Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഹർത്താലിന് ആഹ്വാനം നൽകിയിരിക്കുന്നത് ജനകീയ യോജിപ്പിനെ സഹായിക്കുന്ന ഒന്നല്ല; ഇത് മതപരമായി ഭിന്നിപ്പിക്കുന്ന ബിജെപിയുടെ കെണിയിൽപ്പെടുന്നതിന് തുല്യം; ചൊവ്വാഴ്ചത്തെ ഹർത്താലിനെ തള്ളി സിപിഎം; ഹർത്താൽ നിയമവിരുദ്ധമെന്ന് പൊലീസും; ഹർത്താൽ നടത്തണമെങ്കിൽ ഏഴു ദിവസം മുമ്പ് നോട്ടീസ് നൽകണമെന്ന ഹൈക്കോടതി ഉത്തരവ് പാലിച്ചില്ലെന്ന് വാദം; നാശനഷ്ടമുണ്ടായാൽ ഉത്തരവാദിത്തം സംഘടനയുടെ ജില്ലാ നേതാക്കൾക്കെന്നും മുന്നറിയിപ്പ്; ഹർത്താൽ ശത്രുത വർധിപ്പിക്കാനേ ഉപകരിക്കൂവെന്ന് കാന്തപുരവും

ഹർത്താലിന് ആഹ്വാനം നൽകിയിരിക്കുന്നത് ജനകീയ യോജിപ്പിനെ സഹായിക്കുന്ന ഒന്നല്ല; ഇത് മതപരമായി ഭിന്നിപ്പിക്കുന്ന ബിജെപിയുടെ കെണിയിൽപ്പെടുന്നതിന് തുല്യം; ചൊവ്വാഴ്ചത്തെ ഹർത്താലിനെ തള്ളി സിപിഎം; ഹർത്താൽ നിയമവിരുദ്ധമെന്ന് പൊലീസും; ഹർത്താൽ നടത്തണമെങ്കിൽ ഏഴു ദിവസം മുമ്പ് നോട്ടീസ് നൽകണമെന്ന ഹൈക്കോടതി ഉത്തരവ് പാലിച്ചില്ലെന്ന് വാദം; നാശനഷ്ടമുണ്ടായാൽ ഉത്തരവാദിത്തം സംഘടനയുടെ ജില്ലാ നേതാക്കൾക്കെന്നും മുന്നറിയിപ്പ്; ഹർത്താൽ ശത്രുത വർധിപ്പിക്കാനേ ഉപകരിക്കൂവെന്ന് കാന്തപുരവും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ദേശീയ പൗരത്വ നിയമഭേദഗതിക്കെതിരെ ചില മുസ്ലിം സംഘടനകൾ പ്രഖ്യാപിച്ച ഹർത്താലിനെ തള്ളി സിപിഎം രംഗത്ത്. അതിവിശാലമായ ജനകീയ പ്രസ്ഥാനം കെട്ടിപ്പടുക്കുന്ന ഈ സാഹചര്യത്തിൽ ചില സംഘടനകൾ മാത്രം പ്രത്യേകമായി ഒരു ഹർത്താലിന് ആഹ്വാനം നൽകിയിരിക്കുന്നത് വളർന്നുവരുന്ന ജനകീയ യോജിപ്പിനെ സഹായിക്കുന്ന ഒന്നല്ലെന്ന് സിപിഎം വ്യക്തമാക്കി. ജനങ്ങളെ മതപരമായി ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന ബിജെപിയുടെ കെണിയിൽപ്പെടുന്നതിന് സമമാണിതെന്ന് സിപിഎം സംസ്ഥാന സമിതി പ്രസ്താവനയിൽ പറഞ്ഞു.

കേന്ദ്ര ബിജെപി ഗവൺമെന്റിന്റെ പൗരത്വഭേദഗതി നിയമവും നടപ്പാക്കുമെന്നു പ്രഖ്യാപിച്ചിട്ടുള്ള ദേശീയ പൗരത്വ രജിസ്റ്ററും ഇന്ത്യയുടെ മതനിരപേക്ഷതയ്ക്ക് ആഘാതമേൽപ്പിക്കുന്നു. അത് ഇന്ത്യൻ ഭരണഘടനയുടെ അന്തസത്തയുടെ നിഷേധമാണ്. ന്യൂനപക്ഷങ്ങൾക്ക് ഭീഷണി ഉയർത്തുന്ന ഈ നീക്കത്തിന്റെ ലക്ഷ്യം കടുത്ത വർഗ്ഗീയ വിഭജനമാണ്. അതുവഴി രാഷ്ട്രീയ നേട്ടുമുണ്ടാക്കാമെന്ന ആർഎസ്എസ്-ബിജെപി വർഗ്ഗീയ കണക്കുകൂട്ടൽ മതേതര ജനാധിപത്യ ഇന്ത്യ എന്ന മഹത്തായ ലക്ഷ്യത്തിന് അന്ത്യം കുറിക്കുന്നതിലേക്കാണ് ചെന്നെത്തുക.

ഏറ്റവും വിശാലമായ ജനകീയ ഐക്യം കെട്ടിപ്പടുത്തു കൊണ്ടു മാത്രമേ ഈ അപകടത്തെ നേരിടാനാകൂ. അഖിലേന്ത്യാ തലത്തിൽ അതിനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.ഡിസംബർ 19ന് അഖിലേന്ത്യാ പ്രതിഷേധദിനമായി ആചരിക്കുവാൻ ഇടതുപക്ഷ പാർട്ടികൾ ആഹ്വാനം ചെയ്തിട്ടുണ്ട്. കേരളത്തിൽ ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ നാളെ (ഡിസംബർ 16)നു നടക്കുന്ന യോജിച്ച പ്രതിഷേധം ഇന്ത്യയ്ക്കു തന്നെ മാതൃകയാണ്.

അതിവിശാലമായ ജനകീയ പ്രസ്ഥാനം കെട്ടിപ്പടുക്കുന്ന ഈ സാഹചര്യത്തിൽ ചില സംഘടനകൾ മാത്രം പ്രത്യേകമായി ഒരു ഹർത്താലിന് ആഹ്വാനം നൽകിയിരിക്കുന്നത് വളർന്നുവരുന്ന ജനകീയ യോജിപ്പിനെ സഹായിക്കുന്ന ഒന്നല്ല. ജനങ്ങളെ മതപരമായി ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന ബിജെപിയുടെ കെണിയിൽപ്പെടുന്നതിന് സമമാണത്. ജനങ്ങളുടെ വിപുലമായ യോജിപ്പ് വളർത്താൻ താത്പര്യമുള്ളവർ ഇത്തരത്തിലുള്ള ഒറ്റെപ്പെട്ട നീക്കങ്ങളിൽ നിന്ന് പിന്തിരിയണമെന്ന് അഭ്യർത്ഥിക്കുന്നു. മതേതര ജനാധിപത്യ മൂല്യങ്ങളിൽ വിശ്വസിക്കുന്ന സർവ്വരും മോദി-അമിത്ഷാ കൂട്ടുകെട്ടിന്റെ വിധ്വംസക രാഷ്ട്രീയ നീക്കങ്ങൾക്കെതിരെ അണിനിരക്കണമെന്നും അഭ്യർത്ഥിക്കുന്നു.- സിപിഎം പ്രസ്താവനയിൽ പറയുന്നു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ ചൊവ്വാഴ്ച ആഹ്വാനംചെയ്ത ഹർത്താൽ നിയമവിരുദ്ധമാണെന്ന് പൊലീസും വ്യക്തമക്കി. കാസർകോട് ജില്ലാ പൊലീസ് മേധാവിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. എസ്.ഡി.പി.ഐ., വെൽഫെയർ പാർട്ടി, ബി.എസ്‌പി., കേരളാ മുസ്ലിം യുവജന ഫെഡറേഷൻ, സോളിഡാരിറ്റി, എസ്‌ഐ.ഒ., ജനകീയ മനുഷ്യാവകാശപ്രസ്ഥാനം, പോരാട്ടം എന്നീ സംഘടനകളുടെ സംയുക്തയോഗ തീരുമാനമാണെന്ന നിലയിലാണ് ഹർത്താൽ ആഹ്വാനം പ്രചരിക്കുന്നത്.

ഹർത്താൽ നടത്തണമെങ്കിൽ സംഘടനകൾ ഏഴുദിവസംമുമ്പ് നോട്ടീസ് നൽകണമെന്ന് ഹൈക്കോടതി ഉത്തരവുണ്ട്. എന്നാൽ ഇതുവരെ ഒരു സംഘടനയും ഇത്തരത്തിൽ നോട്ടീസ് നൽകിയിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. ചൊവ്വാഴ്ച ജില്ലയിൽ ഹർത്താൽ നടത്തുകയോ അനുകൂലിക്കുകയോ ചെയ്താൽ ഇതിന്റെ ഭാഗമായുണ്ടാകുന്ന എല്ലാ കഷ്ടനഷ്ടങ്ങൾക്കുമുള്ള ഉത്തരവാദിത്വം ഈ സംഘടനകളുടെ ജില്ലാ നേതാക്കൾക്കായിരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി. ചൊവ്വാഴ്ച നടക്കുന്ന നഗരസഭാ, പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പുകളിൽ പൊതുജനങ്ങൾക്ക് വോട്ടവകാശം വിനിയോഗിക്കുന്നതിനും മറ്റും ഇത്തരം പ്രചാരണം തടസ്സംസൃഷ്ടിക്കാൻ സാധ്യതയുണ്ട്. അതിനാൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്കുകൂടി നേതാക്കൾ ഉത്തരവാദികളായിരിക്കുമെന്നും പലീസ് പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു.

അതേസമയം ഹർത്താലിനെതിരെ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാറു രംഗത്തെത്തി. ചൊവ്വാഴ്ചയിലെ ഹർത്താൽ വേണ്ടെന്നാണ് തന്റെ അഭിപ്രായമെന്നും ഈ ഹർത്താൽ പ്രഖ്യാപനം തിടുക്കപ്പെട്ടുള്ള തീരുമാനമായെന്നും അദ്ദേഹം പറഞ്ഞു. 'ഇപ്പോൾ ഹർത്താലിന് സമയമായിട്ടില്ല, ഈ സമയത്ത് ഹർത്താൽ നടത്തുന്നത് ശത്രുത വർധിപ്പിക്കാനേ ഉപകരിക്കൂ. പൗരത്വ ഭേദഗതി നിയമം മുസ്ലീങ്ങൾക്കെതിരായ മാത്രം നിയമമല്ല. ഇത് ഭരണഘടനയ്ക്ക് എതിരായ നിയമമാണ്'- കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ വ്യക്തമാക്കി.

ചൊവ്വാഴ്ചയിലെ ഹർത്താലുമായി സഹകരിക്കരുതെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ കഴിഞ്ഞദിവസം മലപ്പുറത്ത് സംഘടിപ്പിച്ച എസ്.വൈ.എസ്. പൗരാവകാശ സമ്മേളനത്തിലും അഭിപ്രായപ്പെട്ടിരുന്നു. ഹർത്താൽ നടത്തി നാടിനെ കുഴപ്പത്തിലേക്ക് കൊണ്ടുപോകരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം, ചൊവ്വാഴ്ചയിലെ ഹർത്താലിന് ഒരു സംഘടനകളും നോട്ടീസ് നൽകിയിട്ടില്ലെന്നും ഹർത്താൽ നിയമവിരുദ്ധമാണെന്നും കാസർകോട് ജില്ലാ പൊലീസ് മേധാവിയും കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ചൊവ്വാഴ്ചയിലെ ഹർത്താലുമായി തങ്ങൾക്ക് ബന്ധമില്ലെന്ന് യൂത്ത് ലീഗും കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ഹർത്താലുമായി ബന്ധപ്പെട്ട പ്രചാരണപ്രവർത്തനങ്ങളിലോ ഹർത്താൽ നടത്തുന്നതിനോ യൂത്ത് ലീഗ് പ്രവർത്തകർ പങ്കാളികളാകരുതെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഫേസ്‌ബുക്കിൽ കുറിക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP