Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മരടിലെ ഫ്‌ളാറ്റുകളിൽ സ്‌ഫോടനം നടത്തും മുൻപു മണ്ണിന്റെ ഉറപ്പു പരിശോധിക്കും; കൂറ്റൻ കെട്ടിടം തകർന്നു വീഴുമ്പോഴുള്ള ആഘാതം താങ്ങാൻ കഴിയുമോ എന്ന കാര്യത്തിൽ ഇപ്പോഴും ആശങ്ക; പൊളിക്കാനുള്ള നാല് ഫ്‌ളാറ്റുകളുടെയും സ്ട്രക്ചറുകളിൽ സ്‌ഫോടക വസ്തുക്കൾ നിറയ്ക്കാനുള്ള ദ്വാരമിടൽ 75 ശതമാനം പൂർത്തിയായി; ചെറിയ ഫ്‌ളാറ്റായ ഗോൾഡൻ കായലോരത്തിന് മാത്രം 940 ദ്വാരങ്ങൾ; ആദ്യ സ്‌ഫോടനം ജനുവരി 11ന് രാവിലെ 11ന്; അഞ്ചു ടവറുകൾക്കുമായി 95 കോടിയുടെ ഇൻഷുറൻസ് പരിരക്ഷ

മരടിലെ ഫ്‌ളാറ്റുകളിൽ സ്‌ഫോടനം നടത്തും മുൻപു മണ്ണിന്റെ ഉറപ്പു പരിശോധിക്കും; കൂറ്റൻ കെട്ടിടം തകർന്നു വീഴുമ്പോഴുള്ള ആഘാതം താങ്ങാൻ കഴിയുമോ എന്ന കാര്യത്തിൽ ഇപ്പോഴും ആശങ്ക; പൊളിക്കാനുള്ള നാല് ഫ്‌ളാറ്റുകളുടെയും സ്ട്രക്ചറുകളിൽ സ്‌ഫോടക വസ്തുക്കൾ നിറയ്ക്കാനുള്ള ദ്വാരമിടൽ 75 ശതമാനം പൂർത്തിയായി; ചെറിയ ഫ്‌ളാറ്റായ ഗോൾഡൻ കായലോരത്തിന് മാത്രം 940 ദ്വാരങ്ങൾ; ആദ്യ സ്‌ഫോടനം ജനുവരി 11ന് രാവിലെ 11ന്; അഞ്ചു ടവറുകൾക്കുമായി 95 കോടിയുടെ ഇൻഷുറൻസ് പരിരക്ഷ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മരടിലെ ഫ്‌ളാറ്റ് പൊളിക്കാനുള്ള ഒരുക്കങ്ങൾ ഓരോന്നായി പൂർത്തിയാക്കി വരികയാണ്. പൊളിക്കാനുള്ള 4 ഫ്‌ളാറ്റുകളുടെയും സ്ട്രക്ചറുകളിൽ സ്‌ഫോടക വസ്തുക്കൾ നിറയ്ക്കാനുള്ള ദ്വാരമിടൽ 75 ശതമാനം പൂർത്തിയായിട്ടുണ്ട്. രണ്ട് ദിവസം കൊണ്ടു പൊളിച്ചു തീർക്കാൻ വേണ്ടിയുള്ള പദ്ധതികളാണ് ഇതുവരെ തയ്യാറാക്കിയിരിക്കുന്നത്. കൂട്ടത്തിൽ ഏറ്റവും ചെറിയ ഫ്‌ളാറ്റായ ഗോൾഡൻ കായലോരത്തിന് മാത്രം 940 ദ്വാരങ്ങളാണുള്ളത്. 960 ദ്വാരങ്ങളാണ് ഇവിടെ സ്‌ഫോടക വസ്തുക്കൾ നിറയ്ക്കാൻ വേണ്ടത്.

ആൽഫ സെറീൻ, ഗോൾഡൻ കായലോരം ഫ്‌ളാറ്റുകൾ ഒറ്റത്തവണ സ്‌ഫോടനത്തിലൂടെയായിരിക്കും തകർക്കുക. ജെയിനും എച്ച്്.ടു.ഒ.യും തകർക്കാൻ ഇരട്ട സ്‌ഫോടനം ഉണ്ടാകും. എന്നാൽ രണ്ടും തമ്മിലുള്ള സമയ വ്യത്യാസം മില്ലി സെക്കൻഡ് മാത്രമായിരിക്കും. പൊളിക്കുന്നതിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി മരടിലെ ഫ്‌ളാറ്റുകൾ എക്‌സ്പ്ലോസീവ് കൺട്രോളർ ആർ. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. ജെയിൻ, ഗോൾഡൻ കായലോരം, ആൽഫ സെറീൻ ഫ്‌ളാറ്റുകളിലാണ് വ്യാഴാഴ്ച പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസം എച്ച്.ടു.ഒ. ഫ്‌ളാറ്റിൽ പരിശോധന നടത്തിയിരുന്നു. ജനുവരി 11, 12 തീയതികളാണ് ഫ്‌ളാറ്റ് പൊളിക്കാനായി നിശ്ചയിച്ചിരിക്കുന്നത്. ഫ്‌ളാറ്റുകളിലെ ഹോളുകളിൽ സ്‌ഫോടകവസ്തു നിറയ്ക്കുന്നത് ജനുവരി മൂന്നിനോ നാലിനോ ആരംഭിക്കും. നാഗ്പുരിൽ നിന്നാണ് സ്‌ഫോടകവസ്തു കൊണ്ടുവരുന്നത്. ചാലക്കുടിയിലെ സംഭരണ ശാലയിലാണ് ഇത് സൂക്ഷിക്കുന്നത്.

ഫ്‌ളാറ്റുകൾ നിൽക്കുന്ന മണ്ണിന്റെ ബലപരിശോധന നടത്തും. ആദ്യം പൊളിക്കുന്ന കുണ്ടന്നൂരിലെ എച്ച്.ടു.ഒ. ഫ്‌ളാറ്റിന് സമീപത്തുകൂടി കടന്നുപോകുന്ന ഐ.ഒ.സി.യുടെ പൈപ്പ് ലൈൻ വഴിയുള്ള ഇന്ധനം പമ്പ് ചെയ്യുന്നത് നിർത്തിവെയ്ക്കും. ഇന്ധനം പമ്പ് ചെയ്യുന്നത് നിർത്തി പൈപ്പിനുള്ളിൽ വെള്ളം നിറയ്ക്കാൻ ഇന്ത്യൻ ഓയിൽ കോർപ്പറേഷന് നോട്ടീസ് നൽകിയിട്ടുണ്ട്. ആൽഫ സെറിന്റെ രണ്ട് ഫ്‌ളാറ്റ് സമുച്ചയങ്ങളിലായി 3,500 ഹോളുകളിലായിരിക്കും സ്‌ഫോടക വസ്തു നിറയ്ക്കുക. അടിനിലയ്ക്കു പുറമേ ഒന്ന്, രണ്ട്, അഞ്ച്, ഏഴ്, ഒൻപത്, 11, 14 നിലകളിലായിരിക്കും സ്‌ഫോടനം നടത്തുക. ഇവിടെ 16 മീറ്റർ ഉയരത്തിൽ കെട്ടിടാവശിഷ്ടം നിറയും.

ആൽഫയിലെ അഞ്ച് നിലകളിലെ ഇടഭിത്തിയെ ഇതുവരെ നീക്കിയിട്ടുള്ളൂ. നാട്ടുകാരുടെ എതിർപ്പ് കാരണമാണ് ഭിത്തി നീക്കാൻ കഴിയാത്തതെന്നാണ് കരാറുകാർ പറയുന്നത്. എല്ലാ നിലകളിലെയും ഭിത്തി നീക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്്. ഇക്കാര്യത്തിൽ സഹകരിക്കണമെന്ന് നാട്ടുകാരോടും ആവശ്യപ്പെട്ടു. ഭിത്തി നീക്കിയില്ലെങ്കിൽ കല്ലും മണ്ണും സമീപത്തേക്ക് തെറിക്കും. സ്‌ഫോടനം നടത്തുന്ന ഭാഗത്ത് നിലവിൽ രണ്ട് പാളികളായിട്ടേ കമ്പിവേലി ചുറ്റിയിട്ടുള്ളു. ഇത് അഞ്ച് എണ്ണമാക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. പൊടി സമീപത്തേക്ക് തെറിക്കാതിരിക്കാൻ ജിയോ ടെക്സ്റ്റയിൽ ഫ്‌ളാറ്റിനു ചുറ്റും നാല് പാളികളായി ചുറ്റണമെന്നും നിർദേശിച്ചിട്ടുണ്ട്. ജെയ്ൻ ഫ്‌ളാറ്റിൽ സ്‌ഫോടക വസ്തുക്കൾ നിറയ്ക്കുന്നതിനായുള്ളത് 2,860 ഹോളുകളാണ്. അടിനിലയ്ക്കു പുറമേ ഒന്ന്, രണ്ട്, എട്ട്, 14 നിലകളിലായിരിക്കും ആദ്യം സ്‌ഫോടനം നടത്തുക. 5, 13 നിലകളിൽ ഇതിനു പിന്നാലെയും സ്‌ഫോടനം നടത്തും.

അതേസമയം കെട്ടിടം തകർന്നു വീഴുമ്പോൾ അത് താങ്ങാൻ മണ്ണിന് സാധിക്കുമോ എന്ന കാര്യത്തിൽ ആശങ്ക ഇപ്പോഴും അവശേഷിക്കുന്നുണ്ട്. ഇത് പരിഹരിക്കാൻ വേണ്ടി സ്‌ഫോടനത്തിന് മുമ്പ് മണ്ണിന്റെ ഉറപ്പു പരിശോധിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ ചിലയിടത്തു സ്‌ഫോടനത്തിന്റെ ആഘാതം കുറയ്ക്കുന്നതും പരിഗണിക്കും. സ്ഫോടക വിദഗ്ധരായ പെട്രോളിയം ആൻഡ് എക്സ്പ്ളോസിവ്‌സ് സേഫ്റ്റി ഓർഗനൈസേഷൻ അംഗങ്ങൾ ഇന്നലെ നെട്ടൂർ ജെയിൻ കോറൽകോവ്, മരടിലെ ഗോൾഡൻ കായലോരം, ആൽഫ സെറീൻ എന്നീ ഫ്‌ളാറ്റുകളിൽ പരിശോധന നടത്തി. ഇതിനു ശേഷമാണു തീരുമാനം.

ജെയിൻ കോറൽ കോവ്, ഗോൾഡൻ കായലോരം എന്നീ ഫ്‌ളാറ്റുകളിലെ സ്‌ഫോടന മുന്നൊരുക്കങ്ങളിൽ പൂർണ തൃപ്തി പ്രകടിപ്പിച്ച സംഘം ആൽഫാ സെറീനിൽ സുരക്ഷാ മുൻകരുതലുകൾ വർധിപ്പിക്കാൻ നിർദ്ദേശം നൽകി. കൂറ്റൻ കെട്ടിടങ്ങൾ തകർന്നു വീഴുമ്പോഴുള്ള ആഘാതം താങ്ങാൻ മരടിലെ ഉറപ്പില്ലാത്ത മണ്ണിനു കഴിയുമോ എന്ന് ആശങ്കയുള്ളതിനാലാണു മണ്ണുപരിശോധന.

മരടിൽ ഫ്‌ളാറ്റ് സമുച്ചയങ്ങളുള്ള ഭൂമി 5 മീറ്ററോളം ആഴമുള്ള ചതുപ്പ് ആയിരുന്നു. സ്‌ഫോടനത്തെത്തുടർന്നു ടൺ കണക്കിനു വരുന്ന ഫ്‌ളാറ്റ് അവശിഷ്ടങ്ങൾ ചതുപ്പിലേക്കു പതിച്ചാൽ ഉദ്ദേശിക്കുന്ന രീതിയിൽ അമർന്നുകൊള്ളണമെന്നില്ല. കായലിലേക്കു പതിച്ചാൽ എടുത്തു മാറ്റാൻ സാധിക്കാത്ത വിധം മാലിന്യം നിറഞ്ഞ് ഒഴുക്കു തടസ്സപ്പെടാനും സാധ്യതയുണ്ട്. ഐഒസി ഇന്ധന പൈപ്പ് സംരക്ഷിക്കാൻ നടപടി എച്ച്ടുഒ ഹോളിഫെയ്ത്തിനു സമീപത്തെ ഇന്ത്യൻ ഓയിൽ കോർപറേഷന്റെ ഇന്ധനപൈപ്പിൽ നിന്ന് ഇന്ധനം ഒഴിവാക്കി വെള്ളം നിറയ്ക്കാനും മുകളിൽ മണൽച്ചാക്കുകൾ സ്ഥാപിക്കാനും ഐഒസിക്കു രേഖാമൂലം നിർദ്ദേശം നൽകിയതായി ഡപ്യൂട്ടി ചീഫ് കൺട്രോളർ ഓഫ് എക്‌സ്‌പ്ലോസിവ്‌സ്, ഡോ. ആർ.വേണുഗോപാൽ പറഞ്ഞു.

ബംഗളൂരുവിൽ നിന്നുള്ള സ്‌ഫോടന വിദഗ്ധൻ വിനയാനന്ദ്, എഡിഫിസ് ജീവനക്കാർ എന്നിവരും വേണുഗോപാലിനൊപ്പമുണ്ടായിരുന്നു. പൊളിക്കുന്നതോടെ എച്ച്ടുഒ ഹോളിഫെയ്ത്തിനു സമീപമുള്ള പാലം അപകടത്തിലാകുമോ എന്നും ആശങ്കയുണ്ട്. സുരക്ഷ വർധിപ്പിക്കും ആൽഫ സെറീൻ ഫ്‌ളാറ്റ് പൊളിക്കൽ കുറ്റമറ്റതാക്കാൻ സുരക്ഷാ സംവിധാനങ്ങൾ വർധിപ്പിക്കാൻ നിർദ്ദേശം നൽകി സ്‌ഫോടക വിദഗ്ദ്ധർ. സ്‌ഫോടകവസ്തു സ്ഥാപിക്കുന്ന തൂണുകളെ പൊതിഞ്ഞുള്ള കമ്പിവലപ്പാളി നാലെണ്ണം വേണ്ടത് അഞ്ചാക്കി ഉയർത്തും. ഇതിനു പുറമേ ഭൂവസ്ത്രം(ജിയോ ടെക്‌സ്‌റ്റൈൽ) 5 പാളികളും സ്ഥാപിക്കും.

അതേസമയം ഫ്‌ളാറ്റുകളിൽ നിയന്ത്രിത സ്‌ഫോടനം നടത്താനുള്ള സമയ പരിധിയു നിശ്ചയിച്ചിട്ടുണ്ട്. നാല് ഫ്‌ളാറ്റുകളിലെ അഞ്ചു ടവറിനായി 95 കോടി രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കും. സ്‌ഫോടന സമയവും നിശ്ചയിച്ചു. ആദ്യം സ്‌ഫോടനം നടത്തുന്നത് കുണ്ടന്നൂർ എച്ച്2ഒ ഹോളിഫെയ്ത്തിലാണ്. ഇവിടെ ജനുവരി 11ന് രാവിലെ 11.00നാണ സ്‌ഫോടനം പ്ലാൻ ചെയ്തിരിക്കുന്നത്. പിന്നാലെ നെട്ടൂർ ആൽഫ സെറീൻ ജനുവരി 11ന് രാവിലെ 11.30നും പൊളിക്കും. നെട്ടൂർ ജെയിൻ കോറൽ കോവ് പൊളിക്കുന്നത് ജനുവരി 12ന് രാവിലെ 11.00 മണിയോടെയാണ്. ഏറ്റവും ഒടുവിലായി കണ്ണാടിക്കാട് ഗോൾഡൻ കായലോരം പൊളിക്കും. ജനുവരി 12ന് ഉച്ചയ്ക്ക് 2.00 മണിക്കാണ് ഈ ഫ്‌ളാറ്റ് പൊളിക്കുന്നത്.

ഔദ്യോഗികമായ എന്തെങ്കിലും തടസ്സങ്ങൾ ഉണ്ടെങ്കിൽ മാത്രമേ നിശ്ചിത സമയക്രമത്തിൽ ഭേദഗതി ഉണ്ടാകൂവെന്ന് പൊളിക്കുന്നതിന്റെ ചുമതലയുള്ള ഫോർട്ട് കൊച്ചി സബ് കലക്ടർ സ്‌നേഹിൽകുമാർ സിങ് പറഞ്ഞു. നിലവിൽ വിള്ളൽ വീണ വീടുകളുടെ അറ്റകുറ്റപ്പണി ഫ്‌ളാറ്റുകൾ പൊളിക്കാൻ കരാറുള്ള കമ്പനി നിർവഹിക്കുമെന്നും സബ് കലക്ടർ അറിയിച്ചു. സമീപവാസികൾക്ക് തേഡ് പാർട്ടി ഇൻഷുറൻസ് പരിരക്ഷയാണുണ്ടാവുക. ഏതെങ്കിലും കെട്ടിടത്തിനു നാശനഷ്ടമുണ്ടായാൽ വിപണി വിലയുടെ അടിസ്ഥാനത്തിൽ നഷ്ടപരിഹാരം നൽകും.

ജനവാസമേഖലയിൽ അല്ലാത്തതിനാലാണു ജെയിൻ കോറൽ കോവ്, ഗോൾഡൻ കായലോരം എന്നീ ഫ്‌ളാറ്റുകളുടെ ഇൻഷുറൻസ് പരിരക്ഷ 10 കോടി രൂപയായി കുറച്ചത്. ക്ലെയിമുകൾക്ക് ദൂരപരിധി ബാധകമായിരിക്കില്ല. ഫ്‌ളാറ്റുകളുടെ 200 മീറ്റർ ചുറ്റളവിൽ ഉള്ളവരെ 34 മണിക്കൂർ നേരത്തേക്ക് ഒഴിപ്പിക്കും. സമീപത്തെ വീടുകളുടെ ചിത്രങ്ങൾ പകർത്തും. സ്‌ഫോടനത്തിനിടെ കേടുപാടുകൾ പറ്റിയാൽ നഷ്ടപരിഹാരം ഉറപ്പാക്കാനാണിത്. സമീപത്തെ വീടുകളും കെട്ടിടങ്ങളും സ്ട്രക്ചറൽ എൻജിനീയർമാർ ഓഡിറ്റ് ചെയ്യും. ഈ സ്ട്രക്ചറൽ ഓഡിറ്റും നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനു പ്രയോജനപ്പെടുത്തും.

കുണ്ടന്നൂർ എച്ച്2ഒ ഹോളിഫെയ്ത്തിന് 25 കോടിയുടെ ഇൻഷുറൻസ് പരിരക്ഷയാണ് നൽകിയിരിക്കുന്നത്. നെട്ടൂർ ആൽഫ സെറീൻ ടവർ ഒന്ന് പൊളിക്കാൻ 1: 25 കോടിയും റണ്ടാമത്തെ ടവറിന് 2: 25 കോടിയും ഇൻഷുറൻസ് പരിരക്ഷയും നൽകും. നെട്ടൂർ ജെയിൻ കോറൽ കോവ്- 10 കോടി. കണ്ണാടിക്കാട് ഗോൾഡൻ കായലോരം- 10 കോടി എന്നിങ്ങനെയാണ് മറ്റ് ഇൻഷുറൻസ് തുകകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP