Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാപ്പ് പറയാൻ എന്റെ പേര് രാഹുൽ സവർക്കർ എന്നല്ല, രാഹുൽ ഗാന്ധി എന്നാണ്; മാപ്പ് പറയേണ്ടത് മോദിയാണ്; ഇന്ത്യയുടെ ശത്രുക്കൾക്ക് തകർക്കാൻ കഴിയാത്ത സമ്പദ് വ്യവസ്ഥയെ തകർത്തത് മോദി ഒറ്റയ്ക്ക്; റേപ് ഇൻ ഇന്ത്യ വിവാദത്തിൽ മാപ്പ് പറയാനില്ലെന്ന് അർത്ഥശങ്കയ്ക്കിടയില്ലാതെ പ്രഖ്യാപിച്ച് ഭാരത് ബച്ചാവോ റാലിയിൽ രാഹുൽ ഗാന്ധി

മാപ്പ് പറയാൻ എന്റെ പേര് രാഹുൽ സവർക്കർ എന്നല്ല, രാഹുൽ ഗാന്ധി എന്നാണ്; മാപ്പ് പറയേണ്ടത് മോദിയാണ്; ഇന്ത്യയുടെ ശത്രുക്കൾക്ക് തകർക്കാൻ കഴിയാത്ത സമ്പദ് വ്യവസ്ഥയെ തകർത്തത് മോദി ഒറ്റയ്ക്ക്; റേപ് ഇൻ ഇന്ത്യ വിവാദത്തിൽ മാപ്പ് പറയാനില്ലെന്ന് അർത്ഥശങ്കയ്ക്കിടയില്ലാതെ പ്രഖ്യാപിച്ച് ഭാരത് ബച്ചാവോ റാലിയിൽ രാഹുൽ ഗാന്ധി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഭാരത് ബച്ചാവോ റാലിയിൽ സംഘപരിവാറിനെ കടന്നാക്രമിച്ച് രാഹുൽ ഗാന്ധിയുടെ പ്രസംഗം. എന്റെ പേര് രാഹുൽ സവർക്കർ എന്നല്ല രാഹുൽ ഗാന്ധിയെന്നാണ്. മാപ്പുപറയില്ല. മാപ്പ് പറയേണ്ടത് മോദിയാണ് അമിത് ഷായാണ്- രാഹുൽ പറഞ്ഞു. 

രാജ്യസഭയിൽ ബിജെപിക്കാർ എന്റെ മാപ്പിന് വേണ്ടി ബഹളം വെക്കുന്നത് നിങ്ങൾ കേട്ടു. ഞാൻ മാപ്പ് പറഞ്ഞേ തീരുവെന്നാണ് അവർ പറഞ്ഞത്. എന്നാൽ അവരോട് എനിക്ക് പറയാനുള്ള കാര്യം ഇതാണ്. എന്റെ പേര് രാഹുൽ ഗാന്ധിയെന്നാണ് രാഹുൽ സവർക്കർ എന്നല്ല. ഞാൻ മാപ്പ് പറയില്ല. കോൺഗ്രസിൽ നിന്ന് ഒരാൾ പോലും മാപ്പ് പറയില്ല- രാഹുൽ ഗാന്ധി പറഞ്ഞു.

'മേക് ഇൻ ഇന്ത്യ' അല്ല 'റേപ് ഇൻ ഇന്ത്യ'യാണെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിന്റെ പേരിലാണ് ബിജെപി അദ്ദേഹം മാപ്പ് പറയണം എന്നാവശ്യപ്പെടുന്നത്. ഝാർഖണ്ഡിൽ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു രാഹുലിന്റെ വിവാദ പരാമർശം. സ്ത്രീകളെ പരസ്യമായി അപമാനിച്ചു. രാഹുലിനെതിരെ കർശനമായി നടപടി കൈക്കൊള്ളണമെന്നും ബിജെപി എംപിമാർ പാർലമെന്റിൽ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുപ്രധാന ആശയത്തെ വളരെ മോശം രീതിയിൽ രാഹുൽ ചിത്രീകരിച്ചു. രാഷ്ട്രീയ വൈരാഗ്യം തീർക്കേണ്ടത് സ്ര്തീകളെ ഉപയോഗിച്ചല്ലെന്നും എംപിമാർ ആരോപിച്ചു.

എന്നാൽ രാജ്യത്ത് സ്ത്രീകൾ നേരിടുന്ന ദുരവസ്ഥയെ തുറന്നുകാട്ടുന്നതിനാണ് രാഹുൽ ഇത്തരത്തിലുള്ള പരാമർശം നടത്തിയതെന്ന് കോൺഗ്രസ് പ്രതിരോധിച്ചു. എന്നാൽ വിവാദങ്ങൾക്ക് മറുപടി പറയാൻ രാഹുൽ ഇതുവരെ സഭയിൽ എത്തിയിരുന്നില്ല. എന്നാൽ, ഇന്ന് രാംലീല മൈതാനിയിൽ സംഘടിപ്പിച്ച പടുകൂറ്റൻ റാലിയിൽ താൻ മാപ്പ് പറയില്ലെന്ന് രാഹുൽ പരസ്യമായി പ്രഖ്യാപിച്ചത്. ബിജെപിക്കെതിരെ രൂക്ഷമായ ഭാഷയിലാണ് രാഹുൽ പ്രതികരിച്ചത്.

ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ടത് മോദിയും അമിത് ഷായുമാണ്. മോദി സർക്കാർ നമ്മുടെ സമ്പദ് വ്യവസ്ഥയെ തകർത്തുകളഞ്ഞു. നോട്ട് നിരോധനം നമ്മുടെ സമ്പദ് വ്യവസ്ഥയെ ഇല്ലാതാക്കി. മോദി നോട്ട് നിരോധനം എന്ന പേരിൽ കള്ളം പറഞ്ഞു. മോദി ഇന്ത്യയെ തകർത്തിരിക്കുകയാണ്. അദാനിക്കും അനിൽ അംബാനിക്കും വേണ്ടി അദ്ദേഹം പ്രവർത്തിക്കുന്നു. ജി.എസ്.ടിയുടെ കാര്യത്തിൽ നൽകിയ എല്ലാ നിർദ്ദേശവും മോദി തള്ളിക്കളഞ്ഞു. രാഹുൽ പറഞ്ഞു.

മോദി രാജ്യത്തെ വിഭജിക്കുകയാണെന്നും അദ്ദേഹത്തിന് ആകെ ആശങ്ക അധികാരത്തെക്കുറിച്ചോർത്തു മാത്രമാണെന്നും രാഹുൽ പറഞ്ഞു. മോദി ഒറ്റയ്ക്ക് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകർത്തെന്നും അദ്ദേഹം ആരോപിച്ചു. 'രാജ്യം നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തത് സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്താനും യുവാക്കൾക്കു തൊഴിൽ നൽകാനുമാണ്. പക്ഷേ അദ്ദേഹം അതു ചെയ്തിട്ടില്ല. പകരം ജനങ്ങളുടെ പോക്കറ്റിൽ നിന്നു പണമെടുത്ത് വ്യവസായികൾക്കു നൽകി. രണ്ടോ മൂന്നോ വ്യവസായികളാണ് ഈ പണമെല്ലാം എടുത്തത്, എല്ലാ വ്യവസായികളുമല്ല.

കഴിഞ്ഞ അഞ്ചുവർഷത്തിനിടെ അദാനിക്ക് മോദി നൽകിയത് 50 കരാറുകളാണ്. നിങ്ങളതിനെ മോഷണമെന്നു വിളിക്കില്ല, നിങ്ങളതിനെ അഴിമതിയെന്നു വിളിക്കില്ല. പിന്നെന്താണു വിളിക്കുക? ജമ്മു കശ്മീരിലേക്കും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്കും നോക്കുക, നിങ്ങൾക്കു കാണാം, ആ മേഖലകൾ കത്തുകയാണ്. മോദി രാജ്യത്തെ വിഭജിച്ചു, ദുർബലപ്പെടുത്തി.'- രാഹുൽ പറഞ്ഞു.

സമ്പദ് വ്യവസ്ഥ തകർന്നതിനെക്കുറിച്ചും രാഹുൽ സംസാരിച്ചു. 'ഒമ്പതു ശതമാനത്തിൽ രാജ്യം വളർന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. ചൈനയുടെയും ഇന്ത്യയുടെയും വിജയത്തെക്കുറിച്ച് ആളുകൾ സംസാരിച്ചിരുന്നു. അവർ 'ചിന്ത്യ' എന്നാണു വിളിച്ചിരുന്നത്. പക്ഷേ ഇന്നു നമ്മളെ നോക്കുക. കൈയിൽ ഉള്ളിയുമായാണ് ആളുകൾ നിൽക്കുന്നത്.

ഇന്ന് ജി.ഡി.പി വളർച്ച നാലു ശതമാനമാണ്. ജി.ഡി.പി കണക്കാക്കാനുള്ള രീതി ബിജെപി മാറ്റിയതിനു ശേഷവും. പഴയ രീതിയിലായിരുന്നു കണക്കാക്കുന്നതെങ്കിൽ ഇത് വെറും 2.5 ശതമാനത്തിലെത്തിയേനെ. ഇന്ത്യയുടെ ശത്രുക്കൾക്കു നമ്മുടെ സമ്പദ് വ്യവസ്ഥ തകർക്കണമെന്നുണ്ട്. അവർക്കതു ചെയ്യാൻ സാധിച്ചിട്ടില്ല. പക്ഷേ, മോദി ഒറ്റയ്ക്ക് അതു ചെയ്തു.'- രാഹുൽ ഗാന്ധി പറഞ്ഞു.

ശിവസേന പ്രതികരിക്കട്ടെ എന്ന് ബിജെപി

അതേസമയം, മാപ്പ് പറയാൻ തന്റെ പേര് രാഹുൽ സവർക്കർ എന്നല്ലെന്ന രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിൽ പ്രതികരണവുമായി ബിജെപി രംഗത്ത്. വിനായക് ദാമോദർ സവർക്കറെ കുറിച്ച് രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തോട് മഹാരാഷ്ട്രയിലെ ഭരണകക്ഷിയും കോൺഗ്രസിന്റെ സഖ്യകക്ഷിയുമായ ശിവസേനയ്ക്ക് എന്താണ് പറയാനുള്ളതെന്ന് അറിയാൻ കാത്തിരിക്കുകയാണെന്നാണ് ബിജെപി ഐ.ടി സെൽ തലവൻ അമിത് മാളവ്യ പ്രതികരിച്ചിരിച്ചു. 'മാപ്പ് പറഞ്ഞ ഭീരു' എന്ന മട്ടിലാണ് രാഹുൽ ഗാന്ധി സവർക്കറെ കുറിച്ച് പരാമർശിച്ചതെന്നും മാളവ്യ പറയുന്നു. ട്വിറ്റർ വഴിയാണ് മാളവ്യ രാഹുൽ ഗാന്ധിയുടെ പരാമർശത്തോട് പ്രതികരിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP