Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കോഫെപോസെ പ്രതി ഒളിവിൽ കഴിഞ്ഞത് വീട്ടിൽ അടിച്ചു പൊളിച്ച്; ഒളിവിൽ പോയെന്ന കള്ളത്തരം പൊളിച്ചത് ചോദ്യം ചെയ്യാനെത്തണമെന്ന സിബിഐ നോട്ടീസ്; കേന്ദ്ര ഏജൻസിയുടെ മൊഴിയെടുക്കൽ ബാലാഭാസ്‌കറിന്റെ അപകടത്തിലെ ദുരൂഹത നീക്കാനെന്ന് അറിഞ്ഞതോടെ ഓടിയെത്തിയത് പിണറായിയുടെ സ്വന്തം പൊലീസ്; വാറണ്ട് കാട്ടി കസ്റ്റംസിലെ കരടിനെ വിലങ്ങ് വച്ച് കൊണ്ടു വന്ന് അടച്ചത് പൂജപ്പുര ജയിലിലും; വയലിനിസ്റ്റിന്റെ മരണത്തിലെ നേരിന് മറച്ച് കള്ളക്കളി; അട്ടിമറിക്കെന്ന് സംശയിച്ച് സിബിഐ

കോഫെപോസെ പ്രതി ഒളിവിൽ കഴിഞ്ഞത് വീട്ടിൽ അടിച്ചു പൊളിച്ച്; ഒളിവിൽ പോയെന്ന കള്ളത്തരം പൊളിച്ചത് ചോദ്യം ചെയ്യാനെത്തണമെന്ന സിബിഐ നോട്ടീസ്; കേന്ദ്ര ഏജൻസിയുടെ മൊഴിയെടുക്കൽ ബാലാഭാസ്‌കറിന്റെ അപകടത്തിലെ ദുരൂഹത നീക്കാനെന്ന് അറിഞ്ഞതോടെ ഓടിയെത്തിയത് പിണറായിയുടെ സ്വന്തം പൊലീസ്; വാറണ്ട് കാട്ടി കസ്റ്റംസിലെ കരടിനെ വിലങ്ങ് വച്ച് കൊണ്ടു വന്ന് അടച്ചത് പൂജപ്പുര ജയിലിലും; വയലിനിസ്റ്റിന്റെ മരണത്തിലെ നേരിന് മറച്ച് കള്ളക്കളി; അട്ടിമറിക്കെന്ന് സംശയിച്ച് സിബിഐ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ബാലഭാസ്‌കറിന്റെ അപകടത്തിലെ ദുരൂഹത പുറത്തു വരുന്നതിൽ കേരളാ പൊലീസിന് താൽപ്പര്യമില്ലെന്ന് സംശയിച്ച് സിബിഐ. സിബിഐ ചോദ്യംചെയ്യാൻ വിളിച്ചു വരുത്തിയ തിരുവനന്തപുരം സ്വർണക്കടത്തു കേസിലെ മുഖ്യപ്രതി കസ്റ്റംസ് മുൻസൂപ്രണ്ട് ബി. രാധാകൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തത് കള്ളക്കളിയാണെന്നാണ് സിബിഐ സംശയിക്കുന്നത്. സ്വർണക്കടത്തു കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ രാധാകൃഷ്ണനെതിരെ കോഫെപോസ (കള്ളക്കടത്തു തടയൽ നിയമം) വാറന്റ് നിലവിലുണ്ടായിരുന്നു. ഇത് മറയാക്കിയാണ് അറസ്റ്റ് ചെയ്തത്. ഫലത്തിൽ ഇന്നലത്തെ ചോദ്യം ചെയ്യൽ മുടങ്ങി. ബാലഭാസ്‌കർ കേസിൽ എല്ലാം പറഞ്ഞു പഠിപ്പിച്ച് രാധാകൃഷ്ണനെ അവതരിപ്പിക്കാനാണ് പൊലീസിലെ ചിലർ ശ്രമിക്കുന്നതെന്നാണ് സിബിഐയുടെ സംശയം.

കള്ളക്കടത്തു സംഘത്തിലുൾപ്പെട്ട വിഷ്ണു സോമസുന്ദരവുമായി രാധാകൃഷ്ണനെ ബന്ധപ്പെടുത്തിയതു ബാലഭാസ്‌കറാണെന്നു കേസ് അന്വേഷിച്ച ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ) റിപ്പോർട്ട് ചെയ്തിരുന്നു. വിഷ്ണുവും ഇപ്പോൾ ഒളിവിലാണ്. ബാലബാസ്‌കറിന്റെ മരണം സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായാണു രാധാകൃഷ്ണനെ സിബിഐ വിളിച്ചു വരുത്തിയത്. വിശദമായ ചോദ്യം ചെയ്യാൻ സിബിഐക്ക് അവസരം നൽകാതെയാണു രാധാകൃഷ്ണനെ തിരുവനന്തപുരത്തു നിന്നെത്തിയ പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ബാലഭാസ്‌കറിന്റെ കാറപകടത്തെ വെറുമൊരു അപകടമാക്കി മാറ്റാനായിരുന്നു എന്നും കേരളാ പൊലീസിന് താൽപ്പര്യം. കോഫെപോസ തടങ്കലിലായ പ്രതിയെ ഇനി സിബിഐക്കു ജയിലിൽ ചോദ്യം ചെയ്യേണ്ടി വരും.

രാധാകൃഷ്ണൻ തിരുവനന്തപുരത്തെ വീട്ടിൽ തന്നെ ഉണ്ടായിരുന്നതായി സിബിഐ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. എന്നിട്ടും പൊലീസ് അറസ്റ്റ് ചെയ്തിരുന്നില്ല. സ്വർണക്കടത്തിൽ തലസ്ഥാനത്തെ പല ഉന്നതർക്കും പങ്കുള്ളതായി രാധാകൃഷ്ണൻ ഡിആർഐക്കു മൊഴി നൽകിയിരുന്നു. ബാലഭാസ്‌കർ കേസിൽ അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ രാധാകൃഷ്ണന്റെ മൊഴികൾ സിബിഐക്കു നിർണായകമായിരുന്നു. ഇതെടുക്കാൻ ശ്രമിച്ചപ്പോൾ പൊലീസ് ഓടിയെത്തി പിടിച്ചു കൊണ്ടു പോയി. വാഹനാപകടത്തിൽ കൊല്ലപ്പെട്ട വയലിനിസ്റ്റ് ബാലഭാസ്‌കറുമായി രാധാകൃഷ്ണന് അടുത്ത പരിചയമുണ്ടായിരുന്നു. ബാലഭാസ്‌കറിന്റെ അപകടമരണത്തിന്റെ അന്വേഷണം സർക്കാർ സിബിഐക്കു കൈമാറിയ ഘട്ടത്തിലാണ് ഇയാളെ ചോദ്യം ചെയ്യാൻ സിബിഐ ശ്രമിച്ചത്.

സ്വർണക്കടത്തു കേസിൽ ജാമ്യം ലഭിച്ച രാധാകൃഷ്ണൻ കോഫെപോസ നിയമപ്രകാരമുള്ള കരുതൽ തടങ്കലിനു കോടതി ഉത്തരവിട്ടതോടെയാണു മുങ്ങിയത്. ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്ത രാധാകൃഷ്ണനെ പൂജപ്പുര സെൻട്രൽ ജയിലിലേക്കു കൊണ്ടുപോയി. തിരുവനന്തപുരം വിമാനത്താവളം വഴി 25 കിലോ സ്വർണം കടത്തിയ കേസിൽ അറസ്റ്റിലായ സെറീന, സുനിൽ എന്നിവരുടെ മൊഴികളാണു രാധാകൃഷ്ണന്റെ പങ്കു പുറത്തു കൊണ്ടുവന്നത്. പൊതുമരാമത്ത് വകുപ്പിലെ മുൻ ചീഫ് എൻജിനിയറുടെയും കോട്ടൺഹിൽ സ്‌കൂളിലെ മുൻ പ്രിൻസിപ്പലിന്റെയും മകനാണ് കസ്റ്റംസ് സൂപ്രണ്ടായിരുന്ന രാധാകൃഷ്ണൻ. തിരുവനന്തപുരം വിമാനത്താവളത്തിലെ 11 സൂപ്രണ്ടുമാരിൽ ഏറ്റവും മുതിർന്ന സൂപ്രണ്ട്. തിരുവനന്തപുരത്തെ വലിയ കുടുംബം. പി.ടി.പി നഗറിൽ വീടും വസ്തുക്കളും. അതിസമ്പന്ന കുടുംബം. എന്നിട്ടും സ്വർണ്ണക്കടത്തിന്റെ പിടിയിൽ എങ്ങനെ ഈ ഉന്നത ഉദ്യോഗസ്ഥൻ പെട്ടുപോയെന്നാണ് ഉദ്യോഗസ്ഥരെല്ലാം ചോദിക്കുന്നത്. ഇതിനിടെയാണ് കേസിലേക്ക് ബാലഭാസ്‌കറുടെ മരണവും എത്തുന്നത്.

പെൺകെണിയിലൂടെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥരെ സ്വർണ്ണക്കടത്തുകാർ വലയിൽ വീഴ്‌ത്തിയതെന്നാണ് ഡി.ആർ.ഐ കണ്ടെത്തിയിരിക്കുന്നത്. അതിസുന്ദരികളായ സ്ത്രീകളെ ഉപയോഗിച്ചായിരുന്നു തിരുവനന്തപുരം വഴിയുള്ള സ്വർണക്കടത്ത്. കള്ളക്കടത്തിലെ മുഖ്യ കണ്ണിയായ സെറീന പിടിയിലായിരുന്നു. ഇതോടെയാണ് കള്ളക്കടത്തിന്റെ ചുരുൾ അഴിഞ്ഞത്. അഡ്വ ബിജു മോഹനനാണ് ഗ്യാങിനെ നിയന്ത്രിച്ചതെന്നും മനസ്സിലായി. ഇയാളുടെ ഭാര്യയും പിടിയിലായി. ഭാര്യയേയും കള്ളക്കടത്തിന് ഉപയോഗിച്ചിരുന്നു. ഇതിനൊപ്പം കള്ളക്കടത്തിന് ഉപയോഗിച്ച സ്ത്രീകളുടെ വിശദാംശങ്ങളും ഡിആർഡിഒയ്ക്ക് ലഭിച്ചിട്ടുണ്ട്. ഇവരിൽ നിന്ന് ലഭിച്ച വിശദാംശങ്ങളിൽ നിന്നാണ് കള്ളക്കടത്തിലേക്ക് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പങ്ക് കണ്ടെത്തിയത്. ഈ സാഹചര്യത്തിലാണ് രാധാകൃഷ്ണൻ അടക്കമുള്ളവർ കുടുങ്ങിയത്. ഇനിയും ഞെട്ടിക്കുന്ന നടപടികൾ ഉണ്ടാകുമെന്നാണ് അധികൃതർ നൽകുന്ന സൂചന.

ഒരിക്കൽ കൂട്ടുകൂടിയാൽ പിന്നെ സ്വർണക്കടത്ത് സംഘത്തിൽ നിന്ന് രക്ഷപെടുക അസാദ്ധ്യമാണ്. പെണ്ണും പണവും നൽകി ഉദ്യോഗസ്ഥരെ സ്വർണക്കടത്തുകാർ വിലയ്ക്കെുത്തു. ഉന്നത ഉദ്യോഗസ്ഥരെ സ്വർണക്കച്ചവടത്തിൽ പങ്കുകാരാക്കി. വൻകിട ജൂവലറികളിൽ പാർട്ട്ണർഷിപ്പ് നൽകി. ഇതോടെ കസ്റ്റംസുകാർക്ക് സ്വർണക്കടത്തുകാരുടെ പിടിയിൽ നിന്ന് ഊരാൻ കഴിയാതായി. കള്ളക്കടത്തുകാരിൽ നിന്നുള്ള പണമുപയോഗിച്ച് തലസ്ഥാനത്ത് ഭൂമിയും വീടുകളും ഫ്ളാറ്റുകളും വാങ്ങിക്കൂട്ടി. ഈ വിവരങ്ങളെല്ലാം സ്വർണക്കടത്തുകാർക്ക് അറിയാമെന്നതിനാൽ വിരമിക്കും വരെ അവരിൽ നിന്ന് രക്ഷപെടാനാവില്ല. കഴക്കൂട്ടത്തുകാരി സെറീന തന്റെ ദുബായിലെ ബ്യൂട്ടിപാർലറിൽ ജോലിക്കെന്ന വ്യാജേന കൊണ്ടുപോകുന്ന യുവതികളെ തിരിച്ചയയ്ക്കുന്നത് സ്വർണവും നൽകിയാണ്.

കസ്റ്റംസുകാരുടെ ഒത്താശയുള്ളതിനാൽ സ്വർണം രൂപം മാറ്റുകയോ ഒളിപ്പിക്കുകയോ വേണ്ട. കസ്റ്റംസ് ഉന്നതരുടെ സഹായം കിട്ടിയതോടെ 25 കിലോഗ്രാം സ്വർണം വരെ ബാറുകളാക്കി ഹാൻഡ് ബാഗിൽ കൊണ്ടുവന്നുതുടങ്ങി. സുന്ദരികളായ യുവതികളാണ് സ്വർണം കടത്തുന്നത്. സംശയമില്ലെങ്കിൽ വനിതാ യാത്രക്കാരെ കസ്റ്റംസ് പരിശോധിക്കാറില്ല. ഹാൻഡ് ബാഗുകൾ തുറന്നുള്ള പരിശോധനയുമില്ല. ഡെപ്യൂട്ടി കമ്മിഷണറടക്കം ആറ് വനിതാ ഉദ്യോഗസ്ഥർ തിരുവനന്തപുരത്തെ കസ്റ്റംസ് യൂണിറ്റിലുണ്ട്. നാലുപേരെ പരിശോധനയ്ക്കായി ലഭ്യമാക്കിയിട്ടുണ്ട്. ഇവർ ഡ്യൂട്ടിക്കില്ലാത്ത സമയം കസ്റ്റംസുകാർ കള്ളക്കടത്തുകാർക്ക് ചോർത്തിനൽകും. ഈ സമയത്തുള്ള വിമാനങ്ങളിലാണ് കാരിയർമാർ എത്തുക.

സ്വർണക്കടത്തുകാർക്ക് വാട്സ്ആപ്പിലൂടെയാണ് കസ്റ്റംസുകാർ വിവരങ്ങൾ കൈമാറിയിരുന്നത്. വിമാനത്താവളത്തിൽ ഡി.ആർ.ഐ ഉദ്യോഗസ്ഥരെത്തുകയോ മറ്റേതെങ്കിലും പരിശോധനയുണ്ടാവുകയോ ചെയ്താൽ തത്സമയം വിവരം വാട്സ്ആപ്പിൽ കൈമാറും. സ്വർണക്കടത്തിന്റെ സൂത്രധാരൻ അഡ്വ.ബിജുവിന്റെ കൂട്ടാളി വിഷ്ണുവുമായാണ് കസ്റ്റംസുകാർ വാട്സ്ആപ്പിൽ ബന്ധപ്പെട്ടിരുന്നത്. കാരിയർമാരെ ഉൾപ്പെടുത്തി ബിജുവിന്റെ നേതൃത്വത്തിൽ വാട്സ്ആപ് ഗ്രൂപ്പ് രൂപീകരിച്ചിരുന്നു. ഈ ഗ്രൂപ്പിലേക്ക് കസ്റ്റംസുകാരുടെ സന്ദേശങ്ങൾ അയയ്ക്കുകയായിരുന്നു പതിവ്. ഡി.ആർ.ഐ പരിശോധനയുണ്ടായാൽ കുറച്ചുകാലം തിരുവനന്തപുരം വിമാനത്താവളം ഒഴിവാക്കുകയാണ് പതിവ്. തിരുവനന്തപുരത്തെ കസ്റ്റംസുകാർക്ക് മാത്രമല്ല, വിവിധ വിമാനത്താവളങ്ങളിലെ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് ഈ ശൃംഖലയുമായി ബന്ധമുണ്ടെന്നാണ് കണ്ടെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP