Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഫ്രാൻസിൽ നിന്നും 126 റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാൻ യുപിഎ സർക്കാർ ഒപ്പിട്ട 90,000 കോടിയുടെ കരാർ കേന്ദ്രസർക്കാർ റദ്ദാക്കി; തീരുമാനം 36 വിമാനങ്ങൾ വാങ്ങാൻ കരാർ ഒപ്പിട്ടതിന് പിന്നാലെ

ഫ്രാൻസിൽ നിന്നും 126 റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാൻ യുപിഎ സർക്കാർ ഒപ്പിട്ട 90,000 കോടിയുടെ കരാർ കേന്ദ്രസർക്കാർ റദ്ദാക്കി; തീരുമാനം 36 വിമാനങ്ങൾ വാങ്ങാൻ കരാർ ഒപ്പിട്ടതിന് പിന്നാലെ

ന്യൂഡൽഹി: ഫ്രാൻസിൽ നിന്നും 36 റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള കരാറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒപ്പുവച്ചതിന് പിന്നാലെ മുൻ യുപിഎ സർക്കാർ ഒപ്പിട്ട കരാറിൽ നിന്നും പ്രതിരോധ മന്ത്രാലയം പിന്മാറി. ഇന്ത്യയുടെ ഏറ്റവും വലിയ പ്രതിരോധ ഇടപാട് എന്ന വിശേഷിപ്പിക്കപ്പെട്ടിരുന്ന 90,000 കോടി രൂപയുടെ യുദ്ധവിമാന ഇടപാടാണ് കേന്ദ്ര പ്രതിരോധ മന്ത്രാലയം റദ്ദാക്കിയത്. വ്യോമസേനയ്ക്ക് വേണ്ടി 126 റാഫേൽ വിമാനങ്ങൾ വാങ്ങാനായിരുന്നു നേരത്തെ സർക്കാർ ധാരണയിലെത്തിയത്. ഫ്രഞ്ച് കമ്പനിയായ ദസോൾട്ട് ഏവിയേഷനുമായിട്ടായിരുന്നു അന്ന് കരാർ ഒപ്പുവച്ചത്. ഈകരാറാണ് എൻഡിഎ സർക്കാർ റദ്ദു ചെയ്തത്. പ്രതിരോധമന്ത്രി മനോഹർ പരീക്കർ സി.എൻ.എൻഐ.ബി.എൻ. ചാനലിൽ നടത്തിയ അഭിമുഖത്തിലാണ് അതിനിർണ്ണായകമായ ഈ തീരുമാനം വെളിപ്പെടുത്തിയത്.

ഫ്രാൻസിൽ നിന്നും റാഫേൽ യുദ്ധവിമാനം വാങ്ങാനുള്ള തീരുമാനത്തിനെതിരെ ബിജെപി എംപി സുബ്രഹ്മണ്യം സ്വാമി അടക്കം രംഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് മുൻസർക്കാർ ഒപ്പിട്ട തീരുമാനം മോദി സർക്കാർ പിൻവലിച്ചിരിക്കുന്നത്. എന്നാൽ, റാഫേലുമായി തന്നെ പുതിയ കരാറിൽ ഏർപ്പെടാനുള്ള സാധ്യത കൂടി തുറന്നിട്ടുകൊണ്ടാണ് കേന്ദ്രസർക്കാറിന്റെ ഇപ്പോഴത്തെ നീക്കം.

ഭാവിയിൽ ആവശ്യമുണ്ടെന്നു തോന്നുന്നപക്ഷം റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാൻ മടിക്കില്ലെന്നാണ് ഇതേക്കുറിച്ച് പ്രതിരോധമന്ത്രി മനോഹർ പരീക്കർ പറഞ്ഞത്. അപ്പോഴും സർക്കാരുകൾ തമ്മിലുള്ള ഇടപാട് എന്ന രീതിയായിരിക്കും അവലംബിക്കുക. മുൻ സർക്കാരും ഈ മാർഗം പിന്തുടരുകയായിരുന്നു വേണ്ടിയിരുന്നതെന്നും പരീക്കർ പറഞ്ഞു. മിഗ് 21 വിമാനങ്ങൾക്കു പകരമായി റാഫേലിനെ അവതരിപ്പിച്ച് വ്യോമസേനയുടെ കരുത്തു കൂട്ടാൻ ലക്ഷ്യമിട്ട് യു.പി.എ. സർക്കാർ ഒപ്പുവച്ച കരാർ 90,000 കോടി രൂപയുടേതായിരുന്നു. അടുത്ത ആറു മുതൽ പത്തുവർഷത്തിനുള്ളിൽ വ്യോമസേനാ നിരയിൽനിന്നു പിൻവലിക്കപ്പെടുന്ന മിഗ്21 വിമാനങ്ങൾക്കു ബദലായി റാഫേലിനെ അവതരിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതായിരുന്നു കരാർ. എന്നാൽ ആധുനിക സംവിധാനങ്ങളാൽ സമ്പന്നവും കൂടുതൽ ശേഷിയുമുള്ള റാഫേൽ മിഗുമായി താരതമ്യം ചെയ്യുമ്പോൾ ബഹുദൂരം മുന്നിലാണെന്നാണ് പരീക്കർ അഭിപ്രായപ്പെട്ടത്.

ഇന്ത്യൻ സാഹചര്യങ്ങൾക്ക് ആവശ്യമായതിനേക്കാൾ കൂടുതൽ വിപുലമായ സൗകര്യങ്ങളുള്ളതാണ് റാഫേൽ യുദ്ധവിമാനങ്ങൾ. അതുകൊണ്ടുതന്നെ ചെലവേറിയ ഇത്തരം വിമാനങ്ങൾ കൂടുതലായി വാങ്ങുന്നതെന്നും ഇപ്പോൾ വിമാനങ്ങൾ വാങ്ങിയ തീരുമാനത്തിനെതിരെ ഉയരുന്ന വിമർശനങ്ങളെ ചൂണ്ടിക്കാട്ടി പരീക്കർ പറഞ്ഞു. മിഗ് 21 പിൻവലിക്കപ്പെടുന്ന സ്ഥാനത്ത് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത തേജസ് യുദ്ധവിമാനങ്ങൾ ഉപയോഗിക്കാനാണ് തീരുമാനമെന്നും പരീക്കർ കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫ്രാൻസ് സന്ദർശനത്തിനിടെ 36 റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള കരാർ സംബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായിരുന്നു. ഇടപാടുകൾ രണ്ടു സർക്കാരുകളും തമ്മിലായിരുന്നുവെന്നും റാഫേൽ നിർമ്മാണക്കമ്പനിയുമായി ഇന്ത്യക്ക് ബാധ്യതയൊന്നുമില്ലെന്നും പരീക്കർ വ്യക്തമാക്കി.

വ്യോമസേനയുടെ അടിയന്തരാവശ്യം നിറവേറ്റുന്നതിനായാണ് ഫ്രഞ്ച് സർക്കാരുമായി ധാരണയുണ്ടാക്കിയത്. രാജ്യതാൽപര്യത്തിനു മുൻതൂക്കം നൽകി നിർണായക രാഷ്ട്രീയ തീരുമാനമെടുക്കാൻ ധൈര്യം കാട്ടിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനത്തോടു നൂറു ശതമാനം യോജിപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി. കുറഞ്ഞ കാലയളവിനുള്ളിൽ പുതിയ യുദ്ധവിമാനങ്ങൾ വ്യോമസേനയ്ക്ക് അനിവാര്യമായ സാഹചര്യത്തിലാണ് സർക്കാർതല കരാറിന് പ്രധാനമന്ത്രി മുൻകൈയെടുത്ത് ഒപ്പുവച്ചത്. 45 സ്‌ക്വാഡ്രൺ ആവശ്യമായ സ്ഥാനത്ത് 34 എണ്ണം മാത്രമാണ് ഇപ്പോൾ വ്യോമസേനയ്ക്കുള്ളത്. അയൽ രാജ്യങ്ങളായ ചൈനയും പാക്കിസ്ഥാനും നിരന്തര പ്രകോപനത്തിനു തുനിയുന്ന സാഹചര്യവും പരിഗണിക്കേണ്ടതുണ്ട്. ഇവയെല്ലാം കണക്കിലെടുത്താണ് മോദി ഫ്രഞ്ച് സർക്കാരുമായി വിമാനക്കരാർ സംബന്ധിച്ച് ധാരണയിലെത്തിയതെന്നും പരീക്കർ പറഞ്ഞു.

അതേസമയം 24,000 കോടി രൂപ മുടക്കി ഫ്രാൻസിൽനിന്ന് 36 റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള നരേന്ദ്ര മോദി സർക്കാരിന്റെ നീക്കവും വിവാദത്തിന്റെ വഴിവച്ചിരുന്നു. വാങ്ങാൻ ആളില്ലാതെ അടച്ചുപൂട്ടാൻ ഒരുങ്ങിക്കൊണ്ടിരുന്ന കമ്പനിയിൽനിന്നാണ് ഇന്ത്യൻ വ്യോമസേനയുടെ കരുത്തുകൂട്ടാനെന്ന വണ്ണം യുദ്ധവിമാനങ്ങൾ വാങ്ങിയത്.

ലോകത്തെ ഒരു വ്യോമസേനയും ഇപ്പോൾ റാഫേൽ വിമാനങ്ങൾ ഉപയോഗിക്കുന്നില്ലെന്നതാണ് ഈ ഇടപാടിനെ സംശയത്തിലാക്കുന്ന പ്രധാന ആരോപണം. ഫ്രാൻസുപോലും റാഫേൽ വിമാനങ്ങൾ ഉപയോഗിക്കുന്നില്ല. ബ്രസീൽ, കാനഡ, നെതർലൻഡ്, നോർവേ, ദക്ഷിണ കൊറിയ, സിംഗപ്പുർ തുടങ്ങിയ രാജ്യങ്ങൾ റാഫേൽ വിമാനങ്ങൾ വാങ്ങുന്നതിൽനിന്ന് പിന്മാറിയിരുന്നു. സാങ്കേതിക വിദ്യ കൈമാറ്റമില്ലാതെ 36 യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള കരാർ, ആദ്യ കരാറിൽനിന്നുള്ള വ്യതിചലനവുമാണ്. ആദ്യ കരാർ അനുസരിച്ച് 126 വിമാനങ്ങളിൽ 18 എണ്ണം ഇന്ത്യ വാങ്ങുകയും ശേഷിച്ചവ സാങ്കേതിക വിദ്യ സഹകരണമുപയോഗിച്ച് എച്ച്.എ.എൽ നിർമ്മിക്കുയും ചെയ്യുമെന്നായിരുന്നു.

സാങ്കേതിക വിദ്യ കൈമാറ്റമില്ലാതെ കരാർ ഒപ്പുവച്ചത് ഇന്ത്യയുടെ മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിക്കും എതിരാണ്. മോദി അധികാരമേറ്റതോടെ ഡൽഹിയിൽ എത്തിയ ഫ്രഞ്ച് വിദേശ മന്ത്രി ലോറന്റ് ഫാബിയൂസാണ് കരാർ പുനരുജ്ജീവിപ്പിക്കാനുള്ള നീക്കങ്ങൾ വീണ്ടും സജീവമാക്കിയത്. യൂറോപ്പിലെ സാമ്പത്തിക മാന്ദ്യം ഏറ്റവും കൂടുതൽ ബാധിച്ചിട്ടുള്ള രാജ്യങ്ങളിലൊന്നാണ് ഫ്രാൻസ്. ഫ്രാൻസുപോലും ഉപേക്ഷിച്ച സാങ്കേതിക വിദ്യയാണ് റാഫേലിന്റേത്. ജർമൻ സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ 'മിറ്റൽസ്റ്റാൻഡ് മാതൃക'യാണ് ഫ്രാൻസിൽ ഇപ്പോൾ ഉപയോഗിക്കുന്നത്. ആ നിലയ്ക്ക് ഇന്ത്യ എന്തിന് കരാർ ഒപ്പിട്ടുവെന്ന ചോദ്യം പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്.

വിഷു പ്രമാണിച്ച് നാളെ (15.4.2015) ഓഫീസിന് അവധിയായതിനാൽ  മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല. വായനക്കാർക്ക് വിഷു ആശംസകൾ- എഡിറ്റർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP