Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മഹാരാഷ്ട്ര ഉദ്ധവ് സർക്കാറിനെ നിയന്ത്രിക്കുക ശരദ് പവാർ തന്നെ; ആഭ്യന്തരം അടക്കമുള്ള നിർണായക വകുപ്പുകൾ എൻസിപിക്ക് ലഭിച്ചേക്കുമെന്ന് റിപ്പോർട്ട്; പവാറിന്റെ വിശ്വസ്ഥൻ ജയന്ത് പാട്ടീൽ ആഭ്യന്തര മന്ത്രി ആകുമ്പോൾ ഉപമുഖ്യമന്ത്രി പദവിയിലേക്ക് സാധ്യത അനന്തരവനായ അജിത് പവാറിന്; കോൺഗ്രസിന് റവന്യൂ വകുപ്പു കൊണ്ട് തൃപ്തിപ്പെടേണ്ടി വരും; വ്യവസായവും ധനകാര്യവും ശിവസേന തന്നെ കൈകാര്യം ചെയ്യും; പ്രതിപക്ഷ നേതാവായി ദേവേന്ദ്ര ഫഡ്നാവിസിനെ തിരഞ്ഞെടുത്തു

മഹാരാഷ്ട്ര ഉദ്ധവ് സർക്കാറിനെ നിയന്ത്രിക്കുക ശരദ് പവാർ തന്നെ; ആഭ്യന്തരം അടക്കമുള്ള നിർണായക വകുപ്പുകൾ എൻസിപിക്ക് ലഭിച്ചേക്കുമെന്ന് റിപ്പോർട്ട്; പവാറിന്റെ വിശ്വസ്ഥൻ ജയന്ത് പാട്ടീൽ ആഭ്യന്തര മന്ത്രി ആകുമ്പോൾ ഉപമുഖ്യമന്ത്രി പദവിയിലേക്ക് സാധ്യത അനന്തരവനായ അജിത് പവാറിന്; കോൺഗ്രസിന് റവന്യൂ വകുപ്പു കൊണ്ട് തൃപ്തിപ്പെടേണ്ടി വരും; വ്യവസായവും ധനകാര്യവും ശിവസേന തന്നെ കൈകാര്യം ചെയ്യും; പ്രതിപക്ഷ നേതാവായി ദേവേന്ദ്ര ഫഡ്നാവിസിനെ തിരഞ്ഞെടുത്തു

മറുനാടൻ ഡെസ്‌ക്‌

മുംബൈ: മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറെ സർക്കാറിനെ നിയന്ത്രിക്കുക മറാഠ രാഷ്ട്രീയത്തിലെ കരുത്തനായ ശരദ് പവാർ തന്നെയെന്ന് സൂചന. ഉദ്ധവ് താക്കറെ സർക്കാറിൽ എൻസിപിക്ക് സുപ്രധാന വകുപ്പുകൾ ലഭിച്ചേക്കുമെന്നാണ് ലഭിക്കുന്ന സൂചന. ആഭ്യന്തരം അടക്കമുള്ള നിർണായക വകുപ്പുകൾ സർക്കാർ രൂപീകരണത്തിൽ മുന്നിൽ നിന്ന ശരദ് പവാർ നയിക്കുന്ന എൻസിപിക്ക് ലഭിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. 43 അംഗം മന്ത്രിസഭയിൽ 16 മന്ത്രിസ്ഥാനങ്ങൾ എൻസിപിക്ക് ലഭിച്ചേക്കും. എൻസിപി നേതാവും ശരദ് പവാറിന്റെ അനന്തരവനുമായി അജിത് പവാറിന് ഉപമുഖ്യമന്ത്രി സ്ഥാനം ലഭിച്ചേക്കും.

കോൺഗ്രസിൽ നിന്നും 12ഉം ശിവസേനയിൽ നിന്നും 15 മന്ത്രിമാരും ഉദ്ധവ് സർക്കാരിന്റെ ഭാഗമായേക്കും. എൻസിപിയിലെ ശക്തനായ നേതാവും ശരദ് പവാറിന്റെ അടുപ്പക്കാരനുമായ ജയന്ത് പാട്ടീലാകും ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുകയെന്നാണ് സൂചന. സ്പീക്കർ പദവി ലഭിച്ചതിനാൽ കോൺഗ്രസ് കൂടുതൽ വിലപേശലിന് നിൽക്കില്ല. എന്നാൽ റവന്യൂ വകുപ്പ് ലഭിച്ചേക്കും. സർക്കാരിലെ മറ്റ് സുപ്രധാന വകുപ്പുകളായ വ്യവസായവും ധനകാര്യവും ശിവസേനയ്ക്ക് തന്നെയായിരിക്കും.

അതിനിടെ, ബിജെപി പാർലമെന്ററി പാർട്ടി യോഗം ചേർന്ന് മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തു. അതേസമയം മഹാരാഷ്ട്രാ മുഖ്യമന്ത്രി സ്ഥാനത്ത് തിരിച്ചെത്തുമെന്ന് ആവർത്തിച്ച് ഫഡ്‌നാവിസ് ഇന്നും രംഗത്തെത്തി. പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ട ഫഡ്നവിസിനെ അഭിനന്ദിക്കുന്ന പ്രമേയം മഹാരാഷ്ട്രാ നിയമസഭയിൽ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അവതരിപ്പിച്ചതിന് പിന്നാലെയാണ് ഫഡ്നവിസ് ഇക്കാര്യം പറഞ്ഞത്.

മുഖ്യമന്ത്രിസ്ഥാനത്ത് തിരിച്ചെത്തുമെന്ന തരത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഫഡ്നവിസ് നടത്തിയ അവകാശവാദത്തെ ഉദ്ധവ് അടക്കമുള്ളവർ നിയമസഭയിൽ നടത്തിയ പ്രസംഗത്തിനിടെ പരിഹസിച്ചു. ഇതേത്തുടർന്നാണ് ഫഡ്നവിസ് തന്റെ പ്രസ്താവന ആവർത്തിച്ചത്. തിരിച്ചെത്തുമെന്ന് താൻ പറഞ്ഞിരുന്നുവെന്ന് ഫഡ്നവിസ് സമ്മതിച്ചു. എന്നാൽ അതുസംബന്ധിച്ച ടൈം ടേബിൾ നൽകിയിരുന്നില്ല. ഒരു കാര്യം നിങ്ങൾക്ക് ഉറപ്പു നൽകുന്നു. നിങ്ങൾ കുറച്ചു സമയം കാത്തിരിക്കേണ്ടിവരും. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ പല പദ്ധതികളും പ്രഖ്യാപിക്കുകയും അവയുടെ നിർമ്മാണ പ്രവർത്തനം തുടങ്ങുകയും ചെയ്തിരുന്നു. പദ്ധതികൾ പൂർത്തിയാകുന്നതോടെ ഉദ്ഘാടനം നിർവഹിക്കാൻ താൻ മടങ്ങിയെത്തും.

യോഗ്യതയ്ക്കപ്പുറം രാഷ്ട്രീയ കണക്കുകൂട്ടലുകൾ വിജയിച്ചതിനാലാണ് ബിജെപിക്ക് മഹാരാഷ്ട്രയിൽ അധികാരത്തിലെത്താൻ കഴിയാതിരുന്നത്. തിരഞ്ഞെടുപ്പിൽ ജനങ്ങൾ പിന്തുണച്ചത് തങ്ങളെയാണ്. ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. നിയമസഭാ തിരഞ്ഞെടുപ്പിൽ ഞങ്ങളുടെ സ്ട്രൈക്ക് റേറ്റ് 70 ശതമാനമായിരുന്നു. എന്നാൽ യോഗ്യതയ്ക്കപ്പുറം കണക്കൂകൂട്ടലുകൾ വിജയിച്ചു. തിരഞ്ഞെടുപ്പിൽ 40 ശതമാനം മാർക്ക് നേടിയവർ സർക്കാർ രൂപവത്കരിച്ചു. ജനാധിപത്യ മര്യാദയുടെ ഭാഗമായി അത് അംഗീകരിക്കുന്നുവെന്നും ഫഡ്നവിസ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP