Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇറാഖിലെ അമേരിക്കൻ വ്യോമതാവളത്തിന് നേരേ റോക്കറ്റാക്രമണം; നാല് ഇറാഖി വ്യോമസേനാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു; തൊടുത്തുവിട്ടത് ഏഴ് റോക്കറ്റുകൾ; ലക്ഷ്യമാക്കിയത് ബാഗ്ദാദിന് വടക്കുള്ള അൽബദാദ് വ്യോമതാവളം; ഭൂരിപക്ഷം യുഎസ് സൈനികരും താവളം വിട്ടിരുന്നതായി വിവരം; ഇറാനുമായി യുദ്ധത്തിനില്ലെന്ന് ട്രംപ് പ്രഖ്യാപിച്ചതിന് ശേഷമുള്ള പ്രകോപനം വീണ്ടും ഉയർത്തുന്നത് യുദ്ധഭീതി; ഇറാൻ ഭരണകൂടത്തെ ചൊടിപ്പിച്ചത് ഖമനേയി അടക്കമുള്ള നേതാക്കൾക്കെതിരെ രാജ്യത്ത് പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭമോ?

ഇറാഖിലെ അമേരിക്കൻ വ്യോമതാവളത്തിന് നേരേ റോക്കറ്റാക്രമണം; നാല് ഇറാഖി വ്യോമസേനാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു; തൊടുത്തുവിട്ടത് ഏഴ് റോക്കറ്റുകൾ; ലക്ഷ്യമാക്കിയത് ബാഗ്ദാദിന് വടക്കുള്ള അൽബദാദ് വ്യോമതാവളം; ഭൂരിപക്ഷം യുഎസ് സൈനികരും താവളം വിട്ടിരുന്നതായി വിവരം; ഇറാനുമായി യുദ്ധത്തിനില്ലെന്ന് ട്രംപ് പ്രഖ്യാപിച്ചതിന് ശേഷമുള്ള പ്രകോപനം വീണ്ടും ഉയർത്തുന്നത് യുദ്ധഭീതി; ഇറാൻ ഭരണകൂടത്തെ ചൊടിപ്പിച്ചത് ഖമനേയി അടക്കമുള്ള നേതാക്കൾക്കെതിരെ രാജ്യത്ത് പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭമോ?

മറുനാടൻ ഡെസ്‌ക്‌

 സമാറ: ഇറാഖിൽ ബാഗ്ദാദിന് വടക്കുള്ള അമേരിക്കൻ വ്യോമതാവളത്തിന് നേരേ റോക്കറ്റ് ആക്രമണം. നാല് ഇറാഖി വൈമാനികർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. തൊടുത്തുവിട്ട ഏഴ് റോക്കറ്റുകൾ വ്യോമതാവളത്തിൽ പതിച്ചു. അൽ ബദാദ് വ്യോമതാവളത്തിലുണ്ടായിരുന്ന ഭൂരിപക്ഷം സൈനികരും ഇറാഖ് വിട്ടതായാണ് വിവരം. കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി തുടരുന്ന ഇറാൻ-യുഎസ് സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് ഇവർ ഇവിടം വിട്ടത്.

കഴിഞ്ഞ കുറെ മാസങ്ങളായി യുഎസ് സൈനികർക്ക് നേരേ റോക്കറ്റ് -മോർട്ടാർ ആക്രമണങ്ങൾ തുടർച്ചയായി നടന്നിരുന്നു. ഇറാഖി സൈനികരാണ് ഈ ആക്രമണങ്ങളിൽ കൂടുതലും കൊല്ലപ്പെട്ടത്. കഴിഞ്ഞ മാസം ഒരുഅമേരിക്കൻ കരാറുകാരനും കൊല്ലപ്പെട്ടിരുന്നു. യുക്രൈൻ വിമാനം ഇറാൻ വെടിവെച്ചിട്ടതിനെ തുടർന്ന് പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭത്തിൽ അണിനിരന്നവരെ കൊല്ലരുതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി മണിക്കൂറുകൾക്കകമാണ് യുഎസ് സൈനിക താവളത്തിന് നേരേയുള്ള ആക്രമണം. 176 പേരുടെ മരണത്തിന് ഇടയാക്കിയ വിമാനാപകടം തങ്ങളുടെ പിഴവ് മൂലം ഉണ്ടായതാണെന്ന് റവല്യൂഷണരി ഗാർഡുകൾ സമ്മതിച്ചിരുന്നു.

ഉന്നത സൈനിക കമാൻഡർ കാസിം സുലൈമാനിയെ വധിച്ച അമേരിക്കയോടു പ്രതികാരംചെയ്യുമെന്ന് ഇറാൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ജനുവരി നാലിന് ബാഗ്ദാദിലെ യു.എസ്. എംബസിക്കുനേരേ മിസൈൽ ആക്രമണം നടന്നിരുന്നു,. രണ്ട് റോക്കറ്റുകൾ എംബസിക്കു സമീപം പതിച്ചു. മൂന്നെണ്ണം ബലാദിലെ യു.എസ്. വ്യോമതാവളത്തിനടുത്തും പതിച്ചെന്നായിരുന്നു റിപ്പോർട്ട്. ബാഗ്ദാദിന് 50 മൈൽ അകലെയാണ് വ്യോമതാവളം.

പരമോന്നത നേതാവായ ഖമനേയി കഴിഞ്ഞാൽ ഇറാനിലെ ഏറ്റവും ശക്തനായ വ്യക്തിയായി കണക്കാക്കുന്ന സുലൈമാനിയുടെ വധത്തിൽ ഇറാൻ വെറുതേ ഇരിക്കില്ല എന്ന് വ്യക്തമായിരുന്നു. നേരത്തെ ഇറാഖിൽ യുഎസ് സഖ്യ സേനകളുടെ രണ്ട് വ്യോമ താവളങ്ങൾ ആക്രമിച്ച് 80 അമേരിക്കൻ ഭീകരരെ വധിച്ചതായി ഇറാൻ അവകാശപ്പെട്ടിരുന്നു. 15 മിസൈലുകളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നും ഇറാൻ വ്യക്തമാക്കി. ആക്രമണം സ്ഥിരീകരിച്ചെങ്കിലും ആൾനാശം ഉണ്ടായില്ലെന്നാണ് ട്രംപ് വ്യക്തമാക്കിയത്. ഇറാഖിൽ നിലയുറപ്പിച്ച യുഎസിന്റേയും സഖ്യസേനകളുടേയും കേന്ദ്രങ്ങളിലേക്ക് 12ഓളം ബാലസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് ഇറാൻ ആക്രമണം നടത്തിയതായി യുഎസ് പ്രതിരോധകാര്യ അസിസ്റ്റന്റ് സെക്രട്ടറി ജോനാഥൻ ഹോഫ്മാൻ സ്ഥിരീകരിച്ചിരുന്നു,

ഇറാനിൽ ഖമനേയിക്കെതിരെ പ്രതിഷേധം

യുക്രൈൻ വിമാനം മിസൈൽ ആക്രമണത്തിൽ തകർന്നതാണെന്ന ഇറാന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് രാജ്യത്ത് ശക്തമായ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. 176 യാത്രക്കാരുമായി പറന്ന യുക്രെയ്ൻ വിമാനം അബദ്ധത്തിൽ വെടിവച്ചിട്ടതാണെന്ന് കഴിഞ്ഞ ദിവസം ഇറാൻ ഭരണകൂടം വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ തലസ്ഥാനമായ ടെഹ്‌റാനിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ അടക്കമുള്ളവർ ഒത്തുകൂടി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പരമോന്നത നേതാവ് അയത്തുള്ള ഖമനേയിയും മറ്റുനേതാക്കളും രാജിവയ്ക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

ഇറാന്റെ ഖുദ്സ് സേനാ തലവൻ ഖാസിം സുലൈമാനിയെ വധിച്ചതിനു പ്രതികാരമായി ഇറാഖിലെ 2 യുഎസ് സേനാതാവളങ്ങൾക്കു നേരെ ഇറാൻ മിസൈലാക്രമണം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണു വിമാനം തകർന്നത്. ഇറാൻ സൈനിക താവളത്തിന്റെ ദിശയിലേക്കു വിമാനം പൊടുന്നനെ തിരിഞ്ഞതോടെ, ശത്രുപക്ഷം അയച്ച ക്രൂസ്മിസൈലാണെന്നു തെറ്റിദ്ധരിച്ച് ആക്രമിച്ചുവെന്നാണ് സൈന്യത്തിന്റെ വിശദീകരണം.

നുണയന് മരണം എന്ന് പേർഷ്യനിലെഴുതിയ പ്ലാക്കാർഡും ചിലർ കൈയിലേന്തിയിരുന്നു. സ്വേച്ഛാധിപതിക്ക് മരണം, നാണംകെട്ടവർ എന്നിങ്ങനെ ഉച്ചത്തിൽ വിളിച്ച് മുന്നേറിയ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ ചിലയിടത്ത് പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചതായും റിപ്പോർട്ടുണ്ട്. സർവകലാശാല ക്യാമ്പസുകളിൽ നടന്ന പ്രതിഷേധ പ്രകടനങ്ങളിൽ ഇറാനിലെ ഇസ്ലാമിക് റവല്യൂഷനറി ഗാർഡുകളെ പിടിപ്പുകെട്ടവരെന്നും നാണംകെട്ടവരെന്നും അധിക്ഷേപിക്കുന്നത് കാണാമായിരുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP