Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഉപഭോക്താവിൽ നിന്നും ജി എസ് ടി ഈടാക്കിയിട്ടും ജിഎസ്ടി നമ്പർ ബില്ലിൽ ഉൾപ്പെടുത്താതെ കെ എസ് ഇ ബി; ജിഎസ്ടി നമ്പർ ഉൾപ്പെടുത്തി പുതിയ ഫോർമാറ്റിലുള്ള ബിൽ വേണമെന്ന് നിർദ്ദേശം ബോർഡുയർത്തിയിട്ടും അനുസരിക്കാതെ ഉദ്യോഗസ്ഥർ; മീറ്റർ റെന്റൽ എന്ന വഴിയിൽ പോകുന്ന കാശ് തിരിച്ചു പിടിക്കാൻ വഴിയില്ലാതെ ഉപഭോക്താക്കൾ; പിരിക്കുന്ന തുക സർക്കാരിൽ അടയ്ക്കുന്നുണ്ടോ എന്നും സംശയം; വൈദ്യുത ബോർഡിനെ സംശയ നിഴലിലാക്കി ജി എസ് ടി വിവാദവും

ഉപഭോക്താവിൽ നിന്നും ജി എസ് ടി ഈടാക്കിയിട്ടും ജിഎസ്ടി നമ്പർ ബില്ലിൽ ഉൾപ്പെടുത്താതെ കെ എസ് ഇ ബി; ജിഎസ്ടി നമ്പർ ഉൾപ്പെടുത്തി പുതിയ ഫോർമാറ്റിലുള്ള ബിൽ വേണമെന്ന് നിർദ്ദേശം ബോർഡുയർത്തിയിട്ടും അനുസരിക്കാതെ ഉദ്യോഗസ്ഥർ; മീറ്റർ റെന്റൽ എന്ന വഴിയിൽ പോകുന്ന കാശ് തിരിച്ചു പിടിക്കാൻ വഴിയില്ലാതെ ഉപഭോക്താക്കൾ; പിരിക്കുന്ന തുക സർക്കാരിൽ അടയ്ക്കുന്നുണ്ടോ എന്നും സംശയം; വൈദ്യുത ബോർഡിനെ സംശയ നിഴലിലാക്കി ജി എസ് ടി വിവാദവും

എം മനോജ് കുമാർ

തിരുവനന്തപുരം: ഉപഭോക്താവിൽ നിന്നും ജിഎസ്ടി ഈടാക്കിയിട്ടും ജിഎസ്ടി നമ്പർ ബില്ലിൽ ഉൾപ്പെടുത്താതെ കെഎസ്ഇബിയുടെ കള്ളക്കളി. ജിഎസ്ടി ഈടാക്കിയിട്ടും ബില്ലിൽ ജിഎസ്ടി നമ്പർ കാണിക്കാത്തതിനെ തുടർന്ന് പല സ്ഥാപനങ്ങൾക്കും എതിരെ പരാതി ഉയർന്ന സാഹചര്യത്തിൽ തന്നെയാണ് കെഎസ്ഇബിയുടെ ഇലക്ട്രിസിറ്റി ബില്ലിനെതിരെയും പരാതി ഉയരുന്നത്. ഉപഭോക്താവിൽ നിന്ന് ജിഎസ്ടി ഈടാക്കുന്നുണ്ടെങ്കിലും ജിഎസ്ടി നമ്പർ ഇലക്ട്രിസിറ്റി ബില്ലിൽ കെഎസ്ഇബി ഉൾക്കൊള്ളിച്ചിട്ടില്ല. നൽകുന്ന സേവനങ്ങളിൽ നിന്ന് ജിഎസ്ടി ഈടാക്കുന്നുണ്ടെങ്കിൽ ജിഎസ്ടി നമ്പർ ബില്ലിൽ ചേർത്തിരിക്കണം എന്നാണ് വ്യവസ്ഥ. ജിഎസ്ടി അടയ്ക്കുന്ന ഉപഭോക്താവിന് അത് പരിശോധിക്കാൻ വേണ്ടിയാണ് ജിഎസ്ടി നമ്പർ ബില്ലിൽ നിർബന്ധമായും ചേർത്തിരിക്കണം എന്ന് വ്യവസ്ഥ ചെയ്തിരിക്കുന്നത്.

ജിഎസ്ടിയിൽ രജിസ്റ്റർ ചെയ്തവർ വിൽപന ബില്ലിൽ ജിഎസ്ടി നമ്പർ ഉൾപ്പെടുത്തേണ്ടതുണ്ട്. സെൻട്രൽ ജിഎസ്ടി, സ്റ്റേറ്റ് ജിഎസ്ടി എന്നിവ പ്രത്യേകം രേഖപ്പെടുത്തണം. നിയമം വ്യവസ്ഥ ചെയ്യുന്നു. ഇതു പ്രകാരമാണ് നികുതി ഈടാക്കേണ്ടത്. ബില്ലിൽ ജിഎസ്ടി നമ്പർ അച്ചടിച്ചാൽ ഏത് അക്കൗണ്ടിലേക്കാണ് ഈ ജിഎസ്ടി തുക പോകുന്നത് എന്ന് ഉപഭോക്താവിന് വളരെ പെട്ടെന്ന് മനസിലാക്കാൻ കഴിയും. ജിഎസ്ടി നൽകുന്ന ആളല്ല സർക്കാരിലേക്ക് അടയ്ക്കുന്നത്, അത് ഈടാക്കുന്ന സ്ഥാപനങ്ങളാണ്. അതിനാലാണ് നമ്പർ നിർബന്ധമായും ചേർത്തിരിക്കണം എന്ന് നിർദ്ദേശം നിയമത്തിൽ തന്നെ ഉൾക്കൊള്ളിച്ചത്. ജിഎസ്ടി നിയമം എല്ലാവർക്കും ബാധകമായിട്ടും കെഎസ്ഇബിക്ക് ബാധകമല്ലേ എന്നാണ് ഇപ്പോൾ ചോദ്യം ഉയരുന്നത്. ഒരു സർക്കാർ സ്ഥാപനം ഇങ്ങിനെ ചെയ്യാൻ കഴിയുമോ എന്നും ഉപഭോക്താക്കൾ ചോദ്യം എറിയുന്നു.

മുൻ ബോർഡ് യോഗങ്ങളിൽ ജിഎസ്ടി നമ്പർ ഉൾപ്പെടുത്തി പുതിയ ഫോർമാറ്റിലുള്ള ബിൽ വേണമെന്ന് നിർദ്ദേശം ഉയർന്നെങ്കിലും ഇതുവരെ ബില്ലിൽ ജിഎസ്ടി നമ്പർ ഉൾക്കൊള്ളിക്കാൻ കെഎസ്ഇബി തയ്യാറായിട്ടില്ല. കമ്പനി നിയമപ്രകാരം രജിസ്റ്റർ ചെയ്തതാണ് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്. മുൻപ് ബോർഡ് ആയിരുന്നെങ്കിലും അത് പിന്നീട് കേന്ദ്ര നിർദ്ദേശ പ്രകാരം കമ്പനി ആക്കി മാറ്റുകയായിരുന്നു. സർവീസ് ആയതിനാൽ കെഎസ്ഇബിക്ക് ജിഎസ്ടി ഈടാക്കാൻ അനുമതിയില്ല. അതിനാൽ ജിഎസ്ടി നിയമത്തിലെ പഴുതുകൾ മുതലാക്കിയാണ് മീറ്റർ റെന്റൽ എന്ന നിലയിൽ കെഎസ്ഇബി ജിഎസ്ടി ഈടാക്കുന്നത്. പക്ഷെ ഇതുവരെ ജിഎസ്ടി നമ്പർ ബില്ലിൽ ഉൾപ്പെടുത്തിയിട്ടുമില്ല. ഇതാണ് ഉപഭോക്താക്കൾ ചൂണ്ടിക്കാട്ടുന്നത്.

ഇലക്ട്രിസിറ്റി ബില്ലിൽ സ്റ്റേറ്റ്, സെൻട്രൽ എന്നിങ്ങനെ വക തിരിച്ച് രണ്ടു തരം ജിഎസ്ടി ഈടാക്കുന്നുണ്ട് എന്ന് ബില്ലിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. കെഎസ്ഇബിയിക്ക് ജിഎസ്ടി നമ്പറും ഉണ്ട്. പക്ഷെ ബില്ലിൽ ഇത് ഉൾക്കൊള്ളിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഉപഭോക്താവ് ജിഎസ്ടി അടയ്ക്കുന്നുണ്ടെങ്കിലും അത് ഏത് അക്കൗണ്ടിലേക്കാണ് പോകുന്നത് എന്ന് അറിയാൻ ഉപഭോക്താവിനു സാധിക്കില്ല. അടയ്ക്കുന്നുണ്ടോ എന്ന് അറിയാൻ പോലും കഴിയില്ല. കാരണം ജിഎസ്ടി നമ്പർ ഇല്ല. ആർക്കും ജിഎസ്ടി എന്ന് പറഞ്ഞു കാശ് പിരിക്കാം. ഇത് അതുപോലുള്ള പിരിക്കൽ ആണെന്ന് ഉപഭോക്താക്കൾ പരാതിപ്പെടുന്നത്. ജിഎസ്ടി ബില്ലിന് തന്നെ ഒരു സ്റ്റാൻഡേർഡ് ഫോർമാറ്റ് ഉണ്ട്. അതും കെഎസ്ഇബി പിന്തുടർന്നിട്ടില്ല. സർവീസ് ആയതിനാൽ ജിഎസ്ടി പിരിക്കേണ്ട ആവശ്യം കെഎസ്ഇബിക്കില്ല. പക്ഷെ മീറ്റർ വാടക എന്ന ഇനത്തിലാണ് കെഎസ്ഇബി ജിഎസ്ടി പിരിക്കുന്നത്. എല്ലാ ഉപഭോക്താവിന്റെ കയ്യിൽ നിന്നും ഈ തുക ഈടാക്കുന്നുണ്ട്. ജിഎസ്ടി പിരിച്ചിട്ടും ജിഎസ്ടി നമ്പർ ബില്ലിൽ ഉൾപ്പെടുത്താതെ കെഎസ്ഇബി നടത്തുന്ന കള്ളക്കളി വിരൽചൂണ്ടി കൊച്ചി വൈറ്റിലയിലെ അനിൽ കെ.നായർ ആണ് മറുനാടന് ബിൽ സഹിതം മെയിൽ ചെയ്തത്.

കെഎസ്ഇബിയുടെ കസ്റ്റമർ വിഭാഗത്തിൽ ബന്ധപ്പെട്ടശേഷമാണ് ബിൽ കോപ്പി അനിൽ മറുനാടന് അയച്ചത്. ഈ ബില്ലിൽ എവിടെയെങ്കിലും ജിഎസ്ടി നമ്പർ ഉൾക്കൊള്ളിച്ചിട്ടുണ്ടോ എന്നാണ് അനിൽ മറുനാടനോട് ഉന്നയിച്ചത്. വീട്ടിൽ നൽകുന്ന ബില്ലിലും അനിൽ നോക്കി. അതിലും ജിഎസ്ടി ഈടാക്കുന്നുണ്ട് എന്ന് പറയുന്നുണ്ട്. ആ ബില്ലിലും ജിഎസ്ടി നമ്പർ ഇല്ല. കെഎസ്ഇബി പിന്തുടരുന്നത് നിയമവിരുദ്ധമായ രീതിയാണ്-അനിൽ പറയുന്നു. ഒന്നുകിൽ കെഎസ്ഇബി ഈ തുക ഇന്ത്യാ സർക്കാരിലേക്ക് അടക്കുന്നില്ല. അല്ലെങ്കിൽ ഇത് അടയ്ക്കുന്നുണ്ട്. പക്ഷെ ജിഎസ്ടി അടയ്ക്കുന്നതിന്റെ ഗുണം ഉപഭോക്താവിന് നൽകുന്നില്ല. എന്റെ ജിഎസ്ടി നമ്പർ കൂടി അവർ രേഖപ്പെടുത്തിയിരുന്നുവെങ്കിൽ എനിക്ക് കേരള ഫ്‌ളഡ്‌സ് ജിഎസ്ടി ഒരു ശതമാനം കൊടുക്കേണ്ട ആവശ്യമില്ല. ഇത് കേരള ഫ്‌ളഡ്‌സ് നിയമത്തിൽ പറയുന്നുണ്ട്. ജിഎസ്ടി രജിസ്‌ട്രേഷൻ ഉള്ള ആളുകൾക്ക് ബില്ലിങ് ആണെങ്കിൽ അതിൽ കേരള ഫ്‌ളഡ്‌സ് അടയ്‌ക്കേണ്ടതില്ല-അനിൽ പറയുന്നു.

കെഎസ്ഇബിയുടെ കസ്റ്റമർ വിഭാഗത്തിലെ സംഭാഷണവും അനിൽ അയച്ചിട്ടുണ്ട്. സംഭാഷണം ഇങ്ങിനെ:

അനിൽ: ഒമ്പത്, ഒമ്പത് ശതമാനം എന്നിങ്ങനെ പതിനെട്ട് ശതമാനം ആക്കി ജിഎസ്ടി ചാർജ് ചെയ്തതായി ബില്ലിൽ പറയുന്നുണ്ട്. അത് ശരിയല്ലേ?

കെഎഎസ്ഇബി: ശരിയാണ്.

അനിൽ: പക്ഷെ ബില്ലിൽ രജിസ്‌ട്രേഷൻ നമ്പർ കാണുന്നില്ല?

നമ്പർ ഉൾക്കൊള്ളിക്കാതെ ഇങ്ങിനെ ചാർജ് ചെയ്യാൻ പാടില്ലെന്നല്ലേ?

കെഎസ്ഇബി: വീട്ടിലെ ബില്ലിലല്ലേ? ചാർജ് ചെയ്യുന്നുണ്ട്. അത് മുകളിലേക്ക് അറിയിക്കാം.

അനിൽ: കെഎസ്ഇബിക്ക് ജിഎസ്ടി രജിസ്‌ട്രേഷൻ നമ്പർ ഉണ്ടോ?

കെഎസ്ഇബി: ഉണ്ട്.

അനിൽ: അപ്പോൾ ജിഎസ്ടി നമ്പർ ഉൾപ്പെടുത്തിയിട്ട് മാത്രമേ ഇങ്ങിനെ പിരിക്കാൻ കഴിയുകയുള്ളൂ? അത് ശരിയല്ലേ?

കെഎസ്ഇബി: അത് ശരിയാണ്. ഞങ്ങൾ ഇത് മുകളിലോട്ടു അറിയിക്കാം.

അനിൽ: അപ്പോൾ ഇതുവരെ ജിഎസ്ടി ചാർജ് ചെയ്തത് ഞങ്ങൾക്ക് തിരികെ നൽകുമോ?

കെഎസ്ഇബി: അത് മുകളിലുള്ള ഓഫീസർമാരിൽ നിന്നും തീരുമാനം വരണം. എനിക്ക് അത് പറയാൻ കഴിയില്ല. ഞങ്ങൾ ഒരു നമ്പർ നൽകാം. അവിടെ ചോദിക്കണം.

അനിൽ: അദ്ദേഹം ഞങ്ങളെയല്ലേ വിളിക്കേണ്ടത്. എന്നെ വിളിക്കാൻ പറയുമോ?

കെഎസ്ഇബി: ഇപ്പോൾ വിളിച്ച നമ്പരിൽ തന്നെയല്ലേ വിളിക്കേണ്ടത്?

അനിൽ: വളരെ നല്ല രീതിയിലുള്ള സർവീസ് ആണ് കസ്റ്റമർ വിഭാഗം നൽകുന്നത്. നല്ല റെസ്‌പോൺസ് ആണ് നൽകുന്നത്. ഇത് വലിയ പ്രശ്മമാണ്. കെഎസ്ഇബി ചെയ്യുന്നത് നിയമവിരുദ്ധമാണ്. അതിനാൽ അത്യാവശ്യമായി എന്നെ വിളിക്കാൻ പറയണം.. നന്ദി

കെഎസ്ഇബി മറുനാടന് നൽകിയ വിശദീകരണം:

കെഎസ്ഇബിക്ക് ജിഎസ്ടി രജിസ്‌ട്രേഷനുണ്ട്. കമ്പനി ആക്റ്റ് പ്രകാരം രൂപീകരിച്ച കമ്പനിയാണ് കെഎസ്ഇബി. കെഎസ്ഇബിക്ക് ജിഎസ്ടി ഈടാക്കാം. എനർജി ചാർജ് ഈടാക്കുന്നില്ല. മീറ്റർ വാടകയാണ് ഈടാക്കുന്നത്. ജിഎസ്ടി നമ്പർ ബില്ലിൽ ഉണ്ട്. പക്ഷെ നമ്പർ ബില്ലിൽ ഇല്ല എന്ന് ഞങ്ങൾ ചൂണ്ടിക്കാട്ടി.

വെബ്സൈറ്റിൽ കയറി ഡൗൺലോഡ് ചെയ്താൽ കിട്ടുന്ന ബില്ലിൽ ജിഎസ്ടിയുണ്ട്. ഈ ബില്ലിലും ജിഎസ്ടിയില്ല എന്ന് മറുനാടൻ പറയുന്നു. പുതിയ ബില്ലിലും ജിഎസ്ടിയില്ല. എങ്കിൽ ഞങ്ങൾ ഒന്ന് പരിശോധിക്കട്ടെ. ജിഎസ്ടി ഈടാക്കുന്നുണ്ട്. പക്ഷെ ബില്ലിൽ ഇല്ലെങ്കിൽ അത് പരിശോധിക്കേണ്ടി വരും-കെഎസ്ഇബി അധികൃതർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP