Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പതിനെട്ടാം പടിയിൽ ഡ്യൂട്ടി നോക്കുന്ന പൊലീസുകാർക്ക് ക്ഷീണം മാറ്റാൻ ഇനി മുതൽ ഹോർലിക്‌സും ബിസ്‌കറ്റും; അധിക ഊർജ്ജത്തിനായി പഴവർഗ്ഗങ്ങളും; പൊലീസ് മെസിൽ വിഭവങ്ങൾ എത്തിച്ചുതുടങ്ങുന്നത് ഞായറാഴ്ച മുതൽ; ദേവസ്വം സ്‌പെഷ്യൽ കമ്മീഷണറുടെ നിർദ്ദേശത്തിനെതിരെ ദേവസ്വം ജീവനക്കാർ; എന്തുനൽകിയിട്ടായാലും നടവരുമാനം കൂട്ടാനുളേള ബോർഡിന്റെ കച്ചവടക്കണ്ണെന്ന് ജീവനക്കാർ

പതിനെട്ടാം പടിയിൽ ഡ്യൂട്ടി നോക്കുന്ന പൊലീസുകാർക്ക് ക്ഷീണം മാറ്റാൻ ഇനി മുതൽ ഹോർലിക്‌സും ബിസ്‌കറ്റും; അധിക ഊർജ്ജത്തിനായി പഴവർഗ്ഗങ്ങളും; പൊലീസ് മെസിൽ വിഭവങ്ങൾ എത്തിച്ചുതുടങ്ങുന്നത് ഞായറാഴ്ച മുതൽ; ദേവസ്വം സ്‌പെഷ്യൽ കമ്മീഷണറുടെ നിർദ്ദേശത്തിനെതിരെ ദേവസ്വം ജീവനക്കാർ; എന്തുനൽകിയിട്ടായാലും നടവരുമാനം കൂട്ടാനുളേള ബോർഡിന്റെ കച്ചവടക്കണ്ണെന്ന് ജീവനക്കാർ

എസ്.രാജീവ്‌

ശബരിമല: പതിനെട്ടാംപടിയിൽ ഡ്യൂട്ടി നോക്കുന്ന പൊലീസുകാർക്ക് അധിക ഊർജ്ജം പകർന്നു നൽകാനായി ഇന്ന് മുതൽ ഹോർലിക്‌സും ബിസ്‌ക്കറ്റും. ശബരിമല ഡ്യൂട്ടിയിൽ ശാരീരിക ക്ഷമത ഏറെ വേണ്ടി വരുന്ന പതിനെട്ടാം പടിയിൽ ജോലി ചെയ്യുന്ന പൊലീസുകാർക്ക് ശക്തി പകരാൻ ഉതകുന്ന എന്തെങ്കിലും നൽകണമെന്ന സ്പഷ്യൽ കമ്മിഷണറുടെ നിർദ്ദേശത്തെ തുടർന്നാണ് നടപടി. ബിസ്‌ക്കറ്റിനൊപ്പം പഴവർഗ്ഗങ്ങൾ കൂടി നൽകാനും തീരുമാനമുണ്ട്. എന്തു നൽകിയിട്ടായാലും നടവരുമാനമടക്കം വർദ്ധിപ്പിക്കുകയെന്ന ദേവസ്വം ബോർഡിന്റെ കച്ചവടക്കണ്ണാണ് നടപടിക്ക് പിന്നിലെന്ന ആരോപണവുമായി ദേവസ്വം ജീവനക്കാരും ഇതിനിടെ രംഗത്തെത്തിയിട്ടുണ്ട്.

ബോർഡ് തീരുമാനമനുസരിച്ച് ഞായറാഴ്ച മുതൽ ഹോർലിക്‌സും ബിസ്‌കറ്റും പൊലീസ് മെസ്സിൽ എത്തിച്ചു തുടങ്ങും. 20 പൊലീസുകാരടങ്ങുന്ന ഗ്രൂപ്പിനാണ് ഓരോ നാലു മണിക്കൂറിലും പതിനെട്ടാം പടിയിലെ ചുമതല. 10 പേരടങ്ങുന്ന സംഘം മാറി മാറി 20 മിനിട്ട് വീതം മാത്രമാണ് പതിനെട്ടാം പടിയിൽ ജോലി ചെയ്യുന്നത്. ഓരോ ഇരുപത് മിനിട്ടുകൾക്കും ശേഷം വിശ്രമത്തിന് ആവശ്യമുള്ള സമയം ലഭിക്കുന്ന തരത്തിലാണ് ഡ്യൂട്ടി ചിട്ടപ്പെടുത്തിയിരിക്കുന്നത്.

കായികക്ഷമത ഏറെയുള്ള എ ആർ ക്യാമ്പിലെ പൊലീസുകാരെയാണ് പടി ഡ്യൂട്ടിക്കായി പ്രധാനമായും നിയോഗിക്കുന്നത്. കുത്തനെയുള്ള പടിയിൽ നിന്നു കൊണ്ട് ദർശനത്തിനായി തിക്കിത്തിരക്കിയെത്തുന്ന തീർത്ഥാടകരെ ആയാസ രഹിതരായി പടി ചവിട്ടിക്കുകയെന്ന ഏറെ ശ്രമകരമായ ജോലിയാണ് പടി ഡ്യൂട്ടിയിലുള്ളവർക്കുള്ളത്. ഓരോ മിനിട്ടിലും 90 പേർ പടി ചവിട്ടണമെന്നതാണ് കണക്ക്, എന്നാൽ പലപ്പോഴും അതിന് കഴിയാറില്ല. നിലവിലെ കണക്കനുസരിച്ച് 60 പേരിൽ താഴെ മാത്രമാണ് ഓരോ മിനിട്ടിലും പടി ചവിട്ടുന്നത്. ഇതാണ് തീർത്ഥാടകത്തിരക്ക് ഏറുന്ന സമയങ്ങളിൽ ദർശനം കാത്തു നിൽക്കുന്നവരുടെ നിര മരക്കൂട്ടം വരെ നീളാൻ ഇടയാക്കുന്നതും.

പതിനെട്ടാം പടി ചവിട്ടാൻ തീർത്ഥാടകരെ സഹായിക്കേണ്ട പൊലീസുകാർ അമിതാധ്വാനം കൊണ്ട് തളർന്നു പോകുന്നതാണ് പടി ചവിട്ടുന്നവരുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടാകുന്നതിന്റെ പ്രധാന കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. പടി ഡ്യൂട്ടിയിലുള്ള പരിചയക്കുറവും പലപ്പോഴും വില്ലനാകാറുണ്ട്. ഇക്കാരണങ്ങളാലെല്ലാം കൊണ്ടു തന്നെ ഇരുപത് മിനിട്ടുള്ള ഡ്യൂട്ടി ടൈം കൊണ്ടു തന്നെ പടിയിൽ ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാരിൽ ഏറിയ പങ്കും തളർന്നവശരാകും. ഇത്തരത്തിൽ അവശരാകുന്ന പൊലീസുകാരുടെ ശാരീരിക ക്ഷമത വർദ്ധിപ്പിച്ച് പടി ചവിട്ടുന്ന തീർത്ഥാടകരുടെ എണ്ണം വർദ്ധിപ്പിക്കുകയുമാണ് ഹോർലിക്‌സും ബിസ്‌ക്കറ്റും നൽകുന്നതിലൂടെ ബോർഡ് ലക്ഷ്യമിടുന്നത്.

സോപാനത്തടക്കമുള്ള നിയന്ത്രണ ചുമതലയുടെ കാര്യത്തിൽ ദേവസ്വം ബോർഡും പൊലീസും തമ്മിൽ രൂക്ഷമായ തർക്കവും ആരോപണങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിലും നടവരവടക്കം ഉയർത്തുകയെന്ന ലാഭക്കണ്ണാണ് ബോർഡിന്റെ ഹോർലിക്‌സ് വിതരണത്തിന് പിന്നിലുള്ളതെന്ന ആരോപണം ദേവസ്വം ഉദ്യോഗസ്ഥരടക്കമുള്ളവർ ഇതിനിടെ ഉയർത്തുന്നുമുണ്ട്. പടി ഡ്യൂട്ടിയെന്ന പോലെ തന്നെ ആയാസകരമാണ് സോപാനത്തടക്കം ജോലി ചെയ്യുന്ന തങ്ങളുടേതുമെന്ന അവകാശവാദമാണ് ദേവസ്വം ഗാർഡ് ഉൾപ്പടെയുള്ള ജീവനക്കാർ ഉയർത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP