Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മനാഫ് വധക്കേസ്: സ്‌പെഷ്യൽ പ്രോസിക്യൂട്ടർ വേണ്ടെന്ന സർക്കാർ ഉത്തരവ് ഹൈക്കോടതി തള്ളി; മനാഫിന്റെ സഹോദരൻ നിർദ്ദേശിക്കുന്നവരിൽ നിന്നും രണ്ടു മാസത്തിനകം പ്രോസിക്യൂട്ടറെ നിയമിക്കാൻ നിർദ്ദേശം; കേസിൽ പി.വി.അൻവർ എംഎൽഎയുടെ ബന്ധുക്കൾ അടക്കം പ്രതികൾ

മനാഫ് വധക്കേസ്: സ്‌പെഷ്യൽ പ്രോസിക്യൂട്ടർ വേണ്ടെന്ന സർക്കാർ ഉത്തരവ് ഹൈക്കോടതി തള്ളി;  മനാഫിന്റെ സഹോദരൻ നിർദ്ദേശിക്കുന്നവരിൽ നിന്നും രണ്ടു മാസത്തിനകം പ്രോസിക്യൂട്ടറെ നിയമിക്കാൻ നിർദ്ദേശം; കേസിൽ പി.വി.അൻവർ എംഎൽഎയുടെ ബന്ധുക്കൾ അടക്കം പ്രതികൾ

ജംഷാദ് മലപ്പുറം

മലപ്പുറം: നിലമ്പൂർ എംഎ‍ൽഎ പി.വി അൻവർ ഉൾപ്പെടെ പ്രതിയായിരുന്ന മനാഫ് വധക്കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ വേണ്ടെന്ന സർക്കാർ ഉത്തരവ് ഹൈക്കോടതി തള്ളി. മനാഫിന്റെ സഹോദരൻ നിർദ്ദേശിക്കുന്നവരിൽ നിന്നും രണ്ടു മാസത്തിനകം പ്രോസിക്യൂട്ടറെ നിയമിക്കാൻ കോടതിയുടെ നിർദ്ദേശം. എംഎ‍ൽഎയുടെ അനന്തരവന്മാരടക്കമുള്ള പ്രതികളുടെ വിചാരണക്ക് സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കാനാവില്ലെന്ന സർക്കാർ ഉത്തരവാണ് ഹൈക്കോടതി തള്ളിയത്.

ഹർജിക്കാരനായ മനാഫിന്റെ സഹോദരൻ നിർദ്ദേശിക്കുന്ന അഭിഭാഷക പാനലിൽ നിന്നും രണ്ടു മാസത്തിനകം സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും ജസ്റ്റിസ് അശോക് മേനോൻ ഉത്തരവിട്ടു. മനാഫിന്റെ സഹോദരൻ അബ്ദുൽറസാഖിന് വേണ്ടി മുതിർന്ന ക്രിമിനൽ അഭിഭാഷകൻ എസ്. ശ്രീകുമാർ, പി.കെ സോയൂസ് എന്നിവർ ഹാജരായി. മനാഫ് വധക്കേസിൽ പൊതുതാൽപര്യമില്ലെന്നും പ്രതികളെ വെറുതെവിട്ട കേസിൽ സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കുന്നത് പൊതുമുതൽ ധൂർത്തടിക്കലാകുമെന്നുമുള്ള കേസിലെ ആദ്യത്തെ പ്രോസിക്യൂട്ടർ കൂടിയായ നിലവിലെ ഡയറക്ടർ ജനറൽ പ്രോസിക്യൂഷൻ സി. ശ്രീധരൻ നായരുടെ റിപ്പോർട്ട് പ്രകാരമാണ് സ്പെഷൽ പ്രോസിക്യൂട്ടർ ആവശ്യം സർക്കാർ തള്ളിയത്. കേസിൽ രണ്ടാം പ്രതിയായിരുന്ന പി.വി അൻവർ എംഎ‍ൽഎയടക്കം വെറുതെവിട്ട 21 പ്രതികൾക്ക് ശിക്ഷ നൽകണമെന്നാവശ്യപ്പെട്ടുള്ള സർക്കാരിന്റെ അപ്പീലും സഹോദരൻ അബ്ദുൽറസാഖിന്റെ റിവിഷൻ ഹരജിയും ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും കോടതി നിരീക്ഷിച്ചു.

1995 ഏപ്രിൽ 13ന് ഒതായി അങ്ങാടിയിൽ നാട്ടുകാർ നോക്കിനിൽക്കെ പട്ടാപ്പകൽ 11 മണിയോടെയാണ് യൂത്ത് ലീഗ് പ്രവർത്തകനായ മനാഫിനെ അടിച്ചും കുത്തിയും കൊലപ്പെടുത്തിയത്. നിരവധി ദൃക്സാക്ഷികളുണ്ടായിരുന്ന പട്ടാപ്പകൽ നടന്ന കൊലപാതകത്തിൽ ഒന്നാം സാക്ഷി കൂറുമാറിയതോടെയാണ് അൻവർ അടക്കമുള്ള 21 പ്രതികളെ വിചാരണക്കോടതിയായ മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി വെറുതെവിട്ടത്. നിലവിലെ ഡി.ജി.പി ( ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ) സി. ശ്രീധരൻനായരായിരുന്നു സ്പെഷൽ പ്രോസിക്യൂട്ടർ. കൂറുമാറിയ സാക്ഷിക്കെതിരെ കേസെടുക്കാനോ മറ്റു സാക്ഷികളെ വിസ്തരിച്ച് ശിക്ഷ വാങ്ങി നൽകാനോ ശ്രമിക്കാതെ ശ്രീധരൻനായർ പ്രതിഭാഗവുമായി ഒത്തുകളിച്ചെന്നായിരുന്നു മനാഫിന്റെ ബന്ധുക്കളുടെ പരാതി.കേസിൽ പി.വി അൻവറിന്റെ രണ്ട് സഹോദരീപുത്രന്മാരടക്കം നാല് പ്രതികളെ 23 വർഷമായിട്ടും പൊലീസ് പിടികൂടിയിരുന്നില്ല. ഇവരെ പിടികൂടാൻ നടപടിയാവശ്യപ്പെട്ട് മനാഫിന്റെ സഹോദരൻ അബ്ദുൽറസാഖ് കോടതിയെ സമീപിച്ചതോടെയാണ് നാലു പ്രതികളെയും ലുക്കൗട്ട് നോട്ടീസിറക്കി ഇന്റർപോൾ സഹായത്തോടെ പിടികൂടണമെന്ന മഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ വർഷം ജൂലൈ 25ന് ഉത്തരവിട്ടത്.

ഇതിനു പിന്നാലെയാണ് അൻവറിന്റെ സഹോദരീപുത്രനും മൂന്നാം പ്രതിയുമായ മാലങ്ങാടൻ ഷെരീഫ് ഉൾപ്പെടെ മൂന്നു പ്രതികൾ കീഴടങ്ങിയത്. ഒന്നാം പ്രതിയായ പി.വി അൻവർ എംഎ‍ൽഎയുടെ സഹോദരീപുത്രൻ മാലങ്ങാടൻ ഷെഫീഖ് കഴിഞ്ഞ 24 വർഷമായി ദുബായിൽ സുഖജീവിതം നയിക്കുകയാണ്. ലുക്ക് നോട്ടീസിറക്കി ഇന്റർപോൾ സഹായത്തോടെ പിടികൂടണമെന്ന മഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് 15 മാസമായിട്ടും നടപ്പാക്കിയിട്ടില്ല.കീഴടങ്ങിയ പ്രതികളുടെ വിചാരണക്ക് സ്പെഷൽ പ്രോസിക്യൂട്ടറെ അനുവദിക്കണമെന്നാവശ്യപ്പെട്ട് മനാഫിന്റെ സഹോദരൻ നൽകിയ ഹരജിയിൽ 45 ദിവസത്തിനകം അനുകൂല തീരുമാനമെടുക്കാൻ ഹൈക്കോടതി ഇക്കഴിഞ്ഞ മെയ് 20തിന്് ഉത്തരവിട്ടിരുന്നു. രണ്ടു പതിറ്റാണ്ട് വിദേശത്ത് ഒളിവിൽക്കഴിഞ്ഞ പ്രതികൾ സ്വാധീനമുള്ളവരാണെന്നു വിലയിരുത്തി സ്പെഷൽ പ്രോസിക്യൂട്ടർ എന്ന ആവശ്യം ന്യായമാണെന്നു നിരീക്ഷിച്ചാണ് ഹൈക്കോടതി സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കുന്നതിൽ അനുകൂല തീരുമാനമെടുക്കാൻ ഉത്തരവിട്ടത്.

ഹൈക്കോടതി ഉത്തരവു പ്രകാരം അഭ്യന്തര വകുപ്പിലെ അണ്ടർ സെക്രട്ടറി നടത്തിയ വിചാരണയിൽ സ്പെഷൽ പ്രോസിക്യൂട്ടർ അനുവദിക്കാമെന്നാണ് ശുപാർശ ചെയ്തത്. എന്നാൽ ഡി.ജി.പി ശ്രീധരൻനായർ നൽകിയ എതിർ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ സ്പെഷൽ പ്രോസിക്യൂട്ടർ ആവശ്യം തള്ളിയത്. ഈ കേസിൽ സ്പെഷൽ പ്രോസിക്യൂട്ടറായിരുന്ന ശ്രീധരൻ നായർ ഡി.ജി.പിയായതോടെയാണ് സ്പെഷൽ പ്രോസിക്യൂട്ടറുടെ ഒഴിവ് വന്നത്. സ്പെഷൽ പ്രോസിക്യൂട്ടറുടെ വേതനം നൽകാൻ തയ്യാറാണെന്ന്  മനാഫിന്റെ കുടുംബം അറിയിച്ചിരുന്നെങ്കിലും അതും സർക്കാർ പരിഗണിക്കാതെയാണ് സ്പെഷൽ പ്രോസിക്യൂട്ടർ ആവശ്യം തള്ളിയത്. ഇതോടെയാണ് മനാഫിന്റെ സഹോദരൻ വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. മനാഫ് വധക്കേസിൽ സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും പുനർവിചാരണ നടത്തണമെന്നുമാവശ്യപ്പെട്ട് മനാഫിന്റെ കുടുംബം സെക്രട്ടറിയേറ്റിന് മുന്നിൽ നീതിസമരം നടത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP