Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആയുധമായി ഇരുമ്പ് പൈപ്പ് കൊണ്ടു നടക്കുന്നതുകൊണ്ട് പൈപ്പ് രൂപേഷ് എന്ന വിളിപ്പേര്: കൊലപാതകമടക്കം നിരവധി കേസുകളിൽ പ്രതി; കായലിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് പിടികൂടിയത് സാഹസികമായി; ഒരു ലോഡ് സംസ്‌കരിച്ച മാംസം ലോറി സഹിതം കൊള്ളയടിച്ച സംഭവത്തിൽ പൈപ്പ് രൂപേഷ് അറസ്റ്റിൽ

ആയുധമായി ഇരുമ്പ് പൈപ്പ് കൊണ്ടു നടക്കുന്നതുകൊണ്ട് പൈപ്പ് രൂപേഷ് എന്ന വിളിപ്പേര്: കൊലപാതകമടക്കം നിരവധി കേസുകളിൽ പ്രതി; കായലിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് പിടികൂടിയത് സാഹസികമായി; ഒരു ലോഡ് സംസ്‌കരിച്ച മാംസം ലോറി സഹിതം കൊള്ളയടിച്ച സംഭവത്തിൽ പൈപ്പ് രൂപേഷ് അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

ചാലക്കുടി: ലോറിയിൽ കൊണ്ടുപോയ സംസ്‌കരിച്ച മാംസം കൊരട്ടി ചിറങ്ങരയിൽ കൊള്ളയടിച്ച സംഭവത്തിൽ ഒരാൾകൂടി അറസ്റ്റിൽ. വരാപ്പുഴ കോട്ടുവള്ളി കായലിനു സമീപം താമസിക്കുന്ന രൂപേഷ് (38) ആണ് അറസ്റ്റിലായത്. പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. രൂപേഷ് കൊലപാതകമടക്കം നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. രൂപേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മാസം കൊള്ളചെയ്യുന്നതിനുള്ള ക്വട്ടേഷൻ എടുത്തത്. ആയുധമായി ഇരുമ്പ് പൈപ്പ് കൊണ്ടു നടക്കുന്നതിനാൽ പൈപ്പ് രൂപേഷ് എന്ന പേരിലാണ് ഇയാൾ അറിയപ്പെടുന്നത്.

കഴിഞ്ഞവർഷം ജൂലായ് 29-നായിരുന്നു സംഭവം. ജൂലൈയിലാണു കൊച്ചിയിൽ നിന്നു ഹൈദരാബാദിലേക്ക് കൊണ്ടു പോയ ഒരു ലോഡ് സംസ്‌കരിച്ച മാംസം ഡ്രൈവറേയും സഹായിയെയും തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചത്. എറണാകുളം കേന്ദ്രീകരിച്ച് മാസങ്ങളോളം നടത്തിയ അന്വേഷണമാണു പൊലീസിനെ പ്രതികളിലേക്കെത്തിച്ചത്. ആദ്യം പിടിയിലായ ഷനിൽ പീറ്റർ എന്നയാൾ പിടിയിലായി.

ഇയാളിൽ നിന്നു ലോറി ഡ്രൈവറെയും സഹായിയെയും തട്ടിക്കൊണ്ടു പോയി കൊള്ളയടിച്ചതിന്റെ വിശദ വിവരങ്ങൾ ലഭിച്ചു. ലോഡ് കൊള്ളയടിക്കുന്നതിനുള്ള ക്വട്ടേഷൻ അരൂരിൽ നിന്നാണെന്നു ചോദ്യം ചെയ്യലിൽ വെളിപ്പെട്ടിരുന്നു. പിന്നീടു മറ്റു പ്രതികളായ കാഞ്ഞൂർ സ്വദേശികളായ ഉണ്ണി മുരളിയേയും വിഷ്ണുവിനെയും കസ്റ്റഡിയിലെടുത്തു.

ആയോധന കലകളിൽ വിദഗ്ധനായ ഷനിൽ പീറ്റർ മരട് കേന്ദ്രീകരിച്ചുള്ള ഗുണ്ടാസംഘത്തിൽ പെട്ടയാളാണ്. വീട് കുത്തിത്തുറന്ന് കവർച്ച, കൊലപാതക ശ്രമം, മോഷണം, അടിപിടി തുടങ്ങി 15 കേസുകളിൽ പ്രതിയാണ്. ഷനിൽ പീറ്റർ പറഞ്ഞ പ്രകാരം ലോഡ് തട്ടിയെടുക്കാൻ സഹായിച്ചതു വരാപ്പുഴയിലുള്ളവരാണെന്നു മനസ്സിലായി. ആ ഭാഗത്ത് നടത്തിയ അന്വേഷണത്തിൽ, രൂപേഷും കൂട്ടാളികളും മുങ്ങിയിരിക്കയാണെന്ന വിവരം ലഭിച്ചിരുന്നു. രൂപേഷ് വീട്ടിൽ തിരിച്ചെത്തിയെന്നറിഞ്ഞ് വീടു വളഞ്ഞ പൊലീസിനെക്കണ്ട് ഇയാൾ കായലിൽ ചാടി മുങ്ങാൻ ശ്രമിച്ചെങ്കിലും സാഹസികമായി പിടികൂടുകയായിരുന്നു.

അക്രം ഖാൻ എന്നയാളുടെ നേതൃത്വത്തിൽ ഷനിൽപീറ്ററും വിഷ്ണു മുരളിയും ചേർന്ന് നടത്തിയ ഗൂഢാലോചനയിലാണ് ലോഡ് തട്ടിയെടുത്തതെന്നും ലോറി ഡ്രൈവറെ ബന്ദിയാക്കി ലോഡ് മാറ്റാനാണ് രൂപേഷിനെ ചുമതലപ്പെടുത്തിയതെന്നും ചോദ്യംചെയ്യലിൽ വ്യക്തമായി. കൊള്ള ചെയ്ത ലോഡ് കാഞ്ഞൂരിനു സമീപമാണു സൂക്ഷിച്ചത്.

പിന്നീട് ഡിണ്ടിഗൽ കേന്ദ്രീകരിച്ച് തുകൽ വ്യാപാരം ചെയ്യുന്ന സൽമാൻ ഖുറേഷിയെ വിളിച്ച് സംസ്‌കരിച്ച ഒരു ലോഡ് മാംസം വിൽക്കാനുണ്ടെന്നറിയിച്ചു. സൽമാന്റെ സഹോദരൻ കാഞ്ഞൂരിലെത്തി പരിശോധിച്ചു. കൊള്ള മുതലാണെന്നു മനസിലായതോടെ ഡിണ്ടിഗലിൽ എത്തിച്ചാൽ രാജ്യാന്തര വിലയുടെ പകുതിക്കു സാധനം എടുക്കാമെന്നറിയിച്ചതായും പൊലീസ് പറഞ്ഞു.

ലോഡ് ഡിണ്ടിഗലിൽ എത്തിച്ച ശേഷം പറഞ്ഞുറപ്പിച്ചതിന്റെ പകുതി പണവുമായി നാട്ടിലേക്ക് മടങ്ങുകയുമായിരുന്നുവെന്നു പിടിയിലായ രൂപേഷ് സമ്മതിച്ചു. ചാലക്കുടി ഡി.വൈ.എസ്‌പി സി.ആർ സന്തോഷിന്റെ നേതൃത്വത്തിൽ കൊരട്ടി സർക്കിൾ ഇൻസ്പെക്ടർ ബാബു സെബാസ്റ്റ്യൻ, എസ്‌ഐ രാമു ബാലചന്ദ്ര ബോസ്, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ജിനു മോൻ തച്ചേത്ത്, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം മൂസ, വി.യു സിൽജോ, എ.യു റെജി, ഷിജോ തോമസ് കൊരട്ടി സ്റ്റേഷനിലെ എഎസ്ഐ സെബി എം.വി എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP