Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഹൈദരാബാദിൽ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട നാല് പ്രതികളുടെ മൃതദേഹങ്ങൾ സംസ്‌ക്കരിക്കുന്നത് തടഞ്ഞു തെലുങ്കാന ഹൈക്കോടതി; മൃതദേഹങ്ങൾ ഡിസംബർ 9, രാത്രി എട്ടുമണിവരെ സംസ്‌കരിക്കരുതെന്ന് സംസ്ഥാന സർക്കാരിന് നിർദ്ദേശം; കോടതി ഇടപെടൽ പൊലീസ് വെടിവെപ്പിനെ അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങൾ ശക്തമായി ഉയരുന്നതിനിടെ; വെടിവെപ്പ് വ്യാജമാണെന്ന് കരുതുന്നില്ലെന്നും തെലങ്കാന പൊലീസ് പറയുന്ന കാര്യങ്ങൾ വിശ്വസിക്കുന്നതായും ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട വെറ്റിനറി ഡോക്ടറുടെ പിതാവും സഹോദരിയും

ഹൈദരാബാദിൽ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട നാല് പ്രതികളുടെ മൃതദേഹങ്ങൾ സംസ്‌ക്കരിക്കുന്നത് തടഞ്ഞു തെലുങ്കാന ഹൈക്കോടതി; മൃതദേഹങ്ങൾ ഡിസംബർ 9, രാത്രി എട്ടുമണിവരെ സംസ്‌കരിക്കരുതെന്ന് സംസ്ഥാന സർക്കാരിന് നിർദ്ദേശം; കോടതി ഇടപെടൽ പൊലീസ് വെടിവെപ്പിനെ അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങൾ ശക്തമായി ഉയരുന്നതിനിടെ; വെടിവെപ്പ് വ്യാജമാണെന്ന് കരുതുന്നില്ലെന്നും തെലങ്കാന പൊലീസ് പറയുന്ന കാര്യങ്ങൾ വിശ്വസിക്കുന്നതായും ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട വെറ്റിനറി ഡോക്ടറുടെ പിതാവും സഹോദരിയും

മറുനാടൻ മലയാളി ബ്യൂറോ

ഹൈദരാബാദ്: തെലുങ്കാനയിൽ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി മൃതദേഹം കത്തിച്ച കേസിലെ പ്രതികളെ വെടിവെച്ചു കൊന്ന സംഭവത്തിൽ രണ്ട് വാദമുഖങ്ങളാണ് ഇപ്പോൾ ശക്തമായിരിക്കുന്നത്. പൊലീസിനെ അഭിനന്ദിച്ചു കൊണ്ടു ബഹുഭൂരിപക്ഷം പേരും രംഗത്തെത്തുമ്പോൾ തന്നെ എതിർവാദങ്ങളും ഉയരുന്നുണ്ട്. നിയമത്തെ നോക്കുകുത്തിയാക്കി പൊലീസ് കൊലപാതകം നടത്തിയെന്ന വിമർശനമാണ് മറ്റൊരു കോണിൽ നിന്നും ഉയരുന്നത്. ഇതിനിടെ വെടിവെച്ചു കൊന്ന സംഭവത്തിൽ തെലങ്കാന ഹൈക്കോടതിയും ഇടപെട്ടു. പ്രതികളുടെ മൃതദേഹങ്ങൾ ഡിസംബർ 9, രാത്രി എട്ടുമണിവരെ സംസ്‌കരിക്കരുതെന്ന് ഹൈക്കോടതി സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകി.

നവംബർ 28-നാണ് 26 വയസ്സുള്ള വെറ്ററിനറി ഡോക്ടറുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ ഷാദ്നഗർ ദേശീയപാതയിൽ പാലത്തിനടിയിൽ കാണപ്പെട്ടത്. ഈ സംഭവത്തിൽ പിന്നീട് അറസ്റ്റിലായ ജോല്ലു ശിവ, ജോല്ലു നവീൻ, ചിന്താകുന്ത ചന്നകേശവുലു, മുഹമ്മദ് എന്നിവരാണ് വെള്ളിയാഴ്ച രാവിലെ കൊല്ലപ്പെട്ടത്. ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തുവെച്ചുതന്നെയാണ് പ്രതികൾ പൊലീസിന്റെ വെടിയേറ്റു മരിച്ചത്. ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് തെളിവെടുക്കുന്നതിനായി പ്രതികളെ എത്തിച്ചപ്പോഴാണ് സംഭവം. പ്രതികളായ നാലുപേരും ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വെടിവെക്കുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. പ്രതികളുടെ മൃതദേഹം ഷാദ്നഗർ സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

അതേസമയം ഏറ്റുമുട്ടൽ കൊലപാതകത്തിൽ പ്രതികരണവുമായി കൊല്ലപ്പെട്ട ഡോക്ടറുടെ കുടുംബവും രംഗത്തുവന്നു. വെടിവെപ്പ് വ്യാജമാണെന്ന് കരുതുന്നില്ലെന്നും സംഭവത്തിൽ തെലങ്കാന പൊലീസ് പറയുന്ന കാര്യങ്ങൾ വിശ്വസിക്കുന്നതായും കൊല്ലപ്പെട്ട വെറ്റിനറി ഡോക്ടറുടെ പിതാവും സഹോദരിയും മാധ്യമങ്ങളോട് പറഞ്ഞു. എന്റെ മകൾക്ക് നീതി കിട്ടിയെന്നാണ് ഞാൻ വിശ്വസിക്കുന്നത്. നല്ല കാര്യങ്ങൾ ആര് ചെയ്താലും അതു സന്തോഷം നൽകുന്നതാണ്. ഇതും അങ്ങനെയൊരു കാര്യമാണ്. ഏറ്റുമുട്ടൽ സംബന്ധിച്ചുള്ള പൊലീസിന്റെ വാദം പൂർണമായും വിശ്വസിക്കുന്നു. വ്യാജ ഏറ്റുമുട്ടൽ അല്ല നടന്നത് എന്ന് വ്യക്തമാണ്. സമാനമായ കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്കുള്ള താക്കീതാണിത്. - പെൺകുട്ടിയുടെ പിതാവ് പ്രതികരിച്ചു.

ഇതൊന്നും ഞങ്ങൾ പ്രതീക്ഷിച്ചില്ലായിരുന്നു. ഒന്നോ രണ്ടോ മാസത്തിനുള്ളിൽ കോടതിയിൽ വിചാരണ തുടങ്ങി എത്രയും പെട്ടെന്ന് ശിക്ഷവിധിക്കും എന്നാണ് കരുതിയത്. തീർത്തും അപ്രതീക്ഷിതമാണ് ഈ വാർത്ത. രാവിലെ ചാനൽ വാർത്തകളിലൂടെയാണ് സംഭവം അറിഞ്ഞത്. പൊലീസ് കമ്മീഷണർ പറഞ്ഞതുനസരിച്ച് കുറ്റകൃത്യം പുനരാവിഷ്‌കരിക്കാൻ എത്തിച്ചപ്പോൾ പ്രതികൾ പൊലീസിനെ ആക്രമിച്ചു രക്ഷപ്പെടാൻ ശ്രമിക്കുകയും തുടർന്ന് ആത്മരക്ഷാർത്ഥം പൊലീസ് നടത്തിയ വെടിവെപ്പിൽ പ്രതികൾ കൊല്ലപ്പെട്ടെന്നുമാണ്. കുറ്റവാളികൾ ഒരു വഴിക്ക് അല്ലെങ്കിൽ മറ്റൊരു വഴിക്ക് ശിക്ഷിക്കപ്പെട്ടു എന്നാണ് ഞാൻ വിശ്വസിക്കുന്നതെന്നും പിതാവ് പ്രതികരിച്ചു.

വെടിവെപ്പിൽ കൊല്ലപ്പെട്ടില്ലായിരുന്നുവെങ്കിൽ അവരെ കോടതിയെങ്കിലും തൂക്കിലേറ്റുമായിരുന്നു. വെടിവെപ്പിനെക്കുറിച്ച് കൂടുതൽ പറയാൻ ഞാൻ ആരുമല്ല. ഞാനിതിനൊന്നും ദൃക്‌സാക്ഷിയുമല്ല. എന്നാൽ സംഭവത്തെക്കുറിച്ച് പൊലീസ് പറഞ്ഞതെല്ലാം ഞങ്ങൾ അംഗീകരിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു. വെടിവെപ്പിനിടെ ഒരു സബ് ഇൻസ്‌പെക്ടർക്കും കോൺസ്റ്റബിളിനും പരിക്കേറ്റതായി മനസിലാക്കുന്നു. ഇതൊക്കെ സത്യമായിരിക്കും എന്നാണ് തങ്ങൾ വിശ്വസിക്കുന്നതെന്നും കുടുംബം വ്യക്തമാക്കി.

അതേസമയം ഏറ്റുമുട്ടൽ കൊലയെ സമൂഹമാധ്യമങ്ങളിൽ രണ്ട് വിധത്തിലുള്ള പ്രതികരണങ്ങളാണ് വരുന്നത്. വാർത്ത പുറത്തുവന്ന് മണിക്കൂറിനുള്ളിൽതന്നെ ആയിരക്കണക്കിന് ട്വീറ്റുകളുടെയും പോസ്റ്റുകളുടെയും കുത്തൊഴുക്കായിരുന്നു. 'ഏറ്റുമുട്ടൽ' നടത്തിയ സൈബറാബാദ് കമീഷണർ വി സി. സജ്ജനാർക്ക് അനുമോദനങ്ങൾക്കൊപ്പം കടുത്ത ആക്രമണത്തിനും സമൂഹമാധ്യമങ്ങൾ തിരികൊളുത്തി. 2008ലും സജ്ജനാർ സമാനമായ കൊല നടത്തിയിരുന്നുവെന്നാണ് അതിൽ ഏറ്റവും ശ്രദ്ധേയമായത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സജ്ജനാർക്കെതിരെ ഹാഷ് ടാഗ് കാമ്പയിൻ തുടങ്ങി.

ഇരയുടെ കുടുംബത്തിന് ഉടനടി നീതിനേടിക്കൊടുത്ത പൊലീസ് ഓഫിസറായി സജ്ജനാരെ വാഴ്‌ത്തുന്നതും നന്ദി പറയുന്നതുമായ പോസ്റ്റുകളും ട്വീറ്റുകളും നിരവധിയുണ്ട്. 'ബലാത്സംഗക്കാർ അർഹിക്കുന്നത് വെടിയേറ്റുള്ള മരണമാണ്', 'മനുഷ്യാവകാശം മനുഷ്യർക്കുള്ളതാണ്, ക്രൂരന്മാർക്കുള്ളതല്ല' തുടങ്ങിയ കമന്റുകൾ ആണ് ഏറ്റുമുട്ടൽ കൊലയെ ന്യായീകരിക്കുന്നവർ പോസ്റ്റ് ചെയ്യുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP