Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

"ആഭ്യന്തരത്തിനായി പിടിമുറുക്കി ശിവസേന"; പകരം ശിവസേന ആവശ്യപ്പെട്ടിരുന്ന നഗരവികസനം എൻ.സി.പി.യ്ക്ക് നൽകും; ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി ചുമതലയേറ്റ് ഒരാഴ്ച പിന്നിട്ടിട്ടും വകുപ്പ് വിഭജന തർക്കത്തിൽ തീരുമാനമാകതെ സഖ്യകക്ഷികൾ; മുന്നണിയിലെ ഭിന്നതയുടെ തെളിവാണിതെന്ന് ബിജെപി

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി ചുമതലയേറ്റ് ഒരാഴ്ച പിന്നിട്ടിട്ടും ഒപ്പം സത്യപ്രതിജ്ഞ ചെയ്ത 6 മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച പ്രഖ്യാപനം നീളുന്നു. മന്ത്രിസഭാ വികസനത്തെക്കുറിച്ചുള്ള മൗനവും തുടരുകയാണ്. എന്നാൽ വകുപ്പ് വിഭജനത്തെ സംബന്ധിച്ച് തിങ്കളാഴ്ചയുണ്ടായേക്കുമെന്ന് സൂചന ലഭിക്കുന്നത്. മന്ത്രിമാരെക്കുറിച്ചും സഖ്യകക്ഷികൾ തമ്മിലും നേതാക്കൾ തമ്മിലുമുള്ള തർക്കം തീരാത്തതുകൊണ്ടാണ് അധികാരമേറ്റ് ഒരാഴ്ച പിന്നിട്ടിട്ടും വകുപ്പു വിഭജനംപോലും നടക്കാതിരുന്നത്.

മന്ത്രിസഭാ വികസനം നിയമസഭയുടെ ശീതകാല സമ്മേളനത്തിനുശേഷമേ ഉണ്ടാകാനിടയുള്ളൂ എന്നുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നത്. ശിവസേനയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഘാഡിയുടെ മന്ത്രിസഭയിൽ 43 മന്ത്രിമാരുണ്ടാകുമെന്നാണ് സൂചന. മുഖ്യമന്ത്രിയടക്കം ഏഴുപേരേ സത്യപ്രതിജ്ഞ ചെയ്തിട്ടുള്ളൂ. പ്രധാന സഖ്യകക്ഷിയായ എൻ.സി.പി.ക്ക് ഉപമുഖ്യമന്ത്രിയടക്കം പതിനാറു മന്ത്രിസ്ഥാനം നൽകാനാണ് ധാരണയുണ്ടായിരിക്കുന്നത്.

ശിവസേനയ്ക്ക് പതിനഞ്ചും കോൺഗ്രസിന് പന്ത്രണ്ടും മന്ത്രിമാരാണുണ്ടാവുക. സ്പീക്കർ സ്ഥാനം കോൺഗ്രസിന് ലഭിച്ചുകഴിഞ്ഞു. പ്രധാന വകുപ്പായ ആഭ്യന്തരം എൻ.സി.പി.ക്കു നൽകാനായിരുന്നു നേരത്തേയുള്ള ധാരണ. എന്നാൽ, അതു വിട്ടുകൊടുക്കേണ്ടെന്നാണ് നിലപാടിലാണ് ശിവസേനയും പകരം ശിവസേന ആവശ്യപ്പെട്ടിരുന്ന നഗരവികസനം എൻ.സി.പി.യ്ക്കു നൽകുമെന്നും ഇതിനോടടുത്ത് വ്യത്തങ്ങൾ സൂചിപ്പിക്കുന്നു. ധനകാര്യം കോൺഗ്രസിനു തന്നെ ലഭിച്ചേക്കും. വകുപ്പു വിഭജനത്തെപ്പറ്റി വെള്ളിയാഴ്ച രാത്രി മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും എൻ.സി.പി. നേതാവ് ശരദ് പവാറും ചർച്ച നടത്തിയിരുന്നു.

ഞായറാഴ്ച ഉദ്ധവ് കോൺഗ്രസ് നേതാക്കളുമായി ചർച്ചനടത്തും. മഹാരാഷ്ട്ര നിയമസഭയുടെ ശീതകാല സമ്മേളനം ഡിസംബർ 16 മുതൽ 21 വരെ നാഗ്പുരിൽ നടക്കുക. അതിന് ശേഷമേ മന്ത്രിസഭാവികസനം സംബന്ധിച്ച കാര്യങ്ങൾ നടക്കാനിടയുള്ളൂ. എൻ.സി.പി. നേതാവ് അജിത് പവാറിനെ ഉപമുഖ്യമന്ത്രിയാക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ആശയക്കുഴപ്പം നിലനിൽക്കുന്ന സാഹചര്യത്തിലാണ് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ വൈകുന്നത്. മന്ത്രിസഭാ വികസനം പൂർത്തിയാവുന്നതുവരെ ആഭ്യന്തരം ഉൾപ്പെടെയുള്ള വകുപ്പുകൾ മുഖ്യമന്ത്രിതന്നെ കൈകാര്യം ചെയ്യും.

സത്യപ്രതിജ്ഞചെയ്ത് ഇത്രനാൾ കഴിഞ്ഞിട്ടും മന്ത്രിമാർക്ക് വകുപ്പുകൾ വിഭജിച്ചുനൽകാൻപോലും കഴിയാത്തതിനെ പ്രതിപക്ഷത്തുള്ള ബിജെപി. നിശിതമായി വിമർശിച്ചിട്ടുണ്ട്. മുന്നണിയിലെ ഭിന്നതയുടെ തെളിവാണിതെന്ന് ബിജെപി. നേതാവ് ആശിഷ് ഷെലർ കുറ്റപ്പെടുത്തി. അഞ്ചുവർഷത്തേക്കുള്ള മന്ത്രിസഭയാണ് ഉദ്ധവിന്റേതെന്നും വകുപ്പുവിഭജനം അല്പം നീണ്ടുപോയാൽ പ്രശ്‌നമില്ലെന്നും ശിവസേനാ മുഖപത്രമായ സാമ്‌ന തിരിച്ചടിച്ചു. ഫഡ്‌നവിസിന്റേതുപോലെ 80 മണിക്കൂറല്ല പുതിയ സർക്കാരിന്റെ ആയുസ്സെന്നും ആലോചിച്ചുറപ്പിച്ചിട്ടേ തീരുമാനങ്ങൾ എടുക്കേണ്ടതുള്ളൂവെന്നും മുഖപ്രസംഗത്തിൽ പറയുന്നു.

അതേസമയം, ബിജെപിയിലേക്ക് മറുകണ്ടം ചാടിയവർ തിരിച്ചുവരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കോൺഗ്രസ്, എൻസിപി പാർട്ടികൾ വിട്ട് ബിജെപിയിൽ ചേർന്ന് എംഎൽഎമാരായ പത്തിലേറെപ്പേർ മാതൃപാർട്ടികളിലേക്കു തിരിച്ചുവന്നേക്കുമെന്നു സൂചന. ഒരു രാജ്യസഭാംഗവും ബിജെപിയിൽ നിന്നു മറുപക്ഷത്തേക്ക് എത്തുമെന്നും അഭ്യൂഹമുണ്ട്.

ബിജെപിക്കു ഭരണം പിടിക്കാനാകാത്ത സ്ഥിതി വന്നതോടെ, അവിടേക്കു ചേക്കേറിയ നേതാക്കൾ അതൃപ്തിയിലാണ്. ബിജെപിയിൽ നിന്നും നിയമസഭയിൽ നിന്നും രാജിവച്ച ശേഷം കോൺഗ്രസിലോ, എൻസിപിയിലോ തിരിച്ചെത്തി ഉപതിരഞ്ഞെടുപ്പിനെ നേരിടാനാണ് പദ്ധതിയെന്നും ദേശിയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP