Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മുടങ്ങി കിടക്കുന്ന മൂന്ന് സിനിമകളും ഉടൻ പൂർത്തിയാക്കാൻ തയ്യാറാണെന്ന് ഷെയിൻ നിഗം; ഒത്തുതീർപ്പിനുള്ള വഴി ഒരുങ്ങിയത് നടൻ സിദ്ദിഖ് ഇടപെട്ടു നടത്തിയ ചർച്ചകളെ തുടർന്ന്; പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള ചർച്ചകൾക്ക് അമ്മ നേരിട്ട് നേതൃത്വം നൽകുമെന്ന് അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു; ഉടനെ ഒത്തു തീർപ്പാക്കണമെന്ന് നിർദ്ദേശിച്ച് മോഹൻലാലും; മലയാള സിനിമയെ പ്രതിസന്ധിയിലാക്കിയ വിവാദം ഒത്തുതീർപ്പിലേക്ക് നീങ്ങുന്നു

മുടങ്ങി കിടക്കുന്ന മൂന്ന് സിനിമകളും ഉടൻ പൂർത്തിയാക്കാൻ തയ്യാറാണെന്ന് ഷെയിൻ നിഗം; ഒത്തുതീർപ്പിനുള്ള വഴി ഒരുങ്ങിയത് നടൻ സിദ്ദിഖ് ഇടപെട്ടു നടത്തിയ ചർച്ചകളെ തുടർന്ന്; പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള ചർച്ചകൾക്ക് അമ്മ നേരിട്ട് നേതൃത്വം നൽകുമെന്ന് അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു; ഉടനെ ഒത്തു തീർപ്പാക്കണമെന്ന് നിർദ്ദേശിച്ച് മോഹൻലാലും; മലയാള സിനിമയെ പ്രതിസന്ധിയിലാക്കിയ വിവാദം ഒത്തുതീർപ്പിലേക്ക് നീങ്ങുന്നു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടൻ ഷെയിൻ നിഗവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഒത്തുതീർപ്പാക്കാൻ സാധ്യത തെളിയുന്നു. പ്രശ്‌നം പരിഹരിച്ചു മുന്നോട്ടു പോകാൻ താൽപ്പര്യമുണ്ടെന്ന് ഷെയിൻ നിഗവും അറിയിച്ചു. പ്രശ്‌നം തീർക്കാനുള്ള ചർച്ചകൾക്കായി മുന്നിട്ടിറങ്ങിയത് നടൻ സിദ്ധിഖാണ്. ഷെയ്‌നുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള ചർച്ചകൾക്ക് അമ്മ നേരിട്ട് നേതൃത്വം നൽകുമെന്ന് അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു അറിയിച്ചു. ആലുവയിൽ നടൻ സിദ്ദിഖിന്റെ വീട്ടിൽ വച്ച് ഷെയ്ൻ നിഗവുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഇടവേള ബാബു.

നിലവിൽ മുടങ്ങി കിടക്കുന്ന മൂന്ന് ചിത്രങ്ങളും ഉടനെ പൂർത്തിയാക്കാം എന്ന് ഷെയ്ൻ നിഗം അമ്മയെ അറിയിച്ചിട്ടുണ്ട്. നിർമ്മാതാക്കളുമായും ഫെഫ്കയുമായുമുള്ള ചർച്ചകളിൽ അമ്മ സ്വീകരിക്കുന്ന നിലപാട് അംഗീകരിക്കുമെന്നും ഷെയ്ൻ നിഗം ഉറപ്പ് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഉടനെ ഫെഫ്ക ഭാരവാഹികളുമായി ചർച്ച നടത്തുമെന്നും അതിനു ശേഷം നിർമ്മാതക്കളുടെ സംഘടനയുമായി ചർച്ച നടത്തി പ്രശ്‌നം പരിഹരിക്കുമെന്നും ഇടവേള ബാബു വ്യക്തമാക്കി.

ഒത്തുതീർപ്പ് ചർച്ചകളുടെ ഇതുവരെയുള്ള പുരോഗതിയും മറ്റു വിവരങ്ങളും അമ്മ പ്രസിഡന്റ് മോഹൻലാലിനെ അറിയിച്ചിട്ടുണ്ടെന്നും പ്രശ്‌നങ്ങൾ എത്രയും പെട്ടെന്ന് ഒത്തുതീർപ്പാക്കണമെന്ന നിർദ്ദേശമാണ് മോഹൻലാലിൽ നിന്നും ലഭിച്ചിരിക്കുന്നതെന്നും ഇടവേള ബാബു പറഞ്ഞു. ഇന്നലെ രാത്രിയാണ് ആലുവയിൽ നടൻ സിദ്ധീഖിന്റെ മധ്യസ്ഥതയിൽ ഇടവേള ബാബുവും ഷെയ്ൻ നിഗവും കണ്ടത്. അമ്മയുടെ തീരുമാനം അംഗീകരിക്കുമെന്ന് ഷെയ്ൻ അറിയിച്ച സാഹചര്യത്തിൽ എത്രയും പെട്ടെന്ന് പ്രശ്‌നങ്ങൾ തീർക്കാനുള്ള നീക്കങ്ങളിലാണ് ഇടവേള ബാബുവും സംഘവും.

അതേസമയം ഷെയ്ൻ പറഞ്ഞ ചില കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിന് ഫെഫ്ക നേതൃത്വവുമായി അമ്മ ഭാരവാഹികൾ രണ്ടു ദിവസത്തിനകം ചർച്ച നടത്തും. വെയിൽ എന്ന സിനിമക്ക് എത്രദിവസത്തെ ഡേറ്റാണ് വേണ്ടതെന്ന കാര്യത്തിലാണ് പ്രധാനമായും അവ്യക്തതയുള്ളത്. 15 ദിവസമാണ് നേരത്തെ നടന്ന ഒത്തുതീർപ്പു ചർച്ചയിൽ സംവിധായകൻ ആവശ്യപ്പെട്ടതെങ്കിലും സെറ്റിലെത്തിയപ്പോൾ 24 ദിവസത്തെ ഷൂട്ട് വേണമെന്ന് സംവിധായകൻ പറയുന്നിടത്ത് നിന്നാണ് പ്രശ്‌നങ്ങൾ വീണ്ടും തുടങ്ങിയതെന്നാണ് പറയുന്നത്.

സിനിമയുടെ കുറേയധികം ഭാഗങ്ങൾ ചിത്രീകരിക്കാനുണ്ടെന്നും സംവിധായകൻ പറഞ്ഞ സമയത്ത് സിനിമ തീർക്കാൻ എത്രശ്രമിച്ചാലും സാധ്യമാകില്ലെന്നുമാണ് ഷെയ്‌നിന്റെ നിലപാട്. ഇക്കാര്യത്തിൽ ഫെഫ്ക നേതൃത്വം സംവിധായകനുമായി ആശയവിനിമയം നടത്തിയ ശേഷം അമ്മ ജനറൽ സെക്രട്ടറിയെ കാര്യങ്ങൾ ധരിപ്പിക്കും. ഇക്കാര്യങ്ങളിൽ വ്യക്തത വന്ന ശേഷമാകും നിർമ്മാതാക്കളുടെ സംഘടനയുമായി ചർച്ച നടത്തുക. നേരത്തെ ചെയ്തത് പോലെ ഷെയ്ൻ നിഗവും സംവിധായകനും നിർമ്മാതാവും ഒന്നിച്ചിരുന്നുള്ള ചർച്ച ആവശ്യമില്ലെന്നാണ് അമ്മ നേതൃത്വത്തിന്റെ നിലപാട്. വിവിധ സംഘടനകളുടെ നേതൃത്വമായിരിക്കും ഇക്കാര്യത്തിൽ പരസ്പരം ചർച്ച നടത്തി തീരുമാനം കൈക്കൊള്ളുക. തീരുമാനം അംഗീകരിക്കാൻ ഷെയ്ൻ നിഗം പൂർണ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

ഷെയിൻ നിഗമിന് വിലക്ക് ഏർപ്പെടുത്തിയതോടെ ചിത്രീകരണം പാതിവഴിയിലായ രണ്ട് ചിത്രങ്ങളും പൂർത്തിയാക്കണമെന്ന് ഡയറക്ടേഴ്സ് യൂണിയൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ചിത്രീകരണം പാതിവഴിയിൽ ഉപേക്ഷിക്കാനുള്ള തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഡയറക്ടേഴ്സ് യൂണിയൻ ഫെഫ്കയ്ക്ക് കത്തു നൽകുകയും ചെയത്ു. സെറ്റിൽ യുവതാരങ്ങൾ മയക്കുമരുന്ന് ഉപയോഗിക്കുന്നതിനെക്കുറിച്ച് തെളിവുണ്ടെങ്കിൽ നിർമ്മാതാക്കൾ അത് നൽകാൻ തയ്യാറാവണമെന്നും ഫെഫ്ക ആവശ്യപ്പെട്ടു. ഷെയിൻ നിഗത്തിന്റെ ഭാഗത്തുനിന്ന് മര്യാദകേടുണ്ടായി. നടനെ തിരുത്താൻ സംവിധായകർക്കും നിർമ്മാതാക്കൾക്കും ബാധ്യതയുണ്ട്. അതിനുള്ള അവസരം ഒരുക്കണമെന്നും ഡയറക്ടേഴ്സ് യൂണിയൻ ആവശ്യപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP