Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സുരേന്ദ്രനും രമേശും കുമ്മനവും.. പിന്നെ ശോഭാ സുരേന്ദ്രനും; വൽസൻ തില്ലങ്കരിക്ക് വേണ്ടി പിടി മുറുക്കാൻ കേരളത്തിലെ ആർഎസ്എസ്; ദേശീയ പരിവാർ നേതൃത്വം സമവായത്തിന് അവതരിപ്പിക്കുക ജയകുമാറിനേയും; നിർണ്ണായകമാകുക സംഘടനാ ജനറൽ സെക്രട്ടറി സന്തോഷിന്റെ നിലപാട്; നാഥനില്ലാ കളരിയായ സംസ്ഥാന ബിജെപിക്ക് നേതാവിനെ കണ്ടെത്താനാവാതെ വലഞ്ഞ് അമിത് ഷാ; രണ്ടാഴ്ചയ്ക്കുള്ളിൽ സമവായമുണ്ടാക്കാൻ തിരക്കിട്ട നീക്കം

സുരേന്ദ്രനും രമേശും കുമ്മനവും.. പിന്നെ ശോഭാ സുരേന്ദ്രനും; വൽസൻ തില്ലങ്കരിക്ക് വേണ്ടി പിടി മുറുക്കാൻ കേരളത്തിലെ ആർഎസ്എസ്; ദേശീയ പരിവാർ നേതൃത്വം സമവായത്തിന് അവതരിപ്പിക്കുക ജയകുമാറിനേയും; നിർണ്ണായകമാകുക സംഘടനാ ജനറൽ സെക്രട്ടറി സന്തോഷിന്റെ നിലപാട്; നാഥനില്ലാ കളരിയായ സംസ്ഥാന ബിജെപിക്ക് നേതാവിനെ കണ്ടെത്താനാവാതെ വലഞ്ഞ് അമിത് ഷാ; രണ്ടാഴ്ചയ്ക്കുള്ളിൽ സമവായമുണ്ടാക്കാൻ തിരക്കിട്ട നീക്കം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കെ സുരേന്ദ്രനോ എംടി രമേശോ അതോ പഴയ മുഖം കുമ്മനം രാജശേഖരനോ? ശോഭാ സുരേന്ദ്രനും പ്രതീക്ഷയിലാണ്. എന്നാൽ വൽസൻ തില്ലങ്കരിയെ പ്രസിഡന്റാക്കണമെന്ന് ആർഎസ്എസ് നിലപാട് എടുക്കുമോ എന്ന ആശങ്കയും കേരളത്തിലെ ബിജെപി നേതൃത്വത്തിനുണ്ട്. ഏതായാലും കേരളത്തിലെ പാർട്ടിയെ നയിക്കാൻ അധ്യക്ഷനെ എത്രയും വേഗം നിയോഗിക്കാനാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം. വിഷയം ചർച്ച ചെയ്യാൻ ദേശീയ സംഘടനാ സെക്രട്ടറി ബി.എൽ സന്തോഷ് ഇടപെട്ട് ഞായറാഴ്ച യോഗം വിളിച്ചുചേർത്തിട്ടുണ്ട്. സമവായ സാധ്യതകൾ തേടുകയാണ് പ്രധാന അജണ്ട.

പേരുകൾ പറയില്ലെങ്കിലും ദേശീയ നേതൃത്വത്തിന്റെ പൊതുവിലുള്ള കാഴ്ചപ്പാട് സംഘടനാ സെക്രട്ടറി യോഗത്തിൽ അറിയിക്കും. ഗ്രൂപ്പുകൾക്കു പുറമെ സംസ്ഥാന നേതാക്കളെ ഒറ്റക്കൊറ്റയ്ക്ക് കണ്ട് അഭിപ്രായം തേടാൻ ജി.വി.എൽ നരസിംഹറാവുവിന്റെ നേതൃത്വത്തിലുള്ള സംഘം അടുത്ത ആഴ്ച ആദ്യം കേരളത്തിലെത്തും. ഇതും നിർണ്ണായകമാകും. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷമാകും അധ്യക്ഷനെ നിശ്ചയിക്കുക. കേരളത്തിലെ പാർട്ടിക്ക് അധ്യക്ഷനില്ലാത്തത് ദേശീയ പ്രസിഡന്റ് അമിത് ഷായ്ക്ക് അലോസരമുണ്ടാക്കിയിട്ടുണ്ട്. എത്രയും വേഗം ചർച്ചകൾ പൂർത്തിയാക്കാനാണ് നിർദ്ദേശം. കേരളത്തിലെ ആർഎസ്എസ് കടുംപിടത്തം തുടർന്നാൽ ദേശീയ പരിവാർ നേതൃത്വം ഇടപെടാനും സാധ്യതയുണ്ട്.

എന്നാൽ കേരളത്തിലെ കാര്യത്തിൽ ആർഎസ്എസ് നിർദ്ദേശത്തെ ബിജെപി തള്ളിക്കളയില്ല. വട്ടിയൂർക്കാവിൽ ആർഎസ്എസ് നിർദ്ദേശം മറികടന്ന് ജില്ലാ പ്രസിഡന്റ് സുരേഷിനെ സ്ഥാനാർത്ഥിയാക്കിയത് നാണക്കേടുണ്ടാക്കി. അതുകൊണ്ട് തന്നെ ആർഎസ്എസ് മനസ്സ് അറിഞ്ഞാകും പുതിയ അധ്യക്ഷൻ എത്തുക. കെ. സുരന്ദ്രൻ, എം ടി. രമേശ്, കുമ്മനം രാജശേഖരൻ എന്നിവരുടെ പേരുകളാണ് പുതിയ അധ്യക്ഷ സ്ഥാനത്തേക്ക് ഉയർന്നുകേൾക്കുന്നത്. പാർട്ടിക്ക് പുറത്തുനിന്നുള്ള ആർഎസ്എസ് നേതാക്കളുടെ പേരുകളും അധ്യക്ഷ സ്ഥാനത്തേക്ക് പറഞ്ഞുകേൾക്കുന്നുണ്ട്. അധ്യക്ഷനായിരുന്ന ശ്രീധരൻ പിള്ള മിസോറാം ഗവർണർ ആയതോടെ കഴിഞ്ഞ ഒന്നേകാൽ മാസത്തോളം ബിജെപിക്ക് അധ്യക്ഷനില്ല. ഇത് പാർട്ടിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

കെ.സുരേന്ദ്രനെ അധ്യക്ഷനാക്കണമെന്ന ആവശ്യമാണ് മുരളീധര പക്ഷത്തിനുള്ളത്. നിലവിലെ ദേശീയ സംഘടനാ സെക്രട്ടറി ബി.എൽ. സന്തോഷ് ഉൾപ്പെടെയുള്ള കേന്ദ്ര നേതൃത്വത്തിന് സുരേന്ദ്രനോട് താത്പര്യമുണ്ട്. എന്നാൽ കഴിഞ്ഞതവണ സുരേന്ദ്രനെതിരെ ആർഎസ്എസ് നിലപാടെടുത്തിരുന്നു. എന്നാൽ ഇത്തവണ അവർ നിലപാട് വ്യക്തമാക്കിയിട്ടില്ല. എം ടി രമേശ് അല്ലെങ്കിൽ എം.എൻ രാധാകൃഷ്ണൻ അധ്യക്ഷനാകണമെന്നാണ് കൃഷ്ണദാസ് പക്ഷത്തിന്റെ ആഗ്രഹം. കുമ്മനത്തിനും സാധ്യത കൽപ്പിക്കുന്നവരുണ്ട്. ശോഭാ സുരേന്ദ്രൻ എത്താനും സാധ്യതയുണ്ട്. അധ്യക്ഷൻ പാർട്ടിക്ക് പുറത്തുനിന്ന് വേണമെന്ന ആവശ്യം ഉയർന്നാൽ ആർഎസ്എസ് നേതാക്കളെ പരിഗണിക്കും. ആർഎസ്എസ് നേതാവായ എ. ജയകുമാർ ഉൾപ്പെടെയുള്ളവരുടെ പേരുകൾ ഇതിനായി ഉയർന്നുകേൾക്കുന്നുണ്ട്.

ഡിസംബർ പതിമൂന്നിന് പാർലമെന്റ് സമ്മേളനം അവസാനിച്ച ശേഷം പതിനഞ്ചോടെ സംസ്ഥാന അധ്യക്ഷനെ പ്രഖ്യാപിക്കുമെന്നാണ് വിവരം. കേരളത്തെ കൂടാതെ തമിഴ്‌നാട്ടിലും സംസ്ഥാന അധ്യക്ഷനെ പ്രഖ്യാപിക്കും. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ഉൾപ്പെടെയുള്ളവർ ഇക്കാര്യത്തിൽ ചർച്ച നടത്തും. കെ സുരേന്ദ്രനോടാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന് താൽപര്യമെന്നാണ് സൂചന. ബിജെപി അധ്യക്ഷന്മാരുടെ പ്രായപരിധി 50 നും 55 നും ഇടയിൽ ആയിരിക്കണമെന്നാണ് നേരത്തേ തീരുമാനിച്ച് ഉറപ്പിച്ചിരിക്കുന്നത്. ഇത് സുരേന്ദ്രന് അനുകൂലമാകും. ഇതിനൊപ്പമാണ് ജയകുമാറിന്റെ പേര് സജീവ ചർച്ചയ്ക്ക് വിധേയമാകുന്നത്. മുമ്പ് ആർ എസ് എസിന്റെ താത്വിക മുഖമായി അറിയപ്പെടുന്ന ബാലശങ്കറിനെ പ്രസിഡന്റാക്കാൻ നീക്കമുണ്ടായിരുന്നു. അത്തവണ പ്രസിഡന്റായി എത്തിയത് കുമ്മനം രാജശേഖരനും. അതിന് മുമ്പ് കുമ്മനത്തിന് ബിജെപിയിൽ അംഗത്വം പോലുമില്ലായിരുന്നു. ഹിന്ദു ഐക്യവേദി നേതാവായിരുന്നു കുമ്മനം. ഈ മാതൃകയിൽ ഇത്തവണ മറ്റൊരു പ്രചാരകൻ കുമ്മനത്തിനെ പോലെ ബിജെപിയുടെ അധ്യക്ഷനാകാനും സാധ്യതയുണ്ട്.

തിരുവനന്തപുരത്ത് കൈമനത്ത് ജനിച്ച് വളർന്ന തിരുവനന്തപുരം എഞ്ചിനിയറിങ് കോളേജിൽ പഠനം പൂർത്തിയാക്കിയ വ്യക്തിയാണ് ജയകുമാർ. പഠനത്തിൽ മിടുക്കനായ ജയകുമാർ എഞ്ചിനിയറിങ് കോളേജിൽ വച്ച് എബിവിപിയിൽ സജീവമായി. തുടർന്ന് പ്രചാരകനായി. കേരളത്തിൽ ശാസ്ത്ര കൂട്ടയായ സ്വദേശി സയൻസ് മൂവ് മെന്റിന് തുടക്കമിട്ടു. പിന്നീട് തട്ടകം ബാഗളുരുവിലേക്ക് മാറ്റി. ഇതോടെ ആർഎസ്എസ് ശാസ്ത്ര സാങ്കേതിക വിഭാഗമായ വിജ്ഞാൻ ഭാരതിയുടെ ജനറൽ സെക്രട്ടറി പദത്തിലുമെത്തി. പതിയെ പ്രവർത്തന കേന്ദ്രം നാഗ്പൂരിലേക്കും. ആർ എസ് എസിന്റെ ഉന്നത നേതൃത്വവുമായി ഇതോടെ കൂടുതൽ അടുത്തു. പിന്നെ ഡൽഹിയിൽ. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവരുമായി അടുത്ത സൗഹൃദം. ബിജെപി ഭരണത്തിൽ ശാസ്ത്ര സാങ്കേതിക മേഖലയിലെ ആർഎസ്എസ് നയങ്ങൾ രൂപപ്പെടുത്തുന്നതും നടപ്പാക്കുന്നതും ജയകുമാറാണ്. കുറച്ചു കാലമായി കേരളത്തിലും തമിഴ്‌നാട്ടിലും പരിവാർ പ്രസ്ഥാനങ്ങൾ ശക്തമാക്കാൻ ആർഎസ്എസ് ശ്രമിക്കുന്നുണ്ട്. ഇതിന് വേണ്ടി നിയോഗിക്കപ്പെട്ട പ്രത്യേക സമ്പർക് പ്രമുഖാണ് ജയകുമാർ.

കേരളത്തിലെ ഒരു ഗ്രൂപ്പുകളുടെയും ഭാഗമല്ല ജയകുമാർ. മറിച്ച് ബിജെപി ദേശീയ നേതൃത്വവുമായി അടുത്ത ബന്ധവും. ഈ ബന്ധമാണ് ജയകുമാറിന്റെ സാധ്യത വർധിപ്പിക്കുന്നതെന്നാണ് റിപ്പോർട്ട്. കൂടാതെ, ജാതി സമവാക്യവും ജയകുമാറിന് ഗുണകരമാണ്. കേരളത്തിലെ പ്രവർത്തകർക്ക് അത്ര സുപരിചിതനല്ല ജയകുമാർ എന്നത് നേതൃത്വത്തെ ആശങ്കയിലാക്കുന്നുമുണ്ട്. പരിചിതനല്ലാത്ത ഒരാൾ സംഘടനയുടെ തലപ്പത്തെത്തുന്നത് പ്രതികൂലമാവുമോ എന്നതാണ് ഇവരെ അലട്ടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP