Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അടിത്തറ അതിശക്തമായപ്പോൾ കോലി ആഗ്രഹിച്ചത് 'ഡൽഹിക്കാരന്റെ ഫോം വീണ്ടെടുക്കൽ'; ബാറ്റിങ് ഓർഡറിൽ പരീക്ഷണം നടത്തി ഋഷഭ് പന്തിനെ മൂന്നാമനാക്കിയത് സഞ്ജുവിനെ എന്നെന്നും വെളിയിലിരുത്താൻ; റൺ മഴയൊരുക്കിയ പിച്ചിലും പൂജ്യനായി മടങ്ങുമ്പോഴും യുവതാരത്തെ താങ്ങി നിർത്താൻ ''ടീം ഇന്ത്യ'! വാങ്കഡെയിൽ മലയാളിയോട് കാട്ടിയതും അവഗണന; തുടർച്ചയായി ആറു മത്സരങ്ങളിൽ റിസർവ്വ് ബഞ്ചിലിരുന്ന ഹതഭാഗ്യനായി സഞ്ജു; വിൻഡീസിനെ തളച്ചത് ത്രിമൂർത്തികളുടെ മികവ്; ടീം ഇന്ത്യ ഒടുവിൽ ചരിക്കുമ്പോൾ

അടിത്തറ അതിശക്തമായപ്പോൾ കോലി ആഗ്രഹിച്ചത് 'ഡൽഹിക്കാരന്റെ ഫോം വീണ്ടെടുക്കൽ'; ബാറ്റിങ് ഓർഡറിൽ പരീക്ഷണം നടത്തി ഋഷഭ് പന്തിനെ മൂന്നാമനാക്കിയത് സഞ്ജുവിനെ എന്നെന്നും വെളിയിലിരുത്താൻ; റൺ മഴയൊരുക്കിയ പിച്ചിലും പൂജ്യനായി മടങ്ങുമ്പോഴും യുവതാരത്തെ താങ്ങി നിർത്താൻ ''ടീം ഇന്ത്യ'! വാങ്കഡെയിൽ മലയാളിയോട് കാട്ടിയതും അവഗണന; തുടർച്ചയായി ആറു മത്സരങ്ങളിൽ റിസർവ്വ് ബഞ്ചിലിരുന്ന ഹതഭാഗ്യനായി സഞ്ജു; വിൻഡീസിനെ തളച്ചത് ത്രിമൂർത്തികളുടെ മികവ്; ടീം ഇന്ത്യ ഒടുവിൽ ചരിക്കുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: റൺസ് ഒഴുകുന്ന വാങ്കഡെ... അവിടേയും പ്രധാനം ടീം ഇന്ത്യയ്ക്ക് ഋഷഭ് പന്തായിരുന്നു. ശരാശരിക്ക് മുകളിൽ ബാറ്റിങ് പ്രകടനം നടത്താത്ത, വിക്കറ്റ് കീപ്പിംഗിൽ സമ്പൂർണ്ണ പരാജയമായ യുവതാരം. ഡൽഹിയിൽ നിന്നുള്ള ക്യാപ്ടൻ വിരാട് കോലിക്ക് ഈ യുവ താരമായിരുന്നു പ്രധാനം. അതുകൊണ്ട് തന്നെ വാങ്കഡെയിൽ ഋഷഭ് പന്തിനെ മൂന്നാമനായി ഇറക്കി. എങ്ങനേയും ആ ബാറ്റിൽ നിന്ന് ഒരു അർദ്ധ സെഞ്ച്വറി പിറക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ വീണ്ടും ഡക്ക്.... ക്യാപ്ടൻ കൂൾ. ഇതെല്ലാം കണ്ട് അവഗണനയുടെ കയ്പ് നീരും നുണഞ്ഞ് സഞ്ജു വി സാംസണും.

ടോസ് നേടി ഇന്ത്യ 20 ഓവറിൽ അടിച്ച് കൂട്ടിയത് 240 റൺസാണ്. അതായത് ഓവറിൽ 12 റൺസിലും അധികം ശരാശരി. രോഹിത് ശർമ്മയും കെ എൽ രാഹുലും ചേർന്ന് കെട്ടിയ അടിത്തറയിൽ അടിച്ച് തകർത്ത് കോലി നേടിയ കൂറ്റൻ സ്‌കോർ. ക്രീസിലെത്തിയവരിൽ നിരാശനായത് ഋഷഭ് പന്ത് മാത്രം. തുടർച്ചയായ ആറു ട്വന്റി ട്വന്റി മത്സരങ്ങളിൽ കളത്തിന് പുറത്തിരിക്കുന്ന താരമെന്ന ഖ്യാതിയും ഇതോടെ മലയാളിയുടെ പ്രിയങ്കരനായ സഞ്ജുവിനെ തേടിയെത്തി. അവസരം നൽകാതെ അടുത്ത ടൂർണ്ണമെന്റിൽ നിന്ന് സഞ്ജുവിനെ ടീമിൽ നിന്ന് എടുത്തെറിയുമോ എന്നതാണ് ഉയരുന്ന ചോദ്യം. സാധ്യതകൾ ഏറെയാണ്. ഏതായാലും വെസ്റ്റ് ഇൻഡീസിന്റെ കരുത്തിനോട് മല്ലിട്ടാണ് ടീം ഇന്ത്യ മുംബൈയിൽ വിജയം നേടിയത്. ഋഷഭ് പന്ത് വേദനയാകുമ്പോഴും ടീമിന് ചിരിക്കാം. രോഹിത് ശർമ്മയുടെ 34 പന്തിലെ 71 റൺസ് തീർത്തും ഫോമിലേക്ക് താരം മടങ്ങിയത്തിയതിന്റെ സൂചനയാണ്.

കെ എൽ രാഹുൽ മാൻ ഓഫ് ദി മാച്ച് സ്വന്തമാക്കിയപ്പോൾ കോലിക്കാണ് സീരീസ് പട്ടം. ദീപക് ചഹാറിന്റെ ബൗളിങ്ങും മുഹമ്മദ് സാമിയുടെ പെർഫോമൻസും എല്ലാം വിൻഡീസിനെ മുംബൈയിൽ വരിഞ്ഞു കെട്ടാൻ ടീമിന് കരുത്തായി. ഫീൽഡിലെ പാളീച്ചകൾ തുടരുന്നു. അതു കൂടി മാറ്റിയാൽ നമ്പർ വൺ ടി 20 ടീമാണ് ഇന്ത്യയുടേതെന്ന് വ്യക്തമാക്കുകയായിരുന്നു മുംബൈയിൽ കോലിയും ടീമും. തിരുവനന്തപുരത്തെ തെറ്റുകളിൽ നിന്ന് പാഠം പഠിച്ചു. ബാറ്റിംഗിൽ എടുത്ത കരുതലുകളും ആക്രമണ ശൈലിയും ഇന്ത്യൻ ടീമിനെ കൂടുതൽ തിളക്കമേറിയതാക്കുന്നു.

അങ്ങനെ ട്വന്റി20 പോരാട്ടങ്ങളിൽ രണ്ടാമതു ബാറ്റു ചെയ്യുന്നവരെ തുണയ്ക്കുന്ന വാങ്കഡെയുടെ പതിവ് വിരാട് കോലിയും സംഘവും തിരുത്തി. 67 റൺസിനാണ് ഇന്ത്യ വിൻഡീസിനെ തകർത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ നിശ്ചിത 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 240 റൺസാണെടുത്തത്. വിൻഡീസിന്റെ മറുപടി നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 173 റൺസിൽ അവസാനിച്ചു. ഇതോടെ, മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയും ഇന്ത്യയ്ക്ക് സ്വന്തം. മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്ക് ഞായറാഴ്ച ചെന്നൈയിൽ തുടക്കമാകും. തിരുവനന്തപുരത്തു നടന്ന രണ്ടാം ട്വന്റി20യിലെ തോൽവിയുടെ സകല മുറിപ്പാടുകളും അശേഷം മായിച്ചാണ് ഇന്ത്യ വാങ്കഡെയിൽ ജയിച്ചുകയറിയത്. ടോസ് നിർണായമാകുമെന്ന് കരുതിയ മത്സരത്തിൽ ഭാഗ്യം വിൻഡീസിനൊപ്പമായിരുന്നു. അവർ ഇന്ത്യയെ ബാറ്റിങ്ങിന് വിടുകയും ചെയ്തു. എന്നാൽ, അവിടുന്നങ്ങോട്ട് കളംപിടിച്ച ഇന്ത്യ പ്രവചനങ്ങളെല്ലാം കാറ്റിൽപ്പറത്തി. രോഹിത് ശർമ (34 പന്തിൽ 71), ലോകേഷ് രാഹുൽ (56 പന്തിൽ 91), വിരാട് കോലി (29 പന്തിൽ പുറത്താകാതെ 70) എന്നിവരുടെ മികവിലാണ് ഇന്ത്യ കൂറ്റൻ സ്‌കോറിലേക്കെത്തിയത്.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 17 റൺസിനിടെ വിൻഡീസിന്റെ മൂന്നു വിക്കറ്റ് പിഴുത് ഞെട്ടിച്ചതാണ്. എന്നാൽ, നാലാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത തിരിച്ചടിച്ച ഷിമ്രോൺ ഹെറ്റ്മയർ കീറോൺ പൊള്ളാർഡ് സഖ്യം മത്സരത്തിൽ വിൻഡീസിന്റെ ആയുസ് നീട്ടിയെടുത്തു. ഹെറ്റ്മയർ 24 പന്തിൽ 41 റൺസുമായി പുറത്തായെങ്കിലും പോരാട്ടം തുടർന്ന പൊള്ളാർഡ്, അർധസെഞ്ചുറി നേടി. ഒടുവിൽ ട്വന്റി20യിലെ ഉയർന്ന വ്യക്തിഗത സ്‌കോർ കുറിച്ച പൊള്ളാർഡിനെ പുറത്താക്കി ഭുവനേശ്വർ കുമാറാണ് ഇന്ത്യ കാത്തിരുന്ന ബ്രേക്ക് ത്രൂ സമ്മാനിച്ചത്. പൊള്ളാർഡ് 39 പന്തിൽ അഞ്ചു ഫോറും ആറു സിക്‌സും സഹിതം 68 റൺസെടുത്തു.

നേരത്തെ, ചേസിങ്ങിൽ മാത്രമല്ല, ആദ്യം ബാറ്റു ചെയ്താലും റൺമഴ തീർക്കാനറിയാമെന്ന പ്രഖ്യാപനത്തോടെ ഇന്ത്യൻ താരങ്ങൾ തകർത്തടിച്ചതോടെയാണ് വെസ്റ്റിൻഡീസിന് മുന്നിൽ 241 റൺസ് വിജയലക്ഷ്യമുയർന്നത്. വിൻഡീസിനായി കെസറിക് വില്യംസ്, കീറോൺ പൊള്ളാർഡ്, ഷെൽഡൺ കോട്രൽ എന്നിവർ ഓരോ വിക്കറ്റ് വീഴ്‌ത്തി. ട്വന്റി20യിൽ ഇന്ത്യയുടെ ഉയർന്ന മൂന്നാമത്തെ സ്‌കോർ കൂടിയാണിത്. 2017ൽ ഇൻഡോറിൽ ശ്രീലങ്കയ്‌ക്കെതിരെ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ നേടിയ 260 റൺസാണ് മുന്നിൽ. വിൻഡീസിനെതിരെ തന്നെ 2016ൽ ലൗഡർഹില്ലിൽ നാലു വിക്കറ്റ് നഷ്ടത്തിൽ നേടിയ 244 റൺസ് രണ്ടാമതുമുണ്ട്.

2007ൽ ഡർബനിൽ ഇംഗ്ലണ്ടിനെതിരെ നാലു വിക്കറ്റ് നഷ്ടത്തിൽ നേടിയ 218 റൺസ് നാലാമതായി. കഴിഞ്ഞ മത്സരത്തിൽനിന്ന് രണ്ടു മാറ്റങ്ങളുമായാണ് ടീം ഇന്ത്യ ഇറങ്ങിയതെങ്കിലും ഇത്തവണയും മലയാളി താരം സഞ്ജു സാംസണ് കളിക്കാൻ അവസരമില്ല. രവീന്ദ്ര ജഡേജ, യുസ്‌വേന്ദ്ര ചെഹൽ എന്നിവർക്കു പകരം മുഹമ്മദ് ഷമി, കുൽദീപ് യാദവ് എന്നിവരാണ് കളിച്ചത്. അതേസമയം, കഴിഞ്ഞ മത്സരത്തിൽ കളിച്ച വിൻഡീസ് ടീമിൽ മാറ്റങ്ങളുണ്ടായിരുന്നില്ല. തുടക്കം മുതലേ തകർത്തടിച്ച് രാഹുലും രോഹിത്തും ചേർന്ന് 2009നു ശേഷം സ്വന്തം നാട്ടിൽ പവർപ്ലേ ഓവറിൽ ഇന്ത്യ നേടുന്ന ഏറ്റവും ഉയർന്ന സ്‌കോറും സമ്മാനിച്ചു. ആദ്യ ആറ് ഓവറിൽ ഇരുവരും ചേർന്ന് 72 റൺസാണ് അടിച്ചെടുത്തത്. പവർപ്ലേ ഓവറുകളിൽ ഇന്ത്യ ഇതിൽ കൂടുതൽ റൺസ് നേടിയിട്ടുള്ളത് നാലു തവണ മാത്രം.

ഇന്ത്യൻ ഇന്നിങ്‌സിൽ ഷെൽഡൺ കോട്രൽ ബോൾ ചെയ്ത മൂന്നാം ഓവറിന്റെ ആദ്യ പന്തിൽ സിക്‌സർ നേടിയ രോഹിത് ശർമ, രാജ്യാന്തര ക്രിക്കറ്റിലെ സിക്‌സറുകളുടെ എണ്ണം 400ൽ എത്തിച്ചു. ക്രിസ് ഗെയ്ൽ, ഷാഹിദ് അഫ്രീദി എന്നിവർക്കു ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരവും ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യൻ താരവുമാണ് രോഹിത്. അതേസമയം, ഏറ്റവും വേഗത്തിൽ ഈ നേട്ടത്തിലെത്തുന്ന താരം രോഹിത്താണ്. 361ാം ഇന്നിങ്‌സിൽ 400 സിക്‌സ് തികച്ച രോഹിത്, 437 ഇന്നിങ്‌സുകളിൽനിന്ന് 400 സിക്‌സ് തികച്ച അഫ്രീദിയുടെ റെക്കോർഡാണ് സ്വന്തം പേരിലേക്കു മാറ്റിയത്. ഗെയ്ൽ 486ാം ഇന്നിങ്‌സിലാണ് 400 സിക്‌സ് പൂർത്തിയാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP