Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിശ്വാസികൾക്ക് സമയമില്ല; കുർബാന അര മണിക്കൂറായി ചുരുക്കാനുള്ള ശുപാർശയുമായി സീറോ മലബാർ സഭ; അൾത്താരാഭിമുഖമായും ജനാഭിമുഖമായും വീതിച്ച് കുർബാന രീതി ഏകീകരിക്കാനും ശ്രമം; കേരളത്തിലെ ഏറ്റവും വലിയ കത്തോലിക്ക സഭയിലെ ആരാധനാക്രമം വീണ്ടും വിവാദമാകുമ്പോൾ

വിശ്വാസികൾക്ക് സമയമില്ല; കുർബാന അര മണിക്കൂറായി ചുരുക്കാനുള്ള ശുപാർശയുമായി സീറോ മലബാർ സഭ; അൾത്താരാഭിമുഖമായും ജനാഭിമുഖമായും വീതിച്ച് കുർബാന രീതി ഏകീകരിക്കാനും ശ്രമം; കേരളത്തിലെ ഏറ്റവും വലിയ കത്തോലിക്ക സഭയിലെ ആരാധനാക്രമം വീണ്ടും വിവാദമാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കേരളത്തിലെ ഏറ്റവും വലിയ കത്തോലിക്ക സഭയായ സീറോ മലബാർ സഭയിലെ ആരാധനാക്രമം വീണ്ടും ഏകീകരിക്കാൻ ഒരുങ്ങുന്നു. അൾത്താരാഭിമുഖമായും ജനാഭിമുഖമായും വീതിച്ച് കുർബാന രീതി ഏകീകരിക്കാനാണ് നീക്കം നടക്കുന്നത്. ഇതിന് പുറമെ വിശ്വാസികൾക്ക് സമയമില്ലാത്തതിനാൽ അവരുടെ സമയക്കുറവ് പരിഗണിച്ച് കുർബാന അര മണിക്കൂറായി ചുരുക്കാനും സീറോ മലബാർ സഭയിൽ ശ്രമം തുടങ്ങി.

ആളുകളുടെ സമയക്കുറവ് പരിഗണിച്ച് കുർബാനകൾ ലളിതവത്കരിക്കണമെന്ന നിർദ്ദേശം രണ്ടുവർഷംമുമ്പ് സഭയുടെ കേന്ദ്ര ആരാധനക്രമ സമിതിക്ക് മുമ്പാകെ വന്നിരുന്നു. തുടർന്ന് ഏഴംഗ മെത്രാൻസംഘത്തെ പഠിക്കാൻ നിയോഗിച്ചു. അര മണിക്കൂറിൽ തീർക്കാവുന്ന ഒരു രീതി അവർ തയ്യാറാക്കിയിട്ടുണ്ട്. ഇത് അടുത്ത സിനഡ് പരിഗണിച്ചേക്കും.

നിലവിൽ സിറോ മലബാർ സഭയിൽ മൂന്ന് രീതിയിലാണ് കുർബാനയർപ്പിക്കുന്നത്. ചില രൂപതകളിൽ അൾത്താരാഭിമുഖമായി കുർബാന അർപ്പിക്കുമ്പോൾ ജനാഭിമുഖമായാണ് മറ്റ് ചില രൂപതകളിൽ കുർബാന അർപ്പിക്കുന്നത്. മറ്റ് ചില രൂപതകളിൽ രണ്ടുരീതികളും ചേർത്തും കുർബാന നടക്കുന്നു. ഇത് ഏകീകരിച്ച് എല്ലായിടത്തും ഒരൊറ്റ രീതിയാക്കാനാണ് നീക്കം. കുർബാന അർപ്പിക്കുന്നത് എല്ലാ രൂപതകളിലും ഒരുപോലെയാക്കാൻ നേരത്തെ തന്നെ സിനഡ് തീരുമാനിച്ചിരുന്നു. ഈ തീരുമാനം വൈകാതെ നടപ്പാക്കാനാണ് സീറോമലബാർ സഭ ശ്രമിക്കുനനത്.

വൈദികനും വിശ്വാസികളും കിഴക്കോട്ട്, അൾത്താരയിലേക്ക് തിരിഞ്ഞ് കുർബാനയർപ്പിക്കുന്ന രീതിയാണ് ചങ്ങനാശ്ശേരി അതിരൂപതയിൽ. എറണാകുളം-അങ്കമാലി അതിരൂപതയടക്കം ചിലയിടങ്ങളിൽ വൈദികൻ ജനത്തിന് അഭിമുഖമായാണ് നിൽക്കുന്നത്. ഇത് ഏകീകരിച്ച് എല്ലായിടത്തും ഒരൊറ്റ രീതിയാക്കാനാണ് തീരുമാനം. 1999-ൽ ഇങ്ങനെ തീരുമാനിച്ചെങ്കിലും നിർബന്ധമാക്കിയിരുന്നില്ല. അതിനാൽ പലരൂപതകളിലും പല രീതിയിലാണ് കുർബാന. ഈ രീതി മാറ്റി ഒരൊറ്റ കുർബാന രീതിയാക്കാനാണ് തീരുമാനം.

വർഷങ്ങളായുള്ള ഈ തർക്കത്തിന് പരിഹാരമായാണ് 1999-ലെ സിനഡ് 50:50 രീതി നിർദ്ദേശിച്ചത്. വിശ്വാസപ്രമാണംവരെയുള്ള ഭാഗം ജനാഭിമുഖമായും ബാക്കി അൾത്താരാഭിമുഖമായി നടത്താനായിരുന്നു തീരുമാനം. മെത്രാന്മാർക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാമെന്നതിനാൽ തൃശ്ശൂരും എറണാകുളവും അടക്കമുള്ള ചില രൂപതകൾ ജനാഭിമുഖ കുർബാന തുടർന്നു. ഇതോടെയാണ് കുർബാന നിലവിലുള്ള മൂന്നുരീതിയിലായി മാറിയത്.

അടുത്തിടെ ഉയർന്ന മാർത്തോമ സ്ലീവ എന്ന കുരിശ് സംബന്ധിച്ച ചർച്ചകൾക്ക് പിന്നാലെയാണ് കുർബാന രീതി ഏകീകരണചർച്ചകളും സജീവമായിരിക്കുന്നത്. ക്രിസ്തുവില്ലാത്ത കുരിശുകൾ പള്ളികളിലെ മദ്ബഹയിൽ സ്ഥാപിക്കുന്നത് സംബന്ധിച്ചാണ് തർക്കം. ഇവിടെയും പ്രധാനമായി എറണാകുളവും ചങ്ങനാശ്ശേരിയും തമ്മിലാണ് തർക്കം.

എതിർത്തും അനുകൂലിച്ചും വിഭാഗങ്ങൾ
ശ്ലൈഹിക കാനൻ അനുസരിച്ചുള്ള ചട്ടമാണ് കിഴക്കോട്ട് തിരിഞ്ഞുള്ള ആരാധനയെന്ന് അനുകൂലിക്കുന്നവർ പറയുന്നത്. ബൈബിളിൽ കിഴക്കിന്റെ പ്രാധാന്യത്തെക്കുറിച്ച് പറയുന്ന വചനങ്ങളും ചൂണ്ടിക്കാട്ടുന്നു. ലത്തീൻവത്കരണം സംഭവിച്ചതിനാലാണ് ഒരുവിഭാഗം ജനാഭിമുഖമായി കുർബാനയർപ്പിക്കുന്നതെന്നാണ് അവരുടെ വാദം. ലത്തീൻസഭയിൽ ജനാഭിമുഖ കുർബാനയാണ്. എന്നാൽ, ലത്തീൻവത്കരണമല്ല, മുന്നോട്ടുള്ള വളർച്ചയാണിതെന്ന് ജനാഭിമുഖ കുർബാനയെ അനുകൂലിക്കുന്ന എറണാകുളത്തെ വൈദികർ ചൂണ്ടിക്കാട്ടുന്നു. വിവാദ ഭൂമിയിടപാടുമുതൽ ഇടഞ്ഞുനിൽക്കുന്ന എറണാകുളംകാർ കുർബാനരീതി മാറ്റാനിടയില്ല. എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമിയിടപാട് വിഷയം ഉയർന്നപ്പോൾ ഇത് ആരാധനക്രമം സംബന്ധിച്ച തർക്കങ്ങളുടെ തുടർച്ചയാണെന്ന് ഒരുവിഭാഗം ആരോപിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP