Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

തിരുവാഭരണ ഘോഷയാത്ര എത്തുമ്പോൾ ഇറച്ചി-മത്സ്യം കടകളുടെ പ്രവർത്തനം നിർത്തണം എന്നത് ഏഴു വർഷമായി തുടർന്നുവരുന്ന തീരുമാനം; അയ്യപ്പന്മാരുടെ ഇടത്താവളത്തിന് അടുത്ത തോട്ടിൽ മാലിന്യം തള്ളുന്നത് ഒഴിവാക്കാൻ; തീരുമാനം കൈക്കൊണ്ടത് കോൺഗ്രസ് ഭരണസമിതി; എതിർപ്പില്ലെന്ന് അറിയിച്ചത് പ്രതിപക്ഷമായ സിപിഎമ്മും; സോഷ്യൽ മീഡിയയിൽ 'സംഘപരിവാർ പട്ടം' ചാർത്തി വിമർശനം കൊഴുക്കുമ്പോഴും വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് അധികാരികൾക്ക് പറയാനുള്ളത് മറ്റൊരു കാര്യം

തിരുവാഭരണ ഘോഷയാത്ര എത്തുമ്പോൾ ഇറച്ചി-മത്സ്യം കടകളുടെ പ്രവർത്തനം നിർത്തണം എന്നത് ഏഴു വർഷമായി തുടർന്നുവരുന്ന തീരുമാനം; അയ്യപ്പന്മാരുടെ ഇടത്താവളത്തിന് അടുത്ത തോട്ടിൽ മാലിന്യം തള്ളുന്നത് ഒഴിവാക്കാൻ; തീരുമാനം കൈക്കൊണ്ടത് കോൺഗ്രസ് ഭരണസമിതി; എതിർപ്പില്ലെന്ന് അറിയിച്ചത് പ്രതിപക്ഷമായ സിപിഎമ്മും; സോഷ്യൽ മീഡിയയിൽ 'സംഘപരിവാർ പട്ടം' ചാർത്തി വിമർശനം കൊഴുക്കുമ്പോഴും വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് അധികാരികൾക്ക് പറയാനുള്ളത് മറ്റൊരു കാര്യം

എം മനോജ് കുമാർ

വടശ്ശേരിക്കര: തിരുവാഭരണ ഘോഷയാത്രയിൽ കല്ലുകടിയായി വടശ്ശേരിക്കരയിൽ വിവാദം. ഘോഷയാത്ര കടന്നു പോകുന്ന വേളയിൽ ഇറച്ചിക്കടകളും മത്സ്യവ്യാപാര കേന്ദ്രങ്ങളും അടച്ചിടണമെന്ന ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ നിർദ്ദേശത്തോടെയാണ് വിവാദം വന്നത്. ഇതുമായി ബന്ധപ്പെട്ടു പഞ്ചായത്ത് സെക്രട്ടറിയുടെ നിർദ്ദേശം സർക്കുലർ രീതിയിൽ പ്രചരിച്ചതോടെ അത് രാഷ്ട്രീയ വിവാദമായി മാറി. ഇറച്ചിക്കടകൾ അടപ്പിക്കുന്ന കാര്യത്തിൽ ഭരണസമിതിയിൽ ചർച്ച വന്നില്ലെന്ന അഭിപ്രായം പ്രതിപക്ഷം കൂടി പങ്കുവെച്ചപ്പോൾ അത് താമസിയാതെ ഒരു രാഷ്ട്രീയവിവാദത്തിലേക്ക് മാറി. ഇന്നലെയും ഇന്നുമാണ് തിരുവാഭരണ ഘോഷയാത്ര വടശേരിക്കരയിൽക്കൂടി കടന്നു പോകുന്നത്. ഈ ദിവസങ്ങളിൽ ഇറച്ചിക്കടകളും മത്സ്യവ്യാപാര കേന്ദ്രങ്ങളും അടച്ചിടണമെന്ന നിർദ്ദേശമാണ് വിവാദം സൃഷ്ടിച്ചത്.

ശബരിമല മകരവിളക്ക് മഹോത്സവം പ്രമാണിച്ച് തിരുവാഭരണ ഘോഷയാത്ര കടന്നു പോകുന്നതിനാൽ വടശേരിക്കര ഗ്രാമപഞ്ചായത്തിലെ ഇറച്ചിക്കടകൾ, കോഴിക്കടകൾ, മത്സ്യവ്യാപാരം ചെയ്യുന്ന കടകൾ എന്നിവയുടെ പ്രവർത്തനം ജനുവരി 13, 14 തീയതികളിൽ നിർത്തി വയ്ക്കണം എന്ന് നിർദ്ദേശിക്കുന്നു. ഇതാണ് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ പേരിൽ വന്ന സർക്കുലർ. ഈ സർക്കുലർ ആണ് വിവാദമായത്. പക്ഷെ വിവാദം ഉയർന്നപ്പോൾ തന്നെ വിശദീകരണവുമായി പഞ്ചായത്ത് പ്രസിഡന്റ് രംഗത്ത് വരുകയും ചെയ്തു. പഞ്ചായത്ത് സെക്രട്ടറിയുടെതായി പുറത്ത് വന്നത് ഉത്തരവല്ല. നിർദ്ദേശമാണ്. തിരുവാഭരണഘോഷയാത്ര കടന്നുപോകുമ്പോൾ അതിനു മുന്നോടിയായ ഒരു നിർദ്ദേശമാണ് നൽകിയത്. അല്ലാതെ ഉത്തരവായി നൽകിയിട്ടില്ല- പഞ്ചായത്ത് പ്രസിഡന്റ് ഷാജി മാനാപ്പള്ളിൽ മറുനാടനോട് പറഞ്ഞു.

ഏഴു വർഷം മുൻപ് എടുത്ത തീരുമാനമാണിത്. തിരുവാഭരണ ഘോഷയാത്രയ്ക്ക് വടശ്ശേരിക്കര ഇടത്താവളമാണ്. അപ്പോൾ കോഴിക്കടകളും ഇറച്ചി വിൽപ്പന കേന്ദ്രങ്ങളും അടച്ചിടണം. ഈ നിർദ്ദേശവുമായി അയ്യപ്പസേവാ സംഘമാണ് ആദ്യം രംഗത്ത് വരുന്നത്. ജില്ലാ അവലോകനയോഗത്തിൽ ഇത് അവർ ഉന്നയിച്ചിരുന്നു. ഇതിനെ തുടർന്ന് അന്ന് എടുത്ത ഒരു തീരുമാനമാണ് ഘോഷയാത്ര പോകുമ്പോൾ വടശ്ശേരിക്കരയിലെ ഇറച്ചിക്കടകൾ അടച്ചിടുക എന്നത്. അത് വർഷങ്ങളായി പാലിച്ചു പോരുന്ന സംവിധാനമാണ്. വടശ്ശേരിക്കര ടൗണിലാണ് ഇടത്താവളം.

കോഴിക്കടകൾ എല്ലാം അവിടെയാണ്. ഈ സാഹചര്യത്തിലാണ് ഘോഷയാത്ര കടന്നു പോകുമ്പോൾ വടശ്ശേരിക്കരയിലെ ഇറച്ചി-മത്സ്യക്കടകൾക്ക് അവധി തീരുമാനിച്ചത്. എല്ലാ വർഷവും ഇത് നടപ്പാക്കുന്നതിനാൽ ഭരണസമിതിയിൽ ചർച്ച നടത്തിയില്ല. രാവിലെ തന്നെ തിരുവാഭരണഘോഷയാത്ര കടന്നു പോയി. അതുകൊണ്ട് രാവിലെ തന്നെ കടകൾക്ക് തുറക്കാം. ഇന്നലെ മന്ദിരം-വടശ്ശേരിക്കര റോഡിൽ ഇടക്കുളത്ത് മാലിന്യം ചിലർ മാലിന്യം തള്ളിയിരുന്നു. അത് പിന്നെ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വൃത്തിയാക്കി. ഇതുകൊണ്ടൊക്കെ തന്നെയാണ് ഇത്തരം നിർദ്ദേശം നൽകുന്നത്- ഷാജി മാനാപ്പള്ളിൽ പറയുന്നു.

തിരുവാഭരണ ഘോഷയാത്ര ദിവസം മത്സ്യ മാംസ വ്യാപാര കേന്ദ്രങ്ങൾ അടച്ചിടുന്നത് തുടരുന്ന നടപടിയാണ്. ഡെപ്യൂട്ടി ഡയരക്ടറേറ്റ് ഓഫ് പഞ്ചായത്തിലും കലക്ട്രേറ്റിലും കോൺഫറൻസുകളിൽ വന്ന നിർദ്ദേശമാണ് പഞ്ചായത്ത് നടപ്പിലാക്കിയത്. ഇത്തവണയും മുൻകാലങ്ങളിലെ എല്ലാ ക്രമീകരണങ്ങളും തുടരാനാണ് തീരുമാനമെടുത്ത്ത്. അത് പ്രകാരമുള്ള നിർദ്ദേശമാണ് സെക്രട്ടറി നൽകിയത്. പക്ഷെ ഈ നിർദ്ദേശം ഭരണ സമിതിയിൽ ചർച്ച ചെയ്തില്ലെന്ന പ്രതിപക്ഷം ആരോപണമുയർത്തിയതോടെയാണ് രാഷ്ട്രീയ വിവാദമായി മാറിയത്. ചർച്ച ചെയ്യണം എന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ.

തീരുമാനം നല്ലത് തന്നെയാണ് എന്നാണ് ഇടത് പ്രതിപക്ഷ നേതാവ് മണിയമ്മ യശോധരനും പ്രതികരിച്ചിരിക്കുന്നത്. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്ഥമായി തിരുവാഭരണ ഘോഷയാത്രക്കുള്ള ക്രമീകരണം ഇത്തവണ രണ്ട് ദിവസം മുമ്പേ പൂർത്തിയായിരുന്നു. ഇതിൽ രോഷം കൊണ്ട ആരെങ്കിലും ആവും ഇത് രാഷ്ട്രീയ വിവാദമാക്കി മാറ്റുന്നത് എന്ന അഭിപ്രായമാണ് പഞ്ചായത്തിൽ നിന്നും മുഴങ്ങുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP