Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വീട്ടുകാരുമായി അകന്നു നിന്ന ബാലു രണ്ടു മാസം മുൻപ് വീട്ടുകാരുമായി അടുത്തു; വീടും ബന്ധുക്കളുമാണ് സുരക്ഷിതം എന്ന ചിന്ത ബാലുവിൽ വേരൂന്നിയിരുന്നു; ആശുപത്രിയിൽ സുഖം പ്രാപിച്ചു വരുന്ന ബാലു ഏതോ ഷോക്കിങ് ന്യൂസ് കേട്ടതിന്റെ ആഘാതത്തിലാണ് മരണത്തിനു കീഴടങ്ങുന്നത്; സിബിഐയുടെ വരവോടെ എല്ലാം തെളിയുമെന്ന് പ്രിയാ വേണുഗോപാൽ; വയലിനിസ്റ്റിന്റിന്റേത് അപകട മരണമല്ലെന്ന് വിശ്വസിച്ച് ഇപ്പോഴും കുടുംബാഗങ്ങൾ; ബാലഭാസ്‌കറിന്റെ മരണത്തിന് പിന്നിൽ സ്വർണ്ണക്കടത്ത് മാഫിയയോ?

വീട്ടുകാരുമായി അകന്നു നിന്ന ബാലു രണ്ടു മാസം മുൻപ് വീട്ടുകാരുമായി അടുത്തു; വീടും ബന്ധുക്കളുമാണ് സുരക്ഷിതം എന്ന ചിന്ത ബാലുവിൽ വേരൂന്നിയിരുന്നു; ആശുപത്രിയിൽ സുഖം പ്രാപിച്ചു വരുന്ന ബാലു ഏതോ ഷോക്കിങ് ന്യൂസ് കേട്ടതിന്റെ ആഘാതത്തിലാണ് മരണത്തിനു കീഴടങ്ങുന്നത്; സിബിഐയുടെ വരവോടെ എല്ലാം തെളിയുമെന്ന് പ്രിയാ വേണുഗോപാൽ; വയലിനിസ്റ്റിന്റിന്റേത് അപകട മരണമല്ലെന്ന് വിശ്വസിച്ച് ഇപ്പോഴും കുടുംബാഗങ്ങൾ; ബാലഭാസ്‌കറിന്റെ മരണത്തിന് പിന്നിൽ സ്വർണ്ണക്കടത്ത് മാഫിയയോ?

എം മനോജ് കുമാർ

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണ്ണക്കടത്തും സംഗീതജ്ഞൻ ബാലഭാസ്‌ക്കറിന്റെ ദുരൂഹമരണവുമായി ബന്ധമുണ്ടോ? ബാലഭാസ്‌ക്കറിന്റെ മരണത്തിലെ ഈ അദൃശ്യബന്ധം സിബിഐ മറനീക്കുമെന്ന പ്രതീക്ഷയിലാണ് ബാലുവിന്റെ കുടുംബം. അതുകൊണ്ട് തന്നെയാണ് സിബിഐ അന്വേഷണമെന്ന ആവശ്യം ഇവർ ഉയർത്തിയതും സിബിഐയുടെ വരവ് സ്വാഗതം ചെയ്യുന്നതും. ഒട്ടുവളരെ ചോദ്യങ്ങൾക്ക് ചുരുൾ അഴിയാനുണ്ട് എന്നാണ് ബാലഭാസ്‌ക്കറിന്റെ മാതൃസഹോദരി പുത്രി പ്രിയ വേണുഗോപാൽ പറയുന്നത്. അത് ഒരു അപകടമരണമാകാൻ ഒരു സാധ്യതയും ഞങ്ങൾ കാണുന്നില്ല. അതേസമയം കൊലപാതകമാകാൻ സാധ്യതകൾ ഏറുന്നുമുണ്ട്-പ്രിയ വേണുഗോപാൽ മറുനാടനോട് പറഞ്ഞു.

ആ അപകടം സംശയാസ്പദമാണ്. അപകടത്തിലെ ഓരോ ഘട്ടങ്ങളിലും മുഴച്ചു നിൽക്കുന്നത് ദുരൂഹതകളാണ്. അപകടസമയത്ത് കാർ ഓടിച്ചത് ആരെന്ന കാര്യം മുതൽ ബാലഭാസ്‌ക്കറിന്റെ മരണം വരെ ദുരൂഹമാണ്. എന്തുകൊണ്ട് ഇത്തരം ദുരൂഹതകൾ വന്നു എന്ന കാര്യമാണ് ഞങ്ങൾ അന്വേഷിക്കുന്നത്. ബാലഭാസ്‌ക്കർ ആശുപത്രിയിൽ സുഖം പ്രാപിച്ചു വരുകയായിരുന്നു. ഇതിന്നിടയിലാണ് ബാലുവിന്റെ മരണവും വരുന്നത്. എന്തോ ഷോക്കിങ് ആയ കാര്യം ബാലു ആശുപത്രിയിൽ വെച്ച് കേട്ടിട്ടുണ്ട്. ആ വാർത്തയാണ് ബാലുവിനെ മരണത്തിലേക്ക് തള്ളിവിട്ടത്. എന്താണ് ആ കാര്യം എന്ന് ഞങ്ങൾക്ക് അറിയില്ല. പെട്ടെന്നുള്ള ആ മരണത്തിലും അതിനു കാരണമായ വാഹനാപകടത്തിലൊക്കെ ഒട്ടനവധി ദുരൂഹതകൾ പതിയിരിക്കുന്നുണ്ട്.

മരണത്തിനു രണ്ടു മാസം മുൻപ് എന്തോ സംഭവിച്ചിട്ടുണ്ട്. വീട്ടുകാരുമായി അകന്നു നിന്നിരുന്ന ബാലു രണ്ടു മാസം മുൻപ് വീട്ടുകാരുമായി അടുത്തു. ഇതേ സമയം തന്നെയാണ് ബാലുവിന്റെ മരണവും നടക്കുന്നത്. സ്വർണം കടത്തുമായി എന്തോ കാര്യങ്ങൾ ബാലു അറിഞ്ഞിട്ടുണ്ടാകണം എന്നാണ് ഞങ്ങൾ കരുതുന്നത്. ബാലു അസ്വസ്ഥനായിരുന്നു. വീടും ബന്ധുക്കളുമാണ് സുരക്ഷിതം എന്ന എന്തോ ചിന്ത ബാലുവിൽ വേരൂന്നിയിരുന്നു എന്നാണ് ഞങ്ങൾ കരുതുന്നത്. ബാലു വീട്ടുകാരുമായി അടുക്കരുത് എന്നുള്ള ആഗ്രഹം ആർക്കോക്കെയോ ഉണ്ടായിരുന്നു. സ്വർണം കടത്തിനെക്കുറിച്ചുള്ള വിവരങ്ങൾ അറിഞ്ഞിരുന്നെങ്കിൽ അത് ബാലു ആരുമായും പങ്കു വയ്ക്കരുത് എന്ന് ആരൊക്കെയോ ആഗ്രഹിച്ചിരുന്നു. ഇതിനിടയിൽ വന്നതായിക്കൂടെ ബാലുവിന്റെ മരണം? ഈ സംശയമാണ് ഞങ്ങൾ ഉന്നയിക്കുന്നത്. കാർ അപകടം നടക്കുന്ന സമയം സ്വർണം കടത്തുമായി ബന്ധപ്പെട്ട ചിലർ അപകടസ്ഥലത്ത് ഉണ്ടായിരുന്നതായി സ്വർണം കടത്ത് അന്വേഷിക്കുന്ന ഡിആർഐ സ്ഥിരീകരിച്ചിട്ടുണ്ട്. കലാഭവൻ സോബിൻ നൽകുന്ന മൊഴിയും ഇത് തന്നെയാണ്. കാർ അപകടം നടക്കുന്ന സമയം ചിലർ അട്ടഹസിച്ചു എന്നാണ് സോബിൻ പറയുന്നത്. വാഹനാപകടം നടക്കുമ്പോൾ അത് വഴി പോകുന്നവർ വാഹനം നിർത്തും. രക്ഷാപ്രവർത്തനം നടത്തും. ഇവിടെ നടന്നത് നേരെ തിരിച്ചാണ്. വാഹനം നിർത്തരുത് എടുത്തിട്ടു പോകാനാണ് ആവശ്യപ്പെട്ടത്. ദുരൂഹമായ ചില കാര്യങ്ങളും അവിടെ കണ്ടു. സ്റ്റാർട്ട് ആക്കിയ ബൈക്ക് ഒരാൾ ഉന്തിത്തള്ളി പോകുന്നത് കണ്ടു.

ബാലുവും കുഞ്ഞും മരിക്കാനിടയായ വാഹനാപകടം തന്നെ സംശയാസ്പദമാണ്. ബാലു വീടുമായി അടുക്കരുത് എന്ന് ആരൊക്കെയോ കരുതി. സ്വർണ്ണക്കടത്ത് ബാലു അറിഞ്ഞിരുന്നെങ്കിൽ അത് ആരുമായും പങ്കു വയ്ക്കരുത് എന്നൊക്കെ ആരൊക്കെയോ കരുതി. ആശുപത്രിയിൽ സുഖം പ്രാപിച്ചു വരുന്ന ബാലു ഏതോ ഷോക്കിങ് ന്യൂസ് കേട്ടതിന്റെ ആഘാതത്തിലാണ് മരണത്തിനു കീഴടങ്ങുന്നത്. വാഹനാപകടം, സ്വർണ്ണക്കടത്ത്, ആശുപത്രിയിൽ പൊടുന്നനെ സംഭവിക്കുന്ന ബാലുവിന്റെ മരണം, മരണത്തിനു ആഴ്ചകൾക്ക് മുൻപ് ബാലുവിന്റെ പേരിൽ വിഷ്ണു സോമസുന്ദരം എടുത്ത ഇൻഷൂറൻസ് പോളിസി. ഒരു കോടിക്കടുത്ത തുകയാണ് പാസായി ഇരിക്കുന്നത്. സ്വർണം കടത്ത് കേസുമായി ബന്ധപ്പെട്ടു ഡിആർഐ തിരയുന്ന വിഷ്ണു സോമസുന്ദരം ഇപ്പോൾ ഒളിവിലാണ്. ബാലുവിന്റെ ട്രൂപ്പിലുള്ള പ്രകാശ് തമ്പി സ്വർണം കടത്ത് കേസിൽ ജയിലിലാണ്. വിഷ്ണുവിനെ ഡിആർഐ തിരയുന്നു. ട്രൂപ്പിലെ സഹായിയും കഴക്കൂട്ടം സ്വദേശിയുമായ ജമീൽ ജബ്ബാറിനെയും
ഡിആർഐ തിരയുന്നു. അതുകൊണ്ട് തന്നെ സ്വർണം കടത്തും ബാലുവിന്റെ അപകടമരണവുമായി ബന്ധമുണ്ട്. ഞങ്ങൾ ഉന്നയിക്കുന്ന എല്ലാ കാര്യത്തിലും അന്വേഷണം വരണം. ഇത് സിബിഐയുടെ വരവോടെ തെളിയും എന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്-പ്രിയ വേണുഗോപാൽ പറയുന്നു.

അതേസമയം തുടക്കം മുതൽ സിബിഐ അന്വേഷണത്തിൽ കല്ലുകടിയും ദൃശ്യമായിട്ടുണ്ട്. സ്വർണം കടത്തിന് ഒത്താശ ചെയ്ത സ്വർണക്കടത്തു കേസിലെ മുഖ്യപ്രതി കസ്റ്റംസ് മുൻസൂപ്രണ്ട് ബി. രാധാകൃഷ്ണനെ സിബിഐ ചോദ്യം ചെയ്യാൻ വിളിച്ച സമയത്ത് അതിന്നിട നൽകാതെ കേരള പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് ചെയ്ത രാധാകൃഷ്ണനെ പൊലീസ് റിമാൻഡ് ചെയ്യുകയും ചെയ്തു. ബാലഭാസ്‌ക്കറിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് സിബിഐ ചോദ്യം ചെയ്യാൻ വിളിച്ച സമയത്ത് തന്നെയാണ് സിബിഐയുടെ കയ്യിൽ എത്തിപ്പെടും മുൻപ് കേരളാ പൊലീസ് അറസ്റ്റ് ചെയ്തത്. ഈ ധൃതി പിടിച്ചുള്ള നീക്കം എന്തിനു വേണ്ടിയാണ് എന്നാണ് ചോദ്യം ഉയർന്നത്. സിബിഐയുടെ കസ്റ്റഡിയിൽ രാധാകൃഷ്ണൻ എത്തരുത് എന്ന നിർബന്ധബുദ്ധിയോടെയാണ് ഇന്നലെ കേരളാ പൊലീസ് നീങ്ങിയത്. ഇതോടെ കോഫെപോസ പ്രകാരം തടങ്കലിലായ പ്രതിയെ സിബിഐയ്ക്ക് പൂജപ്പുര സെൻട്രൽ ജയിലിൽ വെച്ച് ചോദ്യം ചെയ്യേണ്ടി വരും.

സിബിഐയുടെ കസ്റ്റഡിയിൽ അകപ്പെടാതിരിക്കാൻ വേണ്ടിയുള്ള കുറുക്കു വഴിയായി മാറിയിരിക്കുകയാണ് രാധാകൃഷ്ണന്റെ അറസ്റ്റ്. രാധാകൃഷ്ണൻ തിരുവനന്തപുരത്തെ വീട്ടിൽ തന്നെ ഉണ്ടായിരുന്നതായി സിബിഐ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. എന്നിട്ടും പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിരുന്നില്ല. പക്ഷെ ബാലുവിന്റെ മരണവുമായി ബന്ധപ്പെട്ടു ചോദ്യം ചെയ്യാൻ നോട്ടീസ് നൽകിയപ്പോൾ സിബിഐ ചോദ്യം ചെയ്യും മുൻപ് തന്നെ പൊലീസ് രാധാകൃഷ്ണനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കൊച്ചിയിൽ പോയാണ് അറസ്റ്റ് എന്നതും നിർണ്ണായകമാണ്. ബാലുവിന്റെ അപകടമരണവുമായി ബന്ധപ്പെട്ടു ഒട്ടുവളരെ ദുരൂഹതകൾ നിലനിൽക്കുമ്പോൾ അതിലും ദുരൂഹമായി മാറുകയാണ് കേരളാ പൊലീസിന്റെ നീക്കങ്ങൾ. തിരുവനന്തപുരം വിമാനത്താവളം വഴി 25 കിലോ സ്വർണം കടത്തിയ കേസിൽ അറസ്റ്റിലായ സെറീന, സുനിൽ എന്നിവരുടെ മൊഴികളാണു ഈ കേസിൽ രാധാകൃഷ്ണന്റെ പങ്കു പുറത്തു കൊണ്ടുവന്നത്. സ്വർണക്കടത്തിൽ തലസ്ഥാനത്തെ പല ഉന്നതർക്കും പങ്കുള്ളതായി രാധാകൃഷ്ണൻ ഡിആർഐക്കു മൊഴി നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ടു കൂടുതൽ വെളിപ്പെടുത്തൽ രാധാകൃഷ്ണനിൽ ഉണ്ടാകരുതെന്ന നിർബന്ധം ആർക്കൊക്കെയോ ചിലർക്ക് ഉണ്ടെന്ന തോന്നലാണ് ധൃതി പിടിച്ചുള്ള അറസ്റ്റ് സൂചന നൽകുന്നത്.

സ്വർണം കടത്ത് കേസിൽ ഡിആർഐ തിരയുന്ന വിഷ്ണു സോമസുന്ദരവുമായി അടുത്ത ബന്ധമാണ് രാധാകൃഷ്ണനുള്ളത്. തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണക്കടത്തു നടത്തിയ കേസിലെ മുഖ്യ ആസൂത്രകനാണ് വിഷ്ണു. വിഷ്ണുവാണ് സ്വർണക്കടത്തിന്റെ മുഖ്യ ആസൂത്രകനെന്ന് ഡി ആർ ഐ കണ്ടെത്തിയിരുന്നു. ബാലഭാസ്‌കറിന്റെ സുഹൃത്തും മാനേജരുമായിരുന്നു വിഷ്ണു ഇപ്പോൾ ഒളിവിലാണ്. ഇതേ സ്വർണം കടത്ത് കേസിൽ പ്രതിയായിരുന്ന ട്രൂപ്പിലുണ്ടായിരുന്ന സൗണ്ട് റെക്കോർഡിസ്റ്റ് ജമീൽ ജബ്ബാറും ഒളിവിലാണ്. ഡിആർഐ പ്രതിചേർത്തതോടെയാണ് ജമീൽ മുങ്ങിയത്. ബാലുവിന്റെ വിദേശ പരിപാടികൾ ഇവർ സ്വർണം കടത്തിനു ഉപാധിയാക്കി മാറ്റി എന്ന സംശയമാണ് ഉയരുന്നത്. ബാലു മരിക്കും മുൻപ് തന്നെ രാധാകൃഷ്ണന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് വിഷ്ണുവിന്റെ കമ്പനിയിൽ നിന്നും പണം വന്നതായി സൂചനയുണ്ട്. ഈ വിവരം സൂചന നൽകുന്നത് വിദേശ യാത്രകൾ ഇവർ സ്വർണം കടത്തിന്റെ ഉപാധിയാക്കി മാറ്റി എന്ന് തന്നെയാണ്. ട്രൂപ്പിലുണ്ടായിരുന്ന സൗണ്ട് റെക്കോർഡിസ്റ്റ് ജമീൽ ജബ്ബാർ കൂടി സ്വർണം കടത്ത് കേസിൽ പ്രതി ചേർക്കപ്പെട്ടതോടെ ബാലഭാസ്‌ക്കറിന്റെ അപകട മരണം കൂടുതൽ ദുരൂഹമാകുകയാണ്. ഈ ദുരൂഹതകൾ അപ്പാടെ മാറ്റാനാണ് അന്വേഷണത്തിനു സിബിഐ എത്തുന്നത്.

ദുബായിൽ നിന്ന് കേരളത്തിലേക്ക് സ്വർണം കടത്തുന്ന സംഘത്തിലെ അംഗമാണ് ജമീലെന്നും പലതവണ സ്വർണം കടത്തിയെന്നുമാണ് ഡിആർഐ കണ്ടെത്തിയിരിക്കുന്നത്. അതേസമയം ബാലുവിന്റെ മരണത്തിൽ അന്വേഷണം ആരംഭിച്ച് ഒരു വർഷം തികയുന്ന ഈ വേളയിൽ പോലും അപകട സമയത്ത് ആരാണ് കാർ ഓടിച്ചത് എന്ന് സ്ഥിരീകരിക്കാൻ പോലും അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് സംഘത്തിനു സാധിച്ചിട്ടില്ല. അപകട സമയത്ത് വണ്ടി ഓടിച്ചത് ഡ്രൈവർ അർജുൻ തന്നെയാണെന്ന് ബോധ്യമായിട്ടുണ്ടെങ്കിലും ആ കാര്യവും അന്വേഷണ സംഘം പൂർണമായും സ്ഥിരീകരിച്ചിട്ടില്ല. ബാലഭാസ്‌ക്കറിന്റെ മരണത്തിലുള്ള അന്വേഷണം മുന്നോട്ടു നീങ്ങവേയാണ് ട്രൂപ്പിലുള്ളവർക്ക് തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണം കടത്തുമായി ബന്ധമുണ്ടായിരുന്നെന്ന ഡിആർഐയുടെ സ്ഥിരീകരണം വരുന്നത്. ഇതോടെയാണ് ബാലഭാസ്‌ക്കറിന്റെ അപകടമരണത്തിന്റെ അന്വേഷണവും ഇഴയാൻ തുടങ്ങിയത്. ജമീലിനെതിരെ കൊഫേപോസെ ചുമത്തണമെന്ന് ആവശ്യപ്പെട്ട് ഡി.ആർ.ഐ കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്.

ബാലഭാസ്‌ക്കറിന്റെ മരണത്തിനു പിന്നാലെയാണ് സ്വർണ കടത്തുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്ത് വന്നത്. വിഷ്ണുവും പ്രകാശൻ തമ്പിയും ചേർന്ന് ഇരുന്നൂറ് കിലോയിലേറെ സ്വർണമാണ് കടത്തിയത് എന്ന റിപ്പോർട്ടുകൾ വന്നത്. ബാലഭാസ്‌ക്കറുമായി അടുപ്പമുണ്ടായിരുന്ന സൗണ്ട് റിക്കോർഡിസ്റ്റാണ് ജമീൽ ജബ്ബാർ. കഴക്കൂട്ടം സ്വദേശിയാണ് ജമീൽ. അടുപ്പമായത് മുതൽ ബാലഭാസ്‌ക്കർക്കൊപ്പമുണ്ട് ഇയാൾ. സൗണ്ട് റെക്കോർഡിസ്റ്റ് ആണെങ്കിലും ബാലുവിന്റെ സുഹൃത്ത് എന്ന രീതിയിലാണ് ജമീൽ ഒപ്പമുണ്ടായിരുന്നത്. ബാലുവിന്റെ കാർ ആ ഘട്ടങ്ങളിൽ മിക്കപ്പോഴും ഓടിച്ചിരുന്നത് ജമീൽ ആയിരുന്നു. ഒന്ന് രണ്ടു തവണ ബാലുവിന്റെ വീട്ടിലും ജമീൽ പോയിട്ടുണ്ട്. ബാലുവിന്റെ മരണത്തിനു ശേഷം 14 തവണ ദുബായ് ജമീൽ സന്ദർശിച്ചുവെന്നാണ് ഡിആർഐ കണ്ടെത്തിയിരിക്കുന്നത്. ഈ യാത്ര സ്വർണം കടത്തിനായിരുന്നു എന്ന സ്ഥിരീകരണമാണ് ഡിആർഐ നടത്തിയത്. അതുകൊണ്ട് തന്നെയാണ് സ്വർണം കടത്ത് കേസിൽ ഇപ്പോൾ ജമീലിനെ കൂടി ഡിആർഐ പ്രതി ചേർത്തിരിക്കുന്നത്. 14 തവണ ജമീലുമായി ബന്ധപ്പെട്ട കാര്യങ്ങൾ ബാലുവിന്റെ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിനു ഡിആർഐ കൈമാറിയിട്ടുണ്ട് എന്നാണ് സൂചന. ജമീലിനെതിരെ കൊഫേപോസെ ചുമത്തണമെന്ന് ആവശ്യപ്പെട്ട് ഡി.ആർ.ഐ കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്.

2018 സെപ്റ്റംബർ 25നാണ് ബാലഭാസ്‌കറും ഭാര്യയും മകൾ തേജസ്വിനി ബാലയും സഞ്ചരിച്ച കാർ അപകടത്തിൽപെട്ടത്. തൃശ്ശൂരിൽ ക്ഷേത്രദർശനത്തിനു ശേഷം മടങ്ങുന്ന വഴിയായിരുന്നു അപകടം. തിരുവനന്തപുരം പള്ളിപ്പുറത്തിനു സമീപമെത്തിയപ്പോൾ കാർ നിയന്ത്രണം വിട്ട് ഒരു മരത്തിലിടിക്കുകയായിരുന്നു. ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടുവയസ്സുകാരി തേജസ്വിനിയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചിരുന്നില്ല. ഒരാഴ്‌ച്ചയോളം വെന്റിലേറ്ററിൽ കിടക്കുന്നതിന്നിടെ ഹൃദയാഘാതം വന്ന് കഴിഞ്ഞ വർഷം ഒക്ടോബർ രണ്ടിനാണ് ബാലഭാസ്‌ക്കർ മരിച്ചത്.

തിരുവനന്തപുരം വിമാനത്താവളം കേന്ദ്രമാക്കി നടന്ന സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായവർ ബാലുവിന്റെ ട്രൂപ്പിലെ അംഗങ്ങൾ ആയിരുന്നുവെന്നത് അപകടവും മരണവും ദുരൂഹതകളിലേക്ക് വഴി തുറന്നു. അന്വേഷണം ഒടുവിൽ ക്രൈം ബ്രാഞ്ച് കേസ് ഏറ്റെടുത്തിട്ടും ദുരൂഹതകൾക്ക് മാറ്റമുണ്ടായില്ല. അപകടത്തിനു പിന്നിൽ ബാഹ്യ ഇടപെടലുകളില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. എന്നാൽ കുടുംബം നേരെ തിരിച്ചുള്ള നിലപാടിലായിരുന്നു. ഇപ്പോൾ എല്ലാത്തിനും ഉത്തരമായി സിബിഐ എത്തുകയുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP