Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിയമസഭയിലെ നയപ്രഖ്യാപനത്തിൽ ഭരണഘടനയ്ക്ക് അനുസൃതമായതേ പ്രസംഗത്തിൽ ഉൾപ്പെടുത്തൂ; മന്ത്രിസഭ എഴുതി നൽകുന്ന പ്രസംഗം അതേ പടി വായിക്കണമോ എന്ന് രാജ്ഭവൻ തീരുമാനിക്കുക പൗരത്വ ഭേദഗതി നിയമത്തിനെതിരെ എന്തെങ്കിലും ഉണ്ടോ എന്ന് പരിശോധിച്ച ശേഷം മാത്രം; സർക്കാരിന്റെ നിലപാടുകൾ പറഞ്ഞില്ലെങ്കിൽ സഭയിൽ പ്രതിഷേധിക്കാൻ ഭരണപക്ഷം; ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിനം സഭയിൽ എന്ത് സംഭവിക്കും? ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനും ഉറച്ച നിലപാടിലെന്ന് സൂചന

നിയമസഭയിലെ നയപ്രഖ്യാപനത്തിൽ ഭരണഘടനയ്ക്ക് അനുസൃതമായതേ പ്രസംഗത്തിൽ ഉൾപ്പെടുത്തൂ; മന്ത്രിസഭ എഴുതി നൽകുന്ന പ്രസംഗം അതേ പടി വായിക്കണമോ എന്ന് രാജ്ഭവൻ തീരുമാനിക്കുക പൗരത്വ ഭേദഗതി നിയമത്തിനെതിരെ എന്തെങ്കിലും ഉണ്ടോ എന്ന് പരിശോധിച്ച ശേഷം മാത്രം; സർക്കാരിന്റെ നിലപാടുകൾ പറഞ്ഞില്ലെങ്കിൽ സഭയിൽ പ്രതിഷേധിക്കാൻ ഭരണപക്ഷം; ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിനം സഭയിൽ എന്ത് സംഭവിക്കും? ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനും ഉറച്ച നിലപാടിലെന്ന് സൂചന

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം :പൗരത്വഭേദഗതി നിയമത്തെ ചൊല്ലി സംസ്ഥാന സർക്കാരുമായി പരസ്യ ഏറ്റുമുട്ടൽ തുടരുന്ന ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ ബജറ്റ് സമ്മേളനത്തിൽ എടുക്കുന്ന നിലപാടിനെ ചൊല്ലി സർക്കാരിൽ അവ്യക്തത. എല്ലാ വർഷവും ആദ്യ നിയമസഭാ സമ്മേളനം തുടങ്ങുക സർക്കാരിന്റെ നയപ്രഖ്യാപനത്തോടെയാണ്. മന്ത്രിസഭ അംഗീകരിക്കുന്ന നയപ്രഖ്യാപനം ഗവർണ്ണർ വായിക്കുകയാണ് പതിവ്. പൗരത്വ നിയമത്തിൽ കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിക്കാൻ നയപ്രഖ്യാപനത്തിലൂടെ ഇടത് സർക്കാർ ശ്രമിച്ചേക്കും. എന്നാൽ ഇങ്ങനെ തയ്യാറക്കി കൊടുക്കുന്ന നയപ്രഖ്യാപന പ്രസംഗത്തോട് ഗവർണ്ണർ എന്ത് നിലപാട് എടുക്കുമെന്നതാണ് നിർണ്ണായകം.

പൗരത്വനിയമഭേദഗതിക്കെതിരെ നിയമസഭ പാസ്സാക്കിയ പ്രമേയത്തെ തള്ളിപ്പറഞ്ഞ ഗവർണ്ണർ, കേന്ദ്രത്തിനെതിരായി നയപ്രഖ്യാപനത്തിൽ എന്തെങ്കിലും ഉണ്ടെങ്കിൽ അത് വായിക്കുമോ എന്നാണ് ആംകാംക്ഷ. പൗരത്വ നിയമത്തിനെതിരായി നയപ്രഖ്യാപനത്തിൽ ഒന്നും ഗവർണ്ണർ വായിക്കില്ല. പ്രസിഡന്റ് ഒപ്പിട്ടത് നിയമമാണ്. നിയമം നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കലാണ് ഗവർണ്ണറുടെ കടമയെന്ന് ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കിയിട്ടുണ്ട്. പൗരത്വനിയമഭേദഗതിക്കെതിരെ സഭ പ്രമേയം പാസ്സാക്കിയതും സംസ്ഥാനത്തെ ഭരണ- പ്രതിപക്ഷ ഭേദമെന്യേയുള്ള പൊതുവികാരവും കണക്കിലെടുത്ത് സർക്കാരിന്റെ നയപ്രഖ്യാപനത്തിൽ ഇതുസംബന്ധിച്ച പരാമർശം ഇടം പിടിക്കുമെന്നുറപ്പാണ്. മന്ത്രിസഭ തയ്യാറാക്കുന്ന നയപ്രഖ്യാപനം ഗവർണ്ണർക്ക് അയച്ചുകൊടുക്കുകയാണ് രീതി. പൗരത്വവിഷയത്തിൽ വിയോജിപ്പുള്ള ഗവർണ്ണർ ഒന്നുകിൽ ഈ ഭാഗം ഒഴിവാക്കി തിരുത്തി നൽകാനാവശ്യപ്പെടുകയോ അല്ലെങ്കിൽ പ്രസംഗത്തിൽ ഈ ഭാഗം വിട്ടുകളയുകയോ ചെയ്യുമെന്നാണ് സൂചന. നയപ്രഖ്യാപനത്തിന് എത്തുന്ന ഗവർണ്ണർക്കെതിരെ സഭയ്ക്കുള്ളിൽ പ്രതിഷേധം ഉണ്ടാകാനും സാധ്യതയുണ്ട്.

നയപ്രഖ്യാപനത്തിനായി ഗവർണ്ണറെ മുഖ്യമന്ത്രിയും സ്പീക്കറും പാർലമെന്ററികാര്യമന്ത്രിയും ചേർന്ന് ആനയിക്കും. അങ്ങനെ സഭയിൽ ഗവർണ്ണർ എത്തിയ ശേഷം എന്ത് സംഭവിക്കുമെന്നതാണ് നിർണ്ണായകം. നയപ്രഖ്യാപനത്തിലെ ഭാഗങ്ങൾ ഗവർണ്ണർ ഒഴിവാക്കിയാൽ ഭരണപക്ഷം തന്നെ പ്രതിഷേധവുമായെത്തും. ഗവർണ്ണറുടെ പ്രസംഗം തടസ്സപ്പെടുത്താനും ശ്രമം ഉണ്ടായേക്കും. ഗവർണർ വായിച്ചാലും ഇല്ലെങ്കിലും അച്ചടിച്ച പ്രസംഗം അതേപടി നയപ്രഖ്യാപനമായി രേഖയിലുണ്ടാകുമെന്നതിനാലാണ് ഇത്.

വായിക്കുന്നത് ഗവർണറാണെങ്കിലും ഉള്ളടക്കം തയാറാക്കുന്നതു സർക്കാരാണ്. ചീഫ് സെക്‌റട്ടറിയെയോ ഉന്നത ഐഎഎസ് ഉദ്യോഗസ്ഥരെയോ പ്രസംഗം തയാറാക്കാൻ മന്ത്രിസഭ ചുമതലപ്പെടുത്തും. ആവശ്യമെങ്കിൽ ഭേദഗതി വരുത്തി മന്ത്രിസഭ അംഗീകരിക്കും. പ്രഖ്യാപനത്തിനു രണ്ടു ദിവസം മുൻപ് ഗവർണറുടെ വസതിയിൽ എത്തിക്കും. തിരുത്തലുകൾ വരുത്താമെങ്കിലും ഗവർണർ കാര്യമായ മാറ്റം വരുത്താറില്ല. തലേന്നു രാത്രി സർക്കാർ പ്രസ്സിൽ അച്ചടിക്കുന്ന പ്രസംഗം രാവിലെ എട്ടിനു നിയമസഭയിലെത്തിക്കും. ഇതാണ് രേഖയായി മാറുന്നത്. ഇന്ത്യയിൽ ഇതിന് മുമ്പും നയപ്രഖ്യാപനം ഗവർണ്ണർ വിട്ടുകളഞ്ഞ നിരവധി സംഭവങ്ങളുണ്ട്. നയപ്രഖ്യാപന പ്രസംഗത്തിലെ ചില ഭാഗങ്ങൾ ആദ്യമായി ഒഴിവാക്കിയതു ബംഗാൾ ഗവർണറായിരുന്ന ധർമവീരയാണ്. ബംഗ്ല കോൺഗ്‌റസ് നേതാവ് അജയ് മുഖർജിയുടെ നേതൃത്വത്തിലുള്ള ഐക്യമുന്നണി മന്ത്രിസഭയുടെ കാലത്ത്, 1969 മാർച്ച് ആറിനായിരുന്നു സംഭവം. കേന്ദ്ര സർക്കാരിനും ഗവർണർക്കുമെതിരായ രണ്ടു ഖണ്ഡിക അദ്ദേഹം ഒഴിവാക്കി. സിപിഎമ്മിലെ ജ്യോതി ബസുവായിരുന്നു ഉപമുഖ്യമന്ത്രി ഗവർണറുടെ നടപടിക്കെതിരെ ഇടതു പാർട്ടികൾ ആഞ്ഞടിച്ചു.

1982 ജനുവരി 30നു കെ.കരുണാകരൻ സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗം പൂർത്തിയാക്കാതെ ഗവർണർ ജ്യോതി വെങ്കിടചെല്ലം നിയമസഭ വിട്ടു. പ്രതിപക്ഷത്തിന്റെ നിരന്തര ഇടപെടലിൽ അനിഷ്ടം പ്രകടിപ്പിച്ചായിരുന്നു നടപടി. ആറു മിനിറ്റ് മാത്രമാണു ഗവർണർ പ്രസംഗിച്ചത്. എ.കെ.ആന്റണി സർക്കാരിന്റെ കാലത്ത്, 2001 ജൂൺ 29നു ഗവർണർ സുഖ്ദേവ് സിങ് കാങ് മുൻ എൽഡിഎഫ് സർക്കാരിനെതിരെ വിമർശനമുള്ള ഒരു ഖണ്ഡിക വിട്ടുകളഞ്ഞു. കർണാടക ആക്ടിങ് ഗവർണർ എച്ച്.ആർ.ഭരദ്വാജ് രണ്ടുതവണ (2012, 2013) കേരളത്തിൽ നയപ്രഖ്യാപന പ്രസംഗം നടത്തി. രണ്ടുതവണയും നാലു ഖണ്ഡിക വീതം പ്രസംഗത്തിൽ നിന്നൊഴിവാക്കി. ത്രിപുര ഗവർണർ തഥാഗത റോയ് നയപ്രഖ്യാപന കസംഗത്തിൽനിന്നു കേന്ദ്ര സർക്കാരിനെതിരായ വിമർശനം ഒഴിവാക്കിയതും വിവാദമായിരുന്നു. എന്നാൽ ഇത്തവണ ആരിഫ് മുഹമ്മദ് ഖാൻ എത്തുമ്പോൾ ഭരണ പക്ഷവും പ്രതിപക്ഷവും അദ്ദേഹത്തോടെ എതിർ സ്വരം ഉയർത്തുമോ എന്നതാണ് ഉയരുന്ന ചോദ്യം.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളാ നിയമസഭ പാസാക്കിയ പ്രമേയത്തിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്ത് വന്നിരുന്നു. നിയമസഭ പാസാക്കിയ പ്രമേയത്തിന് എന്തെങ്കിലും തരത്തിലുള്ള നിയമസാധുതയോ ഭരണഘടനാപരമായ സാധുതയോ ഇല്ലെന്ന് ഗവർണർ വ്യക്തമാക്കി. പൗരത്വം പൂർണമായും കേന്ദ്ര സർക്കാരിന്റെ പരിധിയിൽ വരുന്ന വിഷയമാണെന്നും സംസ്ഥാന സർക്കാരിന് അതിൽ ഒന്നും ചെയ്യാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. 'പരിധിയിൽപ്പെടാത്ത കാര്യങ്ങളിൽ സർക്കാരിന്റെ സമയവും വിഭവങ്ങളും ചെലവഴിക്കരുത്. ഈയാവശ്യം കേന്ദ്ര സർക്കാരിനോട് ഉന്നയിക്കുന്നതിൽ എനിക്കൊരു പ്രശ്‌നവുമില്ല. കേരളത്തിന് ഒരു പ്രശ്‌നവും വരാത്ത ഒരു വിഷയത്തിൽ ഈയാളുകൾ ഇടപെടുന്നത് എന്തിനാണ്? വിഭജനത്തിൽ കേരളത്തിനൊന്നും സംഭവിച്ചിട്ടില്ല. ഇവിടെ അനധികൃത കുടിയേറ്റക്കാരുമില്ല,' അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചത്. ചട്ടം 118 പ്രകാരം സർക്കാർ പ്രമേയമായിട്ടായിരുന്നു അവതരണം. കോൺഗ്രസ് എംഎൽഎ വി.ഡി സതീശനും പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നെങ്കിലും ഇതേ വിഷയത്തിൽ സർക്കാർ തന്നെ പ്രമേയം അവതരിപ്പിക്കുന്നതിനാൽ അനുമതി നൽകിയില്ല. ബിജെപി. എംഎൽഎ ഒ.രാജഗോപാൽ ചർച്ചാ വേളയിൽ എതിർപ്പു പറഞ്ഞെങ്കിലും സഭ പാസാക്കിയപ്പോൾ മൗനം പാലിച്ചു. ചുരുക്കത്തിൽ ഒറ്റക്കെട്ടായി പ്രമേയം പാസാക്കുന്ന സ്ഥിതിവിശേഷമാണ് ഉണ്ടായത്. വിവിധ ജനവിഭാഗങ്ങളുടെ ജീവിതത്തേയും സംസ്‌കാരത്തേയും ഉൾക്കൊണ്ടുകൊണ്ട് രൂപപ്പെട്ടതാണ് ഇന്ത്യൻ ദേശീയത. മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നിർണയിക്കപ്പെടുമ്പോൾ മത-രാഷ്ട്ര സമീപനമാണ് അതിൽ ഉൾചേർന്നിരിക്കുന്നത്. ഇത് ഭരണഘടന മുന്നോട്ട് വെക്കുന്ന മതനിരപേക്ഷ കാഴ്ചപ്പാടിന് കടകവിരുദ്ധമായതിനാൽ ഈ നിയമം ഭരണഘടനയുടെ അടിസ്ഥാന ഘടനയുമായി പൊരുത്തപ്പെടുന്നില്ല. രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങളിൽ ഉയർന്ന് വരുന്ന ആശങ്കകൾ കണക്കിലെടുത്തുകൊണ്ട് പൗരത്വം നൽകുന്നതിൽ മതാടിസ്ഥാനത്തിലുള്ള വിവേചനത്തിന് വഴി വെക്കുന്നതും ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷത തകർക്കുന്നതുമായ പൗരത്വഭേദഗതി നിയമം റദ്ദാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്നുവെന്നും മുഖ്യമന്ത്രി സഭയിൽ അവതരിപ്പിച്ച പ്രമേയത്തിൽ വ്യക്തമാക്കി.

പൗരത്വ നിയമ ഭേദഗതി പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയതാണ്. അതിനെതിരെ സംസ്ഥാന നിയമസഭ പ്രമേയം പാസാക്കുന്നത് ഭരണഘടനയെ മാത്രമല്ല പാർലമെന്റിനെയും അവഹേളിക്കലാണ്- ഇതാണ് വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ നിലപാട്. പൗരത്വ നിയമത്തിനെതിരെ സംസ്ഥാന നിയമസഭ പാസാക്കിയ പ്രമേയത്തെ ചോദ്യം ചെയ്ത ഗവർണർ ആരിഫ് മുഹമ്മദ്ഖാനെതിരെ ഇനി പരസ്യ ഏറ്റുമുട്ടലിന് ഇടതു പക്ഷം മുമ്പോട്ട് വന്നിരുന്നു. നിയമസഭ അതിന്റെ അധികാരാവകാശങ്ങൾ ഉപയോഗിച്ചു പാസാക്കിയ പ്രമേയം പരസ്യമായി തള്ളിയ ഗവർണറുടെ നടപടി അസാധാരണമെന്ന് സർക്കാരും വിലയിരുത്തുന്നു.

നിയമസഭാ സമ്മേളനം ഇനി തുടങ്ങുമ്പോൾ ഗവർണ്ണറുടെ നയപ്രഖ്യാപനം അനിവാര്യതയാണ്. കാബിനറ്റ് അംഗീകരിക്കുന്ന കുറിപ്പാണ് സാധാരണ നയപ്രഖ്യാപനമായി ഗവർണ്ണർ വായിക്കാറുള്ളൂ. ഇത്തവണ കൈയിൽ നിന്നുള്ളത് ഗവർണ്ണർ വായിക്കുമോ എന്ന സംശയം സർക്കാരിനുണ്ട്. പൗരത്വ നിയമത്തെക്കുറിച്ചു പറയാതെ പട്ടികവിഭാഗ സംവരണ വിഷയം കാണിച്ചാണു പ്രത്യേക നിയമസഭാ സമ്മേളനത്തിനു സർക്കാർ ഗവർണറുടെ ഒപ്പു വാങ്ങിയത്. ഇതും ഗവർണ്ണറെ ചൊടിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഗവർണ്ണറെ സർക്കാർ വഞ്ചിച്ചുവെന്ന പൊതു വിലയിരുത്തലും ചില കോണുകൾ ഉയർത്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP