Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശബരിമല ഉത്സവാചാരഭാഗമായ നായാട്ടുവിളിക്കാൻ എത്തിയ സംഘത്തിന് നേരേ പൊലീസിന്റെ നരനായാട്ട്; ഇരുമുടിയേന്തി എത്തിയ ആറംഗ സംഘത്തിന് പതിനെട്ടാം പടിയിലും കൊടിമരചുവട്ടിലും ക്രൂരമർദ്ദനം; തിരിച്ചറിയൽ കാർഡ് കാട്ടിയിട്ടും വകവയ്ക്കാതെ അതിക്രമം; ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചവരെ വിരട്ടിയോടിക്കൽ; ദേവസ്വം പ്രസിഡന്റിനും സന്നിധാനം സ്‌പെഷ്യൽ ഓഫീസർക്കുമടക്കം പരാതി

ശബരിമല ഉത്സവാചാരഭാഗമായ നായാട്ടുവിളിക്കാൻ എത്തിയ സംഘത്തിന് നേരേ പൊലീസിന്റെ നരനായാട്ട്; ഇരുമുടിയേന്തി എത്തിയ ആറംഗ സംഘത്തിന് പതിനെട്ടാം പടിയിലും കൊടിമരചുവട്ടിലും ക്രൂരമർദ്ദനം; തിരിച്ചറിയൽ കാർഡ് കാട്ടിയിട്ടും വകവയ്ക്കാതെ അതിക്രമം; ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചവരെ വിരട്ടിയോടിക്കൽ; ദേവസ്വം പ്രസിഡന്റിനും സന്നിധാനം സ്‌പെഷ്യൽ ഓഫീസർക്കുമടക്കം പരാതി

എസ്.രാജീവ്‌

ശബരിമല : ശബരിമല ഉത്സവത്തിന്റെ ഭാഗമായി നായാട്ടു വിളിക്കാനെത്തിയ സംഘത്തിന് നേരേ പൊലീസിന്റെ നരനായാട്ട്. ഇരുമുടിയേന്തിയെത്തിയ സംഘത്തിന് പതിനെട്ടാം പടിയിലും കൊടിമര ചുവട്ടിലും പൊലീസിന്റെ വക ക്രൂര മർദ്ദനം. ശബരിമലയോളം തന്നെ പഴക്കമുള്ള നായാട്ടു വിളിയെന്ന ആചാരം നടത്താനായി എത്തിയ ആറംഗ സംഘത്തിനാണ് മർദ്ദനമേറ്റത്. മർദ്ദനത്തിനിടെ ഇരുമുടിക്കെട്ടടക്കം നിലത്തു വീണു. പടി കയറി കൊടിമരച്ചുവട്ടിൽ എത്തിയ സംഘം ദേവസ്വം ബോർഡ് നൽകിയ തിരിച്ചറിയൽ കാർഡ് പൊലീസ് ഉദ്യോഗസ്ഥരെ കാട്ടി നായാട്ടു വിളി സംഘമാണ് തങ്ങളെന്ന് ബോധ്യപ്പെടുത്തിയിട്ടും വകവെയ്ക്കാതെ മർദ്ദനം തുടരുകയായിരുന്നുവെന്നാണ് ആരോപണം.

ചൊച്ചാഴ്ച രാവിലെ എട്ടരയോടെ ആയിരുന്നു സംഭവം. സന്നിധാനത്തടക്കം പൊലീസ് നടത്തുന്ന മർദ്ദന മുറകൾക്കെതിരെ വ്യാപക പരാതി ഉയരുന്ന സാഹചര്യത്തിലാണ് പുതിയ സംഭവ വികാസങ്ങൾ. പതിനെട്ടാം പടിയിൽ തിരക്കൊഴിഞ്ഞ സമയത്താണ് നായാട്ടു സംഘം പടി ചവിട്ടിയത്. മർദ്ദന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിച്ച സംഘാംഗങ്ങളെയും മറ്റ് തീർത്ഥാടകരെയും പൊലീസ് വിരട്ടി പിന്തിരിപ്പിച്ചതായും ആരോപണമുണ്ട്. പി കെ പഴനി സ്വാമിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് മർദിച്ചതെന്ന് കാട്ടി ദേവസ്വം ബോർഡ് പ്രസിഡന്റിനും സന്നിധാനം പൊലീസ് സ്‌പെഷ്യൽ ഓഫീസർക്കുമടക്കം നായാട്ടു സംഘം പരാതി നൽകി.

മകരവിളക്ക് ദിനമായ നാളെ മുതൽ 19 വരെ നടക്കുന്ന ശബരിമല ഉത്സവ ആചാരത്തിന്റെ ഭാഗമായ നായാട്ടു വിളിക്കായി റാന്നി പെരുനാട് പുന്നമൂട്ടിൽ നിന്നുമെത്തിയ നായാട്ടു സംഘത്തെയാണ് പൊലീസ് അതി ക്രൂരമായി മർദിച്ചത്. ഇരുമുടിയേന്തി ആചാരപ്രകാരമെത്തിയ ആറംഗ സംഘം പതിനെട്ടാം പടി കയറവേ പടി ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരാണ് മർദ്ദനത്തിന് തുടക്കം കുറിച്ചത്.

ഇരുമുടിക്കെട്ടിലടക്കം പിടിച്ചു വലിച്ചതോടെയാണ് കെട്ട് നിലത്ത് വീണത്. പതിനെട്ട് പടികളും തൊട്ടു തൊഴുതുകൊടിമരച്ചുവട്ടിലെത്തി കൊടിമരത്തെയും വണങ്ങിയ ശേഷം തിരു നടയിലെത്തി ശബരീശനെ ദർശിക്കുക എന്നതാണ് നായാട്ടു വിളി സംഘം നൂറ്റാണ്ടുകളായി പുലർത്തി പോരുന്ന ആചാരം. ഉത്സവ ശേഷം പന്തള രാജാവിൽ നിന്നും ദക്ഷിണയും വാങ്ങിയാണ് സംഘം മടങ്ങാറുള്ളത്. പന്തളം രാജാവിന്റെ നേതൃത്വത്തിൽ ശബരിമല ക്ഷേത്രം നിർമ്മിച്ച കാലത്ത് ക്ഷേത്ര നിർമ്മാണം സംബന്ധിച്ച കണക്കുകൾ നോക്കുന്നതിനായി പാണ്ടി ദേശത്തുനിന്നും എത്തിച്ച പുന്നമൂട്ടിൽ കണക്കപ്പിള്ളയുടെ പിൻ തലമുറക്കാരാണ് നായാട്ടുവിളി സംഘം.

ക്ഷേത്ര നിർമ്മാണ ശേഷം ഉത്സവവുമായി ബന്ധപ്പെട്ട നായാട്ടു വിളിക്കാനുള്ള അവകാശം പന്തള രാജാവ് കണക്കപ്പിള്ളയ്ക്ക് പിന്തുടർച്ചാവകാശമായി നൽകുകയായിരുന്നു. അന്ന് മുതൽ മകര മാസത്തിലെ ഉത്സവ നാളുകളിൽ മാളികപ്പുറത്തെ മണി മണ്ഡപത്തിൽ നിന്നും പതിനെട്ടാം പടിയിലേക്ക് നടക്കുന്ന എഴുന്നെള്ളത്തിൽ നായാട്ട് വിളിച്ചു വരുന്നത് പുന്നമൂട്ടിൽ സംഘമാണ്. അയ്യപ്പ വന്ദനം മുതൽ അയ്യപ്പൻ ശബരിമലയിൽ കുടിയിരുന്നത് വരെയുള്ള 576 ശീലുകൾ അടങ്ങിയ പാട്ടുകളാണ് നായാട്ടു വിളിയിൽ ഉൾപ്പെടുന്നത്.

ശബരിമല യുവതി പ്രവേശന വിധിയുമായി ബന്ധപ്പെട്ട് ഉടലെടുത്ത സംഭവ വികാസങ്ങളെ തുടർന്ന് കഴിഞ്ഞ വർഷം സന്നിധാനത്തടക്കം നൂറുകണക്കിന് അയ്യപ്പ ഭക്തർക്ക് പൊലീസിന്റെ മർദ്ദനമേറ്റിരുന്നു. ഈ മണ്ഡല കാലം ആരംഭിച്ച ശേഷം പൊലീസിന്റെ മൂന്നാം ബാച്ചും നാലാം ബാച്ചും തീർത്ഥാടകർക്ക് നേരേ നടത്തിയ ബലപ്രയോഗങ്ങളും മർദ്ദനങ്ങളും എറെ വിമർശനങ്ങൾക്കും വിവാദങ്ങൾക്കും വഴിതെളിച്ചിരുന്നു. മകരവിളക്ക് ഉത്സവത്തിനായി നടതുറന്ന് മൂന്നാം നാൾ മരക്കൂട്ടത്ത് പൊലീസ് തീർത്ഥാടകരെ അതിക്രൂരമായി മർദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നു. തീർത്ഥാടകർക്ക് നേരേ പൊലീസ് നടത്തുന്ന ബലപ്രയോഗങ്ങൾ പകർത്താൻ കഴിഞ്ഞ ആഴ്ച രാത്രിയിൽ ശരംകുത്തിയിലെത്തിയ മാധ്യമ സംഘത്തെ പൊലീസ് കൈയേറ്റം ചെയ്ത സംഭവവും വാർത്താ പ്രാധാന്യം നേടിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP