Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

102 കോടി രൂപയുടെ കയർ ഭൂവസ്ത്രത്തിന് കരാറായി; നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മന്ത്രി തോമസ് ഐസക്

102 കോടി രൂപയുടെ കയർ ഭൂവസ്ത്രത്തിന് കരാറായി; നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മന്ത്രി തോമസ് ഐസക്

സ്വന്തം ലേഖകൻ

ആലപ്പുഴ: കയർ കേരള ധൂർത്താണെന്നും ഇതുകൊണ്ട് ആർക്കാണ് നേട്ടമെന്നും ചോദിക്കുന്നവർക്ക് കണക്കുകൾ കൊണ്ട് മറുപടി പറഞ്ഞ് ധനം കയർ വകുപ്പു മന്ത്രിയുടെ അവലോകനം. കയർ കേരള 2019ന്റെ സമാപന ചടങ്ങിലാണ് മന്ത്രി പവർ പോയിന്റ് പ്രസന്റേഷനിലൂടെ കയർ കേരളയുടെ നേട്ടങ്ങൾ അക്കമിട്ട് നിരത്തിയത്.

ഇത്തവണത്തെ കയർ കേരള കൊണ്ട് പ്രധാനമായും അഞ്ച് നേട്ടങ്ങളാണ് ഉണ്ടായതെന്ന് മന്ത്രി പറഞ്ഞു. 399 കോടി രൂപയുടെ ഓർഡറാണ് ഒന്നാമത്തേത്. ഓരോന്നും ഇനംതിരിച്ചുതന്നെ മന്ത്രി വിശദീകരിച്ചു. 103 കോടി രൂപയുടെ കയർ ഭൂവസ്ത്രത്തിന് തദ്ദേശ സ്ഥാപനങ്ങളുമായി ധാരണാപത്രത്തിൽ ഒപ്പിട്ടതാണ് രണ്ടാമത്തെ നേട്ടം. ഇന്ത്യയിലെ ആഭ്യന്തര വിപണിയിൽ മാത്രം ചുരുങ്ങിയത് 50000 ടൺ ഭൂവസ്ത്രത്തിന് ഉറച്ച വിപണിയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കയർ വ്യവസായത്തിന് ഉൽപാദക സംസ്ഥാനങ്ങളുടെ സഹകരണം ഉറപ്പാക്കാനായത് മൂന്നാമത്തെ നേട്ടം. കയർ വ്യവസായം നിലവിലുള്ള സംസ്ഥാന മന്ത്രിമാരുടെ സമ്മേളനം മാർച്ച് രണ്ടാം വാരം ആലപ്പുഴയിൽ നടക്കും. ഭൂവസ്ത്ര കമ്പോളത്തിന്റെ വികസനത്തിനൊപ്പം കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ്, ഖനി വകുപ്പ്, തൊഴിലുറപ്പ് പദ്ധതി, ഹിമാലയൻ സംസ്ഥാനങ്ങൾ എന്നിവയെയാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

റിലയൻസ്, രത്നഗിരി ഇംപക്സ്, വിശാൽ മെഗാ മാർട്ട്, ഡി മാർട്ട്, ഷോപ്പേഴ്സ് സ്റ്റോപ്പ്, ട്രൈഫെഡ്, ഫ്യൂമ, സിവിൽ സപ്ലൈസ്, കൺസ്യൂമർഫെഡ് എന്നീ മാർക്കറ്റ് ചെയിൻ സ്റ്റോറുകളുമായുള്ള കരാറിലൂടെ ഇവരുടെ വ്യാപാരസ്ഥാപനങ്ങളിൽ കയർ ഉൽപന്നങ്ങൾക്ക് ഒരു സ്റ്റാൻഡ് ഉറപ്പാക്കാനായത് നാലാമത്തെ നേട്ടമായി മന്ത്രി ചൂണ്ടിക്കാട്ടി.

എൺപത് ചകിരി മില്ലുകൾക്കുള്ള ധാരണാപത്രമാണ് അഞ്ചാമത്തെ നേട്ടം. ഇതിലൂടെ ചകിരിയുടേയും കയറിന്റെയും ഉൽപാദനം വർധിപ്പിക്കാനാകും. കയർ ഉൽപാദനത്തിനായി 1650 ഓട്ടോമാറ്റിക് സ്പിന്നിങ് യന്ത്രങ്ങൾ കൂടി സ്ഥാപിക്കും. ഭൂവസ്ത്ര ഉൽപാദനത്തിന് 300 പരമ്പരാഗത ജിയോടെക്സ്റ്റയിൽസ് തറികളും 200 ഓട്ടോമാറ്റിക് തറി യൂണിറ്റുകളും സ്ഥാപിക്കും. സർവ്വീസ് സഹകരണ ബാങ്കുകൾ, കുടുംബശ്രീ, കൺസോർഷ്യം തുടങ്ങിയവയിലൂടെ തൊണ്ട് സംഭരിക്കാനാണ് തീരുമാനം.

ഇതിലൂടെ കയർ തൊഴിലാളികൾക്ക് ലഭിക്കുന്ന നേട്ടങ്ങളും മന്ത്രി പങ്കുവച്ചു. സർക്കാർ സഹായം പ്രതിവർഷം 66 കോടിയായിരുന്നത് ഇപ്പോൾ 200 കോടി രൂപയാക്കി. 2020-21ൽ തൊഴിൽ ദിനങ്ങൾ 400 ആക്കി വർധിപ്പിക്കും. സഹകരണ സംഘങ്ങളിലെ തൊഴിലാളികളുടെ ശരാശരി വാർഷിക വരുമാനം ഇപ്പോൾ 29,088 രൂപയാണ്. ഇത് 2020-201ൽ 50,000 രൂപയാക്കുമെന്നും മന്ത്രി പറഞ്ഞു.

കയറിന്റെ രണ്ടാം പുനഃസംഘടനയുടെ വിജയാഘോഷമായിരിക്കും 2020ൽ നടക്കുന്ന കയർ കേരളയെന്നും മന്ത്രി തോമസ് ഐസക് ചൂണ്ടിക്കാട്ടി.

102 കോടി രൂപയുടെ കയർ ഭൂവസ്ത്രത്തിന് കരാറായി

ആലപ്പുഴ: 102 കോടി രൂപയുടെ ഭൂവസ്ത്രം തൊഴിലുറപ്പ് പദ്ധതിയിലേയ്ക്ക് വാങ്ങുന്നതിന് സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾ കയർ പൊതുമേഖലാ സ്ഥാപനങ്ങളുമായി ഒപ്പുവച്ചു. 15 കോടിയിൽപരം ചതുരശ്ര മീറ്റർ ഭൂവസ്ത്രത്തിനാണ് കരാർ. കയർ കേരളയിൽ ഇങ്ങനെ ധാരണാപത്രം ഒപ്പുവയ്ക്കുന്നതിനുവേണ്ടി കയർ പ്രോജക്ട് ഓഫീസർമാരും മറ്റു ജീവനക്കാരും പൊതുമേഖലാ സ്ഥാപനങ്ങളും ചേർന്ന് കഴിഞ്ഞ മൂന്നു മാസമായി നടത്തിവരുന്ന അക്ഷീണപ്രയത്നത്തിന്റെ ഫലമാണ് ഈ നേട്ടം.

കയർ കേരള 2019ലെ കയർ ഭൂവസ്ത്ര സെമിനാറിൽ 860 ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലെ പ്രസിഡന്റുമാർ, സെക്രട്ടറിമാർ, സാങ്കേതിക വിദഗ്ദ്ധർ, ജീവനക്കാർ ഉൾപ്പെടെ അയ്യായിരത്തോളം ആളുകൾ ഇന്നത്തെ ധാരണാപത്രം ഒപ്പു വയ്ക്കൽ ചടങ്ങിൽ പങ്കെടുത്തു.

14 ജില്ലകളിൽ നിന്നും ഏറ്റവും കൂടുതൽ കയർ ഭൂവസ്ത്രത്തിന് ഉത്തരവ് നൽകിയ പഞ്ചായത്തുകൾ, ബന്ധപ്പെട്ട പൊതുമേഖലാ സ്ഥാപനവുമായി ധാരണാപത്രം പൊതുവേദിയിൽ വച്ച് ഒപ്പിട്ടു. ഇതിനു പുറമേ ഓരോ ജില്ലയിലും ഏറ്റവും നല്ല നിലയിൽ കയർ ഭൂവസ്ത്രം ഉപയോഗപ്പെടുത്തിയ പഞ്ചായത്തുകളെ ആദരിക്കുകയും ചെയ്തു. ഉപയോഗിച്ച ഭൂവസ്ത്രത്തിന്റെ അളവ്, പ്രോജക്ടിന്റെ സാമൂഹ്യപ്രസക്തി, പുല്ലുവച്ച് പിടിപ്പിക്കുന്നതിലെ വിജയം, നടത്തിപ്പിലെ മികവ് എന്നീ ഘടകങ്ങൾ പരിശോധിച്ചാണ് തെരഞ്ഞെടുപ്പ് നടത്തിയത്. ഒരുലക്ഷം രൂപയായിരുന്നു സമ്മാനം.

സാധാരണഗതിയിൽ മുൻവർഷങ്ങളിൽ ഏതാനും കോടി രൂപയുടെ കയർ ഭൂവസ്ത്രമാണ് കേരളത്തിനുള്ളിൽ മണ്ണുജല സംരക്ഷണ പ്രവർത്തനത്തിനായി ഉപയോഗിച്ചുകൊണ്ടിരുന്നത്. എന്നാൽ 2017-18ൽ തൊഴിലുറപ്പിന്റെ ഭാഗമായി കയർ ഭൂവസ്ത്രം ഉപയോഗിക്കുന്നതിന് ഒരു പ്രത്യേക കാമ്പയിൻ കയർ വകുപ്പ് നടത്തുകയുണ്ടായി. ഇപ്പോഴത്തെ കണക്കു പ്രകാരം രണ്ടു വർഷങ്ങളിലായി കേരളത്തിൽ 72 ലക്ഷം ചതുരശ്ര മീറ്റർ കയർ ഭൂവസ്ത്രം വിതാനിക്കാൻ കഴിഞ്ഞു. ഇതിന്റെ വില 45 കോടി വരും.

കയർ ഭൂവസ്ത്രത്തിന്റെ ഉൽപ്പാദനം പരമാവധി നടത്തണമെന്നും പൊതുമേഖലാ സ്ഥാപനങ്ങൾ അവ സ്റ്റോക്ക് ചെയ്യണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിനുവേണ്ടി മറ്റു തടുക്കുതറികൾ ജിയോ ടെക്സ്റ്റയിൽസ് ലൂമുകളായി പരിവർത്തനം ചെയ്യുന്നതിന് സർക്കാർ ധനസഹായം നൽകും. ഇതിനു പുറമേ ഭൂവസ്ത്ര നെയ്ത്തിന് ഓട്ടോമാറ്റിക് മില്ലുകൾ പ്രോത്സാഹിപ്പിക്കുന്നതിന് തീരുമാനിച്ചു. 100 എണ്ണം അടിയന്തിരമായി സ്ഥാപിക്കും.

കയർ ഭൂവസ്ത്രത്തിന് രണ്ടാം കയർ പുനഃസംഘടനാ സ്‌കീമിൽ സുപ്രധാന സ്ഥാനമുണ്ട്. 2019-20ൽ 40,000 ടണ്ണും 2020-21ൽ 60,000 ടണ്ണും കയർ ഉൽപ്പാദിപ്പിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ഇതിൽ 20,000 ടണ്ണേ പരമ്പരാഗത കയർ ഉൽപ്പാദന മേഖല ഉൾക്കൊള്ളൂ. ബാക്കി കയർ, കയർ ഭൂവസ്ത്രമായി രൂപാന്തരപ്പെടുത്തി വിപണി കണ്ടെത്തുകയാണ് ഉദ്ദേശ്യം. ഇന്ത്യയിലെ കയർ ഭൂവസ്ത്രത്തിന്റെ കമ്പോളം ഇതുവരെ ഫലപ്രദമായി ഉപയോഗിക്കുന്നതിനു ആരും ശ്രമിച്ചിട്ടില്ല. ഇതിനുള്ള വിപണന തന്ത്രങ്ങൾ കയർ കേരളയിലെ കഴിഞ്ഞ ദിവസത്തെ ചർച്ചകളിൽ ഉരുത്തിരിയുകയുണ്ടായി.

ഇന്ത്യയിലെ ഏറ്റവും സംഘടിതമായ കയർ ഭൂവസ്ത്ര വ്യവസായത്തിന്റെ മാത്രമല്ല, സേവനദാതാക്കളുടെയും കേന്ദ്രമായി കേരളം മാറണം. ഇതിനുള്ള വിലപ്പെട്ട പരിശീലനമാണ് തൊഴിലുറപ്പ് പദ്ധതിയിലൂടെ നമുക്ക് ലഭിക്കുന്നത്. കേരളത്തിലെ കയറിന്റെ ഭാവിയെ സംബന്ധിച്ചിടത്തോളം ഏറ്റവും നിർണ്ണായകമാകാൻ പോകുന്ന ഒരു പരിപാടിയുടെ വിശദമായ ആസൂത്രണത്തിനാണ് ഇന്നത്തെ കയർ കേരള വേദിയായത്.

ഓരോ ജില്ലയിലും ഏറ്റവുമധികം ഭൂവസ്ത്രത്തിന് ഓർഡർ നൽകിയ പഞ്ചായത്തുകൾ ഇവയാണ്:

തിരുവനന്തപുരം- കഠിനംകുളം

കൊല്ലം- തെന്മല

പത്തനംതിട്ട- പള്ളിക്കൽ

ആലപ്പുഴ- കുമാരപുരം

കോട്ടയം- അയ്മനം

ഇടുക്കി- വട്ടവട

എറണാകുളം- ചെല്ലാനം

തൃശൂർ- പറപ്പൂക്കര

പാലക്കാട്- ചളവറ

മലപ്പുറം- വേങ്ങര

കോഴിക്കോട്- ചക്കിട്ടപ്പാറ

വയനാട്- മീനങ്ങാടി

കണ്ണൂർ- ചപ്പാരപ്പടവ്

കാസർകോട്- മഥൂർ

ജില്ലാ തലത്തിൽ ഉന്നത നിലവാരത്തിൽ കയർ ഭൂവസ്ത്രം വിതാനം ചെയ്തതിനുള്ള ഒരു ലക്ഷം രൂപയുടെ പുരസ്‌കാരം നേടിയ പഞ്ചായത്തുകൾ:

തിരുവനന്തപുരം- ചിറയിൻകീഴ്

കൊല്ലം- തെന്മല

പത്തനംതിട്ട- പള്ളിക്കൽ

ആലപ്പുഴ- പുളിങ്കുന്ന്

കോട്ടയം- മാഞ്ഞൂർ

ഇടുക്കി- മരിയാപുരം

എറണാകുളം- ചെല്ലാനം

തൃശൂർ- കാറളം

പാലക്കാട്- ചളവറ

മലപ്പുറം- ചാലിയാർ

കോഴിക്കോട്- ചക്കിട്ടപ്പാറ

വയനാട്- മീനങ്ങാടി

കണ്ണൂർ- മാങ്ങാട്ടിടം

കാസർകോട്- പീലിക്കോട്


കയർ ഭൂവസ്ത്രത്തിന്റെ ഭാവിസാധ്യതകൾക്ക് തെളിവായികയർ കേരള സ്റ്റാളുകൾ

ആലപ്പുഴ: കയർ ഭൂവസ്ത്രത്തിന്റെ വർധിച്ചുവരുന്ന ഡിമാൻഡിന്റെ പ്രത്യക്ഷ തെളിവാണ് കയർ കേരള 2019ലെ മിക്ക സ്റ്റാളുകളും. മുൻ കയർ കേരളകളിലൊന്നും രാജ്യാന്തര പവലിയനിൽ ഭൂവസ്ത്രത്തിന്റെ സ്റ്റാളുകൾ കാര്യമായി ഉണ്ടായിരുന്നില്ല. ഇത്തവണ ഒന്നിലേറെ സ്റ്റാളുകളാണ് ഭൂവസ്ത്രവും അതുമായി ബന്ധപ്പെട്ട വിവിധ ഉൽപന്നങ്ങളും വിവിധ ഉപയോഗരീതികളും പ്രദർശിപ്പിച്ചിരിക്കുന്നത്. ഇതുതന്നെ കയർ ഭൂവസ്ത്രത്തിന്റെ വർധിച്ചുവരുന്ന ആവശ്യകതയുടെ തെളിവ്.

കേരളത്തിലെ കയർ മേഖലയുടെ വൻ കുതിച്ചുച്ചാട്ടത്തിനു വഴിയൊരുക്കിയ കണ്ടുപിടിത്തമായിരുന്നു കയർ ഭൂവസ്ത്രം. റോഡുകളുടെ നിർമ്മാണത്തിനും, കാനലിന്റെയും മടകളുടെയും പച്ചക്കറിത്തോട്ടങ്ങളുടെ പാർശ്വഭിത്തി നിർമ്മാണത്തിനും ഒക്കെ കയർ ഭൂവസ്ത്രം ഉപയോഗിക്കാമെന്നു കണ്ടെത്തി കഴിഞ്ഞു. ഇതിനു പുറമെ പ്ലാസ്റ്റിക്ക് ചെടിച്ചട്ടികൾ ഉപയോഗിച്ച് നിർമ്മിക്കുന്ന പുത്തൻ സാങ്കേതിക വിദ്യയായ വെർട്ടിക്കൽ ഗാർഡനുകൾക്ക് പ്ലാസ്റ്റിക്കിനു ബദലായി കയർ ഭൂവസ്ത്രം ഉപയോഗിക്കാമെന്ന് തെളിയിക്കപ്പെട്ടു കഴിഞ്ഞു. പ്രകൃതി സൗഹൃദമായ കയർ നാരുകളിൽ നിന്നു നിർമ്മിക്കുന്ന ഇവയ്ക്ക് മികച്ച ഗുണനിലവാരവും കാലപ്പഴക്കവുമുണ്ട്. കയർ കേരളയുടെ ഒട്ടുമിക്ക സ്റ്റാളുകളിലും ഇവയുടെ പ്രദർശനം വ്യത്യസ്ത രീതിയിൽ ഒരുക്കിയിട്ടുണ്ട്. സർക്കാർ പദ്ധതി പ്രകാരം സംസ്ഥാനത്തെ റോഡുകളിൽ ഭൂവസ്ത്രം ഉപയോഗിച്ചുകൊണ്ടുള്ള നിർമ്മാണ പ്രവർത്തനത്തിന് അംഗീകാരം ലഭിച്ചു കഴിഞ്ഞു. ഇതിനായി പിഡബ്‌ള്യുഡി മാനുവലിൽ പരിഷ്‌ക്കാരം നടത്തിയിരുന്നു. വാണിജ്യാടിസ്ഥാനത്തിൽ ഇവ നിർമ്മിക്കുന്ന സഹകരണ സംഘങ്ങളും കമ്പിനികളും മേളയിൽ പങ്കെടുക്കുന്നുണ്ട്.

കയർ ഭൂവസ്ത്രം ഉപയോഗിച്ച് മണ്ണിന്റെ തനതു സ്വഭാവം മെച്ചപ്പെടുത്തുന്നതിനും മണ്ണൊലിപ്പ് തടയുന്നതിനും വേണ്ടി പ്രകൃതിദത്ത നാരുകൊണ്ട് നെയ്ത് ഉണ്ടാക്കുന്ന സാമഗ്രിയാണ് കയർ ഭൂവസ്ത്രം. കേരളത്തിലെ മണ്ണിനേയും ജലത്തെയും ഒരു പരിധിവരെ തടഞ്ഞു നിർത്തി സംരക്ഷിക്കുന്നതിന് സുവർണ്ണ നാരായ ചകിരിയിൽ നെയ്യുന്ന ഭൂവസ്ത്രങ്ങൾക്ക് കഴിയും. വേണ്ട രീതിയിൽ സംസ്‌ക്കരിച്ച ഭൂവസ്ത്രത്തിന്റെ ഉപയോഗം മണ്ണിന്റെ ഫലഭൂയിഷ്ടിയും വളക്കൂറും വർധിപ്പിക്കുമെന്ന് പരീക്ഷണങ്ങൾ തെളിയിച്ചു. നാല് പ്രത്യേകതകളാണ് ഭൂവസ്ത്രങ്ങൾക്കുള്ളത്. വെള്ളത്തിന്റെ ഒഴുക്കിന്റെ വേഗത കുറച്ചു മണ്ണൊലിപ്പ് തടയുന്നു, സ്വന്തം ഭാരത്തിന്റെ അഞ്ചിരട്ടി വെള്ളം വലിച്ചെടുക്കുന്നു, മണ്ണിലെ ഈർപ്പം നിലനിർത്തി അന്തരീക്ഷത്തിലെ താപം കുറക്കുന്നു, മണ്ണിൽ ജൈവാംശം പകർന്നുകൊണ്ട് ദ്രവിച്ചു തീരുന്നതടക്കമുള്ള സവിശേഷതകളാണ് കയർ ഭൂവസ്ത്രത്തിന് ഉള്ളത്.

ഒരിഞ്ച് കണ്ണി വലിപ്പമുള്ള ഭൂവസ്ത്രം 30% വരെയും അര ഇഞ്ച് വലിപ്പമുള്ളവ കൊണ്ട് 50% വരെയും കാൽ ഇഞ്ച് വലിപ്പമുള്ളവ കൊണ്ട് 100% വരെയും ചരിവുകളിൽ മണ്ണൊലിപ്പ് തടയാൻ കഴിയുന്നു. ഇതിനായി കയർ ഭൂവസ്ത്രം വിരിക്കാൻ ഉദ്ദേശിക്കുന്ന പ്രതലം വൃത്തിയാക്കുക. പ്രതലത്തിന്റെ മുകൾ ഭാഗത്ത് 30 സെന്റീ മീറ്റർ ആഴത്തിൽ കുഴി എടുക്കുക. അതിനകത്ത് കയർ ഭൂവസ്ത്രം മുള ഉപയോഗിച്ച് ഉറപ്പിക്കുക ഭൂവസ്ത്രത്തിന്റെ മറ്റേ അറ്റം ചരിവിന്റെ താഴെ ഉറപ്പിക്കുക. അങ്ങനെ ഓരോ പാളിയും 15സെന്റീമീറ്റർ കയറ്റി അടുത്ത പാളിയിലായ് ഉറപ്പിക്കുക. അതിനുശേഷം ഭൂവസ്ത്രം വിരിച്ച ശേഷം പുൽവിത്ത് നടാവുന്നതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP