Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രണ്ട് മണിക്കൂർ മുമ്പേ എത്തി രാജ്ഞിയോട് മേഗന്റെ ആകുലതകൾ വ്യക്തമാക്കി ഹാരി; കോൺഫറൻസ് കോളിലൂടെ ചർച്ചയിൽ പങ്കെടുക്കാനുള്ള മേഗന്റെ ആഗ്രഹം തടഞ്ഞ് വില്യം; കൊട്ടാരത്തിൽ നടന്ന ചൂടേറിയ ചർച്ചകൾക്കൊടുവിൽ പാതി സമയം ബ്രിട്ടനിലും ബാക്കി കാനഡയിലും കഴിയാൻ അനുവദിച്ച് ബക്കിങ്ഹാം പാലസ്; ഇളയമകൻ കൈവിട്ട് പോയതിന്റെ നിരാശ മറക്കാതെ ചാൾസ്

രണ്ട് മണിക്കൂർ മുമ്പേ എത്തി രാജ്ഞിയോട് മേഗന്റെ ആകുലതകൾ വ്യക്തമാക്കി ഹാരി; കോൺഫറൻസ് കോളിലൂടെ ചർച്ചയിൽ പങ്കെടുക്കാനുള്ള മേഗന്റെ ആഗ്രഹം തടഞ്ഞ് വില്യം; കൊട്ടാരത്തിൽ നടന്ന ചൂടേറിയ ചർച്ചകൾക്കൊടുവിൽ പാതി സമയം ബ്രിട്ടനിലും ബാക്കി കാനഡയിലും കഴിയാൻ അനുവദിച്ച് ബക്കിങ്ഹാം പാലസ്; ഇളയമകൻ കൈവിട്ട് പോയതിന്റെ നിരാശ മറക്കാതെ ചാൾസ്

സ്വന്തം ലേഖകൻ

ഹാരി രാജകുമാരനും ഭാര്യ മേഗൻ മാർകിളും രാജപദവികൾ ഉപേക്ഷിച്ച് യുകെ വിട്ട് പോകാനൊരുങ്ങുന്ന പ്രശ്നവുമായി ബന്ധപ്പെട്ട തിരക്കേറിയ ചർച്ചകൾ നടന്ന് വരുന്നുവെന്ന് റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട് സാൻഡ്രിംഗാമിൽ ഇന്നലെ വച്ച് നടന്ന നിർണായകമായ ചർച്ചയുടെ മുന്നോടിയായി ഹാരി രാജ്ഞിയുമായി ഇത് സംബന്ധിച്ച വിശദമായി സംസാരിക്കുകയും മേഗന്റെ ആകുലതകൾ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇതുമായി ബന്ധപ്പെട്ട ചർച്ചയിൽ കോൺഫറൻസ് കോളിലൂടെ പങ്കെടുക്കാനുള്ള മേഗന്റെ ആഗ്രഹം തടഞ്ഞ് വില്യം രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.

കൊട്ടാരത്തിൽ നടന്ന ചൂടേറിയ ചർച്ചകൾക്കൊടുവിൽ ഹാരിയെയും മേഗനെയും പാതി സമയം ബ്രിട്ടനിലും ബാക്കി കാനഡയിലും കഴിയാൻ അനുവദിച്ച് ബക്കിങ്ഹാം പാലസ് മുന്നോട്ട് വന്നിട്ടുണ്ട്. പക്ഷേ ഇത്തരത്തിൽ ഇളയമകൻ കൈവിട്ട് പോയതിന്റെ നിരാശ പിതാവായ ചാൾസ് രാജകുമാരന്റെ മുഖത്ത് ദൃശ്യമായിരുന്നു.രാജകുടുംബാംഗങ്ങൾ ഈ പ്രശ്നത്തിൽ വളരെ ക്രിയാത്മകമായ ചർച്ചകളാണ് നടത്തിയിരിക്കുന്നതെന്നാണ് ചർച്ചക്ക് ശേഷം രാജ്ഞി പ്രതികരിച്ചു. പക്ഷേ മുതിർന്ന രാജപദവികൾ വിട്ട് പോകാനുള്ള ഹാരിയുടെയും മേഗന്റെയും തീരുമാനത്തിൽ രാജ്ഞി കടുത്ത നിരാശ പ്രകടിപ്പിച്ചുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.

പുതിയ തീരുമാനത്തിന്റെ ഭാഗമായി ഹാരിയും മേഗനും ഒഫീഷ്യൽ റോയൽ ഡ്യൂട്ടികളിൽ നിന്നും ഘട്ടം ഘട്ടമായിട്ടായിരിക്കും പിൻവാങ്ങുന്നത്. ഇക്കാര്യത്തിൽ ഒരു ട്രാൻസിഷൻ പിരിയഡുണ്ടാകുമെന്നാണ് റിപ്പോർട്ട്. നിർണായകമായ യോഗത്തിന് ശേഷം നോർഫോക്കിൽ നിന്നും ചാൾസും വില്യവും ഹാരിയും വെവ്വേറെ കാറുകളിലായിരുന്നു മടങ്ങിയിരുന്നതെന്നതും ശ്രദ്ധേയമാണ്.ഇന്നലത്തെ യോഗത്തിന് ശേഷം രാജ്ഞി ചരിത്രപരമായി പ്രാധാന്യമുള്ളതും തികച്ചും വൈകാരികവുമായ ഒരു പ്രസ്താവന പുറത്തിറക്കിയിരുന്നു. തങ്ങളുടെ പാതി സമയം യുകെയിലും പാതി സമയം കാനഡയിലും ചെലവഴിക്കാനും രാജകീയ കർത്തവ്യങ്ങളിൽ നിന്നും പിൻവാങ്ങാനുമുള്ള ഹാരിയുടെയും മേഗന്റെയും തീരുമാനത്തിൽ കടുത്ത നിരാശ രേഖപ്പെടുത്തിക്കൊണ്ടാണ് രാജ്ഞി ഈ പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്.

ഇന്നലത്തെ നിർണായകമായ യോഗത്തിന് രണ്ട് മണിക്കൂർ മുമ്പ് തന്നെ ഹാരി എത്തി രാജ്ഞിയുമായി വിശദമായി ചർച്ചകൾ നടത്തി മേഗന്റെ ആകുലതകൾ ധരിപ്പിച്ചുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ഈ ചർച്ചയിൽ കോൺഫറൻസ് കോളിലൂടെ മേഗൻ പങ്കെടുക്കുമെന്നായിരുന്നു നേരത്തെ പുറത്ത് വന്ന റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നതെങ്കിലും യോഗത്തിന്റെ സ്വകാര്യത ചോരുമെന്ന ഭയത്താൽ ഇതിന് അനുവദിക്കരുതെന്ന കടുത്ത നിലപാട് വില്യം എടുക്കുകയായിരുന്നു. ഹാരി തെരഞ്ഞെടുത്തിരിക്കുന്ന പുതിയ ജീവിത രീതിക്ക് വേണ്ടത്ര വിഭവങ്ങളില്ലെന്ന കാര്യം ഓർക്കുന്നത് നന്നായിരിക്കുമെന്ന മുന്നറിയിപ്പ് ചാൾസ് ഹാരിക്ക് നൽകിയിട്ടുണ്ടെന്നും വെളിപ്പെട്ടിട്ടുണ്ട്.

രാജ്ഞിയും ചാൾസും വില്യവും ഹാരിയും തമ്മിൽ രണ്ട് മണിക്കൂർ നീണ്ട് നിന്ന ചർച്ചകൾ തികച്ചും ശാന്തമായിരുന്നുവെന്നാണ് റിപ്പോർട്ട്. പൂർണമായും രാജകീയ കർത്തവ്യങ്ങളിൽ മുഴുകിക്കൊണ്ട് ഹാരിയും മേഗനും കൊട്ടാരത്തിൽ തന്നെ കഴിയണമെന്നതാണ് തന്റെ ആഗ്രമെന്നായിരുന്നു രാജ്ഞി ആദ്യം അഭിപ്രായപ്പെട്ടിരുന്നത്. എന്നാൽ ചർച്ചകളെ തുടർന്ന് ഹാരിയെയും മേഗനെയും ഘട്ടം ഘട്ടമായി രാജകീയ കർത്തവ്യങ്ങളിൽ നിന്നും പിൻവാങ്ങുന്നതിന് അനുവദിക്കുകയായിരുന്നു. തൽഫലമായി ഹാരിക്കും മേഗനും റോയൽ എൻഗേജ്മെന്റുകളിൽ നിന്നും ക്രമത്തിൽ പിൻവാങ്ങുന്നതിനും കൂടുതൽ സമയം കാനഡയിൽ കഴിയുന്നതിനും അവസരമൊരുങ്ങുന്നതായിരിക്കും.

സാമ്പത്തികമായി സ്വതന്ത്രരാകുന്നതിനുള്ള ഹാരിയുടെയും മേഗന്റെയും പദ്ധതികളിൽ സങ്കിർണതകളുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട കൂടുതൽ വസ്തുതകൾ വരും ദിവസങ്ങളിൽ ലഭ്യമാക്കേണ്ടതുണ്ടെന്നും രാജ്ഞി ആവശ്യപ്പെട്ടിട്ടുണ്ട്. ഹാരിക്കും മേഗനും ഭാവിയിൽ അനുവദിക്കേണ്ടുന്ന ഫണ്ടിന്റെ കാര്യമടക്കമുള്ള നിർണായക വിഷയങ്ങളിൽ എത്രയും വേഗം തീരുമാനമെടുക്കണമെന്ന് രാജ്ഞി തന്റെ സ്റ്റാഫിന് ഉത്തരവ് നൽകിയിട്ടുണ്ട്. അതായത് രാജകീയ പ്രൗഢി ഉപയോഗിച്ചുള്ള ബ്രാൻഡ് നെയിമിൽ ഹാരിയും മേഗനും വിവിധ ഉൽപന്നങ്ങൾ വിപണിയിലിറക്കുന്ന വിഷയത്തിൽ വരെ ഇതുമായി ബന്ധപ്പെട്ട് കൊട്ടാരത്തിന്റെ സൂക്ഷ്മ നിരീക്ഷണവും നിയന്ത്രണവും നിലവിൽ വരാൻ സാധ്യതയേറെയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP