Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബോർഡിന് പ്രധാനം ആചാര സംരക്ഷണം തന്നെ... ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ എസ് എസ് ആസ്ഥാനത്ത് എത്തിയത് ഈ ഉറപ്പ് നൽകാൻ; വിശ്വാസികൾക്ക് അനുഗണമായ രീതിയിൽ ശബരിമല തീർത്ഥാടനം തുടരുമെന്നും വിശദീകരണം; ആക്ടിവിസ്റ്റുകളെ പിന്തുണക്കില്ലെന്നും എൻ വാസു; വട്ടിയൂർക്കാവിലെ കേസ് പിൻവലിക്കലിന് ശേഷം ദൂതനെ പെരുന്നയിലേക്ക് അയച്ച് സിപിഎം; സുകുമാരൻ നായരെ കണ്ട് എല്ലാം ശരിയാക്കാമെന്ന് ഉറപ്പ് നൽകി തിരുവിതാകൂർ ദേവസ്വം ബോർഡിന്റെ മലക്കം മറിച്ചിൽ

ബോർഡിന് പ്രധാനം ആചാര സംരക്ഷണം തന്നെ... ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ എസ് എസ് ആസ്ഥാനത്ത് എത്തിയത് ഈ ഉറപ്പ് നൽകാൻ; വിശ്വാസികൾക്ക് അനുഗണമായ രീതിയിൽ ശബരിമല തീർത്ഥാടനം തുടരുമെന്നും വിശദീകരണം; ആക്ടിവിസ്റ്റുകളെ പിന്തുണക്കില്ലെന്നും എൻ വാസു; വട്ടിയൂർക്കാവിലെ കേസ് പിൻവലിക്കലിന് ശേഷം ദൂതനെ പെരുന്നയിലേക്ക് അയച്ച് സിപിഎം; സുകുമാരൻ നായരെ കണ്ട് എല്ലാം ശരിയാക്കാമെന്ന് ഉറപ്പ് നൽകി തിരുവിതാകൂർ ദേവസ്വം ബോർഡിന്റെ മലക്കം മറിച്ചിൽ

മറുനാടൻ മലയാളി ബ്യൂറോ

പെരുന്ന: തെറ്റുകൾ ചെയ്യില്ലെന്ന് ബോധ്യപ്പെടുത്താൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റെ എൻ വാസു എൻ എസ് എസ് ആസ്ഥാനത്ത് എത്തി. കഴിഞ്ഞ ദിവസമാണ് എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ കാണാൻ വാസു എത്തിയത്. ആചാര സംരക്ഷണത്തിന് തന്നെയാകും ബോർഡ് പ്രാധാന്യം നൽകുകയെന്ന് സുകുമാരൻ നായരെ വാസു അറിയിച്ചതായാണ് സൂചന. യുവതി പ്രവേശന വിഷയത്തിൽ സുപ്രീംകോടതി ഇനി നിലപാട് ചോദിച്ചാൽ വിശ്വാസികൾക്ക് ഒപ്പം നിന്നുള്ള മറപടി നൽകുമെന്നും വിശദീകരിച്ചു. ശബരിമലയിൽ യുവതി പ്രവേശനത്തിന് അവസരമൊരുക്കിയത് കഴിഞ്ഞ തവണ ദേവസ്വം കമ്മീഷണറായിരുന്ന താനാണെന്ന വാദം തെറ്റാണെന്നും പറഞ്ഞു. തെറ്റിധാരണയാണ് ഇക്കാര്യത്തിൽ ഉണ്ടായതെന്നും സുകുമാരൻ നായരെ വാസു അറിയിച്ചതായാണ് സൂചന. പ്രശ്‌നങ്ങൾക്ക് കാരണം സുപ്രീംകോടതി വിധി നടപ്പിലാക്കേണ്ട ബാധ്യത സർക്കാരിനുണ്ടായതു കൊണ്ടാണെന്നും വിശദീകരിച്ചു.

ശബരിമലയിലെ യുവതി പ്രവേശനത്തിലൂടെ സിപിഎമ്മും എൻഎസ് എസും രണ്ട് വഴിക്ക് പോയിരുന്നു. നിരന്തരം ആക്രമിക്കുന്ന പ്രസ്താവനയാണ് സിപിഎമ്മും എൻ എസ് എസും നടത്തിയത്. എന്നാൽ ആചാര സംരക്ഷണത്തിൽ മാത്രമാണ് തങ്ങൾക്ക് സർക്കാരുമായും സിപിഎമ്മുമായും ആശയ ഭിന്നതയുള്ളൂവെന്ന് എൻ എസ് എസ് വ്യക്തമാക്കി. ലോക്‌സഭയിൽ എല്ലാ അർത്ഥത്തിലും എൻ എസ് എസ് ഇടതുപക്ഷത്തെ കൈവിട്ടു. ഉപതെരഞ്ഞെടുപ്പിൽ പരസ്യ നിലപാടും എടുത്തു. എന്നാൽ വട്ടിയൂർക്കാവിൽ അടക്കം ഇത് വിലപ്പോയില്ല. ഇതിനിടെ എൻ എസ് എസിനെതിരെ സിപിഎം നൽകിയ പരാതികൾ ചർച്ചയായി. ഈയിടെ ഈ പരാതികൾ സിപിഎം പിൻവലിച്ചു. ഇതിന് ശേഷമാണ് ദേവസ്വം ബോർഡ് പ്രസിഡന്റായ വാസു പെരുന്നയിൽ എത്തിയത്. എൻ എസ് എസ് താൽപ്പര്യത്തിന് വിരുദ്ധമായാണ് വാസുവിനെ ദേവസ്വം ബോർഡ് പ്രസിഡന്റാക്കിയതെന്നും അഭ്യൂഹമുണ്ടായിരുന്നു. അങ്ങനെ ഒന്നില്ലെന്ന് സുകുമാരൻ നായരെ ബോധ്യപ്പെടുത്താൻ കൂടിയാണ് വാസു കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയിലൂടെ ശ്രമിച്ചത്.

സിപിഎമ്മിനോട് എൻ എസ് എസിനെ അടുപ്പിക്കാനുള്ള ദൗത്യമാണ് വാസു ഏറ്റെടുത്തതെന്നും സൂചനയുണ്ട്. എന്നാൽ തന്നെ വന്നു കണ്ട വാസുവിനോട് എൻ എസ് എസ് ജനറൽ സെക്രട്ടറി കരുതലോടെ മാത്രമാണ് പ്രതികരിച്ചത്. പതിവ് സന്ദർശനത്തിന് അപ്പുറം ഒരു പ്രാധാന്യവും നൽകിയില്ല. വിശ്വാസ സംരക്ഷണത്തിന് മുന്നിൽ നിൽക്കണ്ടത് ദേവസ്വം ബോർഡാണെന്ന സന്ദേശവും നൽകി. ഇതെല്ലാം അംഗീകരിച്ചാണ് വാസു പെരുന്നയിൽ നിന്ന് മടങ്ങിയത്. ദേവസ്വം ബോർഡ് പ്രസിഡന്റായപ്പോൾ തന്നെ വാസു പലപ്പോഴും പെരുന്നയിൽ എത്തി ജനറൽ സെക്രട്ടറിയെ കാണാൻ സമയം ചോദിച്ചിരുന്നു. ആദ്യമെല്ലാം അത് നിഷേധിച്ചു. ഒടുവിൽ സുകുമാരൻ നായർ അനുവദിക്കുകയും ചെയ്തു. ശബരിമലയിൽ വിശ്വാസ സംരക്ഷണത്തിന് പൊലീസും ദേവസ്വം ബോർഡും തയ്യാറായ സാഹചര്യത്തിലാണ് ഇത്. തൃപ്തി ദേശായിയെ കൊച്ചിയിൽ നിന്ന് തന്നെ മടക്കി അയച്ച സാഹചര്യത്തിൽ കൂടിയാണ് വാസുവിന് പെരുന്ന സന്ദർശനത്തിനുള്ള പച്ചക്കൊടി കിട്ടിയത്.

വിശ്വാസികൾക്ക് അനുഗുണമായ രീതിയിൽ ശബരിമല തീർത്ഥാടനം തുടരുന്നതിനു തിരുവിതാംകൂർ ദേവസ്വം ബോർഡും സംസ്ഥാന സർക്കാരും സഹകരിക്കണമെന്നു എൻ എസ് എസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ കാലങ്ങളിൽ ഉണ്ടായതുപോലുള്ള അനിഷ്ട സംഭവങ്ങൾക്ക് ഇട നൽകാതിരിക്കാനും ശ്രമം വേണം. എൻഎസ്എസ് മുഖപത്രമായ സർവീസിന്റെ എഡിറ്റോറിയലിലാണു ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ നിലപാടു വ്യക്തമാക്കിയിരുന്നത്. ശബരിമലയിൽ യുവതികൾക്കു പ്രവേശനം അനുവദിച്ച വിധി ഏഴംഗ ബെഞ്ചിന്റെ പരിഗണനയ്ക്കു വിടാനുള്ള സുപ്രീം കോടതി തീരുമാനം വിശ്വാസത്തിന്റെയും വിശ്വാസി സമൂഹത്തിന്റെയും വിജയമാണ്. കേസ് ഏഴംഗ ബെഞ്ചിന്റെ പരിഗണനയിൽ വരുമ്പോഴും വിശ്വാസവും ആചാരാനുഷ്ഠാനങ്ങളും സംരക്ഷിക്കാൻ വേണ്ടിയുള്ള എൻഎസ്എസിന്റെ ഉറച്ച നിലപാട് തുടർന്നുള്ള നടപടികളിലുമുണ്ടാകും. അന്തിമഫലവും വിശ്വാസികൾക്ക് അനുകൂലമാകുമെന്നാണു കരുതുന്നതെന്നും സുകുമാരൻ നായർ വിശദീകരിച്ചിരുന്നു.

യുവതീപ്രവേശം അനുവദിച്ച വിധി വന്നപ്പോൾ സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും വിധി നടപ്പാക്കാൻ തിടുക്കത്തിൽ നടപടികൾ സ്വീകരിച്ചതാണു പ്രശ്‌നങ്ങൾക്കു വഴിവച്ചത്. ഈശ്വരവിശ്വാസവും ആചാരാനുഷ്ഠാനങ്ങളും സംരക്ഷിക്കുക എന്നതാണ് എൻഎസ്എസിന്റെ പ്രഖ്യാപിതനയം. അതിനു വേണ്ടിയാണു ജാതി-മത-രാഷ്ട്രീയ ഭേദമില്ലാതെ വിശ്വാസികളോടൊപ്പം പങ്കുചേർന്നത്. 2018 ഒക്ടോബർ 2 മുതൽ നാമജപഘോഷയാത്ര ആദ്യഘട്ടമായി താലൂക്കുതലത്തിൽ നടത്തി. എൻഎസ്എസ് പതാകാദിനത്തിൽ കരയോഗമന്ദിരങ്ങളിൽ പതാക ഉയർത്തിയ ശേഷം, അയ്യപ്പന്റെ ചിത്രത്തിനു മുന്നിൽ നിലവിളക്കു കൊളുത്തി വിശ്വാസസംരക്ഷണ നാമജപം നടത്തി. പുനഃപരിശോധനാ ഹർജി സുപ്രീം കോടതി പരിഗണിച്ച 2018 നവംബർ 13ന് ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കണമെന്ന പ്രാർത്ഥനയുമായി ക്ഷേത്രങ്ങളിൽ വഴിപാടുകളും ഭവനങ്ങളിൽ അയ്യപ്പനാമജപവും നടത്തി. എൻഎസ്എസിനു വേണ്ടി മുൻ അറ്റോർണി ജനറലും സീനിയർ അഭിഭാഷകനുമായ കെ.പരാശരൻ മുഖേന പുനഃപരിശോധനാ ഹർജിയും ഫയൽ ചെയ്തകാര്യവും എൻ എസ് എസ് ചർച്ചയാക്കിയിരുന്നു. ഈ നിലപാട് അംഗീകരിക്കുന്ന ആരുമായും എൻ എസ് എസ് സഹകരിക്കും. ഈ സന്ദേശത്തോടെയാണ് വാസുവിനേയും ജനറൽ സെക്രട്ടറി കണ്ടത്.

സംവരണേതര ഹൈന്ദവ സമുദായങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ദേവസ്വം ബോർഡ് നിയമനങ്ങളിൽ 10 ശതമാനം സംവരണം നിലവിൽ വന്നെന്ന ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ പ്രസ്താവനയിൽ അവ്യക്തതയുണ്ടെന്ന് ആശങ്ക പരിഹിക്കുമെന്നും വാസു ഉറപ്പ് നൽകിയിട്ടുണ്ട്. സംവരണേതര സമുദായങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് നൽകാൻ തീരുമാനിച്ചു എന്നറിഞ്ഞപ്പോൾതന്നെ നിയമപരമായി നേരിടുമെന്ന ചിലരുടെ പ്രഖ്യാപനമാണു സംശയങ്ങൾക്ക് ഇടയാക്കിയത്. ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് സ്ഥാപിതമായതിനെ തുടർന്ന് 68 ശതമാനം ജനറൽ ക്വോട്ടായും 32 ശതമാനം സംവരണക്വോട്ടായും ആയി വ്യവസ്ഥ ചെയ്തിരുന്നു. 2017 നവംബർ 15ലെ മന്ത്രിസഭായോഗത്തിൽ, 10 ശതമാനം സാമ്പത്തികസംവരണം നൽകുമെന്ന് പ്രഖ്യാപിച്ചതാണ്. അതു പ്രാബല്യത്തിൽ വരുത്തുന്നതിന് നിലവിലെ ചട്ടങ്ങളിൽ ഭേദഗതിവരുത്തി പ്രസിദ്ധീകരിക്കുകയോ തുടർനടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്ന പരാതി എൻ എസ് എസിനുണ്ട്.

ജനറൽവിഭാഗത്തിലെ 68 ശതമാനത്തിൽനിന്നു 18 ശതമാനം സംവരണവിഭാഗത്തിലേക്കു മാറ്റിയാണ് ഇപ്പോൾ സംവരണം 50 ശതമാനമാക്കിയത്. അങ്ങനെ മാറ്റിയ 18 ശതമാനത്തിൽനിന്നു 10 ശതമാനം മുന്നാക്കവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവർക്ക് നൽകിയും ഈഴവസമുദായത്തിന് നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന 14 ശതമാനം 17 ശതമാനം ആയി വർധിപ്പിച്ചും പട്ടികജാതി-പട്ടികവർഗത്തിന് ഇപ്പോൾ ലഭിക്കുന്ന 10 ശതമാനം 12 ശതമാനം ആയി വർധിപ്പിച്ചും മറ്റു പിന്നാക്കവിഭാഗങ്ങൾക്ക് ഇപ്പോൾ ലഭിക്കുന്ന 3 ശതമാനം 6 ശതമാനം ആയി വർധിപ്പിച്ചുമാണ് നിലവിലെ 68:32 എന്നത് 50:50 ശതമാനമാക്കി മാറ്റിയതെന്നാണ് എൻ എസ് എസ് പറയുന്നത്. ഈ വിഷയത്തിലെ ആശങ്കയും ഉടൻ പരിഹരിക്കപ്പെടുമെന്ന് വാസു എൻ എസ് എസിന് ഉറപ്പ് നൽകിയിട്ടുണ്ട്. ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുമെന്നാണ് സുകുമാരൻ നായരോട് വാസു പറഞ്ഞതെന്നാണ് സൂചന.

സാധാരണ നിലയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണക്കുമ്പോൾ എൻഎസ്എസ് പ്രതിനിധിക്കാണ് മുൻതൂക്കം ലഭിക്കാറ്. ഇത്തവണ ആ പതിവും തെറ്റിച്ചാണ് വാസുവിനെ പ്രസിഡന്റാക്കിയത്. സിപിഎം. സംസ്ഥാനസമിതി അംഗങ്ങളായ സി.ബി.ചന്ദ്രബാബു, ആർ.ഉണ്ണിക്കൃഷ്ണപിള്ള, പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.ബി.ഹർഷകുമാർ തുടങ്ങിയവരുടെ പേരുകൾ സിപിഎമ്മിലെ ചർച്ചയിലുണ്ടായിരുന്നുവെങ്കിലും അവസാനം നറുക്ക് വീണത് വാസുവിനായിരുന്നു. യുവതീ പ്രവേശന വിവാദത്തിന്റെ വേളയിൽ സർക്കാറിന് ഒപ്പം നിന്ന നിലപാടാണ് വാസു സ്വീകിരച്ചത്. അതിന്റെ പ്രത്യുപകാരമാണ് ഈ പദവിയെന്ന വാദവും സജീവമായി. എന്നാൽ ദേവസ്വം ബോർഡ് പ്രസിഡന്റായ വാസു വിശ്വാസികൾക്കൊപ്പാണ് നിലകൊണ്ടത്.

പ്രസിഡന്റും അംഗങ്ങളും അറിയാതെ, യുവതി പ്രവേശ വിഷയത്തിൽ സുപ്രീംകോടതിയിൽ ദേവസ്വം ബോർഡ് മലക്കം മറിയാൻ കാരണമായത് അന്ന് ദേവസ്വം കമ്മിഷണർ എൻ. വാസുവിന്റെ ഇടപെടലാണെന്ന ആരോപണം സജീവമായിരുന്നു. രണ്ടാം വട്ടം് എൻ. വാസു തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മിഷണറായിരുന്നു്. സിപിഎമ്മിന്റെ കൊല്ലം ജില്ലയിലെ പ്രധാന പ്രവർത്തകനായിരുന്നു വാസു. കുളക്കട പഞ്ചായത്തിൽ രണ്ടു തവണ അദ്ദേഹം പ്രസിഡന്റായി. 1977 ലും 82 ലും.. 82 ൽ രണ്ടു വർഷം മാത്രമാണ് പ്രസിഡന്റ് സ്ഥാനത്ത് തുടർന്നത്. 84 ൽ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജി വച്ച് വിജിലൻസ് ട്രിബ്യൂണലിൽ ജഡ്ജിയായി. പിന്നീട് കുറേക്കാലം മന്ത്രി പി.കെ. ഗുരുദാസന്റെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചു. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ദേവസ്വം കമ്മിഷണറായിരുന്ന നളിനാക്ഷൻ നായരെ തെറിപ്പിച്ചാണ് വാസുവിനെ ആ സ്ഥാനത്ത് നിയമിച്ചത്. അതുവരെ ഐഎഎസ് റാങ്കിലുള്ള ഉദ്യോഗസ്ഥർ വഹിച്ചിരുന്ന പദവിയാണ് ഒരു ജുഡീഷ്യൽ ഓഫീസറായിരുന്നു എന്ന പേരിൽ വാസുവിന് കൈമാറിയത്. യുഡിഎഫ് സർക്കാർ വന്നതിന് പിന്നാലെ വാസുവിനെ നീക്കി ഐഎഎസുകാരനായ വേണുഗോപാലിനെ കമ്മിഷണറാക്കി നിയമിച്ചു.

കഴിഞ്ഞ ബോർഡിന്റെ കാലത്ത് വേണുഗോപാലായിരുന്നു കമ്മിഷണറെ മാറ്റിയാണ് വാസുവിനെ വീണ്ടും നിയമിച്ചത്. കമ്മിഷണർ സ്ഥാനത്തേക്ക് രാഷ്ട്രീയ നിയമനം പാടില്ലെന്ന് കഴിഞ്ഞ മണ്ഡല-മകര വിളക്ക് കാലത്തിന് മുൻപാണ് ഹൈക്കോടതി വിധിച്ചത്. ഇതോടെ വാസുവിന്റെ കസേര ഇളകി ഇരിക്കുകയായിരുന്നു. ദേവസ്വം കമ്മിഷണറായിരുന്ന നളിനാക്ഷൻ നായരെ തെറിപ്പിച്ചാണ് കഴിഞ്ഞ എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്ത് വാസുവിനെ ആദ്യമായി ആ സ്ഥാനത്ത് നിയമിച്ചത്. എന്നാൽ, യു.ഡി.എഫ് സർക്കാർ വന്നതിനു പിന്നാലെ വാസുവിനെ നീക്കി ഐ.എ.എസുകാരനായിരുന്ന വേണുഗോപാലിനെ കമ്മിഷണറാക്കി. പിണറായി സർക്കാർ അധികാരത്തിലെത്തിയതോടെ വാസു വീണ്ടും കമ്മിഷണറായി. കമ്മീഷണറായിരുന്ന വാസുവിനെ പുതിയ ദേവസ്വം പ്രസിഡന്റായും പിണറായി നിയമിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP