Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലേബർ കോട്ടകൾ തകർത്തു ടോറികളുടെ വമ്പൻ മുന്നേറ്റം; 650 സീറ്റുകളിൽ 365ഉം നേടി കൺസർവേറ്റീവുകൾ വീണ്ടും ഭരണത്തിലേക്ക്; ലേബർ പാർട്ടിക്ക് നേടാനായത് 203 സീറ്റുകൾ മാത്രം: ബ്രക്സിറ്റിലെ അനിശ്ചിതത്വം അടക്കം സകലതും മാറ്റുന്ന ജനവിധിയിൽ ഞെട്ടി ജെറമി കോർബിനും ലേബർ പാർട്ടിയും

ലേബർ കോട്ടകൾ തകർത്തു ടോറികളുടെ വമ്പൻ മുന്നേറ്റം; 650 സീറ്റുകളിൽ 365ഉം നേടി കൺസർവേറ്റീവുകൾ വീണ്ടും ഭരണത്തിലേക്ക്; ലേബർ പാർട്ടിക്ക് നേടാനായത് 203 സീറ്റുകൾ മാത്രം: ബ്രക്സിറ്റിലെ അനിശ്ചിതത്വം അടക്കം സകലതും മാറ്റുന്ന ജനവിധിയിൽ ഞെട്ടി ജെറമി കോർബിനും ലേബർ പാർട്ടിയും

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: ബ്രിട്ടനിലെ നിർണായകമായ ഇടക്കാല തെരഞ്ഞെടുപ്പിൽ വൻ വിജയം നേടി ബോറിസ് ജോൺസണും കൺസർവേറ്റീവ് പാർട്ടിയും. 650 സീറ്റുകളിലേയും ഫലം പുറത്തു വന്നപ്പോൾ 365 സീറ്റുകളാണ് കൺസർവേറ്റീവിന് ലഭിച്ചത്. 203 സീറ്റുകൾ മാത്രമാണ് ലേബറിന് ലഭിച്ചത്. സ്‌കോട്ടിഷ് നാഷണൽ പാർട്ടിക്ക് 48 സീറ്റുകളും ലിബറൽ ഡെമോക്രാറ്റിക്കിന് 11 സീറ്റുകളും ഡിയുപിക്ക് എട്ടും മറ്റുള്ളവർക്ക് 15 സീറ്റുകളുമാണ് ലഭിച്ചത്.

 

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നേടിയതിനേക്കാൾ വലിയ വിജയമാണ് കൺസർവേറ്റീവ് ഇടക്കാല തെരഞ്ഞെടുപ്പിൽ നേടിയത്. കഴിഞ്ഞ തവണത്തേക്കാൾ 47 സീറ്റുകൾ കൺസർവേറ്റീവ് നേടിയപ്പോൾ 59 സീറ്റുകളുടെ കുറവാണ് ലേബറിന് ഉണ്ടായത്. അതേസമയം, സ്‌കോട്ടിഷ് നാഷണൽ പാർട്ടിക്ക് 13 സീറ്റുകൾ കൂടുതൽ ലഭിച്ചു. ലിബറൽ ഡെമോക്രാറ്റിക്കിന് ഒരു സീറ്റിന്റെ കുറവും ഡിയുപിക്ക് രണ്ടു സീറ്റിന്റെ കുറവുമാണ് ലഭിച്ചത്.

68 സീറ്റുകളുടെ ഭൂരിപക്ഷം കൺസർവേറ്റീവിന് ഉണ്ടാകുമെന്നായിരുന്നു എക്സിറ്റ് പോൾ പ്രവചനം. പ്രവചനത്തെ തന്നെ അട്ടിമറിച്ച് 75 സീറ്റുകളുടെ ഭൂരിപക്ഷം നേടിയാണ് കൺസർവേറ്റീവ് വീണ്ടും ഭരണപഥത്തിലേക്ക് എത്തിയത്. 1987ൽ മാർഗരറ്റ് താച്ചർ നേടിയ മൂന്നാം വിജയത്തിന് ശേഷമുള്ള ഏറ്റവും വലിയ ഭൂരിപക്ഷമാണ് ബോറിസ് നേടിയത്. അൻപതിലധികം സീറ്റുകളുടെ കുറവ് ലേബറിനുണ്ടെങ്കിലും നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ തീരെ മോശമല്ലാത്ത പ്രകടനമാണ് കാഴ്ച വച്ചത്. ലണ്ടൻ സമീപ പ്രദേശങ്ങളാണ് കൺസർവേറ്റീവിന് അനുകൂലമായതെങ്കിൽ വടക്കൻ ഇംഗ്ലണ്ടിലാണ് ലേബറിന് കൂടുതൽ സീറ്റ് ലഭിച്ചത്.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് നേടിയ വിജയത്തേക്കാൾ കൂടുതൽ ഭൂരിപക്ഷമാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. മാത്രമല്ല, ഈ വിജയം ബ്രക്സിറ്റിലേക്ക് എത്തിക്കുവാൻ ബോറിസിനെ സഹായിക്കും എന്നു തീർച്ചയാണ്. കാരണം, തെരേസാ മേ യുടെ മന്ത്രിസഭയിൽ ബ്രക്സിറ്റ് പാസാക്കാൻ കഴിയാത്തതിന്റെ പ്രധാന കാരണം, ബ്രക്സിറ്റിനെ അനുകൂലിക്കാത്ത നിരവധി എംപിമാർ ഉണ്ടായിരുന്നു എന്നതാണ്. ഇതു മുൻകൂട്ടി കണ്ട ബോറിസ് ബ്രക്സിറ്റിനെ അനുകൂലിക്കുന്നവർക്ക് മാത്രം സീറ്റുകൾ നൽകി ബ്രക്സിറ്റ് പാസാക്കുവാൻ സാധിക്കുന്ന വിധത്തിലാണ് ഓരോ സീറ്റുകളിലും സ്ഥാനാർത്ഥികളെ തീരുമാനിച്ചത്.

വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ ബോറിസിന് വിമതശബ്ദങ്ങളെ അടക്കിനിർത്തി ഇനി ബ്രക്‌സിറ്റിന് അടക്കമുള്ള തീരുമാനങ്ങൾ നടപ്പിലാക്കാം. വിമതരെയൊക്കെ ഒഴിവാക്കി നേടിയ വിജയമായതിനാൽ, അപസ്വരങ്ങളുയരാതെ ബ്രക്സിറ്റ് നടപ്പിലാക്കുകയെന്നതിനാവും ബോറിസ് പ്രഥന പരിഗണന നൽകുക. ജനുവരി 31-നകം ബ്രക്സിറ്റ് നടപ്പിലാക്കുകയാവും ബോറിസിന്റെ ലക്ഷ്യം. ബ്രിട്ടന് മുന്നിൽ പുതിയ അധ്യായം തുറക്കുകയാണ് തന്റെ ലക്ഷ്യമെന്ന് പ്രകടനപത്രിക പുറത്തിറക്കിക്കൊണ്ട് ബോറിസ് ജോൺസൺ കഴിഞ്ഞമാസം വ്യക്തമാക്കിയിരുന്നു.

കൺസർവേറ്റീവുകൾ നേടിയ ഈ വിജയം ബോറിസ് ജോൺസണെ ഇനിയും കൂടുതൽ കാലം പ്രധാനമന്ത്രി പദത്തിൽ ഇരുത്തും. ബോറിസ് വീണ്ടും പ്രധാന മന്ത്രി പദത്തിൽ എത്തുന്നതും ബ്രക്‌സിറ്റ് നടക്കുന്നതും ഇന്ത്യയ്ക്കും ഏറെ പ്രയോജനകരമാണ്. കാരണം, ഇന്ത്യയുമായി അടുത്ത ബന്ധം പുലർത്തുന്ന പ്രധാനമന്ത്രിയാണ് ബോറിസ് ജോൺസൺ. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അടുത്ത സുഹൃത്തായ ബോറിസിന് പെണ്ണുപിടിയൻ, വായിൽ തോന്നുതൊക്കെ വിളിച്ചു വപറയുന്ന ഡിപ്ലോമസിയറിയാത്ത ബഫൂൺ എന്നിങ്ങനെ പേരുദോഷങ്ങൾ ഏറെയുണ്ടെങ്കിലും ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് വിജയത്തിലേക്ക് കുതിച്ച ബോറിസിന് ഇപ്പോൾ എങ്ങു നിന്നും കയ്യടിയാണ് ലഭിക്കുന്നത്.

ബ്രക്സിറ്റ് നടന്നാൽ ഇന്ത്യയ്ക്കും ഏറെ ഗുണകരമാകും. കാരണം, ബ്രക്സിറ്റ് പ്രാബല്യത്തിൽ വരുന്നതോടെ യൂറോപ്യൻ യൂണിയനിൽ നിന്നുള്ളവർക്ക് ഇപ്പോഴുള്ളതു പോലെ എളുപ്പത്തിൽ ബ്രിട്ടനിലേക്ക് എത്താൻ സാധിക്കില്ല. ഓസ്ട്രേലിയൻ മാതൃകയിൽ പോയിന്റ് അടിസ്ഥാനമാക്കിയുള്ള കുടിയേറ്റനയം കൊണ്ടുവരുമെന്ന് ഹോം സെക്രട്ടറി പ്രീതി പട്ടേൽ വ്യക്തമാക്കിയിരുന്നു. ബ്രിട്ടന് സംഭാവന നൽകാൻ ശേഷിയുള്ളവരെ കുടിയേറാൻ അനുവദിക്കുകയെന്നതാണ് ഇതിന്റെ ലക്ഷ്യം. അതിനാൽ തന്നെ, യൂറോപ്യൻ യൂണിയനിൽ നിന്നുള്ള ആളുകളുടെ കുത്തൊഴുക്ക് ബ്രിട്ടനിലേക്ക് ഉണ്ടാവില്ല. ഇത്, ഇന്ത്യയിൽ നിന്നുള്ള കുടിയേറ്റക്കാർക്കും കഴിവുറ്റ നഴ്സുമാർക്കും കൂടുതൽ അവസരങ്ങളുടെ വാതിൽ തുറക്കുന്നതായിരിക്കും.

ബ്രിട്ടനിൽ കൺസർവേറ്റീവ് പാർട്ടിയുടെ തേരോട്ടമുണ്ടാകുമെന്ന് എക്‌സിറ്റ് പോൾ ഫലങ്ങൾ പ്രവചിച്ചിരുന്നു. ലേബർ പാർട്ടിയുടെ ചെങ്കോട്ടകൾ തകർത്ത് ടോറികൾ 368 സീറ്റുകൾ നേടി ഒറ്റയ്ക്ക് അധികാരത്തിലെത്തുമെന്നായിരുന്നു തിരഞ്ഞെടുപ്പിലെ ഫലസൂചന. 2017-ൽ നേടിയതിനെക്കാൾ 71 സീറ്റുകൾ കുറഞ്ഞ് ലേബർ പാർട്ടി 191 സീറ്റുകളിലേക്ക് ചുരുങ്ങുമെന്നും എക്‌സിറ്റ് പോൾ സൂചിപ്പിച്ചിരുന്നു. 1987-ൽ മാർഗരറ്റ് താച്ചർ നേടിയ വൻവിജയത്തിനുശേഷം ഏറ്റവും വലിയ വിജയമാകും ബോറിസ് ജോൺസൺ കരസ്ഥമാക്കുകയെന്നാണ് എക്‌സിറ്റ് പോൾ സൂചിപ്പിച്ചത്.

മറുഭാഗത്ത് ലേബർ പാർട്ടിക്കാകട്ടെ, എട്ടര പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശം പ്രകടനമാണ് ഇത്. 1935-ലാണ് ലേബർ പാർട്ടി ഇതുപോലെ തകർച്ച നേരിട്ടിട്ടുള്ളത്. ലേബറിന്റെ കോട്ടകളിൽ വലിയ വിള്ളലുകളാണ് ഇക്കുറി വീണിട്ടുള്ളത്. ഹൗട്ടൺ ആൻഡ് സണ്ടർലൻഡ് സൗത്ത്, സണ്ടർലൻഡ് സെൻട്രൽ, ന്യൂകാസിൽ അപ്പോൾ ടൈൻ സെൻട്രൽ തുടങ്ങിയ മേഖലകളിലൊക്കെ ലേബറിന്റെ പിടി അയഞ്ഞു. എക്‌സിറ്റ് പോൾ ഫലങ്ങൾ വന്നതോടെ തന്നെ കൺസർവേറ്റീവ് പാർട്ടി ആസ്ഥാനത്ത് ആഘോഷങ്ങൾക്ക് തിരികൊളുത്തിയിരുന്നു. ബ്രക്‌സിറ്റ് വിരുദ്ധ നിലപാടും തന്റെ കടുത്ത ഇടതുപക്ഷ ആശയഗതികൾ ബ്രിട്ടീഷ് ജനതയിൽ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചതുമാണ് ജെറമി കോർബിന് തിരിച്ചടിയായതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ നൽകുന്ന സൂചനകൾ.

ബ്രക്സിറ്റിന്റെ ഭാവിയെ കുറിച്ചുള്ള വിധിയെഴുത്ത് എന്നതു തന്നെയാണ് ഈ തെരഞ്ഞെടുപ്പിന്റെ പ്രത്യേകത. ബോറിസ് ജോൺസനും കൺസർവേറ്റീവുകളും വീണ്ടും അധികാരത്തിൽ എത്തിയതോടെ ഇനി ബ്രിട്ടൻ കാത്തിരിക്കുന്നത് ബ്രക്‌സിറ്റിനു വേണ്ടിയാണ്. ഒരുപക്ഷെ, ലേബർ പാർട്ടിയാണ് അധികാരത്തിൽ എത്തിയിരുന്നതെങ്കിൽ മറ്റൊരു റഫറണ്ടത്തിനു വേണ്ടിയായിരുന്നേനെ കാത്തിരിപ്പ്. മറ്റൊരു പാർട്ടിയും അധികാരത്തിൽ എത്താനുള്ള സാഹചര്യം ഇല്ലാതിരുന്നതിനാൽ ലേബറും ടോറികളും തമ്മിലുള്ള മത്സരമായിരുന്നു ഈ തെരഞ്ഞെടുപ്പ്.

അധികാരം ബോറിസ് ജോൺസനോ അതോ ജെറമി കോർബിന്റെ കൈകളിലേക്കോ എന്നതാണ് ലോകം മുഴുവനും ഉറ്റു നോക്കിയത്. ചർച്ചകളും മറ്റും ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ബോറിസ് ജോൺസനെ അവരോധിച്ചപ്പോൾ ലേബറുകൾ അവസാന നിമിഷം വമ്പിച്ച മുന്നേറ്റം കാഴ്ചവെച്ചത് ബോറിസ് ജോൺസനെയും കൂട്ടാളികളെയും അങ്കലാപ്പിലാക്കിയിരുന്നു.

2017ൽ ബ്രിട്ടനിൽ തൂക്ക് പാർലമെന്റെന്ന് പ്രവചിച്ച യൂഗോവ് പോളിങ് അനാലിസിസിന്റെ റിപ്പോർട്ട് പ്രകാരം 28 സീറ്റുകളുടെ ഭൂരിപക്ഷത്തിൽ ബോറിസ് ജോൺസൺ അധികാരത്തിൽ എത്തുമെന്നാണ് പ്രവചിച്ചത്. 68 സീറ്റുകളുടെ ഭൂരിപക്ഷം ബോറിസ് ജോൺസന് ലഭിക്കുമെന്ന് പറഞ്ഞിടത്ത് നിന്നാണ് ഭൂരിപക്ഷത്തിന്റെ എണ്ണം 28 സീറ്റായി കുറഞ്ഞത്. ഇതിന് പിന്നാലെ അവസാന നിമിഷം ജെറമി കോർബിൻ നേടിയ മുൻതൂക്കവും ബോറിസ് ജോൺസനെ ആശങ്കയിലായിരുന്നു. യൂഗോവ് സർവ്വേയുടെ അവസാന പ്രവചനം അനുസരിച്ച് കൺസർവേറ്റീവുകൾ 339 സീറ്റുകളും ജെറമി കോർബിന്റെ പാർട്ടി 231 സീറ്റും ലിബറൽ ഡെമോക്രാറ്റുകൾ 15 സീറ്റുകളും നേടുമെന്നായിരുന്നു പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP