Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാലായിൽ പണി നൽകിയതിന് ബദലായി ജോസഫിന് കുട്ടനാട്ടിൽ മറുപടി കൊടുക്കാൻ ഒരുക്കങ്ങളുമായി ജോസ് കെ മാണി; മാണി വിട്ടു കൊടുത്ത കുട്ടനാട് സീറ്റിൽ സ്ഥാനർത്ഥിയാരെന്ന കാര്യത്തിൽ സംശയമില്ലെന്ന് തീർത്ത് പറഞ്ഞ് മാണിയുടെ മകൻ; പഴയ സ്ഥാനാർത്ഥിയെ തന്നെ നിർത്തി പോരാടാൻ ജോസഫും; കേരളാ കോൺഗ്രസ് തർക്കത്തിൽ ശ്വാസം മുട്ടി കോൺഗ്രസ്; മികച്ച സ്ഥാനാർത്ഥിയെ കണ്ടെത്തി ഉപതെരഞ്ഞെടുപ്പിൽ മിന്നും വിജയം ഉറപ്പിക്കാൻ തന്ത്രങ്ങളൊരുക്കി സിപിഎമ്മും

പാലായിൽ പണി നൽകിയതിന് ബദലായി ജോസഫിന് കുട്ടനാട്ടിൽ മറുപടി കൊടുക്കാൻ ഒരുക്കങ്ങളുമായി ജോസ് കെ മാണി; മാണി വിട്ടു കൊടുത്ത കുട്ടനാട് സീറ്റിൽ സ്ഥാനർത്ഥിയാരെന്ന കാര്യത്തിൽ സംശയമില്ലെന്ന് തീർത്ത് പറഞ്ഞ് മാണിയുടെ മകൻ; പഴയ സ്ഥാനാർത്ഥിയെ തന്നെ നിർത്തി പോരാടാൻ ജോസഫും; കേരളാ കോൺഗ്രസ് തർക്കത്തിൽ ശ്വാസം മുട്ടി കോൺഗ്രസ്; മികച്ച സ്ഥാനാർത്ഥിയെ കണ്ടെത്തി ഉപതെരഞ്ഞെടുപ്പിൽ മിന്നും വിജയം ഉറപ്പിക്കാൻ തന്ത്രങ്ങളൊരുക്കി സിപിഎമ്മും

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: കുട്ടനാട് ഉപതെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് എമ്മിൽ ഇരുവിഭാഗം നേതൃത്വങ്ങളും നേർക്കുനേർ പോരിലേക്ക്. കുട്ടനാട് ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിനിർണയമാണ് പാർട്ടിയിൽ പുതിയ അങ്കത്തിന് കളമൊരുക്കുന്നത്. കഴിഞ്ഞതവണ ജോസഫ് വിഭാഗം മത്സരിച്ച കുട്ടനാട്ടിൽ ഇക്കുറി വിട്ടുവീഴ്ചയ്ക്കില്ലെന്ന് ജോസ് കെ.മാണി എംപി. പത്തനംതിട്ടയിൽ പരസ്യമായി വ്യക്തമാക്കി. പാലായിൽ പാലം വലിച്ച ജോസഫിന് പണികൊടുക്കാനാണ് ജോസ് കെ മാണിയുടെ തീരുമാനം. പാലായ്ക്കുപിന്നാലെ കുട്ടനാട് ഉപതിരഞ്ഞെടുപ്പും യു.ഡി.എഫിന് തലവേദനയായേക്കുമെന്ന മട്ടിലാണ് ജോസ്-ജോസഫ് വിഭാഗങ്ങളുടെ ഇപ്പോഴത്തെ നിലപാട്.

തങ്ങൾക്ക് അവകാശപ്പെട്ട സീറ്റാണ് കുട്ടനാടെന്നും സ്ഥാനാർത്ഥിനിർണയം യഥാസമയമുണ്ടാകുമെന്നും ജോസ് കെ മാണി പറഞ്ഞു. ഇക്കാര്യത്തിൽ യാതൊരു അനിശ്ചിതത്വവുമില്ലെന്നും ജോസ് കെ.മാണി കൂട്ടിച്ചേർത്തു. സ്ഥാനാർത്ഥിത്വത്തെച്ചൊല്ലി ജോസ്-ജോസഫ് വിഭാഗങ്ങൾ ഏറ്റുമുട്ടൽ തുടർന്നാൽ പൊതുസമ്മതനായ സ്ഥാനാർത്ഥിയെന്ന പരിഹാരം കോൺഗ്രസ് മുന്നോട്ടുവെച്ചേക്കും. എന്നാൽ, ഈ നീക്കത്തെയും അംഗീകരിക്കില്ലെന്ന സൂചനയാണ് ജോസ്പക്ഷം നൽകുന്നത്. ജോസഫ് വിഭാഗവും കുട്ടനാട് സീറ്റ് വീട്ടുനൽകില്ലെന്ന പിടിവാശിയിലാണ്.

ജനുവരി ആദ്യവാരം പി.ജെ.ജോസഫിന്റെ അധ്യക്ഷതയിൽ ചേരുന്ന നേതൃയോഗത്തിൽ ഇക്കാര്യം ചർച്ചയാകും.കുട്ടനാട് ഞങ്ങളുടെ അക്കൗണ്ടിലുള്ള സീറ്റാണ്. ഇവിടെ സ്ഥാനാർത്ഥിയെ നിശ്ചയിക്കാനുള്ള അവകാശവും പാർട്ടിക്കുണ്ടെന്ന് ജോസ് കെ.മാണി പറയുന്നു. സീറ്റിനായി യുഡി എഫിൽ അവകാശവാദം ഉന്നയിക്കാനാണ് ജോസ് കെ മാണി വിഭാഗത്തിന്റെ തീരുമാനം. കഴിഞ്ഞ തവണ മത്സരിച്ച ജേക്കബ് എബ്രഹാമിനെ തന്നെ സ്ഥാനാർത്ഥിയാക്കാനാണ് ജോസഫ് പക്ഷത്തിന്റെ ആലോചന. ഇത് മുളയിലെ നുള്ളുകയാണ് ജോസ് കെ മാണി വിഭാഗം. സ്വയം പ്രഖ്യാപിത സ്ഥാനാർത്ഥിയായി മണ്ഡലത്തിലിറങ്ങിയിട്ടുള്ള ജേക്കബ് എബ്രഹാമിനെ അംഗീകരിക്കില്ലെന്നാണ് ജോസ് പക്ഷം വ്യാക്തമാക്കുന്നത്.

ആര് സ്ഥാനാർത്ഥിയാകണമെന്ന് ജോസ് കെ മാണിയുടെ നേതൃത്വത്തിൽ ഉന്നതാധികാരസമിതി കൂടി തീരുമാനിക്കും. അക്കാര്യം യുഡിഎഫ് നേതാക്കളെ അറിയിക്കുമെന്നും ജോസ് പക്ഷം വ്യക്തമാക്കുന്നു. കുട്ടനാട് ഉപതെരഞ്ഞെടുപ്പ് ചർച്ചകൾക്ക് ഇതിനകം മുന്നണികൾ തുടക്കമിട്ടിട്ടുണ്ട്. തോമസ് ചാണ്ടിക്ക് പകരക്കാരനെ കണ്ടെത്തുക എൽഡിഎഫിനും, കേരള കോൺഗ്രസിലെ തർക്കങ്ങൾ യുഡിഎഫിനും വെല്ലുവിളിയാണ്. ബിജെപി-ബിഡിജെഎസ് തർക്കം എൻഡിഎയുടെ സ്ഥാനാർത്ഥി നിർണയത്തിലും പ്രതിഫലിക്കും. നിയസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വരുന്ന ഉപതെരഞ്ഞെടുപ്പ് മുന്നണികൾക്ക് ഏറെ നിർണായകമാണ്. അതുകൊണ്ട് തന്നെ കുട്ടനാട് സീറ്റ് കേരള കോൺഗ്രസിൽ നിന്നും തിരിച്ചെടുക്കണമെന്ന ആവശ്യം കോൺഗ്രസിൽ ശക്തമാവുന്നു. സ്ഥിരമായി കേരള കോൺഗ്രസ് മത്സരിക്കുന്ന സീറ്റാണെങ്കിലും ചെയർമാൻ സ്ഥാനത്തെ ചൊല്ലിയുള്ള തർക്കങ്ങളെ തുടർന്ന് നിലവിൽ പാർട്ടി പിളർന്ന അവസ്ഥയാണ് ഉള്ളത്.

ഈ സാഹചര്യത്തിൽ കേരള കോൺഗ്രസിൽ നിന്ന് ഏതെങ്കിലും ഒരു വിഭാഗം കുട്ടനാട്ടിൽ മത്സരിച്ചാൽ പാലായ്ക്ക് സമാനമായ തിരിച്ചടിയുണ്ടാവുമെന്നാണ് കോൺഗ്രസ് നേതാക്കൾ വിലയിരുത്തുന്നത്. അതിനാൽ കുട്ടനാട് സീറ്റ് കേരള കോൺഗ്രസിൽ നിന്ന് തിരിച്ചെടുക്കണമെന്നാണ് ആലപ്പുഴയിലെ കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെടുന്നത്.ഇതോടൊപ്പം തന്നെ പൊതുസമ്മതനായ സ്വതന്ത്രൻ എന്ന ആലോചനയും കോൺഗ്രസിനുണ്ട്. പാലായും വട്ടിയൂർക്കാവും കൈവിട്ടത് പാർട്ടിക്കും മുന്നണിക്കും വലിയ ക്ഷീണമാണ്. ഇതിന് മറുപടി നൽകാൻ കുട്ടനാട്ടിൽ വിജയം അനിവാര്യമാണെന്ന വിലയിരുത്തൽ കോൺഗ്രസിനകത്ത് ശക്തമാണ്. നിയമസഭാ തിരഞ്ഞെടുപ്പും തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിലും കുട്ടനാട് ഉപതിരഞ്ഞെടുപ്പ് ഏറെ നിർണ്ണായകമാവുന്നു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മുൻ എംഎൽഎ ആയിരുന്ന കെസി ജോസഫ് ഫ്രാൻസിസ് ജോർജ്ജ് ജനാധിപത്യ കേരള കോൺഗ്രസിലേക്ക് മാറിയ സാഹചര്യത്തിലായിരുന്നു കുട്ടനാട് സീറ്റ് ജോസഫ് വിഭാഗത്തിന് നൽകിയത്. ഇപ്പോഴത്തെ സാഹചര്യം അതല്ലെന്നും സീറ്റിൽ ആര് മത്സരിക്കണമെന്ന് ജോസ് കെ മാണിയുടെ നേതൃത്വത്തിൽ ഉന്നതാധികാര സമിതി കൂടി തീരുമാനിക്കുമെന്നാണ് ജോസ് പക്ഷം പറയുന്നത്. ഈ സാഹചര്യം അനുകൂലമാക്കാൻ സിപിഎം രണ്ടും കൽപ്പിച്ച് രംഗത്തുണ്ട്. തോമസ് ചാണ്ടിയിലുടെ കുടുബത്തിൽ നിന്നൊരു സ്ഥാനാർത്ഥിയാണ് സിപിഎമ്മിന്റെ മനസ്സിലുമുള്ളത്. തോമസ് ചാണ്ടിയുടെ ഭാര്യയോ സഹോദരനോ മത്സരിക്കുമെന്നാണ് സൂചന. എൻസിപിയിലും ചർച്ചകൾ സജീവമാണ്.

ബിജെപി മുന്നണിയിൽ ബിഡിജെഎസിനാണ് കുട്ടനാട് സീറ്റ്. കഴിഞ്ഞ തവണ മത്സരിച്ച സുഭാഷ് വാസു ഇപ്പോൾ എസ് എൻ ഡി പി വിമതനാണ്. ഈ സാഹചര്യത്തിൽ ബിജെപിക്കും ബിഡിജെഎസിനും സ്ഥാനാർത്ഥി നിർണ്ണയം തലവേദനയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP