Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൊലീസുവേഷം കെട്ടി നടക്കുന്ന മരപ്പാഴുകൾക്കാണ് അവർക്കു പോന്നവർ ഇവിടെ നിരന്നു നിന്ന് കൈയടിക്കുന്നത്; നമ്മൾ നിൽക്കേണ്ടത് നീതി നടത്തിത്തരാൻ നിങ്ങൾക്കുത്തരവാദിത്തമുണ്ടെന്നു പറഞ്ഞു വ്യവസ്ഥയ്ക്കുചുറ്റും സ്വന്തം ചോരകൊണ്ട് കോട്ടകെട്ടിയ ഉന്നാവിലെ രണ്ടു പെൺകുട്ടികൾക്കൊപ്പമാണ്: കെ.ജെ.ജേക്കബ് എഴുതുന്നു

പൊലീസുവേഷം കെട്ടി നടക്കുന്ന മരപ്പാഴുകൾക്കാണ് അവർക്കു പോന്നവർ ഇവിടെ നിരന്നു നിന്ന് കൈയടിക്കുന്നത്; നമ്മൾ നിൽക്കേണ്ടത് നീതി നടത്തിത്തരാൻ നിങ്ങൾക്കുത്തരവാദിത്തമുണ്ടെന്നു പറഞ്ഞു വ്യവസ്ഥയ്ക്കുചുറ്റും സ്വന്തം ചോരകൊണ്ട് കോട്ടകെട്ടിയ ഉന്നാവിലെ രണ്ടു പെൺകുട്ടികൾക്കൊപ്പമാണ്: കെ.ജെ.ജേക്കബ് എഴുതുന്നു

കെ.ജെ.ജേക്കബ്

തെലങ്കാന പൊലീസിന് കയ്യടിക്കുന്നവരോട് ഒന്നും പറയാനില്ല. ബാക്കിയുള്ളവരോടാണ്.

എന്തിനാണ് നമ്മുടെ സുഹൃത്തുക്കൾ തെലങ്കാന പൊലീസിന് കൈയടിക്കുന്നത് എന്നറിയേണ്ടേ? അവർ ഒരൊന്നൊന്നര പൊലീസാണ്.ഇതുവരെ കിട്ടുന്ന വിവരങ്ങൾ വച്ച് സംഭവങ്ങൾ ഇങ്ങനെയൊക്കെയാണ്. (ലിങ്കുകൾ കമന്റിൽ കൊടുത്തിട്ടുണ്ട്)

ആറു മണിക്ക് ടോൾ പ്ലാസയ്ക്കു സമീപം സ്‌കൂട്ടർ വച്ചിട്ട് പോയ ഡോക്ടർ ഒൻപതുമണിക്ക് തിരിച്ചു വരുന്നു. ടയർ പഞ്ചറായതു കാണുന്നു; ലോറിയിലെ ആളുകളെ കാണുന്ന ഡോക്ടർ ഭയപ്പെടുന്നു;

9.22 നു സഹോദരിയെ വിളിക്കുന്നു. ആളുകളുടെ പെരുമാറ്റം പേടിയുണ്ടാക്കുന്നു; തന്നോടുസംസാരിച്ചുകൊണ്ടിരിക്കണം എന്ന് പറയുന്നു.

9.44 നു സഹോദരി തിരിച്ചു വിളിക്കുന്നു. ഫോൺ ഓഫ്. സഹോദരിയുടെ മൊഴിപ്രകാരം അവരുംസഹപ്രവർത്തകരും അര മണിക്കൂറിനകം ടോൾ പ്ലാസയിലെത്തുന്നു. എന്നുവച്ചാൽ 10.14ആളെ കാണാത്തതുകൊണ്ട് പത്തുമിനിറ്റ് അകലെയുള്ള വിമാനത്താവള പൊലീസ് സ്റ്റേഷനിൽ എത്തുന്നു. സമയം ഏകദേശം 10.30

ടോൾ പ്ലാസ തങ്ങളുടെ അധികാര പരിധിയിൽ അല്ലെന്നും ഷംഷാബാദ് സ്റ്റേഷൻ പരിധിയിലാണെന്നും അവർ പറയുന്നു. അവർ അങ്ങോട്ട് പോകുന്നു. അതും പത്തുമിനിറ്റ് ദൂരം.

അവിടെയും അധികാര പരിധിയിന്മേലുള്ള തർക്കം തുടരുന്നു. പെൺകുട്ടി ആരുടെയെങ്കിലും കൂടെ ഒളിച്ചോടി പോയിരിക്കാം എന്ന് പൊലീസ് പറയുന്നു. പലതരം തർക്കങ്ങൾക്കുശേഷം, പൊലീസ് റെക്കോഡുപ്രകാരം തന്നെ പിറ്റേദിവസം വെളുപ്പിന് 3.10-നു മാൻ മിസ്സിങ് പരാതി രജിസ്റ്റർ ചെയ്യുന്നു, അന്വേഷണം തുടങ്ങുന്നു; ഏഴുമണിയോടെ കത്തിയ ദേഹം കണ്ടു എന്ന റിപ്പോർട്ട് കിട്ടുന്നു, അത് പെൺകുട്ടിയുടേത് എന്നുറപ്പിക്കുന്നു.
---
ഇനി എന്താണ് അപ്പോൾ സംഭവിച്ചത്?

റിപ്പോർട്ടുകൾ അനുസരിച്ച് പെൺകുട്ടി കൊല്ലപ്പെടുന്നത് ബലാൽസംഗത്തിനിടയിലല്ല. അതിനുശേഷം ബോധം വന്നപ്പോൾ അവൾ നിലവിളിച്ചു അപ്പോഴാണ് അവളെ പെട്രോളൊഴിച്ച് കത്തിച്ചുകൊന്നത്

പ്രതികൾക്കെതിരെയുള്ള പൊലീസിന്റെ ഏറ്റവും വലിയ തെളിവ് പ്രതികൾ പല പെട്രോൾ പമ്പുകളിൽനിന്നും പെട്രോൾ വാങ്ങി എന്നതാണ്.

അതിനർത്ഥം, പെൺകുട്ടി ജീവിച്ചിരുന്നപ്പോൾ, ക്രിമിനലുകൾ അവളെ കൊല്ലാൻ പെട്രോൾ തപ്പി നടന്നപ്പോൾ, അവളുടെ ജീവനുവേണ്ടി സഹോദരി കെഞ്ചിക്കൊണ്ടിരുന്നപ്പോൾ പൊലീസുകാർ അധികാര പരിധി തപ്പിക്കളിക്കുകയിരുന്നു; അവളുടെ സഹോദരിയെ അങ്ങോട്ടുമിങ്ങോട്ടും ഓടിക്കുകയായിരുന്നു; അവൾ ആർക്കെങ്കിലും ഒപ്പം ഓടിപ്പോയെന്നു തീർപ്പാക്കുകയായിരുന്നു.

ഈ സംഭവത്തിനുശേഷം കൃത്യവിലോപം കാണിച്ചതിന് മൂന്നുപേരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഇത്തരം പരാതി കിട്ടിയാൽ അധികാര പരിധി നോക്കാതെ കേസ് രജിസ്റ്റർ ചെയ്യാൻ സൈബറാബാദ് പൊലീസ് കമ്മീഷണർ നിർദ്ദേശം കൊടുത്തിട്ടുണ്ട്. ഏതു കമ്മീഷണർ? ഇന്ന് വെടിവെച്ചുകൊന്നതിനു നമ്മുടെ സുഹൃത്തുക്കൾ ആഘോഷിക്കുന്ന അതെ കമ്മീഷണർ.

ഇപ്പോൾ മനസിലായില്ലേ ആർക്കാണ് ഇവർ കൈയടിക്കുന്നതെന്നു?

തന്റെ സഹോദരിയെ കാണാനില്ലെന്ന് പറഞ്ഞു ഒരു പെൺകുട്ടി പൊലീസ് സ്റ്റേഷനിൽ എത്തികഴിഞ്ഞിട്ടു അഞ്ചുമണിക്കൂറോളം ഒന്നും ചെയ്യാതെ അങ്ങോട്ടുമിങ്ങോട്ടും തട്ടിക്കളിച്ചു അവളെ ക്രിമിനലുകൾക്കും ക്രൂരവും ദയനീയവുമായ മരണത്തിനു വിട്ടുകൊടുത്ത പൊലീസിനാണ് നമ്മുടെ സുഹൃത്തുക്കൾ കൈയടിക്കുന്നത്.

കൈയിൽ കിട്ടിയ പ്രതികൾക്കെതിരെ പ്രൊഫഷണൽ മികവുപയോഗിച്ച് കേസ് അന്വേഷിച്ചു തെളിവുകൾ കണ്ടെത്തി കോടതിയിൽ സമർപ്പിച്ചു ശിക്ഷ വാങ്ങിക്കൊടുക്കാൻ കഴിയാത്ത പൊലീസുവേഷം കെട്ടി നടക്കുന്ന മരപ്പാഴുകൾക്കാണ് അവർക്കു പോന്നവർ ഇവിടെ നിരന്നു നിന്ന് കൈയടിക്കുന്നത്.

രാവിലെ മൂന്നുമണിക്ക് സ്ഥലത്തുകൊണ്ടുപോയ പ്രതികൾക്ക് തട്ടിപ്പറിക്കാൻ പാകത്തിൽ മാത്രം തോക്കു പിടിക്കാൻ അറിയാമെന്നു നമ്മളെ വിശ്വിപ്പിക്കാൻ മാത്രം ദയനീയമായ കഥയുണ്ടാക്കുന്ന ചകിരിത്തലകൾക്കാണ് കൈയടി.

ഈ കാര്യങ്ങൾ ജനങ്ങൾ മനസിലാക്കിത്തുടങ്ങുകയും താനൊക്കെ എന്തിനാണ് തൊപ്പിയും കുപ്പായവും വടിയും വാഹനവുമായി നടക്കുന്നത് എന്ന് ഒരുവിധം ബുദ്ധിയുള്ള മനുഷ്യർ താമസിയാതെ ചോദിക്കുകയും ചെയ്യുമെന്ന് അവർക്കറിയാം. ആ ചോദ്യം ഒഴിവാക്കാൻ കണ്ടുപിടിച്ച എളുപ്പവഴിയാണ് ഈ കൊലപാതകങ്ങൾ എന്നറിയാൻ അരിയാഹാരം കഴിക്കണം എന്നുപോലും നിര്ബന്ധമില്ല.

ഒരു ക്രൈം തടയാൻ പറ്റാതിരുന്ന, നടന്നുകഴിഞ്ഞപ്പോൾ അതിലെ പ്രതികളെ നിയമത്തിനകത്തുനിന്നു കൈകാര്യം ചെയ്യാനുള്ള പ്രൊഫഷണൽ മികവോ നിയമത്തോടുള്ള കൂറോ ഇല്ലാത്ത കൂറ പൊലീസിന് പിന്നെ എളുപ്പവഴി അവരെ തട്ടിക്കളയുകയാണ്. അത്രയും ബുദ്ധി അവർക്കുണ്ടെന്നു സമ്മതിക്കാൻ ഞാൻ തയ്യാറാണ്; അവർക്കു കൈയടിക്കുന്നവര്ക്ക് അതുണ്ടെന്നു കൊന്നാലും സമ്മതിക്കില്ലെങ്കിലും.
----
തെലങ്കാന പൊലീസിന് കയ്യടിക്കുന്നവരിലധികവും 'നീതിന്യായവ്യവസ്ഥയിൽ വിശ്വാസം നഷ്ടപ്പെട്ട സാധാരണക്കാർ...' ആണ് പോലും.

സാധാരണക്കാരെ, നീതിന്യായവ്യവസ്ഥയിൽ നിങ്ങൾക്ക് ശരിക്കും വിശ്വാസം നഷ്ടപ്പെട്ടോ? അപ്പോൾ നിങ്ങളുടെ വീട്ടിൽ കള്ളൻ കയറിയാൽ നിങ്ങൾ പ്രൈവറ്റ് സെക്യൂരിറ്റിയെ ആണോ വിളിക്കുക? നിങ്ങളുടെ മകളും ഭാര്യയും സിനിമ കാണാൻ പോകുമ്പോൾ ആരെ വിശ്വസിച്ചാണ് നിങ്ങൾ വീട്ടിൽ ഇരിക്കുക, വഴിയിലുള്ള പൊലീസുകാരനെയോ അതോ നിങ്ങൾ കാവൽ ഏല്പിച്ചുവിട്ട പ്രൈവറ്റ് സെക്യൂരിറ്റിയെയോ? നീതിന്യായ വ്യവസ്ഥയിൽ വിശ്വാസം നഷ്ടപ്പെട്ടു എന്ന് നിങ്ങൾ പറയുമ്പോൾ ജനാധിപത്യത്തിൽ വിശ്വാസം നഷ്ടപ്പെട്ടു എന്നാണ് നിങ്ങൾ പറയുന്നത്. അപ്പോൾ നിങ്ങൾ വോട്ടു ചെയ്യുന്നത് നിർത്തിയോ? നിങ്ങൾ ബാങ്കിൽ പണം നിക്ഷേപിക്കുന്നത് ബാങ്ക് തന്നില്ലെങ്കിൽ ഗുണ്ടയെ വിട്ടു വാങ്ങാം എന്ന ധാരണയിലാണോ? നിങ്ങളുടെ മകളെ ദൂരേയ്ക്ക് ബസിൽകയറ്റിവിടുന്നത് സെക്യൂരിറ്റി ഗാർഡിനൊപ്പമാണോ? നിങ്ങളാരോടാണ് നുണ പറയുന്നത്?

സാധാരണക്കാരെ, നിങ്ങൾക്കൊരാവശ്യം വന്നാൽ നിങ്ങളെ സഹായിക്കാൻ ഈ നീതിനായവ്യവസ്ഥയെ കാണൂ. അസാധാരണക്കാരനു അതിന്റെ ആവശ്യമില്ല. അവൻ കാശുകൊടുത്തുനീതിവാങ്ങിക്കൊള്ളും, പ്രൈവറ്റ് സെക്യൂരിറ്റി കാവലുള്ള അവന്റെ വീട്ടിൽ ഒരു കള്ളനും കയറില്ല; വലിയ കാറിൽ ഡ്രൈവറോടും ചിലപ്പോൾ പ്രൈവറ്റ് സെക്യൂരിറ്റിയോടും കൂടി പോകുന്ന അവന്റെ ഭാര്യയെയോ മകളെയോ ഒരുത്തനും നോക്കില്ല; നോക്കുന്നിടത്തല്ല അവരുടെ ഷോപ്പിങ്, സിനിമയും.

ഈ നീതിന്യായവ്യവസ്ഥ ഏറ്റവും മെച്ചപ്പെട്ടത് എന്ന ഒരു വാദവും എനിക്കില്ല. ഒരു പെൺകുട്ടിയെ കാണാനില്ല എന്ന പരാതി കിട്ടിയാൽ അതിനു പിറകെ പോകാൻ കഴിയാത്തതും, ബലാൽസംഗം തടയാൻ കഴിയാത്തതും, ബലാൽസംഗിയെയും കൊലപാതകിയേയും പിടിക്കാനും തക്ക സമയത്തു ശിക്ഷ വാങ്ങിക്കൊടുക്കാനും കഴിയാത്തതും ഇതിന്റെ പോരായ്മയാണ്. ആ പോരായ്മയുടെ അറ്റമാണ് കൈയിൽ കിട്ടിയവനെ വെടിവെച്ചുകൊല്ലുന്നത് എന്നുമാത്രമേ എനിക്ക് വാദമുള്ളൂ.

അതുകൊണ്ടു സിസ്റ്റത്തിൽ വിശ്വാസമില്ലെങ്കിൽ നിങ്ങൾ സിസ്റ്റം നന്നാകണം എന്നാണ് ആവശ്യപ്പെടേണ്ടത്; സിസ്റ്റം കൊണ്ടുനടക്കുന്നവരെയാണ് വിചാരണ ചെയ്യേണ്ടത്; അല്ലാതെ സിസ്റ്റത്തിനപ്പുറത്തേക്കു നോക്കുകയല്ല വേണ്ടത്. സിസ്റ്റത്തെ വിലയ്ക്ക് വാങ്ങാൻ പറ്റുന്നവരോട്, സിസ്റ്റം പൊളിഞ്ഞാൽ വേറെയുണ്ടാക്കാൻ പാങ്ങുള്ളവരോട്, സിസ്റ്റം പുല്ലായവരോട് ഞാൻ ഇത് പറയില്ല. വിജയ് മല്യ മുതൽ കൈലാസ സ്വാമി മുതൽ ശ്രീറാം വെങ്കിട്ടരാമൻ വരെയുള്ളവർക്കു ഇത് ബാധകമല്ല. ഇത് അവരെപ്പോലെയുള്ളവർക്കു ആഘോഷ നിമിഷമാണ്. സാധാരണക്കാരന് സിസ്റ്റത്തിൽ വിശ്വാസം നഷ്ടപ്പെടുകയും അവരതിനെ വെറുത്തുതുടങ്ങുകയും ചെയ്യുന്നത് അവരുടെ വലിയ വിജയത്തിന്റെ തുടക്കമാണ്; കാരണം എന്നെങ്കിലും അവരെ പൂട്ടാൻ ആകുന്നത് ഇപ്പോൾ സാധാരണക്കാരന് വിശ്വാസമില്ല എന്നുപറഞ്ഞു പുച്ചിക്കുന്ന ഈ നീതിന്യായവ്യവസ്ഥയ്ക്കാണ്; അത് നന്നാകുന്ന കാലത്തു.. അങ്ങിനെയൊരവസ്ഥ വരില്ലെങ്കിൽ പിന്നെ അവർക്കു അർമാദിക്കാൻ വേറെ കാരണം വേണ്ടല്ലോ.

അതുകൊണ്ടു നമ്മൾ നിൽക്കേണ്ടത് നീതിന്യായവ്യവസ്ഥയിൽ വിശ്വാസം നഷ്ടപ്പെട്ടു എന്ന് പറയുന്ന നുണയന്മാരോ മരത്തലയന്മാരോ ആയ മനുഷ്യർക്കൊപ്പമല്ല; നീതി നടത്തിത്തരാൻ നിങ്ങൾക്കുത്തരവാദിത്തമുണ്ടെന്നു പറഞ്ഞു വ്യവസ്ഥയ്ക്കുചുറ്റും സ്വന്തം ചോരകൊണ്ട് കോട്ടകെട്ടിയ ഉന്നാവിലെ രണ്ടു പെണ്കുട്ടികൾക്കൊപ്പമാണ്; ആശാറാം ബാപ്പുവിനെയും രാം റഹീം സിങ്ങിനെയും അഴിയെണ്ണിച്ച മാതാപിതാക്കളുടെ ഇച്ഛാശക്തിക്ക് പിറകിലാണ്, വികാസ് യാദവിനെയും വിശാൽ യാദവിനെയും ജീവിതത്തിന്റെ നല്ലകാലത്തു ഇനിയൊരിക്കൽ ആകാശം കാണാൻ സാധിക്കാത്തവിധം തടവറയിൽ ബന്ധിച്ച നിര്ഭാഗ്യവതിയായ ഒരമ്മയ്ക്കൊപ്പമാണ്. മറ്റൊരാൾക്ക് ഇങ്ങിനെയൊരനുഭവം വരരുത് എന്ന നിർബന്ധത്തിൽ പോരാടാനിറങ്ങിയ ഒരായിരം സാധാരണക്കാർക്കൊപ്പമാണ്.

അതാണ് നമുക്കുവേണ്ടിയും നമ്മുടെ മക്കൾക്കുവേണ്ടിയും നമ്മൾക്കു ചെയ്യാനാവുന്നത്.

കാരണം നമുക്ക് ഈ നീതിന്യായവ്യവസ്ഥയല്ലാതെ ആശ്രയിക്കാൻ മറ്റൊന്നില്ല, നന്നാക്കാനും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP