Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഭാര്യയ്ക്ക് തലകറക്കവും പനിയും വന്നപ്പോൾ ഗൾഫുകാരൻ എത്തിച്ചത് താലൂക്ക് ആശുപത്രിയിൽ; കാഷ്വാലിറ്റിയിൽ എത്തിയപ്പോൾ ഇതൊന്നും കാഷ്വാലിറ്റിയിൽ കാണിക്കേണ്ട രോഗമല്ലെന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവർ; വാക്കുതർക്കം വന്നപ്പോൾ അറസ്റ്റ് ചെയ്യുമെന്ന് പൊലീസും; ഒടുവിൽ രോഗിയെ എത്തിച്ചത് സ്വകാര്യ ആശുപത്രിയിൽ; അവഗണന ഫേസ്‌ബുക്ക് ലൈവിൽ അഖിൽ കോട്ടാത്തല തുറന്നു പറഞ്ഞതോടെ പ്രശ്‌നം ഏറ്റെടുത്ത് സോഷ്യൽ മീഡിയ; കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ചികിത്സാ നിഷേധം അന്വേഷിക്കുമെന്ന് ഡിഎംഒ

ഭാര്യയ്ക്ക് തലകറക്കവും പനിയും വന്നപ്പോൾ ഗൾഫുകാരൻ എത്തിച്ചത് താലൂക്ക് ആശുപത്രിയിൽ; കാഷ്വാലിറ്റിയിൽ എത്തിയപ്പോൾ ഇതൊന്നും കാഷ്വാലിറ്റിയിൽ കാണിക്കേണ്ട രോഗമല്ലെന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവർ; വാക്കുതർക്കം വന്നപ്പോൾ അറസ്റ്റ് ചെയ്യുമെന്ന് പൊലീസും; ഒടുവിൽ രോഗിയെ എത്തിച്ചത് സ്വകാര്യ ആശുപത്രിയിൽ; അവഗണന ഫേസ്‌ബുക്ക് ലൈവിൽ അഖിൽ കോട്ടാത്തല തുറന്നു പറഞ്ഞതോടെ പ്രശ്‌നം ഏറ്റെടുത്ത് സോഷ്യൽ മീഡിയ; കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ചികിത്സാ നിഷേധം അന്വേഷിക്കുമെന്ന് ഡിഎംഒ

എം മനോജ് കുമാർ

കൊട്ടാരക്കര: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സാ നിഷേധമെന്നു പരാതി. കൊട്ടാരക്കര കോട്ടാത്തല സ്വദേശിനിയായ ചന്തുവിന്റെ ഭാര്യ അഞ്ജുവിനാണ് ചികിത്സാ നിഷേധം വന്നത്. ഇന്നു രാവിലെ തല കറക്കവും പനിയും വന്നതിനെ തുടർന്നാണ് ചന്തു ഭാര്യയെയും കൊണ്ട് താലൂക്ക് ആശുപത്രിയിൽ എത്തിയത്. ആ സമയം ഒപി തുടങ്ങിയിരുന്നില്ല. തലകറക്കം കൂടിയതിനെ തുടർന്ന് അവശനിലയിലായിരുന്നു അഞ്ജു. തുടർന്നാണ് അഞ്ജുവിനെ ഇവർ കാഷ്വാലിറ്റിയിലേക്ക് എത്തിച്ചത്. തലകറക്കത്തിനും പനിക്കും ഒന്നും കാഷ്വാലിറ്റിയിൽ ചികിത്സ നൽകാൻ കഴിയില്ല. ഒപി സമയം ആകുമ്പോൾ ഒപിയിൽ കാണിച്ചാൽ മതി എന്നാണ് ആ സമയം കാഷ്വാലിറ്റിയിൽ ഉണ്ടായിരുന്ന നഴ്‌സ് പറഞ്ഞത്. ഇതോടെ ചന്തു തർക്കിച്ചെങ്കിലും ഇവർ കാഷ്വാലിറ്റിയിൽ ഉള്ള ഡോക്ടറെ വിളിച്ചു വരുത്താനോ ചികിത്സ നൽകാനോ തയ്യാറായില്ല. അതോടെ ആളുകൾ തടിച്ചു കൂടുകയും പൊലീസ് സ്ഥലത്ത് എത്തുകയും ചെയ്തു. ഇവിടെ പ്രശ്‌നമുണ്ടാകരുത് ചന്തുവിനെ അറസ്റ്റ് ചെയ്യും എന്നാണ് ഡ്യൂട്ടിയിലെ പൊലീസ് ഓഫീസർ പറഞ്ഞത്. ഇതോടെ തന്നെ അറസ്റ്റ് ചെയ്യാൻ ചന്തു ആവശ്യപ്പെട്ടെങ്കിലും പൊലീസ് തയ്യാറായില്ല. അഞ്ജു അവശ നിലയിലായതിനാൽ ഇവർ ഒപി സമയം വരെ കാത്തു നിൽക്കാതെ സ്വകാര്യ ആശുപത്രിയിൽ അഡ്‌മിറ്റ് ആവുകയായിരുന്നു.

അഖിൽ കോട്ടാത്തല എന്ന സമൂഹ്യപ്രവർത്തകൻ സംഭവം അറിയുകയും രാവിലെ തന്നെ ഫെയ്‌സ് ബുക്ക് ലൈവിൽ വരുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. കൊട്ടാരക്കര താലൂക്ക് ആശ്പുപത്രിയിൽ നിന്നും ദുരനുഭവം നേരിട്ടവർ കമന്റുകളായി ലൈവിന് താഴെ വരുകയും ചെയ്തു. ഇതോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ രോഷം ശക്തമായി.

അഖിൽ ഫെയ്‌സ് ബുക്ക് ലൈവിൽ പറഞ്ഞത്:

വളരെ അടിയന്തിര പ്രാധാന്യമുള്ള സംഭവം പങ്കു വയ്ക്കാനാണ് ഞാൻ ലൈവിൽ വന്നത്. എന്റെ ഒരനുജൻ, നാട്ടുകാരൻ രാവിലെ ഏഴുമണിയോടെ ഭാര്യയുടെ ചികിത്സ തേടി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തി. ഭാര്യ തല കറങ്ങി വീണതിനെ തുടർന്നാണ് ഇവർ ആശുപത്രിയിൽ എത്തിയത്. ഒപി തുടങ്ങാൻ എട്ടുമണിയാകും. അതിനാൽ ഒപിക്ക് ടിക്കറ്റ് നൽകാം. ഭാര്യ തല കറങ്ങി ഓട്ടോയിൽ ഇരിക്കുകയാണ്. അതിനാൽ കാഷ്വാലിറ്റിയിൽ കാണിക്കണം എന്നാണ് പറഞ്ഞത്. പക്ഷെ തലകറക്കം, പനി ഇതിനൊക്കെ ഒപിയിൽ കാണിച്ചാൽ മതി. ഇതിനെ തുടർന്ന് വാക്ക് തർക്കം വന്നു. ലോറി ഒക്കെ ഇടിച്ച് ചാകാറായ ആളുകളെയാണ് കാഷ്വാലിറ്റിയിൽ കാണിക്കുക. തല കറക്കം, പനി ഇതെല്ലാം ഒപിയിൽ കാണിച്ചാൽ മതി എന്ന് ആശുപത്രി അധികൃതർ പറഞ്ഞു. പൊലീസ് പറഞ്ഞത് ഇവിടെ ബഹളം വച്ചാൽ എടുത്ത് അകത്തിടും എന്നാണ്. അതോടെ അവൻ വീഡിയോ എടുക്കാൻ നോക്കി. വലിയ കേസ് ആകുമെന്നും ഒക്കെ പറഞ്ഞു പൊലീസ് അവനെ ഭീഷണിപ്പെടുത്തി. കാഷ്വാലിറ്റിയിൽ വരുന്നവരെ എവിടെ കാണിക്കണം എന്ന് കംബൗണ്ടർ ആണോ തീരുമാനിക്കുക. ഞാൻ അവിടെ ഉണ്ടായിരുന്നെങ്കിൽ ഇത്തരം സംഭാഷണങ്ങൾ പറയുന്നവരെ അടി നൽകുമായിരുന്നു. ഞാൻ നാട്ടിലില്ല. അതിനാലാണ് ഫെയ്‌സ് ബുക്ക് ലൈവിൽ വന്നത്. എനിക്ക് പറയാനുള്ളത് അവിടെയുള്ള പൊലീസുകാരനോ കംബൗണ്ടറോ അല്ല എവിടെ കാണിക്കണം എന്ന് തീരുമാനിക്കേണ്ടത്. ഡോക്ടർ ആണ്. ഇതിനു മുൻപും താലൂക്ക് ആശുപത്രിയിൽ ഇങ്ങിനെ പ്രശ്‌നങ്ങൾ നടന്നിട്ടുണ്ട്. അപ്പൊഴോക്കെ ഞങ്ങൾ അവിടെ ബന്ധപ്പെട്ടിരുന്നു. രണ്ടു തവണയാണ് പെൺകുട്ടി വീട്ടിൽ തല കറങ്ങിവീണത്. ചികിത്സാ നിഷേധം വന്നതിനെ തുടർന്ന് അവർ സത്യസായി സ്വകാര്യ ആശുപത്രിയിൽ അഡ്‌മിറ്റ് ആയി.

താലൂക്ക് ആശുപത്രിയിലെ കംബൗണ്ടറുടെ നടപടി സോഷ്യൽ മീഡിയയിൽ ചർച്ച ആക്കണം. ഡിഎംഒ ഈ കാര്യത്തിൽ ഇടപെടും എന്ന് പറഞ്ഞിട്ടുണ്ട്. സോഷ്യൽ മീഡിയ ഇത് ചർച്ച ആക്കിയാൽ മാത്രമേ നാളെ സാധാരണക്കാരൻ വരുമ്പോൾ ഇത്തരത്തിലുള്ള അനുഭവങ്ങൾ ഇല്ലാതെയാകൂ. ആശുപത്രി അധികൃതരുടെ സ്വഭാവം വളരെ മോശം ആണെന്നാണ് എന്നോടു സംസാരിച്ചവർ പറഞ്ഞത്. താലൂക്ക് ആശുപത്രി ജീവനക്കാരുടെ വിചാരം എല്ലാവരും അവിടുത്തെ സൂപ്രണ്ട് ആണെന്നാണ്. ഈ ഒരു മനോഭാവം മാറ്റിയെടുക്കാൻ തീർച്ചയായും നിങ്ങൾ ജനങ്ങൾ ഓരോരുത്തരും ഇടപെടണം. ജനങ്ങൾ തന്നെയാണ് കാര്യങ്ങൾ എല്ലാം തീരുമാനിക്കുന്നത് എന്നും ജനാധിപത്യമാണ് ഈ രാജ്യത്ത് ഉള്ളത് എന്നും ബോധ്യപ്പെടണമെന്നുണ്ടെങ്കിൽ നമ്മൾ മന്ത്രിമാരുടെ പുറകെയോ ഉദ്യോഗസ്ഥരുടെ പിറകെയോ ഒന്നും പോകേണ്ടതില്ല. പലപ്പോഴും ഇന്നത്തെ കാലത്ത് നമ്മൾ ഇടപെടേണ്ട വിഷയങ്ങളിൽ നമ്മൾ തന്നെ ഇടപെടണം. ഇന്നു കൊട്ടാരക്കര സംഭവിച്ചത് നാളെ വേറൊരിടത്ത് സംഭവിക്കും. എന്തെങ്കിലും ഒന്ന് സംഭവിച്ച് മരണപ്പെട്ടുകഴിയുമ്പോൾ സോഷ്യൽ മീഡിയയിൽ ഹാഷ് ടാഗും ഇട്ട് മുഖ്യമന്ത്രിയെയും തെറിവിളിച്ച് താലൂക്ക് ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ച് കുത്തിയിരിക്കുന്ന ഏർപ്പാട് അവസാനിപ്പിക്കണം. അതുകൊണ്ട് നിങ്ങൾ ചെയ്യേണ്ട ഉത്തരവാദിത്തങ്ങൾ നിങ്ങൾ ചെയ്യാൻ വേണ്ടി ശ്രമിക്കണം. തീർച്ചയായും പ്രതികരിക്കണം.

ചന്തു താലൂക്ക് ആശുപത്രിയിൽ വെച്ച് പ്രതികരിച്ചപ്പോൾ പൊലീസുകാരൻ പറഞ്ഞത് അവനെ എടുത്ത് അകത്തിടും എന്നാണ്. ആ അകത്തിടൽ എല്ലാം അവന്റെ കയ്യിൽ വച്ചാൽ മതി. അവനൊന്നും അല്ല ഈ രാജ്യത്തെ കാര്യങ്ങൾ തീരുമാനിക്കുന്നത്. അതുപോലെ ഇവിടെ ഡോക്ടർമാർ ഉണ്ടോ ഇല്ലയോ എന്നല്ല, ഇരുപത്തിനാല് മണിക്കൂറും അത്യാഹിത വിഭാഗത്തിൽ ഡോക്ടർമാർ ഉണ്ടായിരിക്കണം. ഏത് രോഗിയേയും പരിശോധിച്ച് വേറെ ആശുപത്രിയിലേക്ക് റഫർ ചെയ്യണമെങ്കിൽ അതെല്ലാം ചെയ്യാൻ ബാധ്യതയുള്ളവർ തന്നെയാണ് അവിടെ ഇരിക്കുന്ന ഡോക്ടർമാർ. ആ ഡോക്ടർമാർക്ക് പണി അറിയില്ലെങ്കിൽ പണി പഠിക്കണം എന്ന് പറഞ്ഞു തത്ക്കാലം ഞാൻ നിർത്തുകയാണ്. എന്റെ ഭാഷ കടുത്ത് പോയെങ്കിൽ ഉള്ളിന്റെ ഉള്ളിലുള്ള ജനാധിപത്യ ബോധം കൊണ്ടും ഇത്തരം വിഷയങ്ങളിൽ പ്രതികരിച്ച് ശീലം ഉള്ളതുകൊണ്ടുമാണ്. നിങ്ങൾ ദയവു ചെയ്ത് പരമാവധി വാർത്ത ഷെയർ ചെയ്യണം. നിങ്ങൾ ഈ വീഡിയോ, ചന്തുവിന്റെ വീഡിയോ ഷെയർ ചെയ്യണം. ശക്തമായ പ്രതികരണം ഉണ്ടാകണം. സാധാരണക്കാരായ രോഗികളുടെ ആശ്രയമാണ് താലൂക്ക് ആശുപത്രികൾ. എവിടെ ജനങ്ങളോട് സഹാനുഭൂതിയോടെ പെരുമാറാൻ അറിഞ്ഞു കൂടാത്ത, ഗുണ്ടായിസം കാട്ടുന്ന, ഞാനാണ് എല്ലാം തീരുമാനിക്കുന്നത് എന്ന രീതിയിൽ കംബൗണ്ടർ പരിശോധിക്കേണ്ട ഏത് ഡോക്ടറെ കാണിക്കണം എന്ന്. ആരെ കാണിക്കണം എന്നത് നമ്മൾ തീരുമാനിക്കും. ജീവനക്കാർ എഴുതി നല്‌കേണ്ട ജോലികൾ ചെയ്താൽ മതി. അല്ലെങ്കിൽ നാട്ടുകാർ കയറി ചെവിക്കല്ലടിച്ച് തിരിക്കും എന്ന് അവനെ ബോധ്യപ്പെടുത്താൻ വേണ്ടിയാണ് ഈ ലൈവിൽ വന്നത്. ഇത് നീതിബോധത്തിന്റെ അടിസ്ഥാനത്തിലുള്ള ദേഷ്യമാണ്. ഈ വീഡിയോ എല്ലാവരും ഷെയർ ചെയ്യുക.

ഭാര്യയെയും കൊണ്ട് ആശുപത്രിയിൽ എത്തിയ ചന്തുവിന്റെ പ്രതികരണം:

ഞാൻ ഗൾഫിലാണ്. വിവാഹം കഴിഞ്ഞിട്ട് ഒരാഴ്ചയായിട്ടേയുള്ളൂ. രാവിലെ ഭാര്യയ്ക്ക് പനി. ഒപ്പം തല ചുറ്റലും ശർദ്ദിയും. വീട്ടിൽ വീണതിനെ തുടർന്ന് രാവിലെ ഏഴുമണിയോടെ ആശുപത്രിയിൽ എത്തി. ഭാര്യയ്ക്ക് തീരെ വയ്യ. തലകറക്കം നിൽക്കുന്നുമില്ല. ഓട്ടോ വിളിച്ചാണ് ആശുപത്രിയിൽ എത്തിച്ചത്. അനിയനെ അതിനു മുൻപ് തന്നെ ആശുപത്രിയിലേക്ക് പറഞ്ഞുവിട്ടിരുന്നു. ആശുപത്രിയിൽ എത്തിയപ്പോൾ ഒപിയില്ല. അതിനാൽ കാഷ്വാലിറ്റിയിൽ കാണിക്കാനാണ് പറഞ്ഞത്. കാഷ്വാലിറ്റിയിൽ പോയപ്പോൾ എന്താണ് എന്ന് ചോദിച്ചു.

തലകറക്കം, പനി എന്ന് പറഞ്ഞു. കുഴപ്പമില്ല. ഒപിയിൽ കാണിച്ചാൽ മതി എന്നാണ് പറഞ്ഞത്. എട്ടുമണിയായാൽ ഒപി തുടങ്ങും. കാഷ്വാലിറ്റിയിൽ കാണിക്കാൻ കഴിയില്ല എന്ന് തന്നെ ജീവനക്കാരി തീർത്ത് പറഞ്ഞു. അപ്പോൾ ഞാൻ ഫെയ്‌സ് ബുക്ക് ലൈവ് ഇട്ടു. പൊലീസുകാരൻ വന്നു പറഞ്ഞു. ലൈവ് ഒന്നും എടുക്കാൻ കഴിയില്ലെന്ന്. കേസ് എടുക്കും എന്നാണ് പൊലീസ് പറഞ്ഞത്. ഇത് വലിയ വിഷയമുള്ള കേസ് ആണ്. നിനക്ക് അതിന്റെ ഗൗരവം അറിയാഞ്ഞിട്ടാണ്. പിന്നെ ഒന്നും ചെയ്യാൻ കഴിയില്ല എന്നൊക്കെ പറഞ്ഞു. ഞാൻ പറഞ്ഞു അറസ്റ്റ് ചെയ്യൂ. കേസ് എടുക്കൂ എന്നൊക്കെ പറഞ്ഞു.

ഭാര്യ വീഴാൻ പോകുന്ന അവസ്ഥയിലാണ്. പിന്നെ ഞങ്ങൾ ഭാര്യയുമായി സ്വകാര്യ ആശുപത്രിയിൽ പോയി. പ്രശ്‌നമുണ്ടായപ്പോൾ രാവിലെ ആളുകൾ അവിടെ കൂടുകയും ചെയ്തു. എല്ലാം ഞങ്ങൾ പറയുന്നത് പോലെയേ നടക്കൂ. നിങ്ങൾക്ക് ഇവിടെ ഒന്നും വോയ്‌സില്ല. ഇതിനു മുൻപും ഞങ്ങൾക്ക് ഇവിടെനിന്നും ദുരനുഭവം ഉണ്ടായിട്ടുണ്ട്. ഇപ്പോൾ ഭാര്യ സ്വകാര്യ ആശുപത്രിയിലാണ് ഉള്ളത്. ആരോഗ്യമന്ത്രിക്ക് തന്നെ ഈ കാര്യത്തിൽ പരാതി നൽകാനാണ് പരിപാടി-ചന്തു പറയുന്നു.

പ്രശ്‌നത്തെക്കുറിച്ച് അറിയില്ല, അന്വേഷിക്കും: ഡിഎംഒ

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ചികിത്സാ നിഷേധത്തെക്കുറിച്ച് അറിയില്ലെന്നും എന്താണ് സംഭവിച്ചത് എന്ന് ആശുപത്രിയിൽ തിരക്കുമെന്നും പാകപ്പിഴകൾ വന്നെങ്കില നടപടി സ്വീകരിക്കുമെന്ന് കൊല്ലം ഡിഎംഒ ഡോക്ടർ ഷെർലി പറഞ്ഞു. ഒരു പരാതിയും മുൻപാകെ വന്നിട്ടില്ല. പ്രശ്‌നത്തെക്കുറിച്ച് ഇപ്പോൾ പറയുമ്പോഴാണ് അറിയുന്നത്-ഷേർളി പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP