Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൈക്കോടാലി കൊണ്ട് തലയിൽ മുറിവേറ്റത് തലച്ചോറിന് ക്ഷതമായി; ബോധം നഷ്ടപ്പെട്ടപ്പോൾ കിണറ്റിൽ ഇട്ടതിനാൽ വെള്ളവും കയറി; അഭയയുടെ മരണം കൊലപാതകം എന്ന് സ്ഥിരീകരിച്ചു പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർ: സിസ്റ്റർ അഭയയുടെ മരണം ആത്മഹത്യയാക്കി രക്ഷപ്പെടാൻ ഇരുന്ന വൈദികനും കന്യാസ്ത്രീയും കുടുങ്ങും; അഭയ കേസിൽ വിചാരണ തുടരുന്നു

കൈക്കോടാലി കൊണ്ട് തലയിൽ മുറിവേറ്റത് തലച്ചോറിന് ക്ഷതമായി; ബോധം നഷ്ടപ്പെട്ടപ്പോൾ കിണറ്റിൽ ഇട്ടതിനാൽ വെള്ളവും കയറി; അഭയയുടെ മരണം കൊലപാതകം എന്ന് സ്ഥിരീകരിച്ചു പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർ: സിസ്റ്റർ അഭയയുടെ മരണം ആത്മഹത്യയാക്കി രക്ഷപ്പെടാൻ ഇരുന്ന വൈദികനും കന്യാസ്ത്രീയും കുടുങ്ങും; അഭയ കേസിൽ വിചാരണ തുടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിസ്റ്റർ അഭയയ്ക്ക് ഇനിയെങ്കിലും നീതി ലഭിക്കുമോ? അഭയയുടേത് ആത്മഹത്യയല്ല കൊലപാതകമെന്ന് വ്യക്തമാക്കി സിബിഐക്ക് മുന്നിൽ തെളിവു നൽകി പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർ രംഗത്ത് എത്തി. സിസ്റ്റർ അഭയ മരിക്കുന്നതിന് മുമ്പ് കൈക്കോടാലി കൊണ്ട് തലയിൽ മുറിവേറ്റിരുന്നു. ഇതോടെ ബോധഘം നഷ്ടപ്പെട്ട സിസ്റ്റർ അഭയയെ കിണറ്റിൽ ഇട്ടതിനാൽ ശ്വാസകോശത്തിൽ വെള്ളവും കയറി ഇതോടെയാണ് മരണം സംഭവിച്ചതെന്നാണ് മൃതദേഹ പരിശോധന നടത്തിയ ഡോ. സി.രാധാകൃഷ്ണപിള്ള കോടതിയെ അറിയിച്ചത്.

കോട്ടയം മെഡിക്കൽ കോളേജിലെ ഫോറൻസിക് സർജനായിരുന്നു ഡോക്ടർ സി.രാധാകൃഷ്ണപിള്ള. അഭയക്കേസിന്റെ വിചാരണയുടെ നാലാം ഘട്ടത്തിലാണ് പ്രത്യേക സിബിഐ. കോടതി ജഡ്ജി എസ്.സനിൽകുമാർ മുമ്പാകെ ഡോക്ടർ മൊഴി നൽകിയത്. കൈക്കോടാലി പോലുള്ള ചെറിയ ഒരു ആയുധം കൊണ്ടാണ് അഭയയുടെ നെറുകയിൽ മുറിവേൽപ്പിച്ചിരിക്കുന്നത്. ഈ മുറിവ് തലച്ചോറിന് കാര്യമായ ക്ഷതം ഏൽപ്പിച്ചു. ഇതോടെ ബോധം നഷ്ടമായ അഭയയെ കിണറ്റിലിട്ടു. അഭയ കോൺവെന്റിലെ കിണറ്റിൽ വീണപ്പോൾ 300 മില്ലിലിറ്ററോളം വെള്ളം ശ്വസനത്തിനിടെ ഉള്ളിലെത്തി. ഈ വെള്ളം ശ്വാസകോശത്തിലെത്തിയാണ് അഭയ മരിച്ചത്. അല്ലാതെ മുങ്ങിമരിച്ചതല്ലെന്നും ഡോക്ടർ വിശദീകരിച്ചു.

ശരീരത്തിൽ ഉണ്ടായ മാരക മുറിവുകൾ എല്ലാം കിണറ്റിൽ വീണതിന് മുന്നേ സംഭവിച്ചതാണെന്നും ഉരഞ്ഞ പാടുകൾ മാത്രമാണ് കിണറ്റിൽ ഇട്ടപ്പോൾ ഉണ്ടായതെന്നും ഡോക്ടറുടെ മൊഴിയിൽ പറയുന്നു. തലയിലേറ്റ കടുത്ത മൂന്ന് മുറിവുകളും കിണറ്റിൽ വീണപ്പോൾ ഉണ്ടായതല്ല. എന്നാൽ, ശരീരത്തിൽ കണ്ട ഉരഞ്ഞ പാടുകൾ കിണറ്റിൽ വീണപ്പോൾ ഉണ്ടായതാണെന്ന് ഡോക്ടർ മൊഴി നൽകി.

നെറുകയിൽ ഏറ്റ മാരകമുറിവിന്റെ ക്ഷതം പരിശോധിക്കാൻ തലയോട്ടി പിളർന്ന് പരിശോധന നടത്തിയില്ലെന്ന് ഡോക്ടർ പറഞ്ഞു. 1992-ൽ പോസ്റ്റുമോർട്ടം നടത്തിയ താൻ സിബിഐ. ആവശ്യപ്രകാരം 2008-ലാണ് കോൺവെന്റ് സന്ദർശിച്ചത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് തയ്യാറാക്കുന്നതിന് മുമ്പ് പൊലീസ് ഇൻക്വസ്റ്റോ, തൊണ്ടിമുതലുകളോ തന്നെ കാണിച്ചിരുന്നില്ലെന്ന് ഡോക്ടർ പറഞ്ഞു. സിബിഐ.ക്കുവേണ്ടി പ്രോസിക്യൂട്ടർ എം.നവാസ് ഹാജരായി.

2008-ൽ ഡോ. രാധാകൃഷ്ണപിള്ള ഇതേ കാര്യങ്ങൾ മജിസ്ട്രേട്ടിന് മുന്നിൽ രഹസ്യമൊഴി നൽകി. ആദ്യമായാണ് ഇത്തരമൊരു കേസിൽ ഡോക്ടറുടെ രഹസ്യമൊഴി രേഖപ്പെടുത്തിയത്. രഹസ്യമൊഴി നൽകാൻ ബാഹ്യസമ്മർദ്ദം ഇല്ലായിരുന്നു. താൻ സിബിഐ. ഓഫീസിൽ ഇതുവരെ പോയിട്ടില്ല. സിബിഐ. തന്റെ ഓഫീസിൽ എത്തിയാണ് തെളിവ് ശേഖരിച്ചത്.

1992 മാർച്ച് 27-നാണ് സിസ്റ്റർ അഭയ കൊല്ലപ്പെട്ടത്. കോട്ടയം പയസ് ടെൻത് കോൺവെന്റിലെ കിണറ്റിലാണ് അഭയയുടെ മൃതദേഹം കാണപ്പെട്ടത്. ഫാ. തോമസ് എം. കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരാണ് കേസിൽ വിചാരണ നേരിടുന്ന പ്രതികൾ. സിസ്റ്റർ അഭയ കൊല്ലപ്പെട്ടിട്ട് 27 വർഷം പിന്നിടുകയാണ്. പ്രതികൾ ആരും ഇതുവരെ അഭയ കേസിൽ ശിക്ഷിക്കപ്പെട്ടിട്ടില്ല. കേസിൽ പ്രതികളെന്ന് തെളിഞ്ഞാൽ ഫാ. തോമസ് എം. കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർ ശിക്ഷിക്കപ്പെടും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP