Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൗരത്വ ഭേദഗതി ബിൽ രാജ്യസഭയിൽ ചർച്ച ചെയ്യുമ്പോൾ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ പ്രതിഷേധം ആളിക്കത്തുന്നു; ക്രമസമാധാനം നിയന്ത്രണത്തിലാക്കാൻ കരസേനയെ ഇറക്കി സർക്കാർ; അസമിൽ നാളെ ബന്ദ്; ജനങ്ങൽക്ക് ഇന്റർനെറ്റും മൊബൈൽ ഫോൺ സേവനങ്ങളും നിഷേധിച്ച് ത്രിപുരയിലെ ഭരണകൂടം; പലതും തിരുത്താൻ കൂടിയാണ് മോദി സർക്കാർ അധികാരത്തിൽ വന്നതെന്ന് അമിത് ഷായും

പൗരത്വ ഭേദഗതി ബിൽ രാജ്യസഭയിൽ ചർച്ച ചെയ്യുമ്പോൾ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ പ്രതിഷേധം ആളിക്കത്തുന്നു; ക്രമസമാധാനം നിയന്ത്രണത്തിലാക്കാൻ കരസേനയെ ഇറക്കി സർക്കാർ; അസമിൽ നാളെ ബന്ദ്; ജനങ്ങൽക്ക് ഇന്റർനെറ്റും മൊബൈൽ ഫോൺ സേവനങ്ങളും നിഷേധിച്ച് ത്രിപുരയിലെ ഭരണകൂടം; പലതും തിരുത്താൻ കൂടിയാണ് മോദി സർക്കാർ അധികാരത്തിൽ വന്നതെന്ന് അമിത് ഷായും

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ദേശീയ പൗരത്വ ഭേദഗതി ബില്ലിനെതിരെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രക്ഷോഭം ശക്തമായതോടെ അസമിലും ത്രിപുരയിലും കരസേനയെ വിന്യസിച്ചു. മൂന്നു സൈനിക വ്യൂഹത്തെയാണ് നിലവിൽ വിന്യസിച്ചിരിക്കുന്നത്. രണ്ട് വ്യൂഹങ്ങൾ ത്രിപുരയിലും ഒന്ന് അസമിലും. അസമിൽ നാളെ ബന്ദ് പ്രഖ്യാപിച്ചിരിക്കുകയാണ്. പൗരത്വബില്ലിനെച്ചൊല്ലി പ്രക്ഷോഭങ്ങൾ കനത്തതോടെ അസമിന്റെ പലഭാഗങ്ങളിലും ജനജീവിതം പൂർണമായും സ്തംഭിച്ച നിലയിലാണ്. പ്രതിഷേധത്തെത്തുടർന്ന് അസം മുഖ്യമന്ത്രി സർബാനന്ദ് സോനേവാൾ വിമാനത്താവളത്തിൽ കുടുങ്ങി. ഒരു മണിക്കൂറിന് ശേഷമാണ് ശക്തമായ സുരക്ഷാവലയത്തിനുള്ളിൽ മുഖ്യമന്ത്രിയെ വീട്ടിലെത്തിച്ചത്. പ്രതിഷേധപ്രകടനങ്ങൾ മൂലം നിരവധി പേർ ഗുവാഹത്തി വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുകയാണെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ ത്രിപുരയിൽ മൊബൈൽ, ഇന്റർനെറ്റ്,എസ്എംഎസ് സേവനങ്ങളെല്ലാം ബിജെപി സർക്കാർ നിരോധിച്ചിരിക്കുകയാണ്. 48 മണിക്കൂർ നേരത്തേക്കാണ് നിരോധനം. പ്രതിഷേധങ്ങൾ പലയിടത്തും അക്രമാസക്തമായ സാഹചര്യത്തിലായിരുന്നു നടപടി. പ്രതിപക്ഷത്തിന്റെ എതിർപ്പിനിടെ തിങ്കളാഴ്ച രാത്രി 12.05നാണ് ലോക്‌സഭയിൽ പൗരത്വ ഭേദഗതി ബിൽ വോട്ടിനിട്ടത്. പ്രതിപക്ഷത്തിന്റെ കടുത്ത എതിർപ്പിനിടെയാണ് ലോക്‌സഭയിൽ കഴിഞ്ഞദിവസം പൗരത്വ ബിൽ പാസാക്കിയത്.

രാജ്യസഭയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അവതരിപ്പിച്ച പൗരത്വ ഭേദഗതി ബില്ലിൽ ചർച്ച തുടരുകയാണ്. പൗരത്വ ബിൽ ചരിത്രപരമാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. എല്ലാം മുസ്ലിം അഭയാർഥികൾക്കും പൗരത്വം നൽകാനാവില്ല. എന്നാൽ ഇന്ത്യയിലെ മുസ്ലിംകൾ ആശങ്കപ്പെടേണ്ടതില്ല. അവരെല്ലാം സുരക്ഷിതരാണ്. ബിൽ മുസ്ലിംകൾക്കെതിരാണെന്ന് ചിലർ തെറ്റായി പ്രചരിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിവാദം പേടിച്ച് ശക്തമായ നടപടികളിൽ നിന്നും പിന്തിരിയില്ലെന്നും പലതും തിരുത്താൻ കൂടിയാണ് മോദി സർക്കാർ അധികാരത്തിൽ വന്നതെന്നും അദ്ദേഹം സഭയിൽ പറഞ്ഞു.

അണ്ണാഡിഎംകെയും ജെഡിയും ബില്ലിനെ അനുകൂലിച്ചു. മുസ്ലിംകളെ കൂടി ബില്ലിൽ ഉൾപ്പെടുത്തണമെന്ന് അണ്ണാഡിഎംകെ ആവശ്യപ്പെട്ടു. കോൺഗ്രസ്, സമാജ്വാദ് പാർട്ടി, തൃണമൂൽ കോൺഗ്രസ്, ഡിഎംകെ, സിപിഎം, ബിഎസ്‌പി, ടിആർഎസ് തുടങ്ങിയ കക്ഷികൾ ബില്ലിനെ എതിർത്തു സംസാരിച്ചു. ഹിന്ദുത്വ അജൻഡയാണ് പൗരത്വ ബില്ലിലൂടെ സർക്കാർ നടപ്പാക്കുന്നതെന്ന് കോൺഗ്രസ് എംപി പി.ചിദംബരം പറഞ്ഞു. ഇന്ത്യയെ രക്ഷിക്കാൻ ജുഡീഷ്യറിയിലാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ ബില്ലിനെ അനുകൂലിക്കുന്നോ ഇല്ലയോ എന്നു നോക്കിയല്ല ഒരാളുടെ ദേശീയത തീരുമാനിക്കേണ്ടതെന്ന് ശിവസേന എംപി സഞ്ജയ് റാവുത്ത് പറഞ്ഞു. ഹിന്ദുത്വത്തെ സംബന്ധിച്ചോ ദേശീയത സംബന്ധിച്ചോ തങ്ങൾക്ക് ആരുടെയും സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വബിൽ ഇന്ത്യയുടെ ആത്മാവിനെ മുറിവേൽപിക്കുന്നതാണെന്നു കോൺഗ്രസ് എംപി ആനന്ദ് ശർമ പറഞ്ഞു. അസമിൽ കുടിയേറ്റ ക്യാംപുകളിലേക്ക് സർവകക്ഷി സംഘത്തെ അയക്കണം. മൃഗതുല്യമായ ജീവിതമാണ് കുടിയേറ്റക്കാർ നയിക്കുന്നത്. കോൺഗ്രസ്, വിഭജനത്തെ പിന്തുണച്ചിരുന്നുവെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വാദത്തെയും ആനന്ദ് ശർമ തള്ളി. വിഭജനത്തെ കോൺഗ്രസ് ശക്തമായി എതിർത്തു. ദ്വിരാഷ്ട്രവാദം മുന്നോട്ടുവച്ചത് ഹിന്ദുമഹാസഭയാണ്. സവർക്കറും ജിന്നയും ഒന്നിച്ചുനിന്നെന്നും ആനന്ദ ശർമ പറഞ്ഞു.

പൗരത്വ ഭേദഗതി ബിൽ, 2019

1955ലെ പൗരത്വനിയമത്തിൽ ഭേദഗതി വരുത്തുന്നതാണ് ബിൽ. പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്ന് 2014 ഡിസംബർ 31ന് മുമ്പ് ഇന്ത്യയിൽ അഭയാർത്ഥികളായി എത്തിയ ഹിന്ദു, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന, ക്രിസ്ത്യൻ മതക്കാർക്ക് പൗരത്വം നൽകുന്നതാണ് ബിൽ. എന്നാൽ, ബില്ലിൽ പ്രത്യക്ഷമായി പറയുന്നില്ലെങ്കിലും മുസ്ലിങ്ങൾക്ക് ഈ പരിഗണനയില്ല.

2014, ഡിസംബർ 31നു മുമ്പ് ഇന്ത്യയിൽ എത്തിയവർക്കാണ് പൗരത്വം നൽകുക. നേരത്തെ, 11 വർഷം ഇന്ത്യയിൽ താമസിച്ചാലേ പൗരത്വത്തിന് അർഹതയുണ്ടാകൂ. പുതിയ ബില്ലിൽ അത് അഞ്ച് വർഷം വരെ എന്നാക്കി കുറച്ചു. ആർക്കെങ്കിലുമെതിരെ അനധികൃത താമസത്തിനു കേസുണ്ടെങ്കിൽ പൗരത്വം ലഭിക്കുന്നതോടെ അത് ഇല്ലാതാകും. എന്നാൽ ബില്ലിലൂടെ സർക്കാർ ലക്ഷ്യമിടുന്നത് മതവിവേചനമാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. മുസ്ലിം വിവേചനം ലക്ഷ്യമിട്ട് മതം അടിസ്ഥാനമാക്കി രാജ്യത്തെ വിഭജിക്കാനാണ് സർക്കാരിന്റെ നീക്കമെന്നാണ് പ്രതിപക്ഷ ആരോപണം.

ദേശീയ പൗരത്വ രജിസ്റ്റർ

കേന്ദ്ര സർക്കാർ അസം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ ഇന്ത്യൻ പൗരന്മാരുടെ പട്ടിക ഉണ്ടാക്കുന്നതിനെയാണ് ദേശീയ പൗരത്വ രജിസ്റ്റർ എന്നു പറയുന്നത്. ആദ്യം അസമിലാണ് പൗരത്വ രജിസ്റ്റർ ഉണ്ടാക്കിയത്. എന്നാൽ, രാജ്യം മുഴുവനായും പൗരത്വ രജിസ്റ്റർ ഉണ്ടാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ നവംബർ 20ന് പറഞ്ഞിരുന്നു. ഓഗസ്റ്റ് 31ന് അന്തിമ പൗരത്വ രജിസ്റ്റർ പട്ടിക പ്രസിദ്ധീകരിച്ചതിനു ശേഷം നിരവധി വിവാദങ്ങൾ ഉണ്ടായിരുന്നു. അർഹതയുള്ളവർ പോലും പട്ടികയിൽ നിന്ന് പുറത്തു പോയെന്നായിരുന്നു പ്രധാന ആരോപണം. ബംഗാളി ഹിന്ദുക്കൾ ആയിരുന്നു ഇങ്ങനെ പട്ടികയിൽ നിന്ന് പുറത്തു പോയത്.

അതേസമയം, ബംഗാളിൽ ഇത് രാഷ്ട്രീയപരമായി ബിജെപിക്ക് വൻ തിരിച്ചടി ആയിരുന്നു. എന്നാൽ, പൗരത്വ ഭേദഗതി ബിൽ വരുമ്പോൾ ഒരു ബംഗാളി ഹിന്ദുവിന് പോലും പുറത്തു പോകേണ്ടി വരില്ലെന്ന് ബിജെപി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP