Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബിജെപി വിരോധത്തിൽ രൂപം കൊണ്ട ശിവസേന സഖ്യം വൈരുദ്ധ്യങ്ങളിൽ തട്ടി തകർന്നടിയുമോ? സഖ്യം നിലനിർത്താൻ പൗരത്വ ബില്ലിൽ സ്വന്തം നിലപാട് വിഴുങ്ങേണ്ടി വന്ന ശിവസേന സവർക്കറിന് എതിരെയുള്ള രാഹുലിന്റെ പരാമർശത്തിൽ നിയന്ത്രണം വിട്ടു രംഗത്ത്; മഹാരാഷ്ട്രയുടെ മാത്രമല്ല രാജ്യത്തിന്റെ തന്നെ ദൈവമായി സവർക്കറെ കുറിച്ചു അതും ഇതും പറഞ്ഞാൽ കൈയും കെട്ടി നോക്കി നിൽക്കില്ലെന്ന താക്കീതുമായി ശിവസേന നേതാവ് രംഗത്ത്

ബിജെപി വിരോധത്തിൽ രൂപം കൊണ്ട ശിവസേന സഖ്യം വൈരുദ്ധ്യങ്ങളിൽ തട്ടി തകർന്നടിയുമോ? സഖ്യം നിലനിർത്താൻ പൗരത്വ ബില്ലിൽ സ്വന്തം നിലപാട് വിഴുങ്ങേണ്ടി വന്ന ശിവസേന സവർക്കറിന് എതിരെയുള്ള രാഹുലിന്റെ പരാമർശത്തിൽ നിയന്ത്രണം വിട്ടു രംഗത്ത്; മഹാരാഷ്ട്രയുടെ മാത്രമല്ല രാജ്യത്തിന്റെ തന്നെ ദൈവമായി സവർക്കറെ കുറിച്ചു അതും ഇതും പറഞ്ഞാൽ കൈയും കെട്ടി നോക്കി നിൽക്കില്ലെന്ന താക്കീതുമായി ശിവസേന നേതാവ് രംഗത്ത്

മറുനാടൻ ഡെസ്‌ക്‌

മുംബൈ: കോൺഗ്രസ് അധ്യക്ഷ പദവിയിലേക്ക് രാഹുൽ ഗാന്ധി വീണ്ടും എത്തുമെന്ന പൊതുവികാരമാണ് കഴിഞ്ഞ ദിവസം ഇന്നലെ രാംലീല മൈതാനിയിൽ കാണാനായത്. ഇങ്ങനെ അധ്യക്ഷ പദവിയിലേക്ക് വീണ്ടും വരാൻ ഒരുങ്ങുന്ന രാഹുൽ ഗാന്ധിയുടെ അപക്വമായ രാഷ്ട്രീയ പ്രസ്താവനയാണ് ഇന്നലെ രാജ്യം കേട്ടത്. മഹാരാഷ്ട്രയിൽ ശിവസേനയുമൊത്ത് ഭരണം പങ്കിടുന്ന കോൺഗ്രസ് സർക്കാറിന് തിരിച്ചടിയാകുന്ന പ്രസ്താവനയാണ് ഇന്നലെ രാഹുൽ നടത്തിയത്. തന്റെ പേര് രാഹുൽ സവർക്കറെന്നല്ല, രാഹുൽ ഗാന്ധിയെന്നാണെന്നും 'റേപ്പ് ഇൻ ഇന്ത്യ' പരാമർശത്തിൽ മാപ്പുചോദിക്കില്ലെന്നും ഡൽഹിയിലെ രാംലീല മൈതാനിയിൽ നടന്ന കോൺഗ്രസ് റാലിയിൽ പ്രസംഗിക്കവേ രാഹുൽഗാന്ധി പറഞ്ഞിരുന്നു. ഈ പരാമർശത്തിനെതിരെ രംഗത്തെത്തിയിരിക്കയാണ് ശിവസേന.

മഹാരാഷ്ടയിലെ സഖ്യം നിലനിർത്താൻ വേണ്ടി പൗരത്വ ബില്ലിൽ ശിവസേന നിലപാട് മാറ്റിയിരുന്നു. ഇങ്ങനെ നിലപാട് മാറ്റിയതു കൊണ്ട് ഗുണം ലഭിച്ചില്ലെന്നാണ് രാഹുലിന്റെ പ്രസ്താവനയോടുള്ള ശിവസേനയുടെ പ്രതികരണം സൂചിപ്പിക്കുന്നത്. ഒരു സഖ്യ കക്ഷിയായാൽ പരസ്പരം ബഹുമാനിക്കണമെന്നും കോൺഗ്രസിനോട് ശിവസേന അഭ്യർത്ഥിക്കുന്നു. ഹിന്ദു നേതാവ് വി.ഡി. സവർക്കറെപ്പറ്റി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തിനെതിരേ ശിവസേനയുടെ മുതിർന്ന നേതാവ് സഞ്ജയ് റാവുത്ത് രംഗത്തെത്തുകയും ചെയ്തു.

'വീർ സവർക്കർ മഹാരാഷ്ട്രയുടെമാത്രമല്ല, രാജ്യത്തിന്റെതന്നെ ദൈവമാണെന്നും അദ്ദേഹത്തെ അപമാനിക്കരുതെ'ന്നുമാണ് സഞ്ജയ് റാവുത്ത് 'ട്വിറ്റർ' സന്ദേശത്തിൽ പറഞ്ഞത്. ഗാന്ധിജിയെയും നെഹ്റുവിനേയുംപോലെ സവർക്കറും ദേശത്തിനുവേണ്ടിയാണ് ജീവൻവെടിഞ്ഞത്. ഇത്തരത്തിലുള്ള എല്ലാവരും ബഹുമാനിക്കപ്പെടണം. ഇക്കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയുമില്ലെന്നും റാവുത്ത് പറഞ്ഞു.

രാഹുലിന്റെ വിവാദ പ്രസ്താവനയെ തുടർന്ന് ശിവസേനയ്ക്ക് എന്താണ് പറയാനുള്ളതെന്ന് ബിജെപി. നേതാക്കൾ ചോദിച്ചിരുന്നു. വിനായക് ദാമോദർ സവർക്കറെ കുറിച്ച് രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തോട് മഹാരാഷ്ട്രയിലെ ഭരണകക്ഷിയും കോൺഗ്രസിന്റെ സഖ്യകക്ഷിയുമായ ശിവസേനയ്ക്ക് എന്താണ് പറയാനുള്ളതെന്ന് അറിയാൻ കാത്തിരിക്കുകയാണെന്നാണ് ബിജെപി ഐ.ടി സെൽ തലവൻ അമിത് മാളവ്യ പ്രതികരിച്ചിരിക്കുന്നത്. 'മാപ്പ് പറഞ്ഞ ഭീരു' എന്ന മട്ടിലാണ് രാഹുൽ ഗാന്ധി സവർക്കറെ കുറിച്ച് പരാമർശിച്ചതെന്നും മാളവ്യ പറയുന്നു. ട്വിറ്റർ വഴിയാണ് മാളവ്യ രാഹുൽ ഗാന്ധിയുടെ പരാമർശത്തോട് പ്രതികരിച്ചിരിക്കുന്നത്.

സഖ്യകക്ഷിയായിരുന്ന ബിജെപി.യെ തള്ളി കോൺഗ്രസുമായും എൻ.സി.പി.യുമായും സഖ്യമുണ്ടാക്കിയാണ് ശിവസേന മഹാരാഷ്ട്രയിൽ ഭരണത്തിലേറിയത്. ഈ സാഹചര്യത്തിലാണ് ശിവസേനയുടെ അഭിപ്രായം ശ്രദ്ധേയമായത്. ബ്രിട്ടീഷ് ഭരണകാലത്ത് അന്തമാനിലെ ജയിലിൽനിന്ന് ശിക്ഷാകാലാവധി പൂർത്തിയാകുംമുമ്പ് മോചിതനാവാൻവേണ്ടി സവർക്കർ ബ്രിട്ടീഷുകാരോട് മാപ്പു പറഞ്ഞിരുന്നതായി ആരോപണമുണ്ട്. ഇതാണ് രാഹുൽ തന്റെ പരാമർശത്തിലൂടെ സൂചിപ്പിച്ചത്.

കോൺഗ്രസ് സമ്മർദ്ദത്തെ തുടർന്നാണ് പൗരത്വ ബിൽ വോട്ടെടുപ്പിൽ നിന്നും ശിവസേന വിട്ടുനിന്നത്. ലോക്സഭയിൽ ബില്ലിന് അനുകൂലമായി വോട്ട് ചെയ്ത ശിവസേന, മഹാരാഷ്ട്രയിലെ സഖ്യകക്ഷിയായ കോൺഗ്രസിന്റെ സമ്മർദ്ദത്തെ തുടർന്നാണ് നിലപാട് മാറ്റുകയും ചെയ്തു. ഇത് ശിവസേനയുടെ രാഷ്ട്രീയ നിലപാടിന് തിരിച്ചടിയായി മാറുകയും ചെയ്തു. ഈ ബിൽ രാജ്യത്ത് ഒരു അദൃശ്യവിഭജനത്തിന് വഴിവെക്കുമെന്ന് ശിവസേന മുഖപത്രം സാമ്ന ആശങ്കപ്രകടിപ്പിച്ചിരുന്നു. എന്നാൽ ബിൽ ലോക്സഭയിലെത്തിയപ്പോൾ അവർ പിന്തുണക്കുകയും ചെയ്തു. ഇതോടെ മഹാരാഷ്ട്രയിലെ സഖ്യത്തിൽ അസ്വാരസ്യം ഉടലെടുത്തു. പിന്നീട് കോൺഗ്രസ് സമ്മർദ്ദത്തെ തുടർന്ന് നിലപാടിൽ അയവു വരുത്തി രാജ്യസഭയിൽ വോട്ടിംഗിൽ നിന്നും പിന്മാറുകയും ചെയ്തു. ഇങ്ങനെ നിലാപാടുകളിൽ വിട്ടുവീഴ്‌ച്ച ചെയ്തു കൊണ്ട് സഖ്യം എത്രകാലം മുന്നോട്ടു പോകുമെന്നാണ് ഇനി അറിയേണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP