Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നാടണയാനാവാതെ സങ്കടങ്ങളുടെ ലോകത്തു നിന്നും ജയ യാത്രയായി; കുടുംബത്തിന് വേണ്ടി 14 വർഷം മുമ്പ് വിദേശത്തേക്ക് ജോലി തേടി പോയ ജയയ്ക്ക് ഇസ്രയേലിന്റെ മണ്ണിൽ അന്ത്യം

നാടണയാനാവാതെ സങ്കടങ്ങളുടെ ലോകത്തു നിന്നും ജയ യാത്രയായി; കുടുംബത്തിന് വേണ്ടി 14 വർഷം മുമ്പ് വിദേശത്തേക്ക് ജോലി തേടി പോയ ജയയ്ക്ക് ഇസ്രയേലിന്റെ മണ്ണിൽ അന്ത്യം

സ്വന്തം ലേഖകൻ

കൊട്ടാരക്കര: നാടണയാനാവാതെ സങ്കടങ്ങളുടെ ലോകത്തു നിന്നും ജയ യാത്രയായി. ഭർത്താവിനെയും മക്കളെയും അവസാനമായി ഒരു വട്ടം കാണാനാവാതെയാണ് ജയ ഇസ്രയേലിന്റെ മണ്ണിൽ പൊലിഞ്ഞു പോയത്. 14 വർഷം മുമ്പാണ് ജയ തന്റെ പ്രിയപ്പെട്ടവരെ അവസാനമായി കണ്ടത്. കുടുംബത്തിന്റെ സാമ്പത്തിക പരാധീനതകൾ മൂലമാണ് കൊട്ടാരക്കര പള്ളിക്കൽ കൂനംകാല ജയ വിജയരാജൻ (53) ഇസ്രയേലിലേക്ക് ജോലി തേടി പോയത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ജയ ഇസ്രയേലിൽ ഹൃദയാഘാതത്തെ തുടർന്നു മരിച്ചതായാണു വീട്ടുകാർക്കു ലഭിച്ച വിവരം.

വിദേശത്തു ജോലി ചെയ്യുകയായിരുന്ന ഭർത്താവ് വിജയരാജൻ പക്ഷാഘാതം വന്നതോടെയാണ് ജയയുടെ ജീവിതം താറുമാറായത്. 20 വർഷം മുമ്പാണ് വിജയരാജൻ പക്ഷാഘാതത്തെ തുടർന്ന് വിദേശത്തെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയത്. ഇതോടെ വീട്ടിൽ സാമ്പത്തിക ബുദ്ധിമുട്ടുകളേറി. ജയക്ക് ജോലി അത്യാവശ്യമായി വന്നു. ഇതോടെ 14 വർഷം മുൻപു ജയ ഇസ്രയേലിലെ ഒരു നഴ്‌സറി സ്‌കൂളിൽ കെയർ ടേക്കറായി ജോലിയിൽ പ്രവേശിച്ചു.

ഭർത്താവിന്റെ ചികിത്സ നടന്നെങ്കിലും പിന്നീടു ജയക്ക് നാട്ടിലേക്കു വരാൻ കഴിഞ്ഞിരുന്നില്ല. ഒരു വർഷം മുൻപു വീട്ടിലേക്കു ഫോൺ ചെയ്താണു ജയ വർഷങ്ങളായി താൻ അസുഖ ബാധിതയാണെന്ന വിവരം അറിയിക്കുന്നത്. വൃക്ക സംബന്ധ രോഗവും സാമ്പത്തിക ബുദ്ധിമുട്ടുകളും വീട്ടിലറിയിച്ചപ്പോൾ മടങ്ങിവരാനും നാട്ടിൽ ചികിത്സ നടത്താമെന്നും ഭർത്താവ് പറഞ്ഞെങ്കിലും ജയ മടങ്ങി വന്നില്ല.

മൂന്നര മാസം മുൻപു പള്ളിക്കലെ വീട്ടിലേക്കു വീണ്ടും ജയയുടെ ഫോണെത്തി. രോഗം കൂടിയതിനെ തുടർന്നു മാസങ്ങളായി ആശുപത്രിയിലാണെന്നാണ് അന്നവർ പറഞ്ഞത്. മൂന്നര ലക്ഷം രൂപ ചികിത്സാ സംബന്ധമായ ആവശ്യങ്ങൾക്കു വേണമായിരുന്നു. താമസിച്ചിരുന്ന വസ്തു പണയപ്പെടുത്തി ജയയുടെ ചികിത്സയ്ക്കായി വീട്ടുകാർ പണം അയച്ചു നൽകിയെങ്കിലും ജയയുടെ ജീവൻ പിടിച്ചു നിർത്താൻ കഴിഞ്ഞില്ല.

വെള്ളിയാഴ്ച വൈകിട്ടു 3 മണിയോടെയാണു ജയ മരിച്ചത്. കേന്ദ്രമന്ത്രി വി.മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ് എംപി എന്നിവർ ഇടപെട്ട് മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചു. വെളിയം പടിഞ്ഞാറ്റിൻകര പാറവിള പുത്തൻവീട്ടിൽ പരേതരായ ദേവദാസന്റെയും ദേവകിയുടെയും മകളാണ് ജയ. മക്കൾ: അബു, ആര്യ. മരുമകൾ: ശരണ്യ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP