Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പെൻഷനും ശമ്പളവും ഉൾപ്പെടെ മൂന്നര ലക്ഷം ശമ്പളം വാങ്ങുന്ന ഡയറക്‌റുടെ ഭാര്യാ സഹോദരൻ; മുൻ മുഖ്യമന്ത്രി അച്യുതമേനോന്റെ മകൻ ഡോ രാമൻ കുട്ടിക്ക് കരാർ അടിസ്ഥാനത്തിൽ കൊടുക്കുന്നത് പ്രതിമാസം 2.20ലക്ഷം; റേഡിയോളജിയിലെ പ്രൊഫസർക്ക് വിരമിച്ച ശേഷം ശമ്പളം വെറും 1.01 ലക്ഷവും; 2012 മുതൽ രണ്ട് ജീവനക്കാർ വാങ്ങിയ അധിക തുകയും വേണ്ട; വിരമിച്ച ശേഷം ജോലി ചെയ്യുന്നയാളുടെ വീട്ടലവൻസും നിയമ വിരുദ്ധം; പാവപ്പെട്ടവർക്ക് ചികിൽസയില്ലെന്ന് പറയുന്ന ശ്രീചിത്രയിൽ ഇഷ്ടക്കാർക്ക് എല്ലാം ഇഷ്ടം പോലെ

പെൻഷനും ശമ്പളവും ഉൾപ്പെടെ മൂന്നര ലക്ഷം ശമ്പളം വാങ്ങുന്ന ഡയറക്‌റുടെ ഭാര്യാ സഹോദരൻ; മുൻ മുഖ്യമന്ത്രി അച്യുതമേനോന്റെ മകൻ ഡോ രാമൻ കുട്ടിക്ക് കരാർ അടിസ്ഥാനത്തിൽ കൊടുക്കുന്നത് പ്രതിമാസം 2.20ലക്ഷം; റേഡിയോളജിയിലെ പ്രൊഫസർക്ക് വിരമിച്ച ശേഷം ശമ്പളം വെറും 1.01 ലക്ഷവും; 2012 മുതൽ രണ്ട് ജീവനക്കാർ വാങ്ങിയ അധിക തുകയും വേണ്ട; വിരമിച്ച ശേഷം ജോലി ചെയ്യുന്നയാളുടെ വീട്ടലവൻസും നിയമ വിരുദ്ധം; പാവപ്പെട്ടവർക്ക് ചികിൽസയില്ലെന്ന് പറയുന്ന ശ്രീചിത്രയിൽ ഇഷ്ടക്കാർക്ക് എല്ലാം ഇഷ്ടം പോലെ

എം മനോജ് കുമാർ

തിരുവനന്തപുരം: സൗജന്യ ചികിൽസ നിർത്തലാക്കി പാവങ്ങളെ ദ്രോഹിക്കുന്ന ശ്രീ ചിത്രാ മെഡിക്കൽ ഇൻസിറ്റിറ്റിയൂട്ടിൽ ഇഷ്ടക്കാർക്ക് സുഖവാസം. പെൻഷൻ പറ്റിയവർക്ക് വാരിക്കോരി കൊടുക്കും. ഓഡിറ്റ് വിഭാഗം തിരിമറി കണ്ടെത്തിയാൽ പണം തിരികെ വാങ്ങില്ല. പെൻഷൻ പറ്റിയ ശേഷം തുടരുന്ന ഡെപ്യൂട്ടി ഡയറക്ടർക്ക് വീട് അലവൻസും നൽകുന്നു. ഇങ്ങനെ സർവ്വത്ര അഴിമതി. ഇതിൽ പെൻഷൻ പറ്റിയ ഡോക്ടർക്ക് വൻതുക നൽകി തുടരാൻ അനുവദിക്കുന്ന വിചിത്ര നടപടിയും ഉണ്ട്. കമ്മ്യൂണിറ്റ് മെഡിസിൻ ഡോക്ടറും മുൻ മുഖ്യമന്ത്രി സി അച്യുതമേനോന്റെ മകനുമായി ഡോ രാമൻകുട്ടിക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുന്നത്. ഇങ്ങനെ പാവങ്ങളുടെ ചികിൽസ നിഷേധിക്കുന്ന സ്ഥാപനത്തിൽ മാനേജ്‌മെന്റിന്റെ ഇഷ്ടക്കാർക്ക് നല്ലകാലം മാത്രമാണ്.

സി അച്യുതമേനോൻ സെന്ററിലാണ് വി രാമൻകുട്ടി ഡോക്ടറുടെ ജോലി. പെൻഷനായ ശേഷവും തുടരാൻ അനുവദിച്ചു. പബ്ലിക് ഹെൽത്തിൽ ജോലി ചെയ്യുന്ന രാമൻകുട്ടിക്ക് പ്രതിമാസം 2.20 ലക്ഷം രൂപ ശമ്പളമായി കിട്ടുന്നു. ഇതിനൊപ്പം പെൻഷനും. അതായത് മൂന്നരലക്ഷത്തിൽ അധികം രൂപ മാസം രാമൻകുട്ടിക്ക് കിട്ടും വിധമാണ് പെൻഷൻ കഴിഞ്ഞും ജോലി ചെയ്യാൻ അവസരമൊരുക്കുന്നത്. റേഡിയോളജി വിഭാഗത്തിൽ പ്രൊഫസറായ കപില മൂർത്തിക്ക് കിട്ടുന്നത് ഒരുലക്ഷം രൂപ മാത്രമാണ്. കപില മൂർത്തിയും റിട്ടർ ചെയ്ത ശേഷം തുടരുന്ന ഡോക്ടറാണ്. അതായത് രാമൻകുട്ടിക്കും കപില മൂർത്തിക്കും കൊടുക്കുന്ന ശമ്പളത്തിൽ വലിയ വ്യത്യാസം ഉണ്ടെന്നതാണ് വസ്തുത. ശ്രീചിത്രയുടെ ഡയറക്ടർ ആശാ കിഷോറിന്റെ സഹോദരി ഭർത്താവാണ് രാമൻകുട്ടി. അതായത് ബന്ധവിന് വഴിവട്ട ശമ്പളം കൊടുക്കുകയാണ് ആശാ കിഷോറിന്റെ നേതൃത്വത്തിലെ ഭരണ സമിതി എന്നതാണ് ഉയരുന്ന ആരോപണം.

ഇതിനൊപ്പമാണ് ലാബിലെ സയന്റിഫിക് ഓഫീസറായ സുലൈഖ ബേബിക്ക്
നൽകിയ കൂടുതൽ തുക തിരിച്ചു പിടിക്കേണ്ടെന്ന ഉത്തരവും. 2012ൽ ഇവർക്ക് നിയമവിരുദ്ധമായി പ്രെമോഷൻ കിട്ടിയരുന്നു. ഇത് ഇന്റേണൽ ഓഡിറ്റിൽ കണ്ടെത്തി. 2012 മുതൽ ഇവർക്ക് കൊടുത്ത തുക തിരിച്ചു പിടിക്കണമെന്നായിരുന്നു നിർദ്ദേശം. എന്നാൽ ഈ തുക എഴുതി തള്ളനാണ് ഡയറക്ടർ ബോർഡിന്റെ തീരുമാനം. സാധാരണ ഗതിയിൽ ഇവരുടെ ഭാവി ശമ്പളത്തിൽ നിന്ന് ഈ തുക പിടിക്കാനണ് തീരുമാനം എടുക്കേണ്ടി ഇരുന്നത്. അല്ലാത്ത പക്ഷം അവരിൽ നിന്ന് നേരിട്ട് ഈടാക്കണമായിരുന്നു. ഇത് രണ്ടുമല്ലെങ്കിൽ നിയമവിരുദ്ധമായി ഇവർക്ക് പ്രെമോഷൻ കൊടുത്ത ഉദ്യോഗസ്ഥയുടെ പിഴവാണ് ഈ അനാവശ്യ ചെലവ്. അതുകൊണ്ട് തന്നെ അവരിൽ നിന്ന് ഈടാക്കണം. ഇതൊന്നും ചെയ്യാതെ തുകയേ വേണ്ടെന്ന് തീരുമാനിച്ചതും വിവാദമായിട്ടുണ്ട്. 2012 മുതലായതു കൊണ്ട് തന്നെ വലിയൊരു തുക ഇത്തരത്തിൽ ശ്രീചിത്രയിൽ നിന്നും നഷ്ടമാകും.

അഡ്‌മിസ്‌ട്രേഷൻ വിഭാഗത്തിൽ ജോലി ചെയ്യുന്ന ഗിരിജാ വല്ലഭനും കരാറിലൂടെയാണ് പ്രവർത്തിക്കുന്നത്. വിരമിച്ച ശേഷം സർവ്വീസിൽ തുടരുന്ന ഗിരിജാ വല്ലഭവന് വീട് അലവൻസ് അനുവദിക്കുന്നുണ്ട്. ഇതും നിയമ വിരുദ്ധമാണ്. റിട്ടർ ചെയ്തവർക്ക് വീട് അലവൻസ് അനുവദിക്കരുതെന്ന ചട്ടമാണ് ലംഘിക്കപ്പെടുന്നത്. ഇതെല്ലാം ഡൽഹിയിലെ ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ശ്രദ്ധയിൽ പെട്ടുകഴിഞ്ഞു. ഓഡിറ്റ് വിഭാഗം പരിശോധിക്കുകയും ചെയ്യും. ഇങ്ങനെ ശ്രീചിത്രയുടെ തുക പലവഴിക്ക് ചെലവഴിക്കുന്ന സ്ഥാപനമാണ് സൗജന്യ ചികിൽസ ഒഴിവാക്കിയുള്ള ധനസമാഹരണത്തിന് ഇറങ്ങുന്നത്. ശ്രീചിത്രയുടെ പല നടപടികളും ഇതിനോടകം വിവാദമായിട്ടുണ്ട്. ക്യാൻസർ ചികിൽസയിലെ മരുന്നു കണ്ടെത്തൽ ഉൾപ്പെടെയുള്ളവ ഇതിൽ പെടും. ഇതിനിടെയാണ് സാമ്പത്തിക ധൂർത്തിന്റെ പുതിയ വിവാദവും എത്തുന്നത്.

ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ സൗജന്യ ചികിത്സ വെട്ടിക്കുറച്ചതിനെതിരെയുള്ള പ്രതിഷേധം കേന്ദ്രത്തെ അറിയിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചർ വ്യക്തമാക്കിയിട്ടുണ്ട്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കാൻ ആവശ്യപ്പെടുന്നതാണ്. നിലവിൽ കിട്ടിക്കൊണ്ടിരുന്ന സൗജന്യ ചികിത്സ വെട്ടിക്കുറയ്ക്കേണ്ട യാതൊരു സാഹചര്യവുമില്ല. ശ്രീചിത്രയിൽ അർഹിക്കുന്നവർക്ക് സൗജന്യ ചികിത്സ ഉറപ്പുവരുത്തേണ്ടതുണ്ട്. അതിനാൽ സൗജന്യ ചികിത്സയ്ക്ക് പുതിയ മാനദണ്ഡം ഏർപ്പെടുത്തിയതിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും മന്ത്രി കെ.കെ. ശൈലജ ടീച്ചർ വ്യക്തമാക്കി. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ  ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിനെക്കൂടി ഉൾപ്പെടുത്തണമെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയോട് അഭ്യർത്ഥിച്ചെങ്കിലും ഇപ്പോഴും ചേർന്നിട്ടില്ല. കാർഡിയോളജി, ന്യൂറോളജി, സൂപ്പർ സ്പെഷ്യാലിറ്റി, ചികിത്സ സംവിധാനമുള്ള ആശുപത്രിയാണ് ശ്രീചിത്ര. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ ശ്രീചിത്രയെ ഉൾപ്പെടുത്തുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്നും മന്ത്രി പറഞ്ഞു. ഇങ്ങനെ പാവപ്പെട്ടവർക്ക് ചികിൽസ നിഷേധിക്കുന്ന സ്ഥാപനമാണ് ബന്ധുക്കൾക്കും ഇഷ്ടക്കാർക്കും പണം വാരിക്കോരി കൊടുക്കുന്നത്.

വീട്ടിൽ ശൗചാലയവും കളർ ടി.വി.യുമുണ്ടെങ്കിൽ ശ്രീചിത്രയിൽ ബി.പി.എലുകാർക്കും സൗജന്യചികിത്സ ലഭിക്കില്ലെന്നതാണ് പുതിയ നയം. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് പൂർണ സൗജന്യചികിത്സ ലഭിക്കാൻ ശീചിത്ര പുറത്തിറക്കിയ ഒമ്പത് മാനദണ്ഡങ്ങളിലാണ് ഇവയും ഉൾപ്പെടുത്തിയിട്ടുള്ളത്. ഒമ്പതിൽ ഏഴെണ്ണമെങ്കിലും പാലിക്കുന്നവർക്ക് മാത്രമേ പൂർണ ഇളവിന് അർഹതയുള്ളൂ. രോഗികളുടെ സാമൂഹിക- സാമ്പത്തിക സ്ഥിതി വിലയിരുത്താനാണ് ഈ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കുന്നത്. പൂർണമായ ചികിത്സാ ഇളവുകൾ നിരാലംബർക്ക് മാത്രമായി ചുരുക്കുകയും ബി.പി.എൽ. വിഭാഗത്തിൽപ്പെട്ട മറ്റുള്ളവർക്ക് നൽകിയിരുന്ന ഇളവ് 30 ശതമാനമായി ചുരുക്കുകയുമാണ് ചെയ്തത്. സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന എ.പി.എലുകാർക്ക് നേരത്തേ അനുവദിച്ചിരുന്ന സൗജന്യങ്ങളും ഉപേക്ഷിച്ചു. ചികിത്സാ ഇളവുകൾ എടുത്തുകളഞ്ഞതിനെതിരേ കടുത്ത പ്രതിഷേധമാണുയരുന്നത്. ഇത്തരത്തിലൊരു സ്ഥാപനമാണ് മുൻ മുഖ്യമന്ത്രിയായ അച്യുതമേനോന്റെ മകന് പെൻഷനും ശമ്പളവും ഒരുമിച്ച് കിട്ടാൻ സാഹചര്യമൊരുക്കുന്നത്. പാവം രോഗികളോട് കണ്ണടയ്ക്കുന്ന സമീപനമാണ് ശ്രീചിത്ര എടുക്കുന്നത്.

സംസ്ഥാന സർക്കാരിന്റെ കാരുണ്യ, ആരോഗ്യസുരക്ഷാപദ്ധതി ശ്രീചിത്ര നടപ്പാക്കുന്നില്ല. കാരുണ്യയിൽ നിശ്ചയിച്ചിട്ടുള്ള പല ചികിത്സാനിരക്കുകളും സ്വീകാര്യമല്ലെന്ന നിലപാടിലാണ് ശ്രീചിത്ര. സംസ്ഥാന സർക്കാർ സാമ്പത്തിക പിന്തുണ നൽയാൽ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ ധാരണാപത്രം ഒപ്പിടാമെന്നാണ് ആശുപത്രി അധികൃതർ സർക്കാരിനെ അറിയിച്ചത്. ഇതിൽ ധനവകുപ്പ് മറുപടി നൽകിയിട്ടില്ല. ആയുഷ്മാൻഭാരത് കെ.എ.,എസ്‌പി. പദ്ധതി പൂർണമായി നടപ്പാക്കുന്നതുവരെ ബി.പി.എൽ. വിഭാഗത്തിന് ചികിത്സാസൗജന്യം ഉറപ്പാക്കാനാണ് സാമൂഹികസാമ്പത്തികസ്ഥിതി വിലയിരുത്തൽ ആരംഭിച്ചതെന്ന് ശ്രീചിത്ര അധികൃതർ വിശദീകരിക്കുന്നു. ഇതിനിടെയാണ് പുതിയ വിവാദങ്ങൾ എത്തുന്നത്. ശ്രീചിത്രയിൽ ചികിൽസാ ഇളവുകൾ വെട്ടിക്കുറച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ ഇടപെട്ടു കഴിഞ്ഞു. ഡയറക്ടറോട് കമ്മിഷൻ വിശദീകരണം തേടി. തിരുവനന്തപുരം ശ്രീചിത്രയിൽ ചികിൽസാ ഇളവുകൾ വെട്ടിക്കുറച്ചതോടെ രോഗികൾ നെട്ടോട്ടമോടുകയാണ്.

ശ്രീചിത്ര ആശുപത്രിയിൽ പാവപ്പെട്ട രോഗികളുടെ ചികിൽസാ ഇളവുകൾ വെട്ടിക്കുറച്ചതിനെതിരെ ഡോക്ടർമാരുൾപ്പെടെ ജീവനക്കാർ പ്രതിഷേധത്തിലായിരുന്നു. ഉയർന്ന തസ്തികകളിലെ പരിധി കടന്നുള്ള ശമ്പള വർധനയും മാനേജ്‌മെന്റിന്റെ പിടിപ്പുകേടും സ്ഥാപനത്തെ വൻ പ്രതിസന്ധിയിലാക്കിയെന്നാണ് ജീവനക്കാരുടെ ആക്ഷേപം. നേരത്തെ ബിപിഎൽ റേഷൻ കാർഡും ആധാർ കാർഡും ഹാജരാക്കിയാൽ നിരക്ക് ഇളവ് ലഭിക്കുമായിരുന്നു. സ്ഥിരവരുമാനം ഇല്ലാത്തവർ, സ്വന്തമായി വീടില്ലാത്തവർ കുടുംബത്തിൽ വിധവകളോ മാറാ രോഗികൾ ഉള്ളവർ തുടങ്ങി ഏഴ് നിബന്ധനകൾ രേഖകൾ സഹിതം പാലിച്ചാലേ ഇനി നിരക്കിളവ് ലഭിക്കൂ. അഞ്ചുലക്ഷം രൂപവരെ ലഭിക്കുന്ന കാസ്പ് ഇൻഷുറൻസ് പദ്ധതിയും ശ്രീചിത്ര നടപ്പാക്കിയിട്ടില്ല. ഇതിനു പുറമെയാണ് നിലവിലെ ചികിൽസാ ആനുകൂല്യങ്ങൾ കൂടി വെട്ടിക്കുറച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP