Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാലുവാരി ഭരണം പിടിക്കാൻ സിപിഎമ്മിനെ കിട്ടില്ല; ജോർജിന്റെ കത്തിന്റെ അടിസ്ഥാനത്തിൽ മാണിയുടെയും ജോസ് കെ മാണിയുടെയും സാമ്പത്തിക സ്രോതസിനെ കുറിച്ച് അന്വേഷണം വേണം: നിലപാട് വ്യക്തമാക്കി കോടിയേരി ബാലകൃഷ്ണൻ

കാലുവാരി ഭരണം പിടിക്കാൻ സിപിഎമ്മിനെ കിട്ടില്ല; ജോർജിന്റെ കത്തിന്റെ അടിസ്ഥാനത്തിൽ മാണിയുടെയും ജോസ് കെ മാണിയുടെയും സാമ്പത്തിക സ്രോതസിനെ കുറിച്ച് അന്വേഷണം വേണം: നിലപാട് വ്യക്തമാക്കി കോടിയേരി ബാലകൃഷ്ണൻ

കോഴിക്കോട്: കാലുവാരി ഭരണം പിടിക്കാൻ സിപിഎമ്മിനെ കിട്ടില്ലെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇടതു മുന്നണി വിപുലീകരിക്കുമെങ്കിലും യുഡിഎഫ് എംഎൽഎമാരെ കാലുവാരിയോ കൂറുമാറ്റിയോ ഭരണം പിടിച്ചെടുക്കാനില്ല. അത്തരം നീക്കത്തിലൂടെ ഈ സർക്കാരിനെ അട്ടിമറിക്കില്ലെന്നത് ഇടതുമുന്നണിയുടെ പ്രഖ്യാപിത നയമാണെന്നും കോടിയേരി ബാലകൃഷ്ണൻ കോഴിക്കോട്ട് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഭരണം അട്ടിമറിക്കാൻ സിപിഐ(എം) ശ്രമിക്കുന്നുവെന്ന പിപി തങ്കച്ചന്റെ ആരോപണത്തിന് മറുപടിയായാണ് കോടിയേരി ഇങ്ങനെ വ്യക്തമാക്കിയത്.

ബാർ കോഴ കേസിൽ പി സി ജോർജിനെ സാക്ഷിയാക്കി കെ എം മാണിക്കെതിരെ കേസ് എടുക്കണമെന്നും കോടിയേരി പറഞ്ഞു. പി സി ജോർജിന്റെ പരാമർശങ്ങൾ അവിശ്വസിക്കേണ്ട കാര്യമില്ല. അദ്ദേഹം ഇപ്പോഴും കേരളകോൺഗ്രസ് വൈസ് ചെയർമാനാണ്. കൂടെക്കിടക്കുന്നവനെ രാപ്പനി അറിയൂ എന്നാണല്ലോ കോടിയേരി പറഞ്ഞു. പി സി ജോർജ് മുഖ്യമന്ത്രിക്ക് നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ മന്ത്രി കെ എം മാണിക്കും ജോസ് കെ മാണിക്കും എതിരെ കേസ് എടുക്കണം. മാണിക്കെതിരെ തെളിവില്ലെങ്കിൽ മാണിയ്‌ക്കെതിരായ എന്തുകൊണ്ടാണ് എഫ്‌ഐആർ റദ്ദാക്കാൻ സർക്കാർ കോടതിയെ സമീപിക്കാത്തത്. കേസ് വ്യാജമാണെങ്കിൽ മാണിയും എന്തുകൊണ്ട് എഫ്‌ഐആർ റദ്ദാക്കാൻ ആവശ്യപെട്ടിട്ടില്ലെന്നും കോടിയേരി ചോദിച്ചു.

രാജ്യത്തെ ധനമന്ത്രിമാരുടെ ഉന്നതാികാര സമിതി ചെയർമാനായി ധനമന്ത്രി കെ എം മാണിയെ തീരുമാനിച്ച കേന്ദ്രസർക്കാർ തീരുമാനം പുനപരിശോധിക്കണം. മാണിയുടെ നിയമനം റദ്ദ് ചെയ്യണമെന്നും കോടിയേരി പറഞ്ഞു. സംസ്ഥാന ബജറ്റ് വിറ്റ് പണം സമ്പാദിച്ചു എന്ന ആരോപണമുള്ള മാണിയെ ഈ സ്ഥാനത്ത് നിയമിച്ചത് കോൺഗ്രസ് ബിജെപി അവിഹിതബന്ധത്തിന്റെ ഫലമാണ്. ഈ നിയമനം സംബന്ധിച്ച് ബിജെപി ഇതുവരെ പ്രതികരിച്ചിട്ടില്ല. ബാർകോഴ കേസിൽ സംസ്ഥാനത്ത് വൻ പ്രതിഷേധം ഉയർത്തിയ പാർട്ടിയായിരുന്നു ബിജെപി. ഇപ്പോൾ മൗനം പാലിക്കുകയാണ്. സോളാർ കേസിലെ സരിതയുടെ കത്ത് സംബന്ധിച്ചു ബിജെപി പ്രതികരിച്ചിട്ടില്ല. ഇതെല്ലാം കോൺഗ്രസ് ബിജെപി ബന്ധത്തിന്റെ ഫലമാണെന്നും കോടിയേരി പറഞ്ഞു.

മാണി ബജറ്റ് അവതരിപ്പിച്ചതായി റിപ്പോർട്ട് നൽകിയ സ്പീക്കറുടെ കുറിപ്പിൽ രാഷ്ട്രപതിക്ക് 356ാ ം വകുപ്പ് അനുസരിച്ച് ഗവർണർ റിപ്പോർട്ട് നൽകിയിരുന്നു എന്നാൽ പിന്നീട് ഗവർണർ ഇതിൽ തുടർന്ന് നടപടികൾ സ്വീകരിച്ചില്ല. കേരളത്തിൽ വില്ലേജ് ഓഫീസ് മുതൽ മുഖ്യമന്ത്രിയുടെ ഓഫീസ് വരെ അഴിമതിയിൽ മുങ്ങിയിരിക്കുകയാണ്. ഇത്തരത്തിലുള്ള ഒരു തല്ലിപ്പൊളി മുന്നണിക്കും തല്ലിപൊളി ഗവൺമെന്റിനും അധികാരത്തിൽ തുടരാൻ അവകാശമില്ല. ഇത്തരം മുന്നണിയിൽ തുടരണോ എന്ന് യുഡിഎഫ് ഘടകകക്ഷികൾ തീരുമാനിക്കണം. നിയമാനുസൃതമായി ഭൂരിപക്ഷമുള്ള സർക്കാരിനെ എൽഡിഎഫ് അട്ടിമറിക്കില്ല. ഇത്തരത്തിൽ കുതിരക്കച്ചവടത്തിന് ഇല്ലെന്ന് മുന്നണി നേരത്തെ തീരുമാനിച്ചതാണ്. എന്നാൽ പലരും എന്താ അത് ചെയ്യാത്തത് എന്ന് ചോദിക്കുന്നുണ്ടെന്നും കോടിയേരി പറഞ്ഞു.

രാഷ്ട്രീയ തർക്കത്തിന്റെ പേരിലില്ല ആർഎസ്‌പി മുന്നണി വിട്ടത്. എൽഡിഎഫിനോട് ആ പാർട്ടി സ്വീകരിച്ച നടപടി വഞ്ചനാപരമാണ്. അത് തിരുത്തണം. ഇത്രയും അഴിമതിയിൽ മുങ്ങിക്കുളിച്ച മുന്നണിയിൽ നിന്ന് ഇപ്പോഴും ആർഎസ്‌പിക്ക് പുറത്ത് വരാൻ പറ്റുന്നില്ല. എന്നാൽ യുഡിഎഫ് നിലപാടിനെ വിമർശിച്ച് ചന്ദ്രചൂഡൻ രംഗത്ത് വന്നത് മാറ്റമാണെന്നും കോടിയേരി പറഞ്ഞു. എൽഡിഎഫിൽ നിന്ന് ജനതാദൾ എസ് പുറത്ത് പോയതും മുന്നണി നയങ്ങളോടുള്ള വിയോജിപ്പ് മൂലമല്ല.

ജനതാദളും മുന്നണി വിട്ടത് രാഷ്ട്രീയതർക്കത്തിന്റെ പേരിലല്ല, സീറ്റ് തർക്കത്തിന്റെ പേരിലാണ്. പാലക്കാട്ട് സീറ്റ് നൽകി തോൽപ്പിക്കുകയായിരുന്നു. തൃശ്ശൂരിൽ ജനതാദൾ പ്രവർത്തകനെ കൊലപ്പെടുത്തിയ പ്രതികളെ പിടികൂടാൻ അവർ പിന്തുണ കൊടുത്ത സർക്കാരിന് ആയില്ല. ഒരു കോൺഗ്രസ് നേതാവ് പോലും ആ പ്രവർത്തകന്റെ വീട്ടിലെത്തിയില്ല. ആർഎസ്എസ് പ്രവർത്തകരുടെ ആക്രമണത്തിൽ മരിച്ചതായതിനാൽ ഞങ്ങൾ അവിടെ സന്ദർശിച്ചു. ആർ.എസ്.എസിന്റെ ആക്രമത്തിനെതിരായ പ്രതിഷേധത്തിന് ജനതാദൾ തയ്യാറാൽ സഹകരിക്കുമെന്നും കോടിയേരി പറഞ്ഞു. കെ ആർ ഗൗരിയമ്മയെ എൽഡിഎഫിൽ എടുക്കണമോ എന്നുള്ളതിൽ അനുകൂല മനോഭാവമാണ് സിപിഐ എമ്മിനുള്ളത്. ബാക്കി കാര്യങ്ങൾ ഗൗരിയമ്മയുമായും മുന്നണിയിലും ചർച്ച ചെയ്ത് തീരീമാനിക്കുമെന്ന് കോടിയേരി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP