Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

വീട്ടിൽ ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന ആലീസിനെ ഘാതകരെ കണ്ടെത്താനായില്ല; കേസ് ഒരു മാസം പിന്നിടുമ്പോൾ കൈമലർത്തിക്കാട്ടി പൊലീസ്, അന്വേഷണം ക്രൈം ബ്രാഞ്ചിലേക്കെന്നു സൂചന; 500 പേരെ ചോദ്യം ചെയ്തു അവസാന എട്ടുപേരിലേക്കു എത്തിയിട്ടും കൊലയാളി ആരെന്നു വക്തമാകാതെ പൊലീസ് വലഞ്ഞ നിലയിൽ; നീതി ലഭിക്കുമെന്ന പ്രതീക്ഷ നശിച്ച് ബ്രിട്ടനിലുള്ള മകൻ അന്തോനീസ്

വീട്ടിൽ ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന ആലീസിനെ ഘാതകരെ കണ്ടെത്താനായില്ല; കേസ് ഒരു മാസം പിന്നിടുമ്പോൾ കൈമലർത്തിക്കാട്ടി പൊലീസ്, അന്വേഷണം ക്രൈം ബ്രാഞ്ചിലേക്കെന്നു സൂചന; 500 പേരെ ചോദ്യം ചെയ്തു അവസാന എട്ടുപേരിലേക്കു എത്തിയിട്ടും കൊലയാളി ആരെന്നു വക്തമാകാതെ പൊലീസ് വലഞ്ഞ നിലയിൽ; നീതി ലഭിക്കുമെന്ന പ്രതീക്ഷ നശിച്ച് ബ്രിട്ടനിലുള്ള മകൻ അന്തോനീസ്

പ്രത്യേക ലേഖകൻ

ലണ്ടൻ: ഏതൊരു കൊലപാതകിയും ചെറിയൊരു തുമ്പു അവശേഷിപ്പിച്ചാകും കുറ്റകൃത്യം പൂർത്തിയാക്കുക. ദൃക്‌സാക്ഷികൾ ഇല്ലാതെയും സാഹചര്യ തെളിവുകൾ ലഭിക്കാതെയും ഒക്കെ പൊലീസിനെ പ്രയാസപ്പെടുത്തുന്ന പല കേസുകളിലും ഇത്തരം ദൈവത്തിന്റെ അദൃശ്യ കരങ്ങളാകും സഹായത്തിനു എത്തുക. കേംബ്രിജിനു അടുത്ത കിങ്സ്ലിയിലെ അന്തോണീസ് എന്ന യുവാവിന്റെ അമ്മ ആലീസ് കൊല്ലപ്പെട്ട കേസിൽ ഇത്തരം ഒരു അദൃശ്യ കരത്തിനായി കാത്തിരിക്കുകയാണ് ലോക്കൽ പൊലീസ്. ഒരു മാസം കൊണ്ട് അന്വേഷിക്കാവുന്ന ഇടങ്ങളിൽ എല്ലാം തപ്പി. അന്യ സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചു അവരുടെ കേന്ദ്രങ്ങളിൽ എല്ലാം എത്തി. ഇരിഞ്ഞാലക്കുടയിലെ ഈസ്റ്റ് കോമ്പാറയിൽ ഉള്ളവരും സംഭവ ദിവസം അവിടെ വന്നു പോയവരും അടക്കം 400 ഓളം പേരെയെങ്കിലും പൊലീസ് ചോദ്യം ചെയ്യുകയും ചെയ്തു. 12 ടീമുകളായി തിരിഞ്ഞു 36 അംഗ വിദഗ്ധ അന്വേഷണ സംഘവും തിരച്ചിലിനിറങ്ങി. എന്നിട്ടും കൊലയാളി ആരെന്നു ഉറപ്പിക്കാൻ പൊലീസിന് പറ്റുന്നില്ല.

ഈ സാഹചര്യത്തിൽ കേസിൽ അറസ്റ്റും വൈകുകയാണ്. സാധാരണ ഇത്തരം കൊലപാതകങ്ങളിൽ പ്രതികൾ വേഗത്തിൽ പിടിയിലാകുന്നതാണ് കേരളത്തിലെ പതിവ്. സംഭവം നടന്നു അധികം വൈകാതെ പൊലീസ് അറിഞ്ഞ സാഹചര്യത്തിൽ പ്രതികൾക്ക് തെളിവ് നശിപ്പിക്കാനും സംസ്ഥാനം വിട്ടു പോകാനും ഒക്കെ കഴിഞ്ഞെങ്കിൽ അത് അതിശയിപ്പിക്കുന്ന ഒന്നായി മാറുകയാണ് ഈ കേസിൽ. ഇതുവരെ ചോദ്യം ചെയ്ത നൂറുകണക്കിന് ആളുകളിൽ നിന്നായി അവസാനം എട്ടുപേരുടെ പട്ടിക പൊലീസ് തയ്യാറാക്കിയിട്ടുണ്ട്. എന്നാൽ ഈ എട്ടുപേരിൽ ആരാണ് കൊലയാളി എന്ന് ഉറപ്പിക്കാൻ പൊലീസിന് കഴിയുന്നില്ല. അഥവാ ഈ എട്ടിന് പുറത്താണോ യഥാർത്ഥ കൊലപാതകി എന്ന കാര്യത്തിലും ഉറപ്പു പറയാൻ പൊലീസിന് പറ്റുന്നില്ല. ഇതുകൊണ്ടാണ് അറസ്റ്റ് വൈകുന്നതെന്ന് പൊലീസ് തന്നെ പറയുന്നു. ഇതോടെ ഈസ്റ്റ് കോമ്പാറ ആലീസ് കൊലപാതകം പൊലീസിന് ഊരാക്കുടുക്കായി മാറുകയാണ്.

സംസ്ഥാനം കഴിഞ്ഞ രണ്ടു മാസത്തിനിടെ കണ്ട ഒരു ഡസൻ വിദേശ മലയാളികളുടെ മാതാപിതാക്കളുടെ കൊലപാതകത്തിൽ ഈ കേസിൽ പ്രതിയെ കണ്ടെത്താനാകാതെ പോകുന്നത് പൊലീസിന് തന്നെ നാണക്കേടായി മാറുകയാണ്. രണ്ടു മാസത്തിനിടെ അന്തോനീസിന്റെ അമ്മയെ കൂടാതെ ലണ്ടൻ മലയാളി സഹോദരങ്ങളുടെ പിതാവും തൃശൂരിൽ പെട്രോൾ പമ്പു ഉടമയുമായ മനോഹരൻ, അയർലന്റിൽ ഉള്ള മകളുടെ പ്രസവ ആവശ്യത്തിന് യാത്ര പുറപെടും മുൻപ് തലക്കടിയേറ്റു മരിച്ച കോട്ടയത്തെ റിട്ട എസ് ഐ ശശിധരൻ എന്നിവരാണ് പ്രവാസി മലയാളികൾക്ക് ഞെട്ടൽ നൽകി കൊല ചെയ്യപ്പെട്ടത്. ഈ മൂന്നു കേസുകളിൽ ഇനിയും പിടികിട്ടാനുള്ളത് ആലീസിന്റെ കൊലയാളിയെയാണ്.

വീട്ടിൽ ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന 58 വയസുകാരി ആലീസിനെ ഉച്ചയോടെ കൊലപ്പെടുത്തുക ആയിരുന്നു. വീട്ടിൽ ആഡംബര പക്ഷികളുടെ വിൽപ്പന നടത്തിയിരുന്ന ആലീസ് ഒറ്റയ്ക്കാണെന്നു വ്യക്തമായി അറിയുന്ന ആരോ ആയിരിക്കാം കൊലയുടെ പിന്നിലെന്ന് പൊലീസ് തുടക്കത്തിലേ സംശയിച്ചിരുന്നു. ആലീസിനെ കഴുത്തറുത്തു കൊന്ന കൊലയാളി കയ്യിൽ ധരിച്ചിരുന്ന വളകൾ ഊരിയെടുത്താണ് സ്ഥലം വിട്ടത്. എന്നാൽ അലമാരയിൽ സൂക്ഷിച്ച മാലയും ആഭരണവും എടുത്തതുമില്ല. ഒരുപക്ഷെ ഇതിനു സമയം കിട്ടാത്തതാകും കാരണം എന്നും പൊലീസ് സംശയിക്കുന്നു. പുറത്തു നിന്നുള്ള കൊലയാളികളുടെ സാന്നിധ്യം തേടി സൈബർ വിദഗ്ധരെ ഉൾപ്പെടുത്തി അനേകം പേരുടെ ഫോൺ ലിസ്റ്റുകൾ പരിശോധിക്കുകയൂം അന്നേ ദിവസം കൊല നടന്ന വീടിന്റെ ടവർ ഇരിക്കുന്നിടത്തു വന്നുപോയ മൊബൈലുകൾ പരിശോധന നടത്തുകയും ചെയ്തിരുന്നു. ഇതിൽ നിന്നും പുറത്തുനിന്നൊരാൾ എത്തിയിട്ടില്ല എന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം.

അതേസമയം ഫോൺ ഉപേക്ഷിച്ചിട്ടാണ് കൊലപാതകി എത്തിയിരിക്കുന്നതെങ്കിൽ പൊലീസിന്റെ നിഗമനം തെറ്റാനും സാധ്യതയുണ്ട്. ഇതൊക്കെയാണ് പ്രതി ആരെന്ന കാര്യത്തിൽ ഉറപ്പു പറയാൻ പൊലീസിന് കഴിയാത്തതും. സംശയം ഉള്ളവരെ പിടിച്ച ശേഷം വെറുതെ വിട്ടു നിരീക്ഷിക്കുന്ന രീതിയും ഈ കേസിൽ സഹായകമായിട്ടില്ല എന്ന് വേണം അനുമാനിക്കാൻ. അതിനിടെ കൊലപാതകം നടന്നു ഒരു മാസം കഴിയുമ്പോഴും പ്രതിയെ കണ്ടെത്താനാകുന്നില്ലെങ്കിൽ സ്വാഭാവികമായും കേസ് ക്രൈം ബ്രാഞ്ചിന് നൽകുന്ന രീതിയും കേരള പൊലീസിലുണ്ട്. പൊതുവെ ശാന്തമായ പ്രദേശത്തു നടന്ന അരുംകൊലയിൽ പ്രതിയെ കണ്ടെത്താനകത്തു പ്രദേശ വാസികളിലും ഭീതിയും അതൃപ്തിയും സൃഷ്ടിക്കുന്നുണ്ട്.

നാല് ജില്ലകൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത് എന്ന് സൂചനയുണ്ട്. അയൽ സംസ്ഥാന തൊഴിലാളികൾ കൊലയ്ക്കു പിന്നിലുണ്ടോ എന്ന കാര്യത്തിൽ ഉറപ്പു പറയാൻ കാരണമായ തെളിവുകൾ ലഭിച്ചിട്ടുമില്ല. എന്നാൽ കർട്ടൻ വിൽപ്പനയുമായി ബന്ധപ്പെട്ട ഒരാൾ കൊലപാതകം നടന്നു എന്ന് കരുതപ്പെടുന്ന രാവിലെ പത്തരക്കും പന്ത്രണ്ടിനും മദ്ധ്യേ വീട്ടിൽ എത്തിയിരുന്നതായി സൂചനയുണ്ട്. മേഖല ഡിഐജി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടന്നത്. ആലീസ് ഉപയോഗിച്ചിരുന്ന എട്ടു സ്വർണ വളകൾ കാണാതായതോടെയാണ് കൊലപാതകം മോഷണത്തിന് വേണ്ടിയെന്ന് പൊലീസ് കരുതുന്നത്. എന്നാൽ ആലീസിന്റെ മാലയും കമ്മലും നഷ്ടപ്പെട്ടിട്ടുമില്ല എന്നത് പൊലീസിനെ കുഴപ്പിക്കാൻ കാരണമായി. കഴുത്തിന് വെട്ടേറ്റ നിലയിൽ സ്വീകരണ മുറിയോട് ചേർന്ന മുറിയിലാണ് മൃതദേഹം കാണപ്പെട്ടത്. വീടിനു മുൻവശത്തെ വാതിൽ പുറത്തു നിന്നും കുറ്റിയിട്ട നിലയിലും ആയിരുന്നു. ആലീസിനു കൂട്ടുകിടക്കാൻ വരാറുണ്ടായിരുന്നു അയൽവാസിയായ സ്ത്രീ എത്തി വീട് തുറന്നപ്പോഴാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന ആലീസിനെ കണ്ടെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP