Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കരിയർ തുടങ്ങിയത് ഫെഡറൽ ബാങ്കിൽ പ്രബേഷണറി ഓഫീസറായി; കഠിനാധ്വാനവും കൂർമ്മബുദ്ധിയും കൊണ്ട് ടെലിവിഷൻ വ്യവസായത്തിൽ കൈവെച്ച് അത്ഭുതങ്ങൾ കാണിച്ചു; വിനോദ വ്യവസായത്തിൽ ഏഷ്യാനെറ്റിനെ ആർക്കും തൊടാൻ ആകാത്ത വിധം ജനകീയമാക്കിയ തന്ത്രങ്ങളുടെ ബുദ്ധികേന്ദ്രം; സ്റ്റാർ ആൻഡ് ഡിസ്‌നി ഇന്ത്യയുടെ തലപ്പത്ത് മലയാളിത്തിളക്കമായി കെ മാധവൻ; ആഗോള വിനോദ വ്യവസായത്തിലെ തലതൊട്ടപ്പനായ ഡിസ്‌നിയുടെ ഇന്ത്യൻ മേധാവിയായി മാറുമ്പോൾ മലയാളികൾക്കും അഭിമാന മുഹൂർത്തം

കരിയർ തുടങ്ങിയത് ഫെഡറൽ ബാങ്കിൽ പ്രബേഷണറി ഓഫീസറായി; കഠിനാധ്വാനവും കൂർമ്മബുദ്ധിയും കൊണ്ട് ടെലിവിഷൻ വ്യവസായത്തിൽ കൈവെച്ച് അത്ഭുതങ്ങൾ കാണിച്ചു; വിനോദ വ്യവസായത്തിൽ ഏഷ്യാനെറ്റിനെ ആർക്കും തൊടാൻ ആകാത്ത വിധം ജനകീയമാക്കിയ തന്ത്രങ്ങളുടെ ബുദ്ധികേന്ദ്രം; സ്റ്റാർ ആൻഡ് ഡിസ്‌നി ഇന്ത്യയുടെ തലപ്പത്ത് മലയാളിത്തിളക്കമായി കെ മാധവൻ; ആഗോള വിനോദ വ്യവസായത്തിലെ തലതൊട്ടപ്പനായ ഡിസ്‌നിയുടെ ഇന്ത്യൻ മേധാവിയായി മാറുമ്പോൾ മലയാളികൾക്കും അഭിമാന മുഹൂർത്തം

മറുനാടൻ ഡെസ്‌ക്‌

മുംബൈ: സ്റ്റാർ ഇന്ത്യ സൗത്ത് മാനേജിങ് ഡയറക്ടർ കെ മാധവനെ സ്റ്റാർ ആൻഡ് ഡിസ്‌നി ഇന്ത്യയുടെ മേധാവിയായി നിയമിച്ചു. വിനോദം, സ്പോർട്സ് , ഡിജിറ്റൽ , സ്റ്റുഡിയോസ് തുടങ്ങി മുഴുവൻ ബിസിനസുകളുടേയും മേൽനോട്ടം ഇനി കെ മാധവനായിരിക്കും. ഒരു ആഗോള മാധ്യമ സ്ഥാപനത്തിന്റെ ഇന്ത്യ നെറ്റ്‌വർക്കിന്റെ ഉന്നത പദവിയിൽ എത്തുന്ന ആദ്യ മലയാളിയാണ് കെ മാധവൻ.

സ്റ്റാർ പ്ലസ്, സ്റ്റാർ ജൽസ, സ്റ്റാർ ഭാരത്, ലൈഫ് ഓക്കേ, സ്റ്റാർ സ്പോർട്സ് തുടങ്ങി സ്റ്റാർ ഇന്ത്യയുടെ കീഴിലുള്ള നാഷണൽ ചാനലുകൾക്കൊപ്പം പ്രാദേശിക ഭാഷാ ചാനലുകളുടെ ചുമതലയും കെ മാധവനാണ്. പ്രാദേശിക ഭാഷാ ചാനലായ ഏഷ്യാനെറ്റിനെ ഇന്ത്യയിലെ തന്നെ മുൻനിര ചാനലാക്കുന്നതിനും, സ്റ്റാർ ഇന്ത്യയ്ക്ക് കീഴിലുള്ള പ്രാദേശിക ഭാഷാ ചാനലുകളുടെ വളർച്ചക്കും നേതൃത്വം നൽകി. ഏഷ്യാനെറ്റിനെ അമേരിക്ക, യൂറോപ്പ്, തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിക്കാനായതും കെ മാധവന്റെ ശ്രമഫലമായിട്ടാണ്. മിഡിൽ ഈസ്റ്റ് മലയാളികൾക്ക് വേണ്ടി ആദ്യമായി മിഡിൽ ഈസ്റ്റ് ചാനൽ തുടങ്ങിയതും കെ മാധവന്റെ ദീർഘവീക്ഷണ ഫലമായിരുന്നു..

നിലവിൽ ഇന്ത്യൻ ബ്രോഡ്കാസ്റ്റിങ് ഫൗണ്ടേഷന്റെ വൈസ് പ്രസിഡന്റും ഡയറക്ടർ ബോർഡ് അംഗവുമാണ് കെ മാധവൻ. റുപ്പർട്ട് മർഡോക്കിന് കീഴിലുള്ള ട്വന്റീത് സെഞ്ച്വറി ഫോക്്‌സിന്റെ ഭൂരിഭാഗം ഓഹരികളും രണ്ട് വർഷം മുമ്പാണ് വാൾട് ഡിസ്നി വാങ്ങിയത്. ജൂൺ 2018ലായിരുന്നു 5240 കോടിയുടെ ഏറ്റെടുക്കൽ. ഫോക്സ് സ്റ്റാറിന്റെ ഫിലിം സ്റ്റുഡിയോ, ടെലിവിഷൻ ബിസിനസ്, ജനപ്രിയ വിനോദ പരിപാടികൾ, നാഷനൽ ജിയോഗ്രഫിക്, സ്റ്റാർ ഇന്ത്യ, ഹോട്ട് സ്റ്റാർ, ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ്, എന്നിവ നിലവിൽ ഡിസ്നിയുടെ ഉടമസ്ഥതയിലാണ്. സ്റ്റാർ ഇന്ത്യയുടെ കീഴിൽ ഇന്ത്യയിൽ എട്ട് ഭാഷകളിലായി ഏഷ്യാനെറ്റ്, സ്റ്റാർ വിജയ് ഉൾപ്പെടെ 69 ടിവി ചാനലുകൾ ഉണ്ട്.

സ്റ്റാർ ഇന്ത്യ കൂടാതെ, ഡിസ്നിയുടെ ഉടമസ്ഥതയിൽ വരുന്ന മറ്റ് ട്വന്റി ഫസ്റ്റ് സെഞ്ചുറി ഫോക്‌സ് ബിസിനസുകൾ ഇവയാണ്: നാഷണൽ ജിയോഗ്രഫിക് പാർട്ണർസ്, ട്വന്റിയത്ത് സെഞ്ചുറി ഫോക്‌സ്, ഫോക്‌സ് സേർച്ച് ലൈറ്റ് പിക്‌ചേഴ്‌സ്, ഫോക്‌സ് 2000 പിക്‌ചേഴ്‌സ്, ഫോക്‌സ് ഫാമിലി, ഫോക്‌സ് അനിമേഷൻ, ടെലിവിഷൻ ക്രീയേറ്റീവ് യൂണിറ്റുകൾ, ട്വന്റിയത്ത് സെഞ്ചുറി ഫോക്‌സ് ടെലിവിഷൻ, എഫ്എക്‌സ് പ്രൊഡക്ഷൻസ്, ഫോക്‌സ് 21, എഫ്എക്‌സ് നെറ്റ്‌വർക്‌സ്, ഫോക്‌സ് നെറ്റ്‌വർക്‌സ് ഗ്രൂപ്പ് ഇന്റർനാഷണൽ.

ഇന്ത്യൻ ദൃശ്യമാധ്യമ രംഗത്ത് പുതിയ ചരിത്രങ്ങൾ കുറിച്ച വ്യക്തിയാണ് കെ മാധവൻ. ഫെഡറൽ ബാങ്കിൽ പ്രബേഷണറി ഓഫീസറായി 1982ൽ കരിയർ ആരംഭിച്ച വ്യക്തിയാണ്. ശങ്കരൻ നമ്പ്യാരുടെയും സത്യഭാമയുടെയും മകനായ മാധവൻ കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് ഫെഡറൽ ബാങ്കിലെത്തിയത്. ആദ്യ നിയമനം ഷില്ലോംഗിലായിരുന്നു. അവിടെ ജോലി ചെയ്തതിന്റെ പേരിൽ പിന്നീടുള്ള നിയമനം ബാങ്ക് ജന്മനാടായ വടകരയിൽ തന്നെ നൽകിയിരുന്നു. അവിടെ നിന്നും മുംബൈയിലേക്ക് സ്ഥലംമാറ്റത്തിന് സ്വയം ആവശ്യപ്പെട്ടു കൊണ്ടാണ് അദ്ദേഹം തന്നിലെ ബിസിനസുകാരനെ വളർത്തിയത്.

മുംബൈ നഗരം മാധവനിലെ പ്രൊഫഷണലിനെ തേച്ചുമിനുക്കി. അവിടത്തെ ട്രെയ്ൻ യാത്ര പോലും ഏറ്റവും മികച്ച ജീവിത, പ്രൊഫഷണൽ പാഠങ്ങളാണെന്ന് വിലയിരുത്തുന്ന മാധവൻ കണ്ടുമുട്ടിയ ഭിക്ഷക്കാരനിൽ നിന്നു പോലും ഗ്രഹിച്ചതും അറിഞ്ഞതും മികവിന്റെ പുതിയ തലങ്ങളായിരുന്നു. പിന്നീട് ഫെഡെക്‌സ് സെക്യൂരിറ്റീസ് എന്ന ഇൻവെസ്റ്റ്‌മെന്റ് ബാങ്കിങ് വിഭാഗത്തിലേക്ക് ചേക്കേറിയ ഇദ്ദേഹം അവിടെ നിന്നാണ് 2000ത്തിൽ പൂർണമായും ഏഷ്യാനെറ്റിലേക്ക് എത്തുന്നത്.

പ്രാരംഭനാളുകളിൽ ഏഷ്യാനെറ്റിന്റെ പുളിയറക്കോണത്തെ സ്റ്റുഡിയോയിൽ തന്നെയായിരുന്നു താമസം. എവിടെ പോയാലും എന്തുകണ്ടാലും അതെങ്ങനെ ജനങ്ങളെ ആകർഷിക്കുന്ന വിധത്തിൽ ഏഷ്യാനെറ്റിലൂടെ കൊണ്ടുവരാം എന്നതായിരുന്നു ചിന്ത. പൊതുവേ പത്രങ്ങളുടെ സ്വാധീനവലയത്തിൽ പെട്ടുകിടക്കുന്ന അന്നത്തെ പരസ്യദാതാക്കളെ ദൃശ്യമാധ്യമത്തിലേക്ക് കൂട്ടിക്കൊണ്ടുവരാൻ ഏറെ പണിപ്പെട്ടിരുന്നു മാധവനും ഏഷ്യാനെറ്റും. വലിയ കാൻവാസിൽ ഏഷ്യാനെറ്റ് ഫിലിം അവാർഡുകൾ സംഘടിപ്പിച്ചു. ലോകമെമ്പാടുമുള്ള മലയാളികളെ അത്ഭുതപ്പെടുത്തുന്ന പ്രോഗ്രാമുകൾ സ്വന്തം വീട്ടകത്തെ ടെലിവിഷൻ സ്‌ക്രീനിലേക്ക് എത്തിച്ചു. കണ്ടന്റിന്റെ ഗുണമേന്മയിൽ ഒരുതരത്തിലും വിട്ടു വീഴ്ച ചെയ്യാതെ, എപ്പിസോഡിന് ലക്ഷങ്ങൾ ചെലവാകുന്നവയായിരുന്നു പല പ്രോഗ്രാമുകളും.

ആസൂത്രണത്തിലെ മികവ്അടുത്തവർഷത്തെ ഏഷ്യാനെറ്റ് ഫിലിം അവാർഡിന്റെ ആസൂത്രണം പൂർത്തിയാക്കി കഴിഞ്ഞു ഇപ്പോൾ മാധവനും ടീമും. കുറഞ്ഞ സമയം കൊണ്ട് എങ്ങനെയെങ്കിലും അവതരിപ്പിക്കുന്ന കാര്യങ്ങൾ വിജയം കൊണ്ടുവരില്ലെന്ന വിശ്വാസമാണ് മാധവനെ മുന്നോട്ടുനയിക്കുന്നത്. ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരൂഖ് ഖാനെ കൊണ്ടു വന്ന് ഗൾഫിലെ വേദിയിൽ വെച്ച് ഫിലിം അവാർഡ് ഏഷ്യാനെറ്റ് വിതരണം ചെയ്തപ്പോൾ പലരും സംശയിച്ചു ഇതിലും മേലെ ഇനിയെന്ത്? അതിനു മറുപടിയായി മലയാളിയുടെ നടന വിസ്മയം മോഹൻലാൽ 45 മിനിറ്റ് ദൈർഘ്യമുള്ള സ്റ്റേജ് ഷോ അവതരിപ്പിച്ചു അടുത്ത ഫിലിം അവാർഡ് വേദിയിൽ. ഈ പരിപാടി ഏഷ്യാനെറ്റിലൂടെ സംപ്രേഷണം ചെയ്തപ്പോൾ ലോകമെമ്പാടുമുള്ള മലയാളി ടെലിവിഷൻ പ്രേക്ഷകരിൽ 93 ശതമാനം പേരും കണ്ടത് ഇതായിരുന്നു! ഫിലിം അവാർഡുകളുടെ സംപ്രേഷണം നടക്കുമ്പോൾ ശരാശരി 83 ശതമാനം പേരും കാണുന്നത് അതായിരിക്കും. ഇതാണ് ഏഷ്യാനെറ്റിന്റെ ജനപ്രിയതയുടെ യഥാർത്ഥ അളവുകോൽ.

ആപ്പിൾ സ്ഥാപകൻ സ്റ്റീവ് ജോബ്‌സിന്റെ കടുത്ത ആരാധാകനാണ് മാധവൻ. ഉള്ളടക്കത്തിലെ പുതുമയും അതിന്റെ ഗുണമേന്മയും, ഏറ്റവും പുതിയ സാങ്കേതിക വിദ്യ, അനുദിനം മികവ് കൂട്ടുന്ന ശൈലി ഇവയ്‌ക്കൊപ്പം പ്രവർത്തന സ്വാതന്ത്ര്യം നൽകി മികച്ച പ്രതിഭകളെ കൂടെ നിർത്താനും മാധവൻ ശ്രമിച്ചപ്പോൾ ഏഷ്യാനെറ്റ് ജനപ്രീതിയുടെ പുതിയ ഉയരങ്ങൾ കീഴടക്കുകയായിരുന്നു. ഇതിനിടെ വളർച്ചയ്ക്കായുള്ള വഴികൾ തിരയാതിരുന്നില്ല അദ്ദേഹം. സ്റ്റാർ ഗ്രൂപ്പുമായുള്ള പങ്കാളിത്തവും ഏറ്റെടുക്കലും അങ്ങനെയാണ് സംഭവിച്ചത്. ഏഷ്യാനെറ്റിന്റെ എൻർടെയ്ന്മെന്റ് ചാനലുകളെല്ലാം സ്റ്റാറിന്റെ കുടക്കീഴിൽ എത്തിയതോടെ ഗ്രൂപ്പ് വളർച്ചയുടെ പുതിയ പടവുകൾ കയറി. മാധവൻ സ്റ്റാർ സൗത്ത് ഇന്ത്യയുടെ സാരഥ്യത്തിലേക്കും കൂടി ഉയർന്നു. കേരളം, കർണാടക, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലായി വിവിധ ഭാഷകളിലെ വ്യത്യസ്ത മേഖലകളിലെ 12ഓളം ചാനലുകൾക്കാണ് മാധവൻ ഇന്ന് നേതൃത്വം നൽകി വന്നത്. ഇപ്പോൾ ആ ചുമതല വീണ്ടും വലുതായിരിക്കുന്നു. 63 ചാനലുകളുടെ അമരക്കാരനായാണ് ഇന്ന് മാധവൻ മാറിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP