Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സദാചാര ഗുണ്ടായിസത്തിൽ അറസ്റ്റിലായ പ്രസ് ക്ലബ് സെക്രട്ടറിയെ സസ്‌പെന്റ് ചെയ്തതിൽ പ്രതിഷേധം: തിരുവനന്തപുരം പ്രസ്‌ക്ലബ്ബിൽ ഭാരവാഹികളുടെ കൂട്ടരാജി; സെക്രട്ടറിയുടെ താത്കാലിക ചുമതലക്കാരൻ പ്രസ് ക്ലബിനെ എല്ലാക്കാലവും തകർക്കാൻ ശ്രമിക്കുന്നവർക്കൊപ്പം ചേർന്നെന്ന് ആരോപണം; പുറത്താക്കൽ തീരുമാനം ഭരണഘടനാപരമെന്ന് താത്ക്കാലിക സെക്രട്ടറി

സദാചാര ഗുണ്ടായിസത്തിൽ അറസ്റ്റിലായ പ്രസ് ക്ലബ് സെക്രട്ടറിയെ സസ്‌പെന്റ് ചെയ്തതിൽ പ്രതിഷേധം: തിരുവനന്തപുരം പ്രസ്‌ക്ലബ്ബിൽ ഭാരവാഹികളുടെ കൂട്ടരാജി; സെക്രട്ടറിയുടെ താത്കാലിക ചുമതലക്കാരൻ പ്രസ് ക്ലബിനെ എല്ലാക്കാലവും തകർക്കാൻ ശ്രമിക്കുന്നവർക്കൊപ്പം ചേർന്നെന്ന് ആരോപണം; പുറത്താക്കൽ തീരുമാനം ഭരണഘടനാപരമെന്ന് താത്ക്കാലിക സെക്രട്ടറി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വനിതാ മാധ്യമ പ്രവർത്തകയ്ക്ക് നേരെ നടന്ന സദാചാര ഗുണ്ടായിസത്തിൽ അറസ്റ്റിലായ തിരുവനന്തപുരം പ്രസ്‌ക്ലബ് സെക്രട്ടറി കെ.എം രാധാകൃഷ്ണനെ സസ്‌പെന്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഭരണസമിതിയംഗങ്ങളുടെ കൂട്ടരാജി. സോണിച്ചൻ പി. ജോസഫ്(പ്രസിഡന്റ്) എം.രാധാകൃഷ്ണൻ(മുൻ സെക്രട്ടറി), എസ്. ശ്രീകേഷ്,(ഖജാൻജി) ഹാരിസ് കുറ്റിപ്പുറം( വൈസ് പ്രസിഡന്റ്) മാനേജ് കമ്മിറ്റിയംഗങ്ങളായ പി.എം ബിജുകുമാർ, രാജേഷ് ഉള്ളൂർ, ലക്ഷ്മി മോഹൻ, എച്ച്. ഹണി, അജി ബുധന്നൂർ (വെൽഫെയർ കമ്മിറ്റി കൺവീനർ) എന്നിവരാണ് രാജിവെച്ചത്.

സെക്രട്ടറിയുടെ താത്കാലിക ചുമതല ലഭിച്ച സാബ്ലു തോമസ് പ്രസ് ക്ലബിനെ എല്ലാക്കാലവും തകർക്കാൻ ശ്രമിക്കുന്നവരോടൊപ്പം ചേർന്ന്, പ്രസിഡന്റ് സോണിച്ചൻ പി.ജോസഫിനെ പോലും അറിയിക്കാതെ മനേജിങ് കമ്മിറ്റി തീരുമാനത്തിനു വിരുദ്ധമായി മാനേജിങ് കമ്മിറ്റി യോഗവും ജനറൽ ബോഡിയോഗവും വിളിച്ചു ചേർക്കുന്നതായി അറിയിപ്പ് നൽകിയെന്നാണ് ഭരണ സമിതി അംഗങ്ങൾ ഇപ്പോൾ ആരോപിച്ചിരിക്കുന്നത്. ഒരു മാനേജിങ് കമ്മിറ്റി എടുത്ത തീരുമാനം പുനഃപരിശോധിക്കാനോ റദ്ദാക്കാനാ ആ കമ്മിറ്റിക് മാത്രമേ അവകാശമുള്ളൂവെന്നും സാബ്ലൂ തോമസിന്റെ നടപടി പ്രസ്‌ക്ലബ്ബ് ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നുമാണ് ഇവർ രാജിക്കത്തിൽ പറഞ്ഞുവെക്കുന്നത്.

അതേസമയം പത്തിലൊന്നംഗങ്ങൾ ഒപ്പിട്ടു തന്നാൽ ജനറൽ ബോഡി വിളിക്കണമെന്ന് പ്രസ് ക്ലബിന്റെ ഭരണഘടനയിൽ വകുപ്പുണ്ടെന്നും ആ വകുപ്പ് പ്രകാരമാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നുമാണ് സാബ്ലു തോമസ് വ്യക്തമാക്കിയത്. ആ തീരുമാനം ശരിയാണോ തെറ്റാണോ എന്ന് തീരുമാനിക്കേണ്ടത് ജനറൽ ബോഡിയാണെന്നും സാബ്ലു തോമസ് വ്യക്തമാക്കി. ജനറൽ ബോഡിയാണ് പരമാധികാര സമിതി. ജനറൽ ബോഡിക്ക് ഒരു അംഗത്തെ സസ്പെൻഡ് ചെയ്യാനുള്ള അധികാരമുണ്ട്. ഞാനെടുത്ത തീരുമാനം ശരിയാണോ തെറ്റാണോ എന്ന് ജനറൽ ബോഡി തീരുമാനിക്കട്ടെ. പരമാധികാരം മാനേജ്മെന്റ് കമ്മിറ്റിക്കല്ല, ജനറൽ ബോഡിക്കാണ്. അത് അവർ തീരുമാനിക്കട്ടെ. ജനറൽ ബോഡി മറിച്ചാണ് തീരുമാനിക്കുന്നതെങ്കിൽ അങ്ങനെ. അങ്ങനെ ഉണ്ടാവില്ലെന്നാണ് വിശ്വാസം.

സ്ത്രീപക്ഷ നിലപാടുകളൊക്കെ കുറേ പേർക്കെങ്കിലും മനസിലാകുന്ന സാമൂഹ്യസാഹചര്യമാണ് ഉള്ളതെന്നാണ് കരുതുന്നത്. ജനറൽ ബോഡിയിൽ നിന്നും മറിച്ചൊരു തീരുമാനം ഉണ്ടാകില്ലെന്ന് വിശ്വസിക്കുന്നു. 22 ാം തിയതി ജനറൽ ബോഡി വിളിക്കാൻ തീരുമാനിച്ച വിവരം ഭരണസമിതി അംഗങ്ങൾ മറ്റുള്ളവരെ അറിയിച്ചിരുന്നില്ലെന്നും ജനറൽ ബോഡി നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമമായിരുന്നു അവർ നടത്തിയതെന്നും സാബ്ലു തോമസ് പറഞ്ഞു.

അംഗങ്ങൾ നേരിട്ട് സെക്രട്ടറിയായി തിരഞ്ഞെടുത്ത എം.രാധാകൃഷ്ണനെ നടപടി ക്രമങ്ങൾ പാലിക്കാതെ അംഗത്വത്തിൽ നിന്ന് സസ്‌പെന്റ് ചെയ്തതായുള്ള സാബ്ലു തോമസിന്റെ പ്രഖ്യാപനവും സമൂഹ മാധ്യമങ്ങളിലൂടെയുള്ള പ്രചരണവും തികച്ചും നിയമവിരുദ്ധമാണെന്നും പ്രസ്‌ക്ലബ്ബിനെ തകർക്കാനായി കച്ചകെട്ടിയിറങ്ങിയിരിക്കുന്ന ഒരു സംഘം ആളുകളുടെ കൂട്ടാളിയായി സാബ്ലൂ തോമസ് മാറിയിരിക്കുകയാണെന്നുമാണ് രാജിക്കത്തിൽ ഭരണ സമിതി അംഗങ്ങൾ ആരോപിക്കുന്നത്. എന്നാൽ തിരുവനന്തപുരത്ത് കുറേക്കാലമായി പത്രപ്രവർത്തനം നടത്തുന്ന ആളാണ് താനെന്നും. താൻ എങ്ങനെയുള്ള ആളാണെന്ന് പത്രപ്രവർത്തകർക്ക് അറിയാമെന്നും പ്രസ് ക്ലബ്ബിനെ തകർക്കാൻ കച്ചകെട്ടിയിറങ്ങിയ ആളാണോ താൻ എന്ന് അവർ തീരുമാനിക്കട്ടെ എന്നുമായിരുന്നു സാബ്ലു തോമസ് പ്രതികരിച്ചത്.

തിരുവനന്തപുരം പ്രസ്‌ക്ലബ്ബ് സെക്രട്ടറിയുടെ താത്കാലിക ചുമതല വഹിക്കുന്ന ജോയിന്റ് സെക്രട്ടറി സാബ്ലു തോമസായിരുന്നു ഇന്നലെ കെ.എം രാധാകൃഷ്ണനെ പ്രസ് ക്ലബ് അംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്തതായുള്ള ഉത്തരവിറക്കിയത്. പ്രസ് ക്ലബ് സെക്രട്ടറി രാധാകൃഷ്ണനെതിരെ ഉയർന്ന ആരോപണം കഴിഞ്ഞ വ്യാഴാഴ്ച ചേർന്ന മാനേജിങ് കമ്മിറ്റി ചർച്ച ചെയ്യുകയും സെക്രട്ടറി സ്ഥാനത്ത് നിന്നും രാധാകൃഷ്ണനെ താത്കാലികമായി മാറ്റി നിർത്താൻ തീരുമാനിക്കുകയും ചെയ്തിരുന്നു. ഇതോടൊപ്പം അംഗങ്ങൾ തന്ന പരാതി വനിതാ അംഗങ്ങൾ ഉൾപ്പെട്ട സമിതിയെ അന്വേഷിക്കാനും തീരുമാനമായിരുന്നു.

സമിതി 10 ദിവസത്തിനുള്ളിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാനായിരുന്നു തിരുമാനം. ഇതോടൊപ്പം 22 ന് പൊതുയോഗം കൂടാനും തീരുമാനിച്ചിരുന്നു. സെക്രട്ടറിയുടെ താത്കാലിക ചുമതല ജോയിന്റ് സെക്രട്ടറിയായ സാബ്ലു തോമസിന് നൽകാനും യോഗം തീരുമാനിച്ചു. സാബ്ലുവും കൂടി പങ്കെടുത്ത യോഗത്തിലായിരുന്നു ഈ തീരുമാനങ്ങളെടുത്തത്. മാധ്യമപ്രവർത്തകയുടെ പരാതിയെ തുടർന്നും വനിതാ മാധ്യമപ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്നും എം. രാധാകൃഷ്ണനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ തൊഴിലെടുക്കുന്ന സ്ഥാപനവും രാധാകൃഷ്ണനെ സസ്പെന്റ് ചെയ്തിരുന്നു. ഇതിന് പുറമെ രാധാകൃഷ്ണനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് വനിതാ മാധ്യമ പ്രവർത്തകർ തിരുവനന്തപുരം പ്രസ് ക്ലബിലേക്ക് മാർച്ചും നടത്തിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP