Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കഥാ തന്തുവാണ് സിനിമയുടെ കാതൽ; ചിത്രത്തിന്റെ നിർമ്മാണത്തിൽ സ്രഷ്ടാവിനുള്ള അവകാശം നിഷേധിക്കാനാവില്ല; 'മാമാങ്കം' സിനിമ നാളെ പ്രദർശനത്തിനെത്തുമ്പോൾ തിരക്കഥാകൃത്തിന്റെ പേര് ശങ്കർ രാമകൃഷ്ണൻ എന്ന് പ്രദർശിപ്പിക്കരുതെന്നും കോടതി; ഇടക്കാല വിധിയിലൂടെ ഹൈക്കോടതി വ്യക്തമാക്കുന്നത് സജീവ് പിള്ളയുടെ വാദങ്ങൾ ശരിയെന്ന്

കഥാ തന്തുവാണ് സിനിമയുടെ കാതൽ; ചിത്രത്തിന്റെ നിർമ്മാണത്തിൽ സ്രഷ്ടാവിനുള്ള അവകാശം നിഷേധിക്കാനാവില്ല; 'മാമാങ്കം' സിനിമ നാളെ പ്രദർശനത്തിനെത്തുമ്പോൾ തിരക്കഥാകൃത്തിന്റെ പേര് ശങ്കർ രാമകൃഷ്ണൻ എന്ന് പ്രദർശിപ്പിക്കരുതെന്നും കോടതി; ഇടക്കാല വിധിയിലൂടെ ഹൈക്കോടതി വ്യക്തമാക്കുന്നത് സജീവ് പിള്ളയുടെ വാദങ്ങൾ ശരിയെന്ന്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നാളെ തീയറ്ററുകളിൽ പ്രദർശനത്തിനെത്താനിരിക്കെ മാമാങ്കം സിനിമയുടെ തിരക്കഥാകൃത്തിന്റെ പേര് സംബന്ധിച്ച് ഹൈക്കോടതിയുടെ നിർണായക ഉത്തരവ്. തിരക്കഥാകൃത്തിന്റെ സ്ഥാനത്ത് നിന്ന് ശങ്കർ രാമകൃഷ്ണന്റെ പേര് ഒഴിവാക്കാനാണ് ഹൈക്കോടതി നിർദ്ദേശിച്ചത്. തിരക്കഥയുടെ അവകാശം സജീവ് പിള്ളയ്ക്ക് തന്നെയെന്ന് കണ്ടെത്തിയാണ് ഹൈക്കോടതിയുടെ ഉത്തരവ്. മാമാങ്കത്തിന്റെ തിരക്കഥയിൽ നിന്ന് തന്റെ പേര് ഒഴിവാക്കിയത് നിയമവിരുദ്ധമായാണെന്നും പ്രദർശനം തടയണമെന്നും ആവശ്യപ്പെട്ട് ചിത്രത്തിന്റെ ആദ്യ സംവിധായകനായ സജീവ് പിള്ള സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

ചിത്രത്തിന്റെ തിരക്കഥ സജീവിന്റേത് തന്നെയെന്ന് വ്യക്തമാക്കിയ ഹൈക്കോടതി കീഴ്‌ക്കോടതിയിലെ കേസ് ആറു മാസത്തിനകം പുർത്തിയാക്കാനും ഉത്തരവിട്ടു. സജീവ് പിള്ളയുടെ സംവിധാനത്തിലാണ് മാമാങ്കം സിനിമയുടെ ഷൂട്ടിങ് തുടങ്ങിയതെങ്കിലും പാതിവഴിയിൽ വച്ച് ചിത്രത്തിന്റെ സംവിധായകനേയും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ധ്രുവനടക്കമുള്ളവരേയും നിർമ്മാതാവ് വേണു കുന്നപ്പള്ളി മാറ്റിയിരുന്നു. പ്രശസ്ത സംവിധായകൻ പത്മകുമാറിനെ ഏൽപ്പിച്ചാണ് മാമാങ്കം സിനിമ പൂർത്തിയാക്കിയത്.

കഥാതന്തുവാണ് സിനിമയുടെ കാതൽ എന്ന് വിലയിരുത്തിയ കോടതി സംവിധായകനും നിർമ്മാതാവും അണിയറക്കാർ മാത്രമാണന്നും ഉത്തരവിൽ നിരീക്ഷിക്കുന്നു. ചിത്രത്തിന്റെ നിർമ്മാണത്തിൽ സ്രഷ്ടാവിനുള്ള അവകാശം നിഷേധിക്കാനാവില്ല. കഥയുടെ പകർപ്പവകാശം താൻ വാങ്ങിയതാണന്ന നിർമ്മാതാവ് വേണു കുന്നപ്പിള്ളിയുടെ വാദവും കോടതി തള്ളി. ശങ്കർ രാമകൃഷ്ണന്റെ പേര് സിനിമയിൽ നിന്ന് ഒഴിവാക്കുമെന്ന് ഉറപ്പ് നൽകി സത്യവാങ്ങ്മൂലം നൽകാൻ ജസ്റ്റീസ് വി. ഷെർസി നിർമ്മാതാവ് വേണു കുന്നപ്പിള്ളിയോട് നിർദ്ദേശിച്ചു. സിനിമയുടെ പ്രദർശനം തടയണമെന്ന ആവശ്യം കീഴ്‌ക്കോടതി നിരസിച്ചതിനെതുടർന്നാണ് സജീവ് പിള്ള ഹൈക്കോടതിയെ സമീപിച്ചത്.

അടൂർ ഗോപാലകൃഷ്ണന്റെ 'നിഴൽക്കുത്ത്' അടക്കമുള്ള നിരവധി ചിത്രങ്ങളിൽ സഹസംവിധായകനായി പ്രവർത്തിച്ചിട്ടുള്ള സജീവ് പിള്ളയുടെ ആദ്യസംവിധാന സംരംഭമായിരുന്നു 'മാമാങ്കം'. പന്ത്രണ്ടു വർഷത്തോളം ഗവേഷണം നടത്തി തയ്യാറാക്കിയ തിരക്കഥ മമ്മൂട്ടി അടക്കമുള്ള നിരവധി സിനിമാപ്രവർത്തകരെ അമ്പരപ്പിക്കുന്ന രീതിയിലുള്ളതായിരുന്നു. വിജയകരമായി ചിത്രീകരണം ആരംഭിച്ചെങ്കിലും പിന്നീട് 'മാമാങ്കം' പല വിധത്തിലുള്ള പ്രശ്‌നങ്ങളിലേക്ക് പോവുകയായിരുന്നു.

ഒടുവിൽ എഴുത്തുകാരനും സംവിധായകനുമായ സജീവ് പിള്ളയേയും അദ്ദേഹത്തിനൊപ്പം പ്രവർത്തിച്ചിരുന്ന അണിയറപ്രവർത്തകരേയും മാറ്റി, പുതിയ ഒരു ടീമിനെ ചിത്രത്തിന്റെ ചുമതല ഏൽപ്പിക്കുകയാണ് നിർമ്മാതാവ് വേണു കുന്നപ്പള്ളി ചെയ്തത്. വിഷയത്തിൽ സിനിമാ സംഘടനകൾ ഇടപെട്ടിരുന്നുവെങ്കിലും തിരക്കഥയുടെ മുഴുവൻ അവകാശവും സജീവ് നിർമ്മാതാവിന് എഴുതിക്കൊടുത്ത സാഹചര്യത്തിൽ സജീവിനെ മാറ്റണം എന്ന നിർമ്മാതാവിന്റെ ആവശ്യം അവരും അംഗീകരിക്കുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP