Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202409Thursday

ഹിന്ദി ഹൃദയഭൂമിയിൽ പ്രതിപക്ഷത്തിന് തുണയായത് ബിജെപി വിരുദ്ധവികാരം ആളിക്കത്തിച്ചത്; മുഖ്യമന്ത്രിമാർ പരാജയപ്പെടാറുള്ള പതിവ് ഫോർമുലയിൽ ബിജെപി മുഖ്യമന്ത്രി രഘുബർ ദാസും പെട്ടു; ഝാർഖണ്ഡിൽ സർക്കാർ രൂപീകരിക്കാനൊരുങ്ങി മഹാസഖ്യം; ഝാർഖണ്ഡ് മുക്തിമോർച്ച നേതാവ് ഹേമന്ത് സോറൻ തന്നെ മുഖ്യമന്ത്രി; കർണാടക മോഡൽ അട്ടിമറി ലക്ഷ്യമിട്ടതും അവസാന നിമിഷം പിഴച്ചു; ഝാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ പ്രതിഫലിക്കുന്നത് കോൺഗ്രസിന്റെ കരുനീക്കങ്ങൾ

ഹിന്ദി ഹൃദയഭൂമിയിൽ പ്രതിപക്ഷത്തിന് തുണയായത് ബിജെപി വിരുദ്ധവികാരം ആളിക്കത്തിച്ചത്; മുഖ്യമന്ത്രിമാർ പരാജയപ്പെടാറുള്ള പതിവ് ഫോർമുലയിൽ ബിജെപി മുഖ്യമന്ത്രി രഘുബർ ദാസും പെട്ടു; ഝാർഖണ്ഡിൽ സർക്കാർ രൂപീകരിക്കാനൊരുങ്ങി മഹാസഖ്യം; ഝാർഖണ്ഡ് മുക്തിമോർച്ച നേതാവ് ഹേമന്ത് സോറൻ തന്നെ മുഖ്യമന്ത്രി; കർണാടക മോഡൽ അട്ടിമറി ലക്ഷ്യമിട്ടതും അവസാന നിമിഷം പിഴച്ചു; ഝാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ പ്രതിഫലിക്കുന്നത് കോൺഗ്രസിന്റെ കരുനീക്കങ്ങൾ

മറുനാടൻ ഡെസ്‌ക്‌

ഹിന്ദി ഹൃദയഭൂമിയിൽ വീണ്ടും ബിജെപിക്ക് തിരിച്ചടി. ജാർഖണ്ഡും ബിജെപിയെ കൈവിടുമ്പോൾ പ്രതിപക്ഷ ചേരിക്ക് കരുത്തുപകർന്നുതാണ് ഈ വിജയയവും. ബിജെ.പി വിരുദ്ധ സർ്ക്കാരിന്റെ പട്ടികയയിലേക്ക് പഞ്ചാബ്, മധ്യപ്രദേശ്, രാജസ്ഥാൻ, ചത്തീസ്ഗഢ് സംസ്ഥാനങ്ങൾക്ക് പിന്നാലെ ഝാർഖണ്ഡിലും സർക്കാർ അധികാരത്തിലേറുകയാണ്. ബിജെപി ഇതര മഹാസഖ്യം ആഹ്വാനം ചെയ്താണ് ഝാർഖണ്ഡിൽ ്ഢാർഖണ്ഡ് മുക്തി മോർച്ചയും കോൺഗ്രസും കുതിച്ചത്.

65 സീറ്റ് എന്ന ലക്ഷ്യം കുറിച്ച് പ്രചാരണത്തിനിറങ്ങിയ മുഖ്യമന്ത്രി രഘുബർദാസിനും ബിജെപിക്കും തൊട്ടതെല്ലാം പിഴച്ചു. 29 സീറ്റുകൾ മാത്രമാണ് ഇതുവരെ നേടാനായത്. ഇതോടെ കേവല ഭൂരിപക്ഷം ഉറപ്പിച്ച് വിശല പ്രതിപക്ഷ സംഖ്യം അധികാരത്തിലേറാനും ഒരുങ്ങുകയാണ്. മുക്തി മോർച്ച നേതാവ് ഹേമന്ദ് സോറനെ മുഖ്യമന്ത്രിയാക്കി മന്ത്രിസഭ രൂപീകരിക്കാനുള്ള നീക്കം പ്രതിപക്ഷം തുടങ്ങി. ന്ത് വിലകൊടുത്തും അധികാരം നിലനിർത്തുമെന്ന് ഉറപ്പിച്ച ബിജെപിക്ക് കനത്ത തിരിച്ചടിയാണ് നേരിടുന്നത്. 

ആദ്യം എ.ജെ.എസ്.യുവുമായുള്ള സഖ്യം പൊളിഞ്ഞത് മുതൽ തിരിച്ചടി തുടങ്ങുന്നു.മറുവശത്ത് ജെഎംഎം-ആർജെഡി-കോൺഗ്രസ് മഹാസഖ്യം ശക്തമായി നിലയുറപ്പിച്ച് ബിജെപിയെ നേരിട്ടു. ദേശീയതയും ആർട്ടിക്കിൾ 370 യും പൗരത്വ നിയമഭേദഗതിയും പൗരത്വ രജിസ്റ്ററും ബിജെപി മുഖ്യവിഷയമാക്കിയപ്പോൾ പ്രാദേശിക വിഷയങ്ങളിലൂന്നി ബിജെപിയുടെ കെണിയിൽ വീഴാതെ ഹേമന്ത് സോറന് പിന്നിൽ സഖ്യം ഒന്നിച്ചുനിന്നു.

തിരഞ്ഞെടുപ്പിന് മുന്നെ തന്നെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഹേമന്ത് സോറനെ പ്രഖ്യാപിച്ചതോടെ ജെഎംഎം-കോൺഗ്രസ് സഖ്യത്തിൽ ഭിന്നത അകന്നു. കോൺഗ്രസിലാകട്ടെ നേതാക്കൾ പലരും കൊഴിഞ്ഞുപോയി. പിസിസി പ്രസിഡന്റ് പോലും രാജിവച്ച് ആം ആദ്മിയിൽ ചേർന്നിട്ടും ഒറ്റ മനസ്സുമായി ഈ തിരഞ്ഞെടുപ്പിനെ നേരിടാനായതാണ് കോൺഗ്രസിനെ തുണച്ചത്. തെക്കൻ ഝാർഖണ്ഡിൽ മുന്നേറ്റമുണ്ടാക്കിയ കോൺഗ്രസിന്റെ പ്രചാരണം ഏകോപിപ്പിച്ചത് 40 ദിവസമായി സംസ്ഥാനത്ത് തങ്ങിയ എഐസിസി സെക്രട്ടറി ആർപിഎൻ സിങ്ങായിരുന്നു.

എക്സിറ്റ് പോളുകൾ ത്രിശങ്കു പ്രവചിച്ചപ്പോഴും, അപകടസാധ്യതയുണ്ടെങ്കിലും സർക്കാരുണ്ടാക്കാമെന്ന ഉറച്ച പ്രതീക്ഷ ബിജെപിക്കുണ്ടായിരുന്നു. പക്ഷേ എക്സിറ്റ് പോളുകൾ പ്രവചിച്ചതിലും വലിയ വിജയമാണ് മഹാസഖ്യം നേടിയത്. ജെ.വി.പിയുടെയും എ.ജെ.എസ്.യുവിന്റെയും വിലപേശൽ ശേഷി നഷ്ടപ്പെട്ടതും ഈ തിരഞ്ഞെടുപ്പ് ഫലത്തിന്റെ പ്രത്യേകതയാണ്. ഏഴ് സീറ്റിൽ മത്സരിച്ച ആർജെഡി അഞ്ച് സീറ്റിലും മുന്നിലെത്തിയത് ശ്രദ്ധേയമായി.

ധുംകയിലും ബെർഹെയ്ത്തിലും മത്സരിച്ച ഹേമന്ത് സോറൻ രണ്ടിടത്തും മുന്നേറുന്നു. അതേസമയം ഏറ്റവും ശക്തമായ പോരാട്ടം നടന്ന ജംഷഡ്പൂർ ഈസ്റ്റിൽ മുഖ്യമന്ത്രി രഘുബർ ദാസ് പരാജയം ഏറ്റുവാങ്ങുന്ന വക്കിലാണ്. സരയു റായ് അട്ടിമറിച്ചേക്കുമെന്ന സൂചനയാണ് വരുന്നത്. ചക്രധർപൂരിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ ലക്ഷ്മൺ ഗിലുവ പരാജയത്തിലേക്ക് നീങ്ങുന്നു.കേവല ഭൂരിപക്ഷം എന്ന മാർജിനിലേക്ക് എത്തിയാലും തന്ത്രങ്ങളിൽ അവഗണിക്കാനാകാത്ത ബിജെപി അവസാന ഘട്ടത്തിൽ എ.ജെ.എസ്.യു.വിനെയും ജെ.വി.എമ്മിനേയും ഒപ്പം കൂട്ടി സ്വതന്ത്രരേയും പാട്ടിലാക്കി അവസാന ചിരിചിരിക്കുമോ എന്നും കാത്തിരുന്ന് കാണേണ്ടതാണ്.

നിയമസഭ തെരഞ്ഞെടുപ്പ് നടന്ന ഝാർഖണ്ഡിൽ വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. ജനവിധി ഭരണകക്ഷിയായ ബിജെപിക്ക് കനത്ത തിരിച്ചടിയാണ്. കോൺഗ്രസും ജെഎംഎം ഉൾപ്പെട്ട മഹാസഖ്യം കേവല ഭൂരിപക്ഷത്തിലേക്ക് മുന്നേറുകയാണ്.ആകെയുള്ള 81 സീറ്റിൽ മഹാസഖ്യം 41 സീറ്റിലാണ് മുന്നിട്ടുനിൽക്കുന്നത്. ബിജെപിക്ക് 27 സീറ്റിൽ മാത്രമാണ് ലീഡ് നേടാനായത്.ഗോത്രമേഖലകളിലെല്ലാം ബിജെപിക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്. ബിജെപിക്കൊപ്പം ഭരണത്തിലുണ്ടായിരുന്ന എജെഎസ് യുവിനും ജനവിധി തിരിച്ചടിയായി. മുന്മുഖ്യമന്ത്രി ബാബുലാൻ മറാൻഡിയുടെ ജാർഖണ്ഡ് വികാസ് മോർച്ച (ജെവി എം) യ്ക്കും തിരിച്ചടി നേരിട്ടു. ജനവിധി അംഗീകരിക്കുന്നതായും, ഭാവി പരിപാടികൾ പിന്നീട് തീരുമാനിക്കുമെന്നും ബാബുലാൽ മറാൻഡി പറഞ്ഞു.

അതേസമയം ജനവിധിയിൽ കോൺഗ്രസ് ജെഎംഎം ക്യാമ്പുകളിൽ ആഹ്ലാദപ്രകടനം തുടങ്ങിക്കഴിഞ്ഞു. ജെഎംഎം നേതാവ് ഹേമന്ത് സോറൻ മഹാസഖ്യത്തിന്റെ മുഖ്യമന്ത്രിയാകുമെന്ന് സഖ്യകക്ഷികളായ കോൺഗ്രസ് പ്രഖ്യാപിച്ചു. സോറൻ തന്നെയാണ് നേതാവെന്ന് ആർജെഡി നേതാവ് തേജസ്വി യാദവും പ്രഖ്യാപിച്ചിട്ടുണ്ട്.
മത്സരരംഗത്തുണ്ടായിരുന്ന പ്രമുഖരെല്ലാം ലീഡ് ചെയ്യുന്നുണ്ട്. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ഹേമന്ത് സോറൻ ബാർഹത്തിൽ ലീഡ് ചെയ്യുകയാണ്. അതേസമയം ധുംകയിൽ പിന്നിലാണ്. നിലവിലെ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ രഘുബർ ദാസ് ജംഷഡ്പൂർ ഈസ്റ്റിലും ഇപ്പോൾ പിന്നിലാണ്. ധൻവറിൽ ആദ്യഘട്ടത്തിൽ പിന്നിലായിരുന്ന ജെവി എം നേതാവും മുന്മുഖ്യമന്ത്രിയുമായ ബാബുലാൽ മറാൻഡി ലീഡ് നേടി. അതേസമയം ചക്രധർപൂർ മണ്ഡലത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ ലക്ഷ്മൺ ഗിലുവ പിന്നിലാണ്.

ഭരണ സഖ്യകക്ഷിയായ എ.ജെ.എസ്.യു നേതാവ് സുദേഷ് മെഹ്‌തോ സില്ലി മണ്ഡലത്തിൽ ലീഡ് ചെയ്യുകയാണ്. ലോഹർദഹ മണ്ഡലത്തിൽ കോൺഗ്രസ് നേതാവ് രാമേശ്വർ ഉദാവു മുന്നിലാണ്. അതേസമയം മന്ത്രിമാരായ നീര യാദവ് പിന്നിലാണ്. സീറ്റ് നിഷേധിച്ചതിൽ ബിജെപി നേതൃത്വത്തോട് ഇടഞ്ഞ് മുഖ്യമന്ത്രി രഘുബർദാസിന് എതിരെ മൽസരിക്കുന്ന മുന്മന്ത്രി സരയു റായിയും പിന്നിലാണ്.

സർക്കാർ രൂപീകരണത്തിനായി കോൺഗ്രസ് തന്ത്രങ്ങൾ മെനഞ്ഞ് നീക്കങ്ങൾ ആരംഭിച്ചു. ബാബുലാൽ മറാൻഡിയുടെ ജെവിഎമ്മിനെ കോൺഗ്രസ് ബന്ധപ്പെട്ടിട്ടുണ്ട്. ചിത്രം തെളിഞ്ഞാൽ ഉടൻ ഗവർണറെ കാണാൻ കോൺഗ്രസ് ഹൈക്കമാൻഡ് ആർപിഎൻ സിങിന് നിർദ്ദേശം നൽകി. തൂക്കുസഭയെന്ന എക്‌സിറ്റ്‌പോൾ ഫലം കണക്കിലെടുത്ത് അധികാരം നിലനിർത്താനുള്ള പോംവഴികളെക്കുറിച്ച് ബിജെപി ക്യാംപിലും ആലോചനകൾ നടക്കുന്നുണ്ട്. രാവിലെ എട്ടിനാണ് വോട്ടെണ്ണൽ ആരംഭിച്ചത്. സംസ്ഥാനത്തെ 81 നിയമസഭ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. ബിജെപി ഒറ്റയ്ക്ക് മൽസരിച്ചപ്പോൾ, ജാർഖണ്ഡ് മുക്തി മോർച്ചയും (ജെഎംഎം-43 സീറ്റിൽ) കോൺഗ്രസും (31) രാഷ്ട്രീയ ജനതാദളും (ആർജെഡി-7) മഹാസഖ്യമായാണ് ഇത്തവണ മത്സരിച്ചത്.

എൻഡിഎ സഖ്യത്തിന് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വിലകൊടുത്തിരുന്നില്ല. ഇതാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മുൻതൂക്കം ബിജെപിക്ക് നഷ്ടമാക്കിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് സമാനമായ ഫലം പ്രതീക്ഷിച്ച് മുഖ്യമന്ത്രി രഘുബർ ദാസ് നടത്തിയ നീക്കമെല്ലാം പൊളിഞ്ഞു. നിതീഷ് കുമാറിന്റെ ജനതാദളും യുണൈറ്റഡും രാം വിലാസ് പാസ്വാന്റെ ലോക് ജനശക്തിയും ഒറ്റയ്ക്ക് മത്സരിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യത്തിലുണ്ടായിരുന്ന എജെഎസ് യുവിനെ പിണക്കിയതും വിനയായി. എജെ എസ് യുവിന് 7.21 ശതമാനം വോട്ടാണ് കിട്ടിയത്. ബിജെപിക്ക് 34 ശതമാനവും. അതായത് ഈ രണ്ട് പേരും ഒരുമിച്ചിരുന്നുവെങ്കിൽ ബിജെപിക്ക് ജാർഖണ്ഡ് തൂത്തുവാരാമായിരുന്നു. അങ്ങനെ ഒരു സംസ്ഥാനം കൂടി ബിജെപിക്ക് നഷ്ടമാകുകയാണ്. കഴിഞ്ഞ തവണ 37 സീറ്റാണ് ബിജെപി നേടിയത്. ഏതാണ് 9 സീറ്റുകൾ ബിജെപിക്ക് ഇത്തവണ കുറഞ്ഞു.

ആദിവാസി മേഖലയിൽ ബിജെപിക്ക് മുമ്പോട്ട് കുതിക്കാൻ കഴിഞ്ഞില്ല. ബിജെപിയുടെ വികസന മുദ്രാവാക്യം അവിടെ വിലപോയില്ല. ജെ എം എം ഇവിടെ വലിയ നേട്ടമുണ്ടാക്കി. മത്സരിച്ചതിൽ പകുതിയോളം സീറ്റുകളിൽ അവർ ജയിച്ചു. ലാലുവിന്റെ പാർട്ടിയും താരമായി. എന്നാൽ കോൺഗ്രസിന് വലിയ മുന്നേറ്റം ഉണ്ടാക്കാനായില്ല. ജെ എം എം നേതാവ് ഹേമന്ത് സോറൻ ആദിവാസികൾക്കിടയിൽ വലിയ ചലനമുണ്ടാക്കി. അമ്പു വില്ലുമായി സോറൻ നടത്തിയ പ്രചരണങ്ങൾ ആദിവാസികളെ സ്വാധീനിച്ചു. അങ്ങനെ ഈ മേഖല മഹാസഖ്യത്തെ പിന്തുണച്ചു. ഇത് ബിജെപിക്ക് വലിയ തിരിച്ചടി നൽകുകയും ചെയ്തു. മതപരിവർത്തനത്തിനെതിരെ നിലപാട് എടുത്തും ബിജെപിക്ക് വിനയായി. ഇതോടെ ക്രൈസ്തവരും ബിജെപിയെ കൈവിട്ടു.

ഝാർഖണ്ഡിൽ ബിജെപിക്കും മഹാസഖ്യത്തിനും ശക്തമായ വെല്ലുവിളിയുയർത്തിയ ജാർഖണ്ഡ് വികാസ് മോർച്ച പ്രചാതാന്ത്രിക്ക് പാർട്ടിക്കും നിരാശയായി മഹാലഖ്യത്തിന്റെ മുന്നേറ്റം. ഝാർഖണ്ഡിൽ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുമെന്ന് ജെ.വി എം നേതാവും മുൻ മുഖ്യമന്ത്രിയുമായ ബാബുലാൽ മറാണ്ടി പറഞ്ഞിരുന്നു. ജാർഖണ്ഡ് രൂപീകൃതമായ ശേഷം സംസ്ഥാനത്തെ ആദ്യ മുഖ്യമന്ത്രിയായിരുന്നു ബാബുലാൽ മറാണ്ടി. 2014 ൽ 8 സീറ്റുകളാണ് ജെ.വി എംപി ക്ക് ലഭിച്ചതെങ്കിലും പിന്നീട് 6 എംഎൽഎ മാർ ബിജെപി യിലേക്ക് കൂറുമാറിയിരുന്നു. കൂടുതൽ സീറ്റ് ചോദിച്ചത് കാരണമാണ് മറാണ്ടിയെ മഹാസഖ്യത്തിൽ നിന്ന് കോൺഗ്രസ് മാറ്റി നിർത്തിയത്. ഈ തീരുമാനം വലിയ പ്രശ്‌നങ്ങൾ മഹാസഖ്യത്തിന് ഉണ്ടാക്കിയതുമില്ല. എന്നാൽ കൂടെയുണ്ടായിരുന്ന എജെഎസ് യുവിനെ പിണക്കിയത് ബിജെപിക്ക് തിരിച്ചടിയാവുകയും ചെയ്തു. ജാർഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ഷിബു സോറന്റെ മകനാണ് ജെ എം എമ്മിന് ഇപ്പോൾ നയിക്കുന്ന ഹേമന്ത് സോറൻ. ഹേമന്ത് നേരത്തേയും ഝാർഖണ്ഡിൽ മുഖ്യമന്ത്രിയായിരുന്നിട്ടുണ്ട്.

വാശിയേറിയ തെരഞ്ഞെടുപ്പ് പോരാട്ടത്തിനാണ് ഇത്തവണയും ജാർഖണ്ഡ് വേദിയായത്. കാരണം മറ്റൊന്നുമല്ല, ജാർഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പുകളുടെ ചരിത്രത്തിൽ ഇതുവരെ ഒരു മുഖ്യമന്ത്രിയും തുടർച്ചയായി രണ്ട് തവണ അധികാരത്തിലെത്തിയിട്ടില്ല. ഈ സാഹചര്യം തുടരുകയാണ്. 2000ത്തിലാണ് ജാർഖണ്ഡ് സംസ്ഥാനം രൂപീകൃതമായത്. മൂന്ന് തെരഞ്ഞെടുപ്പുകളാണ് സംസ്ഥാനത്ത് പൂർത്തിയായത്.

ഇക്കാലയളവിൽ 6 മുഖ്യമന്ത്രിമാർ സംസ്ഥാനം ഭരിച്ചു. ബാബുലാൽ മറാണ്ടി, അർജുൻ മുണ്ട, ഷിബു സോറൻ, മധു കോഡ, ഹേമന്ത് സോറൻ, രഘുബാർ ദാസ് എന്നിവർ ഝാർഖണ്ഡിലെ മുഖ്യമന്ത്രിമാരായി തെരഞ്ഞെടുക്കപ്പെട്ടു. നാലാമത്തെ നിയമസഭ തെരഞ്ഞെടുപ്പാണ് സംസ്ഥാനത്ത് നടന്നത്. വോട്ടർമാരുടെ വിചാരണയിൽ നാല് മുൻ മുഖ്യമന്ത്രിമാരാണ് 2014ലെ നിയമസഭ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടത്. ഝാർഖണ്ഡിലെ ആദ്യ മുഖ്യമന്ത്രിയായ ബാബുലാൽ മറാണ്ടി രണ്ട് സീറ്റുകളിൽ നിന്ന് മത്സരിച്ചെങ്കിലും രണ്ടിലും പരാജയപ്പെടുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP