Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പൗരത്വ നിയമത്തിനെതിരെ കേരള മുസ്ലിംങ്ങൾക്കിടയിൽ കടുത്ത പ്രതിഷേധം; പൗരന്മാരെ രണ്ടായി വിഭജിക്കുന്ന കേന്ദ്രസർക്കാരിന്റെ നടപടി ഭരണഘടനാവിരുദ്ധമെന്ന് സമസ്ത; കോഴിക്കോട് സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിൽ പങ്കെടുത്തത് പതിനായിരങ്ങൾ; രാജ്യം നേരിടുന്ന ഗുരുതര പ്രശ്‌നങ്ങളിൽ നിന്നു ജനശ്രദ്ധ തിരിച്ചുവിടാനുള്ള മോദി സർക്കാറിന്റെ കുടില തന്ത്രമെന്ന് ഹൈദരലി തങ്ങൾ; ഇന്ത്യ ഏതെങ്കിലും മതവിഭാഗത്തിന്റെ തറവാട്ടു സ്വത്തല്ല, അങ്ങനെയാവാൻ ഒരു കാലത്തും അനുവദിക്കുകയുമില്ലെന്ന് ജിഫ്രി മുത്തുക്കോയ തങ്ങളും

പൗരത്വ നിയമത്തിനെതിരെ കേരള മുസ്ലിംങ്ങൾക്കിടയിൽ കടുത്ത പ്രതിഷേധം; പൗരന്മാരെ രണ്ടായി വിഭജിക്കുന്ന കേന്ദ്രസർക്കാരിന്റെ നടപടി ഭരണഘടനാവിരുദ്ധമെന്ന് സമസ്ത; കോഴിക്കോട് സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിൽ പങ്കെടുത്തത് പതിനായിരങ്ങൾ; രാജ്യം നേരിടുന്ന ഗുരുതര പ്രശ്‌നങ്ങളിൽ നിന്നു ജനശ്രദ്ധ തിരിച്ചുവിടാനുള്ള മോദി സർക്കാറിന്റെ കുടില തന്ത്രമെന്ന് ഹൈദരലി തങ്ങൾ; ഇന്ത്യ ഏതെങ്കിലും മതവിഭാഗത്തിന്റെ തറവാട്ടു സ്വത്തല്ല, അങ്ങനെയാവാൻ ഒരു കാലത്തും അനുവദിക്കുകയുമില്ലെന്ന് ജിഫ്രി മുത്തുക്കോയ തങ്ങളും

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കേന്ദ്രസർക്കാർ പാസാക്കിയ പൗരത്വ ഭേദഗതി നിയമം കേരള മുസ്ലിംങ്ങളെ നേരിട്ടു ബാധിക്കില്ലെങ്കിലും കേരളത്തിലെ മുസ്ലിംങ്ങൾക്കിടയിൽ കടുത്ത പ്രതിഷേധമാണ് ഉടലെടുത്തിരിക്കുന്നത്. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ കേരളത്തിൽ അങ്ങോളമിങ്ങോളം സമരങ്ങൾ നടക്കുകയാണ്. ഈ വിഷയത്തിൽ വിവിധ സംഘടനകൾ കൈകോർത്തു കൊണ്ട് ഹർത്താൽ നടത്തുമ്പോൾ തന്നെ സമസ്ത അടക്കമുള്ള സംഘടനകളും പ്രക്ഷോഭ പാതയിലാണ്. ഇന്നലെ സമസ്ത കോഴിക്കോട് സംഘടിപ്പിച്ച പരിപാടിയിൽ വൻ ജനപങ്കാളിത്തമാണ് ഉണ്ടായത്.

രാജ്യം നേരിടുന്ന ഗുരുതരമായ പ്രശ്‌നങ്ങളിൽ നിന്നു ജനശ്രദ്ധ തിരിച്ചുവിടാൻ മോദി സർക്കാർ നടത്തുന്ന കുടില തന്ത്രമാണു പൗരത്വഭേദഗതി നിയമമെന്നു സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സംഘടിപ്പിച്ച പൗരത്വ സംരക്ഷണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയമ ഭേദഗതിയിലൂടെ പൗരന്മാരെ രണ്ടായി വിഭജിക്കുന്ന കേന്ദ്രസർക്കാരിന്റെ നടപടി ഭരണഘടനാവിരുദ്ധവും രാജ്യത്തിന്റെ ഐക്യവും സഹവർത്തിത്വവും തകർക്കുന്നതുമാണ്. എല്ലാ വിഭാഗം ജനങ്ങൾക്കും തുല്യനീതിയും തുല്യാവകാശവും ഉറപ്പാക്കുന്ന ഭരണഘടനയുടെ 14 ാം അനുച്ഛേദം ഇത്തരം വിഭാഗീയ നടപടികൾ അംഗീകരിക്കുന്നില്ല. അതുകൊണ്ടു മോദി സർക്കാരിന്റെ ഈ നീക്കം നിയമപ്രകാരം നിലനിൽക്കില്ലെന്നും ഹൈദരലി ശിഹാബ് തങ്ങൾ പറഞ്ഞു.

ഒരു സമുദായത്തിനു മാത്രം പൗരത്വം നിഷേധിച്ച അനുഭവം ഇന്ത്യയുടെ ചരിത്രത്തിൽ ഇല്ല. അഭയാർഥികളായി എത്തിയവരിൽ മുസ്ലിംകളെ മാത്രം ഒഴിവാക്കി മറ്റുള്ളവർക്കു പൗരത്വം നൽകാനുള്ള തീരുമാനം വിവേചനമാണ്. മതധ്രുവീകരണമാണു ബിജെപിയുടെ അജൻഡ. മതരാഷ്ട്രമാണ് അവരുടെ ലക്ഷ്യം. ഇത് ഇന്ത്യയുടെ പാരമ്പര്യത്തിന് എതിരാണ്. രാജ്യത്തെ പ്രബല ന്യൂനപക്ഷത്തെ ഭീതിയിൽ നിർത്താനാണു ശ്രമിക്കുന്നത്. പൗരത്വപ്പട്ടിക ദേശവ്യാപകമാക്കുമ്പോൾ കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ ജനങ്ങളെയും ബാധിക്കും.. ഭരണവീഴ്ച മറച്ചുവയ്ക്കാൻ നടത്തുന്ന വിഭജന തന്ത്രങ്ങളെ മതനിരപേക്ഷ വിശ്വാസികൾ ചെറുത്തു തോൽപിക്കുമെന്നും ഹൈദരലി തങ്ങൾ പറഞ്ഞു.

ഇന്ത്യ ഏതെങ്കിലും മതവിഭാഗത്തിന്റെ തറവാട്ടു സ്വത്തല്ലെന്ന് ജിഫ്രിക്കോയ തങ്ങൾ

മതത്തിന്റെ പേരിൽ ഒരു വിഭാഗത്തിനു മാത്രം പൗരത്വം നിഷേധിക്കുന്നതു ഭരണഘടനാ വിരുദ്ധവും രാജ്യത്തിന്റെ മതേതരപാരമ്പര്യത്തെ നിരാകരിക്കുന്നതുമാണെന്നു സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. സമൂഹത്തിൽ വർഗീയധ്രുവീകരണം സൃഷ്ടിക്കുന്നതും രാജ്യത്തെ മതത്തിന്റെ പേരിൽ വിഭജിക്കുന്നതുമായ നിയമം ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്ന ഒരു ഇന്ത്യക്കാരനും അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്വന്തം ജന്മഗൃഹത്തിൽനിന്നും ജന്മദേശത്തുനിന്നും ആട്ടിയോടിക്കാനുള്ള ഫാസിസ്റ്റ് ഭരണകൂടത്തിന്റെ കുടിലശ്രമങ്ങൾ ജനാധിപത്യമാർഗത്തിൽ ഉറച്ചുനിന്നു ചെറുത്തുതോൽപ്പിക്കാൻ ജനാധിപത്യസമൂഹം പ്രതിജ്ഞാബദ്ധമാണെന്നും ജിഫ്രി തങ്ങൾ പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സംഘടിപ്പിച്ച പൗരത്വ സംരക്ഷണ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ മഹാരാജ്യം ഏതെങ്കിലും മതവിഭാഗത്തിന്റെ തറവാട്ടു സ്വത്തല്ല, അങ്ങനെയാവാൻ ഒരു കാലത്തും അനുവദിക്കുകയുമില്ലെന്നും ജിഫ്രി തങ്ങൾ പറഞ്ഞു. മുസ്ലിംകളല്ലാത്തവർക്ക് പൗരത്വം കൊടുക്കേണ്ടെന്നല്ല ഞങ്ങൾ പറയുന്നത്. എല്ലാവർക്കും കൊടുക്കണം. അവരിങ്ങോട്ട് വന്നത് ഈ രാജ്യത്തെ സ്നേഹിച്ചുകൊണ്ടാണെന്നും തങ്ങൾ പറഞ്ഞു.

ഇപ്പോൾ മുസ്ലിംകൾ, പിന്നെ മറ്റു വിഭാഗത്തിനു മേലായിരിക്കും അവർ കത്തിവയ്ക്കുക. പിന്നീട് രാഷ്ട്രീയപാർട്ടിയിലേക്കും അവരുടെ കൈകൾ നീളും. പ്രതിഷേധിക്കാൻ മുസ്ലിംകൾ മാത്രമായി മാറുമെന്നും മറ്റുള്ളവർ സർക്കാരിനൊപ്പം നിൽക്കുമെന്നുമാണ് അവർ കരുതിയത്. എന്നാൽ അവർക്ക് തെറ്റിയെന്നും ജിഫ്രി തങ്ങൾ പറഞ്ഞു. മൗലികാവകാശങ്ങളുടെ ഹൃദയവും ആത്മാവുമെന്നു വിശേഷിപ്പിക്കുന്ന ഭരണഘടനയിലെ 14-ാം അനുച്ഛേദമാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്. ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങൾ മുസ്ലിംകൾക്കു മാത്രം റദ്ദു ചെയ്യുന്നതു ഭരണഘടനയുടെ അന്തഃസത്തയെ തകർക്കുന്ന നടപടിയാണ്. ഡോ. അംബേദ്കറുടെ നേതൃത്വത്തിലുള്ള ഭരണഘടനാ ശിൽപ്പികൾ വിഭാവനം ചെയ്ത് രാജ്യം അംഗീകരിച്ച ഭരണഘടനയുടെ തകർച്ച മുസ്ലിംകളെ മാത്രം ബാധിക്കുന്ന കാര്യമല്ല. മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും സമ്പൂർണമായ പതനത്തിലേക്കാണ് അതുകൊണ്ടു ചെന്നെത്തിക്കുക.

അതുകൊണ്ടു രാജ്യത്തെ മുഴുവൻ ജനാധിപത്യ, മതേതര പ്രസ്ഥാനങ്ങളും ഒരുമിച്ചുനിന്ന് ഈ കരിനിയമത്തിനെതിരേ പോരാടാൻ തയ്യാറാകണം. ഫാസിസ്റ്റ് വിരുദ്ധതയിൽ ഉറച്ചുനിൽക്കുന്നവരെല്ലാം ഈ വിഷയത്തിൽ ഒന്നിച്ചുനിന്നു കൂട്ടായ പോരാട്ടം നടത്തണം. കഴിഞ്ഞകാലത്തെ രാഷ്ട്രീയവൈരവും നീരസങ്ങളുമെല്ലാം മറന്നു മതേതരകക്ഷികൾ മുസ്ലിം സമുദായത്തെ ഈ ദുഃസ്ഥിതിയിൽനിന്നു രക്ഷപ്പെടുത്തണം. ഈ പോരാട്ടത്തിൽ ഇതര മതവിശ്വാസികളും മുസ്ലിംകൾക്കൊപ്പം നിൽക്കണം. ഈ കരിനിയമത്തിനെതിരേ ഭരണപക്ഷ പ്രതിപക്ഷഭേദമില്ലാതെ പ്രക്ഷോഭരംഗത്തിറങ്ങാൻ കഴിഞ്ഞദിവസം മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒരുമിച്ചു തീരുമാനിച്ചത് ശുഭസൂചനയാണ്. മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും ഇക്കാര്യത്തിൽ സമസ്ത അഭിനന്ദിക്കുകയാണ്. മറ്റു സംസ്ഥാനങ്ങളിലെ രാഷ്ട്രീയനേതാക്കളും ഈ നിലപാടു സ്വീകരിക്കണം. അങ്ങനെ രാജ്യവ്യാപകമായി പ്രതിഷേധം അലയടിക്കണം.

ബാബരി വിഷയത്തിലും രാജ്യത്തെ മുസ്ലിംകൾക്കു നീതി ലഭിച്ചിട്ടില്ല. മതപരമായ വിവേചനം രാജ്യത്തിന്റെ ഭരണഘടനയോടുള്ള വെല്ലുവിളിയാണ്. ഭരണഘടനയെത്തന്നെ അപ്രസക്തമാക്കുന്ന, ജനാധിപത്യത്തെ തകർക്കുന്ന ഏതു നിയമത്തെയും ചെറുത്തുതോൽപ്പിക്കാൻ പൊതുസമൂഹം പ്രതിജ്ഞാബദ്ധരാകേണ്ടതുണ്ടെന്നും ജിഫ്രി തങ്ങൾ കൂട്ടിച്ചേർത്തു.

സി.കെ.എം സ്വാദിഖ് മുസല്യാർ, പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ, പി.കെ.പി അബ്ദുസലാം മുസല്യാർ, മഹാരാഷ്ട്ര മുൻ ഗവർണർ കെ.ശങ്കരനാരായണൻ, എംപിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, ഇ.ടി.മുഹമ്മദ് ബഷീർ, എളമരം കരീം, പി.വി.അബ്ദുൽ വഹാബ്, ഇ.കെ.വിജയൻ എംഎൽഎ, യു.എം.അബ്ദുറഹ്മാൻ മുസല്യാർ, സയ്യിദ് നാസർ ഹയ്യ് ശിഹാബ് തങ്ങൾ, എ.പി.അബ്ദുൽ വഹാബ്, ഡോ.ബഹാവുദ്ദീൻ മുഹമ്മദ് നദ്വി, , അബ്ദുസമദ് പൂക്കോട്ടൂർ, അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, എം ടി. അബ്ദുല്ല മുസല്യാർ, ഉമർ ഫൈസി മുക്കം,പി.പി.ഉമ്മർ മുസല്യാർ കൊയ്യോട് എന്നിവർ പ്രസംഗിച്ചു. മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ, മാണിയൂർ അഹമ്മദ് മുസല്യാർ എന്നിവർ പ്രാർത്ഥന നടത്തി. പ്രവർത്തകർ പൗരത്വ സംരക്ഷണ പ്രതിജ്ഞയെടുത്തു.

മതനിരപേക്ഷ ഇന്ത്യയെ സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ച് ഐഎസ്എം റാലി

രണ്ടു ദിനോസറുകൾ മാത്രം വാഴുന്ന ജുറാസിക് റിപ്പബ്ലിക്കല്ല മതനിരപേക്ഷ ഇന്ത്യയെന്നും തലമുറകൾ ജീവനും രക്തവും നൽകി പോരാടി നേടിയെടുത്ത സ്വാതന്ത്ര്യവും മതനിരപേക്ഷ - ജനാധിപത്യ മൂല്യങ്ങളും എന്തു വില കൊടുത്തും സംരക്ഷിക്കുമെന്നും പ്രഖ്യാപിച്ച് ഐഎസ്എം സംസ്ഥാന സമിതി അവകാശ സമര റാലി സംഘടിപ്പിച്ചു. കേന്ദ്രസർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ റാലിയിൽ രോഷം അലയടിച്ചു.

പൗരത്വ നിയമ ഭേദഗതിയിലൂടെ ഭരണകൂടം കാണിച്ചത് കടുത്ത വിവേചനമാണെന്ന ഐക്യരാഷ്ട്രസംഘടനയുടെ നിരീക്ഷണത്തെ കേന്ദ്ര സർക്കാർ ഗൗരവമായി കാണണമെന്നും രാജ്യത്തിന്റെ മുഖം വികൃതമാക്കിയ മോദിയും അമിത് ഷായും മാപ്പു പറയണമെന്നും റാലി ആവശ്യപ്പെട്ടു. മതത്തിന്റെയും ജാതിയുടെയും പേരിൽ ജനങ്ങളെ തമ്മിലടിപ്പിക്കുന്ന വിഭജന രാഷ്ട്രീയത്തെ ചെറുക്കാൻ ഭിന്നതകൾ മറന്ന് പൗരന്മാർ ഒന്നിക്കണമെന്ന് പൗരാവകാശ സമ്മേളനം ഉദ്ഘാടനം ചെയ്യവെ കെഎൻഎം (മർകസുദ്ദഅവ) ജനറൽ സെക്രട്ടറി സി.പി.ഉമർ സുല്ലമി പറഞ്ഞു.

കൈക്കുഞ്ഞുങ്ങളുമായി സ്ത്രീകളടക്കം ആയിരങ്ങളാണ് റാലിയിൽ അണിനിരന്നത്. സംസ്ഥാന പ്രസിഡന്റ് ഡോ. ഇ.കെ.അഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. ഐഎസ്എം സംസ്ഥാന പ്രസിഡന്റ് ഡോ.ഫുക്കാർ അലി അധ്യക്ഷത വഹിച്ചു. ഐഎസ്എം സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.കെ.ടി.അൻവർ സാദത്ത്, ഡോ. ജാബിർ അമാനി, എം ടി.മനാഫ്, അബ്ദുല്ലത്തീഫ് കരുമ്പുലാക്കൽ, എൻ.എം.അബ്ദുൽ ജലീൽ എന്നിവർ പ്രസംഗിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP