Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തീവ്രവാദികളെ ജാമ്യത്തിലെടുക്കാൻ എത്തിയത് തിരുനെൽവേലിയിലെ മൂന്ന് അഭിഭാഷകർ; നാട്ടുകാർ എതിർത്തതോടെ നാണം കെട്ട് മടങ്ങി വക്കീലന്മാർ; കൊലപാതകികൾക്ക് സാമ്പത്തിക സഹായം നൽകിയ രണ്ട് പ്രമുഖ വ്യാപാരികളും പൊലീസ് നിരീക്ഷണത്തിൽ; പുന്നയ്ക്കാട്ടുവിളയിലെ പൂട്ടികിടക്കുന്ന വീട്ടിൽ രാത്രി റെയ്ഡ്; കസ്റ്റഡിയിലുള്ളത് 18 പേർ; എല്ലാം രഹസ്യമാക്കി ക്യൂ ബ്രാഞ്ച്; കളിയിക്കാവിളയിൽ എസ് ഐയെ വെടിവച്ച് കൊന്നത് ഐസിസുകാരെന്ന നിഗമനത്തിലേക്ക് പൊലീസ്

തീവ്രവാദികളെ ജാമ്യത്തിലെടുക്കാൻ എത്തിയത് തിരുനെൽവേലിയിലെ മൂന്ന് അഭിഭാഷകർ; നാട്ടുകാർ എതിർത്തതോടെ നാണം കെട്ട് മടങ്ങി വക്കീലന്മാർ; കൊലപാതകികൾക്ക് സാമ്പത്തിക സഹായം നൽകിയ രണ്ട് പ്രമുഖ വ്യാപാരികളും പൊലീസ് നിരീക്ഷണത്തിൽ; പുന്നയ്ക്കാട്ടുവിളയിലെ പൂട്ടികിടക്കുന്ന വീട്ടിൽ രാത്രി റെയ്ഡ്; കസ്റ്റഡിയിലുള്ളത് 18 പേർ; എല്ലാം രഹസ്യമാക്കി ക്യൂ ബ്രാഞ്ച്; കളിയിക്കാവിളയിൽ എസ് ഐയെ വെടിവച്ച് കൊന്നത് ഐസിസുകാരെന്ന നിഗമനത്തിലേക്ക് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കളിയിക്കാവിള അതിർത്തി ചെക്‌പോസ്റ്റിൽ എസ്‌ഐയെ കൊലപ്പെടുത്തിയത് പ്രതികാരം ചെയ്യാനെന്ന് അറസ്റ്റിലായ പ്രതികളുടെ മൊഴി. സംഘാംഗങ്ങളെ പിടികൂടിയതിലുള്ള വൈരാഗ്യമാണ് പ്രതികാരത്തിനു പ്രേരിപ്പിച്ചത്. കളിയിക്കാവിള തിരഞ്ഞെടുത്തത് പരിചയമുള്ള സ്ഥലമായതിനാലാണെന്നും പ്രതികൾ വെളിപ്പെടുത്തി. പ്രതികളുടെ ഐസിസ് ബന്ധം അന്വേഷിക്കുമെന്നു പൊലീസ് അറിയിച്ചു. പ്രതികൾ കുറ്റം സമ്മതിച്ചെന്നും പൊലീസ് വ്യക്തമാക്കി. രണ്ടുപ്രതികളേയും മൂന്നുദിവസത്തേയ്ക്കു റിമാൻഡിൽ വിട്ടു.

രണ്ടു പ്രതികളെയും തക്കല സ്റ്റേഷനിൽ ഉന്നത ഉദ്യോഗസ്ഥർ മണിക്കൂറുകളോളം ചോദ്യംചെയ്തു. ബൂധൻ രാത്രി കർണാടകയിലെ ഉഡുപ്പിയിൽ നിന്ന് നാഗർകോവിലിലെത്തിച്ച ഇരുവരെയും ഇന്നലെ വെളുപ്പിന് അഞ്ചുമണിയോടെ കളിയിക്കാവിള സ്റ്റേഷനിലെത്തിച്ച ശേഷം ആറോടെ തക്കല സ്റ്റേഷനിലേക്ക് മാറ്റി. സുരക്ഷിതത്വം കണക്കിലെടുത്താണ് തക്കലയിലേക്ക് കൊണ്ടുപോയത്. കുഴിത്തുറ കോടതിയിൽ ഹാജരാക്കുമെന്ന നിഗമനത്തിൽ അതിരാവിലെ തന്നെ കോടതി പരിസരത്തും, തക്കല സ്റ്റേഷനു മുന്നിലും മാധ്യമപ്രവർത്തകർ അടക്കം വൻ ജനക്കൂട്ടം കാത്ത് നിന്നെങ്കിലും രാത്രി വൈകിയും പ്രതികളെ പുറത്തിറക്കിയില്ല. പ്രതികളെ സഹായിച്ചെന്ന സംശയത്തിൽ കളിയിക്കാവിള, അയിങ്കാമം, ഇഞ്ചിവിള പ്രദേശത്തെ ഒട്ടേറെ പേർ തമിഴ്‌നാട് പൊലീസിന്റെ നിരീക്ഷണത്തിലാണ്. കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത 18 പേരെ കുറിച്ചുള്ള വിവരങ്ങൾ ഇനിയും പുറത്തുവിട്ടിട്ടില്ല.

തെറ്റിയോട് പുന്നയ്ക്കാട്ടുവിളയിൽ പൂട്ടികിടക്കുന്ന ഒരു വീട്ടിൽ കഴിഞ്ഞ ദിവസം രാത്രി പൊലീസ് പരിശോധന നടത്തി. സംഘത്തിൽപെട്ടവർക്കു സാമ്പത്തികസഹായം നൽകിയെന്ന സംശയത്തിൽ കളിയിക്കാവിളയിലെ രണ്ടു പ്രമുഖ വ്യാപാരികളെ ചോദ്യംചെയ്തതായും സൂചനകളുണ്ട്. പ്രതികളെ മജിസ്‌ട്രേട്ടിന്റെ വീട്ടിൽ ഹാജരാക്കുമ്പോൾ ജാമ്യാപേക്ഷ നൽകാൻ തിരുനെൽവേലിയിലെ മുന്ന് അഭിഭാഷകർ കോടതിയിൽ എത്തിയിരുന്നു. പ്രതികൾക്കുവേണ്ടി അഭിഭാഷകരുടെ നിര തന്നെ ഉടൻ എത്തിയത് സംഘത്തിനു പിന്നിൽ വമ്പന്മാർ ഉണ്ടെന്ന പൊലീസിന്റെ സംശയം ബലപ്പെടുത്തുന്നതാണ്. ജാമ്യാപേക്ഷയുമായി എത്തിയ മൂന്ന് അഭിഭാഷകരെ ഒരു സംഘം ആളുകൾ തടഞ്ഞു. കോടതി തുറക്കുമ്പോൾ ജാമ്യാപേക്ഷ നൽകിയാൽ മതിയെന്ന് പറഞ്ഞായിരുന്നു തടയൽ. കനത്ത സുരക്ഷയിലായിരുന്നു പ്രതികളെ കോടതിയിലേക്കെത്തിച്ചത്.

മുഖ്യ പ്രതികളായ അബ്ദുൾ ഷമീമും, തൗഫീഖും തീവ്രവർഗീയ സംഘടനയിലെ അംഗങ്ങളെന്ന പൊലീസ് നിഗമനം ശരിവയ്ക്കുന്നതാണ് പ്രതികളുടെ കുറ്റസമ്മത മൊഴി. സംഘടനയുടെ ആശയം പ്രചരിപ്പിക്കാൻ നടത്തിയ അസൂത്രിത കൊലപാതകമെന്ന് ഇരുവരും സമ്മതിച്ചു. ഭരണകൂടത്തൊടും പൊലീസിനോടുമുള്ള പ്രതികാരമെന്ന നിലയ്ക്കാണ് പൊലീസുകാരൻ വിൽസനെ കൊന്നതെന്നും പ്രതികൾ വിശദീകരിച്ചതായി പൊലീസ് പറഞ്ഞു. എന്നാൽ മറ്റു പല ചോദ്യങ്ങൾക്കും ഇരുവരും ഉത്തരം നൽകിയില്ല. ഭീകര സംഘടനയായ ഐസിസ് ബന്ധമടക്കം സംശയിക്കുന്നതിനാൽ പത്ത് മണിക്കൂറിലേറെയാണ് ആദ്യദിന ചോദ്യം ചെയ്യൽ നീണ്ടത്. സുരക്ഷ പ്രശ്‌നങ്ങളുള്ളതിനാൽ കൊല നടന്ന സ്ഥലത്തെത്തിച്ചുള്ള തെളിവെടുപ്പ് പ്രതികളെ കസ്റ്റഡിയിൽ ലഭിച്ച ശേഷമെ നടത്തൂ.

തമിഴ്‌നാട്-കേരള അതിർത്തിയായ കളിയിക്കാവിള മുസ്ലിം പള്ളിക്കു സമീപത്തെ ചെക്‌പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്‌ഐ വിൽസണെ (57) വെടിവച്ചും വെട്ടിയുമാണ് കൊലപ്പെടുത്തിയത്. എഎസ്‌ഐയെ വെടിവച്ച ശേഷം പുറത്തേക്ക് വലിച്ചിഴച്ച് അക്രമികൾ കാലിൽ വെട്ടിയെന്നാണു സാക്ഷിമൊഴി. വെടിവച്ചശേഷം പള്ളിയുടെ വളപ്പിനുള്ളിൽ കടന്ന് മറുവശത്തുകൂടിയാണ് പ്രതികൾ രക്ഷപ്പെട്ടത്. കൂട്ടാളികളെ അറസ്റ്റ് ചെയ്തതിന്റെ പ്രതികാരമായാണ് എസ്ഐ വിത്സനെ വെടിവച്ച് കൊന്നതെന്ന് പ്രതികൾ സമ്മതിച്ചതായും പൊലീസ് അറിയിച്ചു.14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത പ്രതികളെ പാളയംകോട്ട ജയിലിലേക്ക് മാറ്റി. പൊലീസ് കസ്റ്റഡി അപേക്ഷ തിങ്കഴാഴ്ച കോടതി പരിഗണിക്കും. അതിനാൽ തിങ്കളാഴ്ച പ്രതികളെ ഹാജരാക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

ഐഎസിൽ ചേർന്നെന്ന് കരുതുന്ന മെഹബൂബ് പാഷയാണ് കൃത്യം നടത്തിയ 17അംഗ സംഘത്തിന്റെ തലവനെന്ന് കർണാടക പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഐഎസ് ബന്ധം തമിഴ്‌നാട് പൊലീസ് അന്വേഷിക്കുന്നത്. കൊലയ്ക്ക് ഉപയോഗിച്ച തോക്ക് ഇതുവരെ കണ്ടെത്താനായിട്ടില്ല. ഗൂഢാലോചന സംബന്ധിച്ചോ ആസൂത്രണത്തിന് പിന്നിലുള്ളവരെ കുറിച്ചോ പ്രതികൾ സൂചന നൽകിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP