Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വാളയാർ കേസിലെ 'കുട്ടിമധു'വിനെ അട്ടപ്പള്ളത്തുകാർ കൈകാര്യം ചെയ്തത് അതിക്രൂരമായി; കോടതി വെറുതെ വിട്ട നാലാം പ്രതിയെ മർദ്ദിച്ച് അവശനാക്കി ആശുപത്രിയിലാക്കിയ കോപത്തിന്റെ കാരണം തേടി പൊലീസ്; വാക്കു തർക്കത്തിനൊടുവിൽ അടി കിട്ടിയതെന്ന് മൊഴി നൽകി മധു; പീഡനക്കേസിലെ കുറ്റാരോപതിനെതിരെ നടന്നത് ഹൈദരാബാദിലെ പീഡന പ്രതികളെ വെടിവച്ചു കൊന്ന വികാരമുണ്ടാക്കിയ അക്രമമോ? വാളയാറിൽ പുറത്തിറങ്ങിയവരുടെ സുരക്ഷ കൂട്ടാൻ പൊലീസ്

വാളയാർ കേസിലെ 'കുട്ടിമധു'വിനെ അട്ടപ്പള്ളത്തുകാർ കൈകാര്യം ചെയ്തത് അതിക്രൂരമായി; കോടതി വെറുതെ വിട്ട നാലാം പ്രതിയെ മർദ്ദിച്ച് അവശനാക്കി ആശുപത്രിയിലാക്കിയ കോപത്തിന്റെ കാരണം തേടി പൊലീസ്; വാക്കു തർക്കത്തിനൊടുവിൽ അടി കിട്ടിയതെന്ന് മൊഴി നൽകി മധു; പീഡനക്കേസിലെ കുറ്റാരോപതിനെതിരെ നടന്നത് ഹൈദരാബാദിലെ പീഡന പ്രതികളെ വെടിവച്ചു കൊന്ന വികാരമുണ്ടാക്കിയ അക്രമമോ? വാളയാറിൽ പുറത്തിറങ്ങിയവരുടെ സുരക്ഷ കൂട്ടാൻ പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: വാളയാറിൽ രണ്ട് ദളിത് സഹോദരിമാരെ മാനഭംഗപ്പെടുത്തി കൊന്ന് കെട്ടിത്തൂക്കിയ കേസിൽ കുറ്റവിമുക്തനായ നാലാം പ്രതി മധുവിനെതിരെ ആക്രമണം. അതിക്രൂര മർദ്ദനാണ് മധുവിന് ഏൽക്കേണ്ടി വന്നത്. റോഡരികിൽ കിടന്ന മധുവിനെ പൊലീസ് പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരാണ് മർദ്ദിച്ചതെന്ന് വ്യക്തമല്ല. ഇന്നലെ ഹൈദരാബാദിൽ മൃഗ ഡോക്ടറെ പൊലീസ് വെടിവച്ച് കൊന്നത് വലിയ ചർച്ചയായിരുന്നു. ഇതിനോടൊപ്പം വാളയാർ കേസിലെ പ്രതികളെ വെറുതെ വിട്ടതും പ്രതിഷേധമായി ഉയർന്നിരുന്നു. ഇതിനിടെയാണ്  മധുവിനെ ആരോ മർദ്ദിക്കുന്നത്.

തീർത്തും അവശനായ മധുവിൽ നിന്ന് വിശദ മൊഴിയെടുക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. പരിചയക്കാരോണോ അടിച്ചതെന്ന് മധുവിന്റെ മൊഴി എടുത്താലേ വ്യക്തമാകൂ. ഹൈദരാബാദിലെ പൊലീസ് നടപടിയുണ്ടാക്കിയ ചർച്ചകളാകാം അക്രമത്തിന് കാരണമെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ കോടതി വിട്ടയച്ച മറ്റുള്ളവരോടും കരുതലുകളെടുക്കാൻ പൊലീസ് നിർദ്ദേശിക്കും. കേരളത്തിലെ പീഡനക്കേസ് പ്രതികൾക്കെതിരേയും അതിശക്തമായ വികാരം ഉയർന്ന സാഹചര്യത്തിലാണ് ഇത്.

വാളയാർ കേസിലെ നാലാം പ്രതി കുട്ടിമധു എന്ന എം. മധുവിന് നേരേയാണ് അട്ടപ്പള്ളത്ത് വെച്ച് ആക്രമണമുണ്ടായത്. നാട്ടുകാരിൽ ചിലർ വാക്കുതർക്കത്തിനൊടുവിൽ മർദിക്കുകയായിരുന്നു എന്നാണ് മധു പൊലീസിനോട് പറഞ്ഞത്. വിശദമായ ചോദ്യം ചെയ്യൽ ഉടൻ നടത്തും. വിവരമറിഞ്ഞെത്തിയ പൊലീസ് സംഘമാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. വാളയാറിൽ സഹോദരിമാരായ പെൺകുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ കുട്ടിമധു ഉൾപ്പെടെയുള്ള പ്രതികളെ പാലക്കാട് പോക്സോ കോടതി നേരത്തെ വെറുതെവിട്ടിരുന്നു. ഇതിനെതിരെ സംസ്ഥാന വ്യാപകമായി വൻ പ്രതിഷേധമാണുയർന്നത്.

ആദ്യത്തെ പെൺകുട്ടിയുടെ ദുരൂഹമരണം അന്വേഷിച്ചില്ല. അതിനാലാണ് രണ്ടാമത്തെ പെൺകുട്ടിയും മരിക്കാൻ (കൊല്ലപ്പെടാൻ) ഇടയാക്കിയത്. രണ്ടാമത്തെ പെൺകുട്ടിയുടെ പോസ്റ്റ്മോർട്ടത്തിൽ, പൈശാചികമായ പ്രകൃതി വിരുദ്ധ പീഡനം നടന്നതായി പൊലീസ് സർജൻ കണ്ടെത്തിയിരുന്നു. ഇക്കാര്യത്തിൽ അന്വേഷണം നടത്തിയില്ല. പെൺകുട്ടിയെ തൂക്കിക്കൊന്നതാകാനുള്ള സാധ്യതയുണ്ടെന്നും അത് അന്വേഷിക്കണമെന്നും പൊലീസ് സർജൻ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതും പൊലീസ് അന്വേഷിച്ചില്ല. ഇത്തരം വിഷയങ്ങളിൽ പ്രോസിക്യൂഷനും അനങ്ങിയില്ല. മുഖ്യ സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്തിയതുപോലും കോടതിയിൽ സമർപ്പിക്കാതെ സ്പെഷ്യൽ പ്രോസിക്യൂട്ടർ മനഃപൂർവം വീഴ്ച വരുത്തി.

കുട്ടികളുടെ രക്ഷിതാക്കൾ ഉൾപ്പെടെ നൽകിയ മൊഴികൾ ശക്തമാണ്. കുറ്റകൃത്യവുമായി പ്രതികളെ ബന്ധപ്പെടുത്തുന്ന സാഹചര്യ തെളിവുകളുമുണ്ട്. അന്വേഷണ നടപടികളിലെ അപാകം പരിഹരിക്കാനും പ്രോസിക്യൂഷൻ ശ്രമിച്ചില്ല, തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി തുടരന്വേഷണവും ആവശ്യപ്പെട്ടില്ല. പൊലീസും പ്രോസിക്യൂഷനും ചേർന്ന് രണ്ട് സംഭവങ്ങളിലും അന്വേഷണം അട്ടിമറിച്ച് പ്രതികളെ രക്ഷിക്കുകയായിരുന്നുവെന്നായിരുന്നു ആരോപണം. പതിമൂന്നും ഒമ്പതും വയസ്സുള്ള പെൺകുട്ടികളെ പ്രകൃതി വിരുദ്ധ പീഡനങ്ങൾക്കിരയാക്കിയെന്നും പീഡനം സഹിക്കാനാവാതെ കുട്ടികൾ തൂങ്ങി മരിച്ചെന്നുമാണ് കേസ്. പ്രദീപ് കുമാർ, വലിയ മധു, കുട്ടിമധു, ഷിബു എന്നിവരായിരുന്നു പ്രതികൾ.

വാളയാർ കേസിൽ അറസ്റ്റ് ചെയ്ത് വെറുതെവിട്ട മധു കുറ്റക്കാരനാണെന്ന് സഹോദരൻ ഉണ്ണിക്കൃഷ്ണൻ വെളിപ്പെടുത്തിയിരുന്നു. പെൺകുട്ടികളെ മധു ഉപദ്രവിക്കുന്ന കാര്യം കുട്ടികളുടെ അമ്മ തന്നോട് പറഞ്ഞിട്ടുണ്ടെന്നും ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. പെൺകുട്ടികളെ ഉപദ്രവിക്കുന്ന കാര്യത്തെക്കുറിച്ച് മധുവിനോട് ചോദിച്ചപ്പോൾ മധു തന്നോട് വഴക്കിട്ടതായും ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.''പൊലീസിനോടും കോടതിയോടും മധു പെൺകുട്ടികളെ ഉപദ്രവിച്ച കാര്യം പറഞ്ഞിരുന്നു. കുറ്റക്കാർക്ക് ശിക്ഷ കിട്ടാതെ പോകുന്നത് ശരിയല്ല. മധു തെറ്റ് ചെയ്തിട്ടുണ്ട്. പ്രതികൾക്ക് ശിക്ഷ ലഭിക്കുക തന്നെ വേണം'' - ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. തെറ്റ് ചെയ്ത മധുവിന് കോടതി എന്തുകൊണ്ട് ശിക്ഷ നൽകിയില്ലെന്നറിയില്ലെന്നും മധു സിപിഎം പ്രവർത്തകനാണെന്നും ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.

പ്രതികൾ എന്തുംചെയ്യാൻ മടിക്കാത്തവരാണെന്നും അവർ തങ്ങളെയും അപായപ്പെടുത്തുമെന്ന് പേടിയുണ്ടെന്നും വാളയാറിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച പെൺകുട്ടികളുടെ അമ്മ പ്രതികരിച്ചിരുന്നു. വിധിവന്നതിനുശേഷം ഇന്നുവരെ ആരും ഭീഷണിപ്പെടുത്തിയിട്ടില്ല. എന്നാൽ, കേസ് പുനരന്വേഷണം നടത്തുമ്പോൾ ഭീഷണിയുണ്ടാകുമോയെന്ന് ഭയക്കുന്നു. കഴിഞ്ഞദിവസം മകൻ പഠിക്കുന്നസ്ഥാപനത്തിന് സമീപത്തുകൂടി സംശയാസ്പദമായ സാഹചര്യത്തിൽ രാത്രി രണ്ടുപേർ ബൈക്കിൽ പോയതായി അവിടത്തെ അധികൃതർ അറിയിച്ചിരുന്നു. പ്രോസിക്യൂഷനിലും പൊലീസിലും വിശ്വാസമില്ലാത്തതുകൊണ്ടാണ് പുനരന്വേഷണം നടത്താൻ അപ്പീൽ നൽകിയത്. രണ്ട് പുതിയ കേസുകളാക്കി അന്വേഷണം സിബിഐയ്ക്ക് വിടണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞിരുന്നു.

അപ്പീലിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞദിവസം പ്രതികൾക്കെതിരേ നോട്ടീസയയ്ക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പെൺകുട്ടികളുടെ അമ്മനൽകിയ അപ്പീൽ ഹർജിയിൽ വലിയമധു, കുട്ടിമധു, ഷിബു, പ്രദീപ് കുമാർ എന്നിവർക്കാണ് നോട്ടീസയയ്ക്കാൻ ഉത്തരവിട്ടത്. ഇതിനിടെയാണ് കുട്ടിമധുവിന് നേരെ ആക്രമണം. പ്രതികളുടെപീഡനം സഹിക്കാനാവാതെ പെൺകുട്ടികൾ ആത്മഹത്യചെയ്‌തെന്നാണ് കേസ്. പ്രതികളെ വെറുതെവിട്ട പോക്‌സോ കോടതിവിധി സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയോഗിച്ച് പുനർവിചാരണനടത്താൻ ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പീഡനത്തിനിരയായ 13-കാരിയെ 2017 ജനുവരി 13-നും ഒമ്പത് വയസ്സുകാരിയെ മാർച്ച് നാലിനുമാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP