Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വൃശ്ചികമാസ വെളുത്തപക്ഷത്തിലെ ഗുരുവായൂർ ഏകാദശി: ദർശപുണ്യമായി ഉണ്ണിക്കണ്ണനെ കണ്ട് തൊഴുത് പതിനായിരങ്ങൾ; മേളപൊലിമയിൽ പെരുവനം കുട്ടൻ മാരാരുടെ പഞ്ചാരിമേളം

വൃശ്ചികമാസ വെളുത്തപക്ഷത്തിലെ ഗുരുവായൂർ ഏകാദശി: ദർശപുണ്യമായി ഉണ്ണിക്കണ്ണനെ കണ്ട് തൊഴുത് പതിനായിരങ്ങൾ; മേളപൊലിമയിൽ പെരുവനം കുട്ടൻ മാരാരുടെ പഞ്ചാരിമേളം

മറുനാടൻ മലയാളി ബ്യൂറോ

ഗുരുവായൂർ: ഏകാദശിദിനത്തിൽ ദർശനപുണ്യമായി കണ്ണനെ കണ്ട് തൊഴുത് പതിനായിരങ്ങൾ. ശനിയാഴ്ച പുലർച്ചെ 3ന് തുറന്ന ക്ഷേത്രനട ഇന്നു രാവിലെ 9നേ അടയ്ക്കുകയുള്ളൂ. 2 ദിവസമായി തുടരുന്ന തിരക്ക് ഇപ്പോഴും തുടരുകയാണ്. രാത്രി 12നു ശേഷം ഭക്തർ കൂത്തമ്പലത്തിൽ അഗ്നിഹോത്രികൾക്ക് ദ്വാദശിപ്പണം സമർപിച്ചു. രാവിലെ കാഴ്ചശീവേലിക്ക് ഗജരത്നം പത്മനാഭൻ സ്വർണക്കോലമെഴുന്നള്ളിച്ചു. പെരുവനം കുട്ടന്മാരാരുടെ പഞ്ചാരിമേളം അകമ്പടിയായി

തുടർന്ന് പാർഥസാരഥി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പ് തുടങ്ങി. കൊമ്പൻ ഇന്ദ്രസെൻ കോലമേറ്റി. ശ്രീധരനും ദാമോദർദാസും മികച്ച പറ്റാനക്കൂട്ട് ഒരുക്കി. വൈക്കം ചന്ദ്രന്റെ പഞ്ചവാദ്യം അകമ്പടിയായി. ഒരു മാസത്തിനു ശേഷം ക്ഷേത്രത്തിൽ ഇന്നലെ ഉദയാസ്തമനഃപൂജയുണ്ടായി. രാത്രി നെയ്‌വിളക്ക് എഴുന്നള്ളിപ്പ് നടന്നു. നാൽപതിനായിരത്തോളം പേർക്ക് പ്രസാദ ഊട്ട് നൽകി. ഗീതാദിന സ്മരണയിൽ പാർഥസാരഥി ക്ഷേത്രത്തിൽ നിന്ന് രഥമെഴുന്നള്ളിച്ചു.

15 ദിവസത്തെ ചെമ്പൈ സംഗീതോത്സവം രാത്രി സമാപിച്ചു. ‌ഇന്നു രാവിലെ ദ്വാദശിയൂട്ടും നാളെ ത്രയോദശി ഊട്ടും ഉണ്ടാകും. ദ്വാദശി ദിവസമായ ഇന്നു രാവിലെ 9ന് ക്ഷേത്രഗോപുരം അടയ്ക്കുമെങ്കിലും ചടങ്ങുകൾ മുടങ്ങാതെ നടക്കും. ഉച്ചകഴിഞ്ഞ് 3.30ന് ഗോപുരം തുറന്ന് ഭക്തരെ പ്രവേശിപ്പിക്കുമെന്ന് അധികൃതർ പറഞ്ഞു.

ഏകാദശികളിൽ ഏറ്റവും പ്രധാനമാണ് വൃശ്ചികമാസ വെളുത്തപക്ഷത്തിലെ ഗുരുവായൂർ ഏകാദശി. ഭഗവാൻ ഗീതോപദേശം നൽകിയ ദിവസമാണിത്. ദേവഗുരുവും വായുദേവനും ചേർന്ന് പാതാളാഞ്ജനശിലയിൽ തീർത്ത വിഗ്രഹം സ്ഥാപിച്ച ഇടം ഗുരുവായൂരെന്നും പ്രതിഷ്ഠയ്ക്ക് ഗുരുവായൂരപ്പൻ എന്നും നാമധേയം ലഭിച്ചു .വൃശ്ചിക മാസത്തിലെ ഏകാദശി ദിനത്തിലാണ് ഗുരുവായൂരപ്പന്റെ പ്രതിഷ്ഠ നടത്തിയത് അതിനാൽ ഗുരുവായൂർ ഏകാദശി ഗുരുവായൂർ പ്രതിഷ്ഠാദിനമായും കണക്കാക്കപ്പെടുന്നു.

ഈ ഏകാദശി വ്രതാനുഷ്ഠാനത്തിലൂടെ രോഗദുരിത ശാന്തി, കുടുംബൈശ്വര്യം, സമ്പൽ സമൃദ്ധി, മനഃശാന്തി എന്നിവയാണ് ഫലം. ഭഗവാൻ മഹാവിഷ്ണു ദേവീദേവന്മാരോടൊപ്പം ഗുരുവായൂർക്കെഴുന്നെള്ളുന്ന ദിനമാണിതെന്നാണ് വിശ്വാസം . അതിനാൽ അന്നേദിവസം ക്ഷേത്രത്തിൽ എത്താൻ കഴിയുന്നതുപോലും സുകൃതമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP