Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കോൺഗ്രസ് ഭരണം പിടിച്ച സംസ്ഥാനങ്ങൾ പോലും തൂത്തുവാരിയെടുത്ത് അധികാരത്തിൽ എത്തിയിട്ടും ആറു മാസം തികയും മുമ്പ് എന്തുകൊണ്ട് ജനങ്ങൾ തള്ളിക്കളയുന്നു? ഹരിയാനയിലേയും മഹാരാഷ്ട്രയിലേയും തിരിച്ചടിക്ക് പിന്നാലെ ഝാർഖണ്ഡിൽ കൂടി അപ്രതീക്ഷിത പ്രഹരം ഏറ്റതോടെ ബിജെപി ക്യാമ്പിൽ ആശങ്ക; ദേശീയ രാഷ്ട്രീയം മാത്രം ഉയർത്തി സംസ്ഥാനങ്ങൾ നേടാൻ ആവില്ലെന്ന തിരിച്ചറിവിൽ തന്ത്രം മാറ്റാൻ അമിത് ഷാ; ദേശീയ പൗരത്വ നിയമത്തിന്റെ പശ്ചാത്തലത്തിൽ തോൽവി താങ്ങാനാവാതെ കാവി ക്യാമ്പ്

കോൺഗ്രസ് ഭരണം പിടിച്ച സംസ്ഥാനങ്ങൾ പോലും തൂത്തുവാരിയെടുത്ത് അധികാരത്തിൽ എത്തിയിട്ടും ആറു മാസം തികയും മുമ്പ് എന്തുകൊണ്ട് ജനങ്ങൾ തള്ളിക്കളയുന്നു? ഹരിയാനയിലേയും മഹാരാഷ്ട്രയിലേയും തിരിച്ചടിക്ക് പിന്നാലെ ഝാർഖണ്ഡിൽ കൂടി അപ്രതീക്ഷിത പ്രഹരം ഏറ്റതോടെ ബിജെപി ക്യാമ്പിൽ ആശങ്ക; ദേശീയ രാഷ്ട്രീയം മാത്രം ഉയർത്തി സംസ്ഥാനങ്ങൾ നേടാൻ ആവില്ലെന്ന തിരിച്ചറിവിൽ തന്ത്രം മാറ്റാൻ അമിത് ഷാ; ദേശീയ പൗരത്വ നിയമത്തിന്റെ പശ്ചാത്തലത്തിൽ തോൽവി താങ്ങാനാവാതെ കാവി ക്യാമ്പ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: 2019ൽ കൂടുതൽ മികവോടെ നരേന്ദ്ര മോദി വീണ്ടും അധികാരത്തിൽ എത്തി. അമിത് ഷാ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായി. ഉത്തരേന്ത്യയിൽ മുഴവൻ വെന്നിക്കൊടി പാറിച്ചായിരുന്നു വിജയം. തൊട്ടു പിന്നാലെ ഹരിയാനയിലും മഹാരാഷ്ട്രയിലും തെരഞ്ഞെടുപ്പ് വന്നു. ഹരിയാനയിൽ ജയിച്ചത് കഷ്ടിച്ചാണ്. കൂട്ടുകക്ഷി ഭരണത്തിലേക്ക് ഹരിയാന വഴിമാറി. മഹാരാഷ്ട്രയിൽ ശിവസേന ചതിച്ചപ്പോൾ പ്രതിപക്ഷത്തായി. ഝാർഖണ്ഡിലും തോറ്റു. അമിത് ആത്മവിശ്വാസത്തിൽ സഖ്യകക്ഷികളെ പിണക്കിയാതാണ് ഹരിയാനയിലെ പ്രശ്‌നത്തിന് കാരണം. ബിജെപി ക്യാമ്പിലെ വിമതരും തോൽവിക്ക് ആക്കം കൂട്ടി. ഇതിനെല്ലാം കാരണം ദേശീയ രാഷ്ട്രീയത്തിന് മാത്രം പ്രാധാന്യം കൊടുക്കുന്ന തന്ത്രമാണെന്ന് ബിജെപി തിരിച്ചറിയുന്നു. മോദിയെ ഉയർത്തി സംസ്ഥാനങ്ങളിൽ ജയിക്കാനാകില്ലെന്ന് ബിജെപി തിരിച്ചറിയുകയാണ്. അതുകൊണ്ട് തന്നെ പുതിയ തന്ത്രങ്ങളിലേക്ക് ബിജെപി ചുവടുമാറ്റും. ദേശീയ പൗരത്വ നിയമത്തിലെ പ്രതിഷേധത്തിനിടെ ഇത്രവലിയ തോൽവി ബിജെപി ഝാർഖണ്ഡിൽ പ്രതീക്ഷിച്ചിരുന്നില്ലെന്നതാണ് യാഥാർത്ഥ്യം.

ദേശീയ രാഷ്ട്രീയത്തിൽ ഉള്ള മുൻതൂക്കം കാരണം സഖ്യകക്ഷികൾ പറയുന്നതൊന്നും ബിജെപി കേൾക്കാറില്ല. ഇത് സംസ്ഥാന ഭരണത്തിൽ തിരിച്ചടിയാകുമെന്ന് ബിജെപി തിരിച്ചറിയുന്നു. അതുകൊണ്ട് തന്നെ തീർത്തും വിഭിന്നമായ നയങ്ങളിലേക്ക് പാർട്ടി കടക്കും. ഘടകകക്ഷികളെ വിശ്വാസത്തിലെടുക്കുന്ന വല്യേട്ടനായി ബിജെപി മാറും. കൂടുതൽ ചെറുകക്ഷികളെ ഉൾപ്പെടുത്തി എൻഡിഎ വിപുലീകരിക്കാനും ശ്രമിക്കും. ഇതിനുള്ള തന്ത്രങ്ങളിലേക്ക് ബിജെപി കടക്കും. പ്രതീക്ഷിച്ചതിലും വലിയ തിരിച്ചടിയാണ് ഝാർഖണ്ഡിൽ ബിജെപിക്ക് നേരിടേണ്ടി വന്നത്. ഹരിയാനയിൽ അടി കിട്ടി, മഹാരാഷ്ട്രയിൽ തിരസ്‌കരിക്കപ്പെട്ടു, ഝാർഖണ്ഡിൽ പരാജയപ്പെട്ടു. ഇതാണ് 2019ൽ ബിജെപിയുടെ കഥ'- ഝാർഖണ്ഡിൽ ബിജെപി നേരിട്ട പരാജയത്തിനു പിന്നാലെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് പി. ചിദംബരം രംഗത്ത് വന്നിട്ടുണ്ട്. രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കാൻ ബിജെപിക്കെതിരെ രാജ്യത്തെ പ്രതിപക്ഷ പാർട്ടികളെല്ലാം ഒരുമിക്കണമെന്നും ചിദംബരം ട്വിറ്ററിൽ കുറിച്ചു. ഇത്തരത്തിലെ കൂട്ടായ്മ ഭീഷണിയാകുമെന്ന് ബിജെപി തിരിച്ചറിയുന്നു.

രാജസ്ഥാനിലും മധ്യപ്രദേശിലും ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ബിജെപി തോറ്റ് തുന്നംപാടിയത്. എന്നാൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രണ്ടിടത്തും മിന്നും ജയം. ആംആദ്മിക്കൊപ്പമുള്ള ഡൽഹി പോലും ബിജെപി തൂത്തു വാരി. അതുകൊണ്ട് തന്നെ മഹാരാഷ്ട്രയിലും ഹരിയാനയിലും ഝാർഖണ്ഡിലും ബിജെപി വിജയം ഉറപ്പിച്ചാണ് പോരിന് ഇറങ്ങിയത്. ആത്മവിശ്വാസം ഏറെയായിരുന്നു. ഇതാണ് ഝാർഖണ്ഡിൽ തകരുന്നത്. ഓരോ സംസ്ഥാനത്തെയും പ്രതിപക്ഷ കക്ഷികളുടെ സഹായത്താൽ തിരഞ്ഞെടുപ്പു പോരാട്ടം നടത്താനുള്ള കോൺഗ്രസ് പരീക്ഷണത്തിന്റെ ആദ്യ നീക്കമാണ് ഝാർഖണ്ഡിൽ വിജയം കണ്ടത്. ആകെയുള്ള 81സീറ്റിൽ 47 ഇടത്തും കോൺഗ്രസ്‌ജെഎംഎംആർജെഡി സഖ്യമാണു വിജയിച്ചത്. ഇതിൽ മുപ്പതിടത്ത് ജെഎംഎമ്മും പതിനാറിടത്ത് കോൺഗ്രസും ഒരിടത്ത് ആർജെഡിയുമാണ് വിജയിച്ചത്. ബിജെപിക്ക് 25 സീറ്റുകൾ മാത്രമാണു ലഭിച്ചത്. രണ്ടു വർഷം മുൻപുവരെ രാജ്യത്തെ 70 ശതമാനത്തോളം സംസ്ഥാനങ്ങളിലും ബിജെപിയാണ് അധികാരത്തിലുണ്ടായിരുന്നത്. എന്നാൽ 2014 ൽ വ്യക്തമായ ഭൂരിപക്ഷം ഉണ്ടായിരുന്ന ഹരിയാനയിൽ 2019ൽ നടന്ന തിരഞ്ഞെടുപ്പിൽ ആകെയുള്ള 90ൽ 40 സീറ്റാണ് ബിജെപിക്കു ലഭിച്ചത്. കേവലഭൂരിപക്ഷം ലഭിക്കാതിരുന്നതിനെത്തുടർന്ന് ദുഷ്യന്ത് ചൗട്ടാലയുടെ ജെജെപിയുടെ 10 എംഎൽഎമാരുടെയും ആറു സ്വതന്ത്രന്മാരുടെയും പിന്തുണ ഉറപ്പാക്കിയാണ് ബിജെപി ഭരണം നിലനിർത്തിയത്.

ഒക്ടോബറിൽ തന്നെ തിരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിൽ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നെങ്കിലും അധികാരത്തിൽ വന്നത് കോൺഗ്രസ്ശിവസേനഎൻസിപി സഖ്യവും. 2018ൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്‌ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളും ബിജെപിയെ കൈവിട്ടിരുന്നു. തോൽപിക്കാനാകാത്ത പാർട്ടിയല്ല ബിജെപിയെന്നാണു കോൺഗ്രസ് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്. 'തോൽപിക്കാൻ കഴിയാത്തവരല്ല ബിജെപി. രാജ്യം നേരിടുന്ന ദുരന്തത്തെ മനസ്സിലാക്കി എല്ലാ പ്രതിപക്ഷ പാർട്ടികളും ഒത്തു ചേർന്നാൽ ഉറപ്പായും ബിജപിയെ തോൽപ്പിക്കാനാകും, ഇപ്പോൾ മാത്രമല്ല ഭാവിയിലും'ഇതാണ് കോൺഗ്രസ് മുന്നോട്ട് വയ്ക്കുന്ന തന്ത്രം. പ്രതിപക്ഷമെന്നാൽ ബിജെപി ഒഴികെയുള്ള എല്ലാ പാർട്ടിയും. ബീഹാറിൽ നിതീഷ് കുമാറിനേയും ഒഡീഷയിൽ നവീൻ പട്‌നായിക്കിനേയും ഈ കൂട്ടായ്മയിലേക്ക് കൊണ്ടു വരാനാണ് കോൺഗ്രസിന്റെ ശ്രമം. തീവ്ര ഹിന്ദു പയറ്റുന്ന ബിജെപിയെ തോൽപ്പിക്കാൻ വോട്ടുകൾ ഭിന്നിക്കരുതെന്ന സന്ദേശമാണ് കോൺഗ്രസ് മുമ്പോട്ട് വയ്ക്കുന്നത്. ഇത് ജയിക്കുമെന്ന ഭീതി ബിജെപിക്കുമുണ്ട്. അതുകൊണ്ട് തന്നെ ഝാർഖണ്ഡിലെ തോൽവി പരിവാറുകാരെ ആശങ്കപ്പെടുത്തുന്നതാണ്.

65 സീറ്റു നേടി ജാർഖണ്ഡ് പിടിക്കലായിരുന്നു ലക്ഷ്യം. അമിത് ഷായും നരേന്ദ്ര മോദിയും തന്നെയാണ് പ്രചാരണത്തിനു ചുക്കാൻ പിടിച്ചത്. എന്നിട്ടും മഹാസഖ്യം അധികാരം പിടിച്ചെടുത്തത് ദേശീയ വിഷയങ്ങൾ മാത്രം പറഞ്ഞു ജനങ്ങൾക്കു താൽപര്യമുണ്ടാവില്ല എന്നതിനു കൂടി തെളിവായി. മുഖ്യമന്ത്രിയെ വരെ തോൽപിച്ച് ജനങ്ങൾ നിലപാട് വ്യക്തമാക്കി. അയോധ്യയിൽ രാമക്ഷേത്രനിർമ്മാണത്തിനു കളമൊരുങ്ങിയ സുപ്രീം കോടതി വിധിക്കു ശേഷമുള്ള ആദ്യത്തെ നിയമസഭാ തിരഞ്ഞെടുപ്പായിരുന്നു ഝാർഖണ്ഡിലേത്. ഈ വിഷയം തന്നെയാണ് പ്രചാരണം തുടങ്ങിവച്ച യുപി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുതൽ പ്രധാനമന്ത്രി വരെയുള്ളവർ യോഗങ്ങളിൽ സൂചിപ്പിച്ചിരുന്നത്. ജമ്മു കശ്മീർ, മുത്തലാഖ് തുടങ്ങിയവയ്‌ക്കൊപ്പം രാമക്ഷേത്രം കൂടിയാകുമ്പോൾ ജനങ്ങളുടെ വൈകാരിക പിന്തുണയാണു പാർട്ടി പ്രതീക്ഷിച്ചത്. എന്നാൽ മോദി 2014 ൽ അവതരിപ്പിച്ച വികസന മന്ത്രമാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിലെ അഭൂതപൂർവമായ പിന്തുണയ്ക്കു കാരണമെന്നും വികസനം വിട്ടാൽ തോൽക്കുമെന്നും ബിജെപി തിരിച്ചറിയുന്നു.

ഝാർഖണ്ഡിൽ അമിത്ഷാ 10 റാലികളിലാണ് പ്രസംഗിച്ചത്. മോദി 9 എണ്ണത്തിലും. 5 ഘട്ട തിരഞ്ഞെടുപ്പിന്റെ അവസാന സമയത്ത് പൗരത്വ ഭേദഗതി ബില്ലും എൻആർസിയുമടക്കമുള്ള വിഷയങ്ങളായിരുന്നു മുഖ്യമായും ഉപയോഗിച്ചത്. എന്നാൽ ഗ്രാമങ്ങളിലെ പട്ടിണിയും തൊഴിലില്ലായ്മയും ആദിവാസി മേഖലകളോടുള്ള അവഗണനയുമാണ് കോൺഗ്രസും ജെഎംഎമ്മും ചർച്ചയാക്കിയത്. ഹരിയാനയിലും മഹാരാഷ്ട്രയിലും പോലും കശ്മീരും മുത്തലാഖും ബിജെപിയെ തുണച്ചില്ല. ഷാ സ്ഥാനമേൽക്കുമ്പോൾ 7 സംസ്ഥാനങ്ങളിലായിരുന്നു ബിജെപി ഭരിച്ചിരുന്നത്. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്‌ഗഡ് എന്നിവ പിടിച്ചാണ് ഷാ വരവറിയിച്ചത്. പിന്നാലെ മഹാരാഷ്ട്രയും ഹരിയാനയും നേടി. എന്നാൽ ഇന്ന് 2017ൽ രാജ്യത്തിന്റെ 70 ശതമാനത്തോളമുണ്ടായിരുന്ന ബിജെപി ഭരണസാന്നിധ്യം 37%ത്തിലേക്കു ചുരുങ്ങി. ഇത് പരിവാറുകാരെ ആശങ്കപ്പെടുത്തുന്നു. അതുകൊണ്ട് തന്നെ പ്രാദേശിക വിഷയത്തിലേക്ക് ബിജെപി കൂടുതൽ അടുക്കും. അങ്ങനെ കൂടുതൽ സംസ്ഥാനങ്ങളിൽ പിടിച്ചു നിൽക്കാനും ശ്രമിക്കും.

മോദിയെ മാത്രം ആശ്രയിച്ചു ബിജെപിക്കു നിയമസഭാ തിരഞ്ഞെടുപ്പുകൾ വിജയിക്കാനാകില്ലെന്നു ജാർഖണ്ഡ് തെളിയിച്ചു. സംസ്ഥാനങ്ങളിലെ നേതാക്കളെ തഴഞ്ഞ് ഇഷ്ടക്കാരെ മുഖ്യമന്ത്രിമാരാക്കുന്ന നയം ബിജെപിയെ തോൽപ്പിച്ചതിന് ഉദാഹരണമാണു ജാർഖണ്ഡ്. മുഖ്യമന്ത്രി രഘുബർദാസിനെതിരെ സ്വരമുയർത്തിയ സരയു റായിയുടെയും അർജുൻ മുണ്ടയുടെയും മുന്നറിയിപ്പുകൾ പാർട്ടി മുഖവിലയ്‌ക്കെടുത്തില്ല. സരയു റായിക്കു ടിക്കറ്റു നിഷേധിച്ചു. രഘുബർ ദാസിനെതിരെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച സരയു റായിയെ പിന്തുണച്ച ജെഎംഎം അട്ടിമറി ഉറപ്പിച്ചു.. ആഭ്യന്തരമന്ത്രി അമിത് ഷായും ഝാർഖണ്ഡിലെ ബിജെപി സർക്കാരും മാവോയിസ്റ്റുകൾക്കെതിരെ സ്വീകരിച്ച സമീപനവും തിരഞ്ഞെടുപ്പിൽ നിർണായകമായി. ഝാർഖണ്ഡിനെ ബിജെപി ഭരണത്തിൽ നിന്നു മുക്തമാക്കാൻ മാവോയിസ്റ്റുകൾ പരസ്യമായി മഹാസഖ്യത്തെ പിന്തുണച്ചിരുന്നു. ഗോത്രമേഖലകളിൽ ബിജെപിക്കേറ്റ തിരിച്ചടിയിൽ മാവോയിസ്റ്റുകളുടെ പങ്കും നിർണായകമായി.

ഝാർഖണ്ഡിൽ ജെ.എം.എം- കോൺഗ്രസ്-രാഷ്ട്രീയ ജനതാദൾ മഹാസഖ്യം ആകെയുള്ള 81 സീറ്റിൽ 47 നേടിയാണ് ഭൂരിപക്ഷം ഉറപ്പാക്കിയത്. ഗോത്രമേഖലകളിൽ അടിപതറിയ ബിജെപി.ക്ക്, മുഖ്യമന്ത്രി രഘുബർ ദാസ് അടക്കമുള്ള പ്രമുഖ നേതാക്കളുടെ തോൽവി കനത്ത തിരിച്ചടിയായി. തിങ്കളാഴ്ചയായിരുന്നു അഞ്ചുഘട്ടമായി നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ. പൗരത്വനിയമവും പൗരത്വപ്പട്ടികയും കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയതുമടക്കമുള്ള ദേശീയപ്രശ്‌നങ്ങൾ ഉയർത്തിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും അടക്കമുള്ള ബിജെപി. നേതാക്കൾ സംസ്ഥാനത്ത് പ്രചാരണം നടത്തിയത്. സംസ്ഥാനസർക്കാരിന്റെ 'ദുർഭരണവും അഴിമതിയും' തൊഴിലില്ലായ്മയുമടക്കമുള്ള പ്രാദേശികപ്രശ്‌നങ്ങളിലൂന്നിയായിരുന്നു മഹാസഖ്യത്തിന്റെ പ്രചാരണം. ഭരണവിരുദ്ധവികാരത്തെ മുതലെടുക്കാൻ ഈ പ്രചാരണത്തിനു കഴിഞ്ഞെന്ന സൂചനയാണ് ഫലം നൽകുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 14 സീറ്റിൽ പന്ത്രണ്ടും ബിജെപി.യാണ് ജയിച്ചത്.

ഇതു ബിജെപി.യുടേതല്ല തന്റെ തോൽവിയാണെന്ന് മുഖ്യമന്ത്രി രഘുബർ ദാസ് പ്രതികരിച്ചു. ഗവർണറെ കണ്ട അദ്ദേഹം രാജിക്കത്ത് നല്കി. ബിജെപി. വിമതനും മുൻ മന്ത്രിയുമായ സരയൂ റോയിയോടാണ് പതിനായിരത്തിലേറെ വോട്ടുകൾക്ക് രഘുബർദാസ് തോറ്റത്. ജാർഖണ്ഡ് മുക്തിമോർച്ച നേതാവും മുൻ മുഖ്യമന്ത്രിയുമായ ഹേമന്ത് സോറന്റെ നേതൃത്വത്തിലായിരിക്കും മഹാസഖ്യം പുതിയ സർക്കാരുണ്ടാക്കുക. മുൻ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായ ഷിബുസോറന്റെ മകനാണ് നാല്പത്തിനാലുകാരനായ ഹേമന്ത്. ജെ.എം.എം. മുന്നണിയുടെ വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഹേമന്ത് സോറനെ അഭിനന്ദിച്ചു. പരാജയം അംഗീകരിക്കുന്നതായി ബിജെപി. അധ്യക്ഷനും ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP