Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

തെരഞ്ഞെടുപ്പിന് രണ്ടുദിവസം മാത്രം ശേഷിക്കെ ടോറികളുടെ ഭൂരിപക്ഷത്തിൽ വമ്പൻ ഇടിവ്; ലേബർ ഉയർത്തെഴുന്നേറ്റപ്പോൾ വ്യത്യാസം ആറുപോയന്റായി കുറഞ്ഞു; ബ്രിട്ടണിൽ ബോറിസ് ജോൺസന്റെ ചങ്കിടിക്കുമ്പോൾ

തെരഞ്ഞെടുപ്പിന് രണ്ടുദിവസം മാത്രം ശേഷിക്കെ ടോറികളുടെ ഭൂരിപക്ഷത്തിൽ വമ്പൻ ഇടിവ്; ലേബർ ഉയർത്തെഴുന്നേറ്റപ്പോൾ വ്യത്യാസം ആറുപോയന്റായി കുറഞ്ഞു; ബ്രിട്ടണിൽ ബോറിസ് ജോൺസന്റെ ചങ്കിടിക്കുമ്പോൾ

സ്വന്തം ലേഖകൻ

ബ്രിട്ടീഷ് ജനത അവരുടെ ജനവിധി നിശ്ചയിക്കാൻ അവശേഷിക്കുന്നത് രണ്ടുദിവസം മാത്രം. വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കാനിരിക്കെ, ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിയുടെയും പ്രധാനമന്ത്രി ബോറിസ് ജോൺസണിന്റെയും ചങ്കിടിപ്പിച്ചുകൊണ്ട് ജനപ്രീതിയിൽ വമ്പൻ ഇടിവ്. കഴിഞ്ഞ ദിവസം വരെ ഇരട്ടയക്കത്തിന്റെ ലീഡ് നിലനിർത്തിയിരുന്ന ടോറികൾക്ക് ലേബർ പാർട്ടിക്കുമേലുള്ള മുൻതൂക്കം ആറുപോയന്റായി ഇടിഞ്ഞതോടെയാണിത്. ഇത്രയും നേരീയ മുൻതൂക്കത്തിൽ കേവലഭൂരിപക്ഷം നേടാനാവില്ലെന്നുറപ്പാണ്. ഇതോടെ, മറ്റൊരു തൂക്കുസഭയ്ക്ക് ബ്രിട്ടൻ സാക്ഷിയായേക്കുമെന്ന വിലയിരുത്തലാണ് രാഷ്ട്രീയനിരീക്ഷകർ നടത്തുന്നത്.

ഡിസംബർ ആറിനും ഒമ്പതിനും ഇടയ്ക്ക് നടന്ന ഐസിഎം റിസർച്ചിന്റെ സർവേയിലാണ് ടോറികളുടെ ജനപ്രീതിയിൽ വലിയ ഇടിവ് സംഭവിച്ചിട്ടുണ്ടെന്ന് വ്യക്തമാകുന്നത്. 42 ശതമാനം പേർ ഇപ്പോഴും കൺസർവേറ്റീവ് സർക്കാരിനെ അനുകൂലിക്കന്നുണ്ടെങ്കിലും, ലേബർ പാർട്ടിയും ഏറെ പിന്നിലല്ലെന്ന് സർവേ സൂചിപ്പിക്കുന്നു. ഒരു പോയന്റിന്റെ ലീഡ് നേടിയ അവർക്കിപ്പോൾ 36 ശതമാനം പേരുടെ പിന്തുണയുണ്ട്. കൺസർവേറ്റീവുകൾക്ക് ഒറ്റയ്ക്ക് സർക്കാരുണ്ടാക്കാൻ സാധിക്കാത്ത സാഹചര്യമാകും തിരഞ്ഞെടുപ്പിനുശേഷം ഉണ്ടാവുകയെന്നതിന്റെ സൂചനയാണിത്. സുസ്ഥിരമായ സർക്കാർ അധികാരത്തിൽ വന്നില്ലെങ്കിൽ ബ്രെക്‌സിറ്റുൾപ്പെടെയുള്ള കാര്യങ്ങളിലെ അനിശ്ചിതത്വം തുടരുകയും ചെയ്യും.

സർവേഫലത്തെ കൺസർവേറ്റീവുകൾ ആശങ്കയോടെ കാണുന്നത് അതുകൊണ്ടുകൂടിയാണ്. മറുഭാഗത്ത് ലേബർ ക്യാമ്പിന് വളരെയേറെ ആത്മവിശ്വാസം പകരുന്നതാണ് ഏറ്റവുമൊടുവിലത്തെ ഫലങ്ങൾ. അവസാന വട്ട കുതിപ്പിൽ കുറച്ചുകൂടി ജനപ്രീതി നേടാനാവുമെന്നും സർക്കാർ രൂപീകരണ സാധ്യത തള്ളാനാവില്ലെന്നും അവർ പറയുന്നു. സ്‌കോട്ടിഷ് നാഷണലിസ്റ്റ് പാർട്ടിപോലുള്ളവർ ലേബർ പാർട്ടിക്ക് പിന്തുണ പ്രഖ്യാപിക്കാനുള്ള സാധ്യതയും തള്ളാനാവില്ല. 12 ശതമാനം പിന്തുണയുള്ള ലിബറൽ ഡമോക്രാറ്റുകളുടെ നിലപാടും തിരഞ്ഞെടുപ്പിനുശേഷം നിർണായകമാകുമെന്നുറപ്പാണ്.

അതേസമയം, കൺസർവേറ്റീവുകൾ അനായാസം സർക്കാരുണ്ടാക്കുമെന്ന് സൂചിപ്പിക്കുന്ന മറ്റൊരു സർവേഫലവും പുറത്തുവന്നിട്ടുണ്ട്. ഡിസംബർ അഞ്ചിനും ഏഴിനുമിടയിൽ സർവേ നടത്തിയ സർവേഷൻ എന്ന ഏജൻസിയുടെ കണക്കുപ്രകാരം 14 പോയന്റിന്റെ ലീഡാണ് ടോറികൾക്കുള്ളത്. ടോറികൾ അധികാരത്തിൽ തുടരണമെന്ന് 45 ശതമാനം പേർ ആഗ്രഹിക്കുമ്പോൾ, 31 ശതമാനം പേർ മാത്രമേ ലേബറിനൊപ്പമുള്ളൂവെന്ന് ഈ സർവേ പറയുന്നു. നവംബർ 30-ന് ഇതേ ഏജൻസി നടത്തിയ സർവേയിൽ ലേബർ പാർട്ടിക്കുണ്ടായിരുന്നത് 33 ശതമാനം പേരുടെ പിന്തുണയാണ്. അതിൽനിന്ന് രണ്ടുശതമാന ഇടിവുവന്നതായും ഫലം സൂചിപ്പിക്കുന്നു.

ബ്രിട്ടനിലെ റിമെയിൽ പക്ഷക്കാരുടെ ഇടപെടലാണ് ടോറികളുടെ പിന്തുണയിൽ കാര്യമായ ഇടിവുണ്ടാക്കിയതെന്നാണ് സൂചന. വ്യാഴാഴ്ചത്തെ തിരഞ്ഞെടുപ്പിൽ ഔചിത്യത്തോടെ വോട്ടുചെയ്യണമെന്ന് റിമെയ്ൻ പക്ഷ സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. ജനങ്ങളുടെ വോട്ടിൽ ബ്രി്ട്ടന്റെ ഭാവിക്ക് ചേർന്നുനിൽക്കുക എന്ന ആശയമാണ് സംഘടനകൾ മുന്നോട്ടുവെക്കുന്നത്. ഏതുവിധേനയും ബോറിസ് ജോൺസണിന് ഭൂരിപക്ഷം കിട്ടുന്നത് തടയണമെന്നാണ് ഈ സംഘടനകൾ മുന്നോട്ടുവെക്കുന്ന ആവശ്യം.

വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ, വോട്ടർമാരെ സ്വാധീനിക്കാൻ നേതാക്കൾ പതിനെട്ടടവും പുറത്തെടുത്തുതുടങ്ങി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരേ കടുത്ത വിമർശനവുമായാണ് ജെറമി കോർബിന്റെ അവസാന വട്ട പര്യടനങ്ങൾ. ബ്രിസ്റ്റളിൽ ലേബർ പാർട്ടി സംഘടിപ്പിച്ച പടുകൂറ്റൻ പ്രകടനത്തെ അഭിസംബോധന ചെയ്ത കോർബിൻ, പ്രസംഗത്തിലുടനീളം ട്രംപിനെയാണ് പ്രതിസ്ഥാനത്ത് പ്രതിഷ്ഠിച്ചത്. ബ്രിട്ടനിലെ പൊതുസേവനങ്ങളുടെയെല്ലാം നിലനിൽപ്പ് അപകടത്തിലാക്കിയത് ടോറികളും ട്രംപുമായുള്ള അവിശുദ്ധ സഖ്യമാണെന്ന് കോർബിൻ ആരോപിച്ചു.

2017-ലെ തിരഞ്ഞെടുപ്പിൽ അവസാന ഘട്ടത്തിലാണ് കോർബിൻ തന്റെ കരുത്തുമുഴുവൻ പുറത്തെടുത്തതും അപ്രതീക്ഷിതമായ കുതിപ്പ് നടത്തിയതും. 42 ശതമാനം പേരുടെ പിന്തുണയായിരുന്നു അന്ന് കൺസർവേറ്റീവുകൾക്കുണ്ടായിരുന്നത്. അവസാനഘട്ടത്തിൽ ഉയർത്തെഴുന്നേറ്റ ലേബർ പാർട്ടി 40 ശതമാനം പേരുടെ പിന്തുണ നേടുകയും ചെയ്തു. ഇതോടെ, ആർക്കും ഭൂരിപക്ഷമില്ലാത്ത സർക്കാർ വരികയും ചെയ്തു. ഇതേ സാഹചപ്യമാണ് ഇക്കുറിയുമുണ്ടാവുകയെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP