ്ങൾക്ക് ഉത്തരവാദി എസ് പിയെന്നും ഡിജിപിയുടെ ഉത്തരവ്; വാഹന പരിശോധനയ്ക്കിടെയുള്ള ദുരന്തങ്ങൾ കുറയ്ക്കാൻ ഇടപെടലുമായി ലോക്‌നാഥ് ബെഹ്‌റ; ഇന്ന് മുതൽ പിൻസീറ്റിലും ഹെൽമറ്റ് നിർബന്ധം; ഹെൽമറ്റില്ലാതെ ഒരു വണ്ടിയിൽ രണ്ട് യാത്രികരുണ്ടെങ്കിൽ ഈടാക്കുക ഇരട്ടിപ്പിഴ

വാഹന പരിശോധനകൾ എസ് ഐയുടെ നേതൃത്വത്തിൽ നടത്തണം; എല്ലാം ക്യാമറയിൽ പകർത്തണമെന്നതും നിർബന്ധം; വളവിലും തിരിവിലും 'കൈകാണിക്കുന്നതിനും' നിരോധനം; അനിഷ്ട സംഭവങ്ങൾക്ക് ഉത്തരവാദി എസ് പിയെന്നും ഡിജിപിയുടെ ഉത്തരവ്; വാഹന പരിശോധനയ്ക്കിടെയുള്ള ദുരന്തങ്ങൾ കുറയ്ക്കാൻ ഇടപെടലുമായി ലോക്‌നാഥ് ബെഹ്‌റ; ഇന്ന് മുതൽ പിൻസീറ്റിലും ഹെൽമറ്റ് നിർബന്ധം; ഹെൽമറ്റില്ലാതെ ഒരു വണ്ടിയിൽ രണ്ട് യാത്രികരുണ്ടെങ്കിൽ ഈടാക്കുക ഇരട്ടിപ്പിഴ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളിൽ ഇന്നു മുതൽ 2 യാത്രക്കാർക്കും ഹെൽമറ്റ് നിർബന്ധം. പൊലീസ് വാഹന പരിശോധനയും കർശനമാക്കും. അതിനിടെ വാഹന പരിശോധനകൾ എസ് ഐയുടെ നേതൃത്വത്തിലാകണമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഉത്തരവും ഇട്ടു. പൊലീസും മോട്ടോർവാഹന വകുപ്പും ഹെൽമറ്റ് വേട്ടയ്ക്ക് മുന്നിലുണ്ടാകും. ആവശ്യക്കാർ ഏറിയതോടെ കുട്ടികൾക്ക് ഉപയോഗിക്കാവുന്ന തരത്തിലുള്ള ഹെൽമറ്റ് പലയിടത്തും കിട്ടാതായി. സ്റ്റോക്ക് കുറഞ്ഞതോടെ ഹെൽമറ്റ് വില ഉയർന്നിട്ടുമുണ്ട്. ഇത് പുതിയ പ്രതിസന്ധിയാണ്.

ഹെൽമറ്റില്ലാത്ത 2 പേർ യാത്ര ചെയ്യുന്നുണ്ടെങ്കിൽ അതു 2 നിയമലംഘനമായി കണക്കാക്കി ഇരട്ടപ്പിഴ ഈടാക്കുമെന്ന് മോട്ടർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു. വാഹന ഉടമയിൽ നിന്നാണു പിഴ ഈടാക്കുക. ഒരു നിയമലംഘനത്തിനുള്ള പിഴ 500 രൂപ. കുറ്റം ആവർത്തിച്ചാൽ 1000 രൂപ. തുടർന്നാൽ ലൈസൻസ് സസ്‌പെൻഡ് ചെയ്യും. ഹൈക്കോടതിവിധിയുടെ പശ്ചാത്തലത്തിലാണ് തീരുമാനങ്ങൾ. 4 വയസ്സിനു മുകളിലുള്ള ഇരുചക്രവാഹന യാത്രക്കാർ ബിഐഎസ് അംഗീകൃത ഹെൽമറ്റ് ധരിക്കണമെന്നു നിർദ്ദേശിച്ചു ട്രാൻസ്‌പോർട്ട് കമ്മിഷണർക്കും ഡിജിപിക്കും ജില്ലാ കലക്ടർമാർക്കും ആർടിഒമാർക്കും കഴിഞ്ഞയാഴ്ച ഗതാഗതവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കത്തയച്ചിരുന്നു.

ഹെൽമറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നവർക്ക് പിഴ ചുമത്താൻ സംസ്ഥാനത്തെ 85 എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകൾക്കും ട്രാൻസ്‌പോർട്ട് കമ്മിഷണർ നിർദ്ദേശം നൽകി. 240 നിരീക്ഷണ ക്യാമറകൾ വഴിയും നിയമലംഘകരെ കണ്ടെത്തും. കുട്ടികളും മുതിർന്നവരും സ്ത്രീകളുമെല്ലാം ഇനി പിൻസീറ്റിലിരിക്കുകയാണെങ്കിൽ ഹെൽമറ്റ് ധരിക്കണം. ഇതുസംബന്ധിച്ച് രണ്ടാഴ്ച മുമ്പാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിന്റെ ഭാഗമായി ഹെൽമറ്റ് പരിശോധന ഇന്നുമുതൽ കർശനമാക്കാനാണ് മോട്ടോർ വാഹനവകുപ്പിന്റെ തീരുമാനം. ഇതിനായി വിവിധ സ്‌ക്വാഡുകളെയും നിയോഗിച്ചിട്ടുണ്ട്. ഒന്നാംഘട്ടത്തിൽ പിഴ ഒഴിവാക്കി ബോധവൽക്കരണം നടത്തും. വാഹനങ്ങൾ പിന്തുടർന്ന് പരിശോധന നടത്തരുതെന്ന് ഡിജിപി പൊലീസുകാർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

വാഹന പരിശോധനകൾ എസ് ഐയുടെ നേതൃത്വത്തിൽ നടത്തണമെന്നും എല്ലാം ക്യാമറയിൽ പകർത്തണമെന്നതും നിർബന്ധമാണ്. വളവിലും തിരിവിലും 'കൈകാണിക്കുന്നതിനും' നിരോധനമുണ്ട്. അനിഷ്ട സംഭവങ്ങൾക്ക് ഉത്തരവാദി എസ് പയായിരിക്കുമെന്നും ഡിജിപിയുടെ ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.

വരും ദിവസങ്ങളിൽ പിൻസീറ്റ് യാത്രക്കാർ ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്താൽ വാഹനം ഓടിക്കുന്നയാൾ പിഴ അടക്കണം. ഇല്ലെങ്കിൽ കോടതി നടപടിയുമായി മുന്നോട്ട് പോകുമെന്നും അധികൃതർ അറിയിച്ചു. അടുത്ത ദിവസം മുതൽ സഹയാത്രികർ സീറ്റ് ബെൽറ്റ് ധരിക്കാതെ യാത്ര ചെയ്താൽ വാഹനം ഓടിക്കുന്ന ഡ്രൈവർ കുറ്റക്കാരനാകുമെന്നും പിഴത്തുക അടക്കാത്തപക്ഷം കോടതി നടപടി തുടരുമെന്നും എൻഫോഴ്സ്മന്റെ് ആർ.ടി.ഒ അറിയിച്ചു. ഹെൽമറ്റ് ഉപോഗിക്കാത്തവർക്ക് എതിരെ കർശന നടപടി എടുക്കാനാണ് കോടതി നിർദ്ദേശമെങ്കിലും ആദ്യ ഘട്ടത്തിൽ പിഴ ഈടാക്കൽ അടക്കമുള്ള നീക്കത്തിന് ഗതാഗതവകുപ്പ് മുതിരില്ലെന്നാണ് സൂചന.

കേന്ദ്ര മോട്ടോർവാഹന നിയമഭേദഗതിയിൽ പിൻസീറ്റ് യാത്രക്കാർക്കും ഹെൽമററ് നിർബന്ധമാക്കിയിരുന്നെങ്കിലും സംസ്ഥാനത്ത് നടപ്പിലാക്കിയിരുന്നില്ല. ഒടുവിൽ ഹൈക്കോടതി ഇടപെടലോടെയാണ് പിൻസീറ്റ് ഹെൽമറ്റ് നിയമം ഇന്ന് മുതൽ നടപ്പിലാക്കി തുടങ്ങുന്നത്. പിൻസീറ്റിൽ ഇരിക്കുന്ന 4 വയസ്സിനുമുകളിലുള്ള കുട്ടികളുൾപെടെയുള്ള യാത്രക്കാർ നിർബന്ധമായും ഹെൽമറ്റ് ധരിക്കണം.ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ 500 രൂപയാണ് പിഴ.കുറ്റം ആവർത്തിച്ചാൽ 1000 രൂപ പിഴ നൽകണം.സ്ഥിരമായി ഹെൽമറ്റ് ധരിക്കാതെ യാത്രചെയ്യുന്നത് ശ്രദ്ധയിൽപെട്ടാൽ ലൈസൻസ് റദ്ദാക്കാനും നിയമത്തിൽ വ്യവസ്ഥയുണ്ട്. പിഴത്തുക അടക്കുന്നില്ലെന്ന് കണ്ടെത്തിയാലും വാഹന ഉടമക്കെതിരെ നടപടി ഉണ്ടാകും.

നിയമം കർശനമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനാണ് ഗതാഗതവകുപ്പിന്റെ തീരുമാനം. ഇന്ന് മുതൽ പ്രത്യേക പരിശോധന നടത്തും. എന്നാൽ ആദ്യ ഘട്ടത്തിൽ പിഴ ഈടാക്കാതെ ബോധവൽകരണത്തിനായിരിക്കും മുൻതൂക്കം നൽകുക. കുട്ടികൾക്കുൾപ്പെടെ ഹെൽമറ്റ് ധരിക്കേണ്ടിവരുന്നത് പൊതുജനങ്ങളിൽ നിന്ന് എതിർപ്പിനിടയാക്കുമോയെന്ന സംശയം സർക്കാരിനുണ്ട്. വാഹനാപകടങ്ങളിൽ ഇരുചക്രവാഹനക്കാർക്ക് തലക്ക് പരിക്കേൽകുന്നതിന്റെ നിരക്ക് വർധിച്ചതിനെതുടർന്നാണ് പിൻസീറ്റ് യാത്രക്കാർക്കും ഹെൽമറ്റ് നിർബന്ധമാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP