Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിത്യാനന്ദയുടെ 'കൈലാസ ഹിന്ദു സാമ്രാജ്യം' വെറും പൊയ് വെടി! വിവാദ ആൾദൈവത്തിന് 'രാജ്യം' നൽകിയിട്ടില്ലെന്ന് വ്യക്തമാക്കി ഇക്വഡോർ; നിത്യാനന്ദക്ക് അഭയം നൽകാൻ സഹായിക്കുകയോ ദക്ഷിണ അമേരിക്കയിൽ ഏതെങ്കിലും ഭൂമി വാങ്ങാൻ സഹായിക്കുകയോ ചെയ്തിട്ടില്ലെന്നും ഇക്വഡോൾ എംബസി; സ്വാമി ഹെയ്തിയിലേക്ക് കടന്നതായി വെളിപ്പെടുത്തൽ; ബലാത്സംഗ കേസിൽ അറസ്റ്റിലാകും മുമ്പ് രാജ്യംവിട്ട താന്ത്രിക സെക്‌സ് സ്വാമിക്കെതിരെ ഫ്രാൻസിലും അന്വേഷണം വന്നതോടെ വാലിന് തീപിടിച്ച് പരക്കം പാഞ്ഞ് നിത്യാനന്ദ

നിത്യാനന്ദയുടെ 'കൈലാസ ഹിന്ദു സാമ്രാജ്യം' വെറും പൊയ് വെടി! വിവാദ ആൾദൈവത്തിന് 'രാജ്യം' നൽകിയിട്ടില്ലെന്ന് വ്യക്തമാക്കി ഇക്വഡോർ; നിത്യാനന്ദക്ക് അഭയം നൽകാൻ സഹായിക്കുകയോ ദക്ഷിണ അമേരിക്കയിൽ ഏതെങ്കിലും ഭൂമി വാങ്ങാൻ സഹായിക്കുകയോ ചെയ്തിട്ടില്ലെന്നും ഇക്വഡോൾ എംബസി; സ്വാമി ഹെയ്തിയിലേക്ക് കടന്നതായി വെളിപ്പെടുത്തൽ; ബലാത്സംഗ കേസിൽ അറസ്റ്റിലാകും മുമ്പ് രാജ്യംവിട്ട താന്ത്രിക സെക്‌സ് സ്വാമിക്കെതിരെ ഫ്രാൻസിലും അന്വേഷണം വന്നതോടെ വാലിന് തീപിടിച്ച് പരക്കം പാഞ്ഞ് നിത്യാനന്ദ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കൈലാസ രാജ്യം എന്ന പേരിൽ ഹിന്ദു സാമ്രാജ്യം, റിസർവ്വ് ബാങ്കിന് സമാനമായി ഹിന്ദു ഇൻവെസ്റ്റ്‌മെന്റ് ആൻഡ് റിസർവ്വ് ബാങ്ക്, പണമിടപാടുകൾ നടത്തുന്നത് ക്രിപറ്റോ കറൻസി വഴി, സനാതന ധർമ്മം പഠിപ്പിക്കാൻ സർവ്വകലാശാല, സ്വന്തമായി മന്ത്രിസഭ, താമര ദേശീയ പുഷ്പം, നന്ദി ദേശീയ മൃഗം... എന്തൊക്കെയായിരുന്നു വിവാദ ആൾദൈവം സ്വാമി നിത്യാനന്ദ കരീബിയൻ ഐലൻഡിൽ സ്വന്തം രാജ്യം സ്ഥാപിച്ചു എന്ന ശേഷം തട്ടിവിട്ടത്.. സിനിമാ ഡയലോഗ് പോലെ എല്ലാം ഗുദാ ഹവാാ..! നിത്യാനന്ദയ്ക്ക് അഭയം നൽകിയിട്ടില്ലെന്നും ഒരു ദ്വീപും വാങ്ങാൻ സഹായിച്ചിട്ടില്ലെന്നുമാണ് ഇക്വഡോർ വ്യക്തമാക്കിയത്.

ബലാത്സംഗ കേസിൽ അകപ്പെട്ട് പിടിക്കപ്പെടുമെന്നായപ്പോൾ രാജ്യം വിട്ട നിത്യാനന്ദയ്ക്ക് അഭയം നൽകിയിട്ടില്ലെന്നാണ് ഇക്വഡോറിന്റെ വിശദീകരണം. ഇക്വഡോറിൽ നിന്ന് വാങ്ങിയ ദ്വീപിൽ നിത്യാനന്ദ കൈലാസ എന്ന ഹിന്ദു രാജ്യം സ്ഥാപിച്ചതായുള്ള വെളിപ്പെടുത്തൽ പുറത്തുവന്നതിന് പിന്നാലെയാണ് രാജ്യത്തിന്റെ വിശദീകരണം. നിത്യാനന്ദയ്ത്ത് അഭയം നൽകാൻ സഹായിക്കുകയോ ദക്ഷിണ അമേരിക്കയിൽ ഏതെങ്കിലും ഭൂമി വാങ്ങാൻ സഹായിക്കുകയോ ചെയ്തിട്ടില്ലെന്ന് ഇക്വഡോർ വ്യക്തമാക്കി. അഭയം നൽകണമെന്നുള്ള നിത്യാനന്ദയുടെ അഭ്യർത്ഥന തള്ളിയെന്നും ഡൽഹിയിലെ ഇക്വഡോർ എംബസി വ്യക്തമാക്കി.

ഇക്വഡോർ അഭയം നൽകാതിരുന്നതിനെ തുടർന്ന് നിത്യാനന്ദ പിന്നീട് ഹെയ്തിയിലേക്ക് പോയതായും എംബസിയുടെ വാർത്താക്കുറിപ്പിൽ പറയുന്നു. ഇന്ത്യൻ മാധ്യമങ്ങളിൽ വന്ന വാർത്തകളുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു വാർത്താക്കുറിപ്പ് പുറത്തിറക്കുന്നതെന്നും വിവാദങ്ങളിൽ നിന്ന് രാജ്യത്തിന്റെ പേര് ഒഴിവാക്കണമെന്നും എംബസി അഭ്യർത്ഥിച്ചു.

ബലാത്സംഗ കേസിൽ അറസ്റ്റുണ്ടാകുമെന്ന് ഉറപ്പായതിനെത്തുടർന്നാണ് നിത്യാനന്ദ ഇന്ത്യ വിട്ടത്. ഇക്കാര്യം ഗുജറാത്ത് പൊലീസ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇയാളുടെ പാസ്പോർട്ടിന്റെ കാലാവധി 2018 സെപ്റ്റംബറിൽ അവസാനിച്ചിരുന്നു. പാസ്‌പോർട്ട് ഇല്ലാതെ ഇയാൾ എങ്ങനെ രാജ്യംവിട്ടു എന്നതോ എവിടേയ്ക്കാണ് പോയിരിക്കുന്നതെന്നതോ വ്യക്തമല്ല.രണ്ട് പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി അനധികൃതമായി തടവിൽ പാർപ്പിക്കുന്നുവെന്ന കേസിൽ നിത്യാനന്ദയ്ക്കെതിരെ പൊലീസ് അന്വേഷണം നടക്കുകയാണ്.

ഇതിന് പിന്നാലെ താന്ത്രിക സെക്‌സ് സ്വാമി നിത്യാനന്ദക്കെതിരെ ഫ്രാൻസിൽ അന്വേഷണം ആരംഭിച്ചിരുന്നു. 2.85 കോടി രൂപ ഫ്രഞ്ച് പൗരനിൽ നിന്ന് തട്ടിയെടുത്ത കേസിലാണ് നിത്യാനന്ദയ്‌ക്കെതിരെ ഫ്രഞ്ച് ഏജൻസികൾ അന്വേഷണം തുടങ്ങിയത്. നിത്യാനന്ദയുടെ അനുയായിയായിരുന്ന ഫ്രഞ്ച് പൗരനാണ് പരാതിക്കാരൻ. വിശ്വാസത്തിന്റെ പേരിൽ തന്നെ വഞ്ചിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. ഫ്രഞ്ച് അധികൃതർ ഇത് ഇന്ത്യൻ പൊലീസിന് കൈമാറുകയാണെങ്കിൽ സ്വാമി വീണ്ടും കുരുക്കിലേക്ക് നീങ്ങുന്ന ഘട്ടമുണ്ടായിരുന്നു. ഇതിതിനിടെയാണ് നിത്യാനന്ദ സ്വന്തം രാജ്യം സ്ഥാപിച്ചെന്ന വാർത്തകൾ തള്ളി ഇക്വഡോറും രംഗത്തുവന്നത്.

ഇക്വഡോറിൽ സ്വകാര്യ ദ്വീപ് വാങ്ങി സ്വന്തം 'രാജ്യം' സ്ഥാപിച്ചുവെന്ന് നിത്യാനന്ദ പ്രഖ്യാപിച്ചിരിക്കുന്നത്. സ്വന്തമായി റിസർവ് ബാങ്കും, മന്ത്രിസഭയും നാണയവും, പതാകയുമെല്ലാമുള്ള, സൈന്യംമാത്രം ഇല്ലാത്ത ഒരു രാഷ്ട്രം തന്നെയാണ് നിത്യാനന്ദ ലക്ഷ്യമിടുന്നതായും വാർത്തകൾ വന്നിരുന്നു. സനാതന ധർമ്മം ശരിയായി പഠിപ്പിക്കാൻ സ്വന്തമായി സർവകലാശാലയും സ്ഥാപിക്കും. ഹിന്ദുയിസം ശരിയായ രീതികളിൽ പിന്തുടരാൻ ബുദ്ധിമുട്ട് നേരിടുന്ന ലോകത്തിന്റെ എല്ലാ ഭാഗത്തുമുള്ള ഹിന്ദുക്കൾക്കും പുതിയ രാജ്യത്തെത്താം എന്നാണ് സ്വാമി നിത്യാനന്ദ പറയുന്നത്.

കൈലാസയെ കുറിച്ചുള്ള അവകാശ വാദങ്ങൾ ഇങ്ങനെ:

കൈലാസ എന്നാണ് നിത്യാനന്ദയുടെ രാജ്യത്തിൻെ പേര്. വിക്കിപീഡിയയ്ക്ക് സമാനമായി നിത്യാനന്ദപീഡിയയും റിസർവ്വ് ബാങ്കിന് സമാനമായി ഹിന്ദു ഇൻവെസ്റ്റ്‌മെന്റ് ആൻഡ് റിസർവ്വ് ബാങ്കും ഹിന്ദു സർവ്വകലാശാല, ഗുരുകുലം, സേക്രട് ആർട്‌സ് സർവ്വകലാശാല, നിത്യാനന്ദ ടിവി, ഹിന്ദുവിസം നൗ എന്നീ ചാനലുകളുമടക്കം വൻ സംവിധാനങ്ങളാണ് കൈലാസത്തിലൊരുക്കിയിരിക്കുന്നതെന്നാണ് നിത്യാനന്ദ അവകാശപ്പെടുന്നു. ക്രിപ്‌റ്റോ കറൻസി വഴിയാകും ഹിന്ദു ഇൻവെസ്റ്റ്‌മെന്റ് ആൻഡ് റിസർവ്വ് ബാങ്കിലേക്ക് സംഭാവനകൾ സ്വീകരിക്കുക. ധർമ സംരക്ഷണമാണ് ക്രിപ്‌റ്റോ കറൻസിയിലൂടെ ലക്ഷ്യമിടുന്നതെന്നും കൈലാസ വിശദമാക്കുന്നു. നിത്യാനന്ദയുടെ പഠനങ്ങളും ആശയങ്ങളും പ്രബോധനങ്ങളുടേയും ഒരുകുടക്കീഴിൽ എത്തിക്കുകയാവും നിത്യാനന്ദപീഡിയ ചെയ്യുന്നതെന്നാണ് അവകാശവാദം. നിത്യാനന്ദയുടെ അനുനായികൾക്ക് ഇതുവരെ നൽകിയിട്ടുള്ളതും ഇനി നൽകാൻ പോവുന്ന സേവനങ്ങളും നിത്യാനന്ദ പീഡിയ പുറത്തെത്തിക്കും.

കൈലാസത്തിലെ ഔദ്യോഗിക ഭാഷ ഇംഗ്ലീഷ് ആയിരിക്കും. രണ്ടാം ഭാഷ സംസ്‌കൃതവും മൂന്നാം ഭാഷ തമിഴുമാണ്. 100 മില്യൺ ആദി ശൈവ വിശ്വാസികൾ കൈലാസത്തിലുണ്ടെന്നാണ് നിത്യാനന്ദ അവകാശപ്പെടുന്നത്. ദക്ഷിണ ഏഷ്യയിലെ യഥാർത്ഥ ഹിന്ദുവിസം പിൻതുടരുന്നവർ തനിക്കൊപ്പമെത്തുമെന്നും നിത്യാനന്ദ പറയുന്നു. രണ്ട് വിഭാഗങ്ങളിലുള്ള പാസ്‌പോർട്ടാണ് കൈലാസ നൽകുന്നത്. പരമശിവന്റെ അനുഗ്രഹത്താൽ ഈ പാസ്‌പോർട്ട് ഉപയോഗിച്ച് പതിനൊന്ന് ദിശകളിലേക്കും പതിനാല് ലോകത്തേക്കും പ്രവേശിക്കാൻ സാധിക്കുമെന്നും നിത്യാനന്ദ വാഗ്ദാനം ചെയ്യുന്നു. ആരോഗ്യം, സംസ്ഥാനം, സാങ്കേതികത, പ്രബുദ്ധമായ സംസ്‌കാരം, വിദ്യാഭ്യാസം, സാമൂഹിക സേവനം, ഭവന നിർമ്മാണം, വാണിജ്യം, ട്രെഷറി തുടങ്ങിയ വകുപ്പുകൾ ഉൾപ്പെട്ട മന്ത്രിസഭയും നിത്യാനന്ദ ഉറപ്പ് നൽകുന്നു. പ്രബുദ്ധമായ സംസ്‌കാരമെന്നതുകൊണ്ട് സനാതനധർമ്മത്തിന്റെ വീണ്ടെടുപ്പാണെന്ന് നിത്യാനന്ദ വിശദീകരിക്കുന്നു. ഹിന്ദു ലൈബ്രറി,യോഗാ ശാസ്ത്രത്തിലെ ഗവേഷണങ്ങളിലൂടെയാണ് സനാതന ധർമ്മം വീണ്ടെടുക്കാൻ സാധിക്കുകയെന്നും നിത്യാനന്ദ പറയുന്നു.

താമരയാണ് കൈലാസത്തിന്റെ ദേശീയ പുഷ്പം.എല്ലാവർക്കും സൗജന്യമായ ചികിത്സയും വിദ്യാഭ്യാസത്തിനും, ഭക്ഷണത്തിനും അവസരമാണ് കൈലാസയുടെ പ്രധാന വാഗ്ദാനം. ഇവ ക്ഷേത്ര ആചാരങ്ങളുടെ അടിസ്ഥാനത്തിലാവുമെന്ന് നിത്യാനന്ദ കൂട്ടിച്ചേർക്കുന്നു. നിത്യാനന്ദയും നന്ദിയുമാണ് കൈലാസത്തിന്റെ പതാകയിലുള്ളത്.അനുയായികളോട് കൈലാസത്തിന്റെ പതാക ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാനും നിത്യാനന്ദ നിർദ്ദേശിക്കുന്നു. സനാതന ധർമ്മത്തിന്റെ സംരക്ഷണം മാത്രമല്ല പ്രചാരണവും നിത്യാനന്ദ കൈലാസത്തിലൂടെ ലക്ഷ്യമിടുന്നു. വിശുദ്ധ മൃഗമായി കണക്കാക്കുന്ന നന്ദിയാണ് കൈലാസത്തിന്റെ ദേശീയ മൃഗം.സിഹംത്തിന്റെയും പക്ഷിയുടേയും സംയോജന രൂപമായ ഷരഭമാണ് കൈലാസത്തിന്റെ ദേശീയ പക്ഷി. ശിവൻ, പരാശക്തി, നിത്യാനന്ദ, നന്ദി എന്നിവരാണ് രാജ്യത്തിന്റെ ചിഹ്നം.ആൽമരമാണ് ദേശീയ വൃക്ഷം.വർണം, ദേശീയത, മതം, ജാതി, വർഗ ചിന്തകളിൽ നിന്നൊഴിഞ്ഞുള്ള സമാധാനവും സാഹോദര്യവുമാണ് കൈലാസയുടെ ലക്ഷ്യം.

പക്ഷേ എന്തൊക്കെ ചെയ്താലും ഒരരു രാഷ്ട്രം എന്ന രീതിയിൽ അംഗീകാരം കൊടുക്കാൻ യുഎൻ പോലുള്ള ഏജൻസികൾക്കൊന്നും കഴിയില്ല. ലോകത്തിലെ പല കോടീശ്വരന്മാരുടെയും ഉടമസഥതിയിലുള്ളതുപോലുള്ള സ്വകാര്യ ദ്വീപായി മാത്രമേ ഇത് അറിയപ്പെടൂ. ഇവിടെ നിയമങ്ങൾക്ക് ഇളവുണ്ടെങ്കിലും, ഏത് രാജ്യത്തിന്റെ ഭാഗമാണോ അവിടുത്തെ നിയമങ്ങൾ ഈ ദ്വീപിനും ബാധകമാണ്.

പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി അന്യായമായി തടങ്കലിൽ വച്ച കേസിൽ പ്രതിയായ നിത്യാനന്ദ, കഴിഞ്ഞ മാസം 21നാണ് ഇന്ത്യ വിട്ടത്. നേപ്പാൾ വഴിയാണ് ഇക്വഡോറിലേക്ക് കടന്ന നിത്യാനന്ദ ഇക്വഡോറിൽ നിന്നുമാണ് കൈലാസ എന്ന് പേരിട്ടിരിക്കുന്ന ദ്വീപ് വാങ്ങിയത്. . അഹമ്മദാബാദ് പൊലീസ് സൂപ്രണ്ട് ആർ വി അസാരിയാണ് നിത്യാനന്ദ വിദേശത്തേക്ക് കടന്നതായി അറിയിച്ചത്. എന്നാൽ ഇത് സംബന്ധിച്ച വ്യക്തതയില്ലെന്നാണ് കേന്ദ്രം പറഞ്ഞിരുന്നത്. അതിനിടെയാണ് താൻ പരമാധികാര സനാദന ഹിന്ദുധർമ്മം പിന്തുടരുന്ന രാജ്യം സ്ഥാപിച്ചതായി നിത്യാനന്ദ പ്രഖ്യാപിച്ചത്.

താന്ത്രിക്ക് സെക്‌സ് അടക്കമുള്ള വിനോദങ്ങളും നഗ്നപൂജയ്ക്ക് ആശ്രമത്തിൽ കന്യകമാരുമായി സസുഖം വാണിരുന്ന സ്വാമി നിത്യാനന്ദ എന്ന ആൾദൈവം വാർത്തകളിൽ നിറഞ്ഞത് തമിഴ്‌നാട് സ്വദേശി സമർപ്പിച്ച ഹേബിയസ് കോർപ്പസ് റിട്ടിലൂടെയാണ്. തന്റെ രണ്ട് പെൺമക്കളെയും നിത്യാനന്ദ തടങ്കലിലാക്കി പീഡിപ്പിക്കുകയാണെന്ന് പരാതിയുമായി എത്തിയതോടെയാണ് നിത്യാനന്ദയ്ക്ക് ആശ്രമം വിട്ട് ഓടേണ്ടി വന്നത്. ഗുജറാത്ത് ഹൈക്കോടതി നിത്യാനന്ദയ്ക്കും സംസ്ഥാന സർക്കാരിനും നോട്ടീസ് നൽകിയിതിന് പിന്നാലെയാണ് നിത്യാനന്ദയുടെ കൂടുതൽ തട്ടിപ്പ് പുറത്തുവന്നത്.ബാംഗ്ലൂരിലെ ബിദാദിക്കടുത്ത് ധ്യാനപീഠം എന്ന പേരിൽ ഒരു ആശ്രമം നടത്തിപ്പോന്നിരുന്ന എ രാജശേഖരൻ എന്ന സ്വാമി നിത്യാനന്ദ പരമഹംസ ആത്മീയത വിറ്റ് തന്റ സാമ്രാജ്യം കെട്ടിപ്പൊക്കുകയായിരുന്നു. മീഡിയ സപ്പോർട്ട് കൂടി ലഭിച്ചതോടെ ആശ്രമം വളർന്നു. നിത്യാനന്ദയുടെ പ്രസംഗം കേൾക്കാൻ ഭക്തരുടെ ഒഴുക്കായി ആത്മീയതയെ കച്ചവട ഉൽപന്നമാക്കി മാറ്റാൻ നിത്യാനന്ദ എന്ന വ്യാജനെ സഹായിച്ചത് തെന്നിന്ത്യയിലെ മുൻ നിര നായികയാിരുന്ന രഞ്ജിതയുടെ കടന്ന് വരവായിരുന്നു. ആശ്രമത്തിന്റെ ഭാഗമായി രഞ്ജിത മാറിയതോടെ നിത്യാനന്ദയുടെ പേരും പ്രശസ്തിയും വർധിച്ചു. കന്യകമാരായ ശിഷ്യ ഗണങ്ങളായിരുന്നു നിത്യാനന്ദയ്ക്ക് കൂടുതൽ സന്തോഷം നൽകിയിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP