Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൗരത്വ ഭേദഗതി നിയമത്തിനെതിരെയാണ് നയപ്രഖ്യാപനമെങ്കിൽ തിരുത്തൽ ആവശ്യപ്പെട്ട് രാജ്ഭവൻ പ്രസംഗം തിരിച്ചയയ്ക്കും; വിവാദങ്ങൾ എന്തു വന്നാലും സഭയ്ക്കുള്ള വായിക്കില്ലെന്ന സൂചന; നിയസഭാ രേഖകളിൽ തന്റെ വാക്കുകളായി കേന്ദ്ര നിയമത്തിനെതിരായ വാക്കുകൾ ഉണ്ടാകില്ലെന്ന് ഉറപ്പിക്കാനുള്ള നിയമ വഴികൾ തേടി ആരിഫ് മുഹമ്മദ് ഖാൻ; സുപ്രീംകോടതി ഹർജിയിൽ മുഖ്യമന്ത്രിയോട് വിശദീകരണം ചോദിക്കാനുറച്ച് നീക്കം; ഗവർണ്ണർ-മുഖ്യമന്ത്രി ഏറ്റുമുട്ടൽ പുതിയ തലത്തിലേക്ക്

പൗരത്വ ഭേദഗതി നിയമത്തിനെതിരെയാണ് നയപ്രഖ്യാപനമെങ്കിൽ തിരുത്തൽ ആവശ്യപ്പെട്ട് രാജ്ഭവൻ പ്രസംഗം തിരിച്ചയയ്ക്കും; വിവാദങ്ങൾ എന്തു വന്നാലും സഭയ്ക്കുള്ള വായിക്കില്ലെന്ന സൂചന; നിയസഭാ രേഖകളിൽ തന്റെ വാക്കുകളായി കേന്ദ്ര നിയമത്തിനെതിരായ വാക്കുകൾ ഉണ്ടാകില്ലെന്ന് ഉറപ്പിക്കാനുള്ള നിയമ വഴികൾ തേടി ആരിഫ് മുഹമ്മദ് ഖാൻ; സുപ്രീംകോടതി ഹർജിയിൽ മുഖ്യമന്ത്രിയോട് വിശദീകരണം ചോദിക്കാനുറച്ച് നീക്കം; ഗവർണ്ണർ-മുഖ്യമന്ത്രി ഏറ്റുമുട്ടൽ പുതിയ തലത്തിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി : പൗരത്വനിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് വിഷയങ്ങൾ സർക്കാരിന്റെ നയപ്രഖ്യാപനത്തിൽ ഉൾപ്പെട്ടാൽ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ അത് അംഗീകരിക്കില്ല. മന്ത്രിസഭ അംഗീകരിച്ച് നൽകുന്ന പ്രസംഗത്തിൽ തനിക്ക് യോജിക്കാനാവാത്ത പ്രശ്‌നങ്ങളുണ്ടെങ്കിൽ അത് ഗവർണ്ണർ തിരിച്ചയയ്ക്കും. ഭരണഘടനാ വിരുദ്ധമായതൊന്നും നയപ്രഖ്യാപനത്തിൽ ഉൾപ്പെടുത്താൻ അനുവദിക്കില്ലെന്നാണ് രാജ്ഭവന്റെ പക്ഷം. ഇത്തരത്തിലൊരു നയപ്രഖ്യാപനമാണ് സർക്കാർ തയ്യാറാക്കുന്നതെങ്കിൽ നിയമസഭയുടെ രേഖകളിൽ അത് ഇടം പടിക്കാതിരിക്കാൻ എന്ത് ചെയ്യണമെന്നതിനെ കുറിച്ചും ഗവർണ്ണർ ആലോചിക്കുന്നുണ്ട്. സർക്കാരും ഗവർണ്ണറും തമ്മിലെ ഏറ്റുമുട്ടൽ അതിശക്തമാക്കുന്നതാകും നയപ്രഖ്യാപനമെന്നാണ് സൂചന.

പൗരത്വ ഭേദഗതി നിയമത്തിന് എതിരെ തന്റെ അനുമതിയില്ലാതെ സംസ്ഥാനസർക്കാർ സുപ്രീംകോടതിയെ സമീപിച്ചത് ഭരണഘടനാലംഘനമാണെന്ന് കുറ്റപ്പെടുത്തിയ ഗവർണർ, ഉത്തരവാദിയായ മുഖ്യമന്ത്രിയിൽനിന്ന് റിപ്പോർട്ട് തേടുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഗവർണർക്കെതിരേ മുഖ്യമന്ത്രി വ്യാഴാഴ്ച ഉന്നയിച്ച പരോക്ഷ വിമർശനത്തിനടക്കം അക്കമിട്ട് മറുപടി പറഞ്ഞാണ് ഡൽഹിയിൽ അദ്ദേഹം സർക്കാരിനെതിരേ ആഞ്ഞടിച്ചത്. അടുത്ത ദിവസങ്ങളിൽ തന്നെ രാജ്ഭവൻ മുഖ്യമന്ത്രിക്ക് കത്തയക്കുമെന്നാണ് ലഭിക്കുന്ന സൂചന.

ഭരണഘടനയും ചട്ടങ്ങളും ഈ സംഭവത്തിൽ ലംഘിക്കപ്പെട്ടിരിക്കുന്നു. ചട്ടപ്രകാരം കേന്ദ്രവുമായും മറ്റു സംസ്ഥാനങ്ങളുമായും ഏറ്റുമുട്ടൽ ഉണ്ടാകുന്ന വിഷയങ്ങളിൽ സുപ്രീം കോടതിയേയോ ഹൈക്കോടതിയേയോ സമീപിക്കും മുൻപ് ഇക്കാര്യം ഗവർണറെ അറിയിക്കണമെന്നാണ് ചട്ടം. എന്നാൽ, സുപ്രീം കോടതിയിൽ പൗരത്വ നിയമത്തിനെതിരേ ഹർജി നൽകുന്ന കാര്യം മുഖ്യമന്ത്രി തന്നെ അറിയിച്ചിരുന്നില്ല. മുഖ്യമന്ത്രിക്ക് നേരിട്ടോ മന്ത്രിമാർ, ഉദ്യോഗസ്ഥർ മുഖേനയോ ഇക്കാര്യം തന്നെ അറിയിക്കാമായിരുന്നു. അത്തരത്തിൽ അറിയിച്ചിരുന്നില്ലെങ്കിൽ വിഷയത്തിൽ തന്റെ അഭിപ്രായം വ്യക്തമാക്കുമായിരുന്നുവെന്നും ഗവർണ്ണർ പറയുന്നു. ഏതൊക്കെ വിഷയങ്ങളാണ് സർക്കാരിന് വേണ്ടി മുഖ്യമന്ത്രി മുൻകൂട്ടി ഗവർണറെ അറിയിക്കേണ്ടത് എന്ന് റൂൾസ് ഓഫ് ബിസിനസിന്റെ 34(2)ൽ അഞ്ചാം വകുപ്പിൽ വ്യക്തമാക്കുന്നുണ്ട്. കേന്ദ്രസർക്കാരുമായുള്ള ബന്ധത്തെ ബാധിക്കുന്ന ഏതെങ്കിലുമൊരു വിഷയമുണ്ടെങ്കിൽ അത് ഗവർണറെ അറിയിച്ചിരിക്കണമെന്ന് നിർബന്ധമുണ്ട്. മാത്രമല്ല മറ്റ് സംസ്ഥാന സർക്കാരുകളെ പ്രതികൂലമായി ബാധിക്കുന്ന കാര്യങ്ങളുണ്ടെങ്കിൽ അതും ഗവർണറെ അറിയിച്ചിരിക്കണം. മാത്രമല്ല ഹൈക്കോടതിയും സുപ്രീം കോടതിയുമായുമുള്ള ബന്ധത്തെ ബാധിക്കുന്ന വിഷയങ്ങളുണ്ടെങ്കിൽ അവയും ഗവർണറെ മുൻകൂട്ടി അറിയിക്കാൻ സർക്കാർ ബാധ്യസ്ഥരാണ്. റൂൾസ് ഓഫ് ബിസിനിലെ 34(2)ലെ അഞ്ചാം വകുപ്പ് സർക്കാർ ലംഘിച്ചുവെന്നാണഅ ഗവർണ്ണർ പറയുന്നു.

സർക്കാർ നടത്തുന്ന ഏത് നീക്കവും ഗവർണർക്ക് വേണ്ടി എന്ന രീതിയിലാണ് ഭരണഘടനാപരമായി വ്യാഖ്യാനിക്കുന്നത്. അങ്ങനെയുള്ളപ്പോൾ എന്തുകൊണ്ടാണ് തന്നെ ഈ വിഷയം അറിയിച്ചില്ല എന്നു വ്യക്തമാക്കേണ്ടതുണ്ട്. ഗവർണർ അനുമതി നിഷേധിച്ചാൽ തന്നെയും അതിനെ മറികടന്ന് കോടതിയെ സമീപിക്കാൻ സർക്കാരിന് സാധിക്കും. പക്ഷെ അറിയിക്കാതെ പോയത് ഭരണഘടനപരമായി തെറ്റാണെന്നും ഗവർണർ വിശദീകരിച്ചു. ഈ സാഹചര്യത്തിലാണ് റിപ്പോർട്ട് തേടുന്നത്. ഇതിന് മുഖ്യമന്ത്രി മന്ത്രി മറുപടി നൽകുമോ എന്നതും നിർണ്ണായകമാണ്. ഇതിനൊപ്പം പൗരത്വ ഭേദഗതിക്കെതിരെ ബിജെപി നേതാവ് കുമ്മനം രാജശേഖരനും സുപ്രീംകോടതിയിൽ ഹർജി നൽകി. സംസ്ഥാന സർക്കാരിനെതിരെയാണ് കുമ്മനത്തിന്റെ ഹർജി.

നയപ്രഖ്യാപനത്തിനായി ഗവർണ്ണറെ മുഖ്യമന്ത്രിയും സ്പീക്കറും പാർലമെന്ററികാര്യമന്ത്രിയും ചേർന്ന് ആനയിക്കും. അങ്ങനെ സഭയിൽ ഗവർണ്ണർ എത്തിയ ശേഷം എന്ത് സംഭവിക്കുമെന്നതാണ് നിർണ്ണായകം. നയപ്രഖ്യാപനത്തിലെ ഭാഗങ്ങൾ ഗവർണ്ണർ ഒഴിവാക്കിയാൽ ഭരണപക്ഷം തന്നെ പ്രതിഷേധവുമായെത്തും. ഗവർണ്ണറുടെ പ്രസംഗം തടസ്സപ്പെടുത്താനും ശ്രമം ഉണ്ടായേക്കും. ഗവർണർ വായിച്ചാലും ഇല്ലെങ്കിലും അച്ചടിച്ച പ്രസംഗം അതേപടി നയപ്രഖ്യാപനമായി രേഖയിലുണ്ടാകുമെന്നതിനാലാണ് ഇത്. ഈ സാഹചര്യത്തിലാണ് നിയമസഭയുടെ രേഖകളിൽ ഇത് വരാതിരിക്കാൻ എന്തെങ്കിലും നിയമപരമായ വഴിയുണ്ടോ എന്ന ചിന്ത ഗവർണ്ണർ നടത്തുന്നത്. പൗരത്വ നിയമത്തിനെതിരായ പ്രമേയം തന്നെ സഭാ രേഖകളുടെ ഭാഗമാണ്. അതുകൊണ്ട് തന്നെ നയപ്രഖ്യാപനത്തിലെ മന്ത്രിസഭാ തീരുമാനവും അങ്ങനെയാകുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.

വായിക്കുന്നത് ഗവർണറാണെങ്കിലും ഉള്ളടക്കം തയാറാക്കുന്നതു സർക്കാരാണ്. ചീഫ് സെക്റട്ടറിയെയോ ഉന്നത ഐഎഎസ് ഉദ്യോഗസ്ഥരെയോ പ്രസംഗം തയാറാക്കാൻ മന്ത്രിസഭ ചുമതലപ്പെടുത്തും. ആവശ്യമെങ്കിൽ ഭേദഗതി വരുത്തി മന്ത്രിസഭ അംഗീകരിക്കും. പ്രഖ്യാപനത്തിനു രണ്ടു ദിവസം മുൻപ് ഗവർണറുടെ വസതിയിൽ എത്തിക്കും. തിരുത്തലുകൾ വരുത്താമെങ്കിലും ഗവർണർ കാര്യമായ മാറ്റം വരുത്താറില്ല. തലേന്നു രാത്രി സർക്കാർ പ്രസ്സിൽ അച്ചടിക്കുന്ന പ്രസംഗം രാവിലെ എട്ടിനു നിയമസഭയിലെത്തിക്കും. ഇതാണ് രേഖയായി മാറുന്നത്. ഇന്ത്യയിൽ ഇതിന് മുമ്പും നയപ്രഖ്യാപനം ഗവർണ്ണർ വിട്ടുകളഞ്ഞ നിരവധി സംഭവങ്ങളുണ്ട്. അപ്പോഴെല്ലാം അത് സഭാ രേഖകളുടെ ഭാഗമായിരുന്നു.

പൗരത്വ ഭേദഗതി നിയമത്തിൽ ഭരണഘടനയും സർക്കാരിന്റെ പ്രവർത്തനച്ചട്ടവും (റൂൾ ഓഫ് ബിസിനസ്) ഉദ്ധരിച്ചായിരുന്നു ഗവർണറുടെ ഇന്നലത്തെ റുപടി. നിയമവ്യവസ്ഥയുള്ള സമൂഹമാണ് നിലനിൽക്കുന്നതെന്നും പൊതുഭരണവും സർക്കാരിന്റെ പ്രവർത്തനവും ഏതെങ്കിലും വ്യക്തിയുടെയോ പാർട്ടിയുടെയോ ഭ്രമങ്ങൾക്കനുസരിച്ച് കൊണ്ടുപോകാനാകില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഓർഡിനൻസ് സംവിധാനം രാഷ്ട്രീയതാത്പര്യങ്ങൾക്ക് വിനിയോഗിക്കാൻ അനുവദിക്കില്ല. തദ്ദേശസ്ഥാപനങ്ങളിലെ വാർഡുവിഭജന ഓർഡിനൻസിൽ താൻ ഉന്നയിച്ച സംശയങ്ങൾക്ക് നിവാരണമുണ്ടാകാതെ അംഗീകാരം നൽകില്ല.

തന്നെ വന്നുകണ്ട രണ്ടുമന്ത്രിമാരോട് ഓർഡിനൻസ് സംബന്ധിച്ച സംശയങ്ങൾ ചോദിച്ചു. എന്നാൽ, അവർ മറുപടി നൽകുന്നതിനുപകരം മാധ്യമങ്ങൾക്ക് വാർത്തനൽകുകയാണ് ചെയ്തത്. അവർക്ക് ഇഷ്ടമുള്ളതുപ്രവർത്തിക്കാം. എന്നാൽ, അതിൽ ചട്ടലംഘനമുണ്ടെങ്കിൽ അനുവദിക്കില്ലെന്നും ഗവർണർ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ വിമർശനങ്ങളാണ് ഗവർണ്ണറെ കടുത്ത നിലപാടിലേക്ക് കൊണ്ടു പോയത്. ബിട്ടീഷ് ഭരണകാലത്ത് നാട്ടുരാജ്യങ്ങൾക്കുമേൽ റെസിഡന്റുമാരുടെ നിയന്ത്രണമുണ്ടായിരുന്നു. കേരളസർക്കാരിനു മുകളിൽ അത്തരമൊരു അധികാരശക്തിയില്ല. ഇപ്പോൾ പാസാക്കിയത് രാജ്യത്തിന്റെ നിയമമല്ല, ആർ.എസ്.എസിന്റെ നിയമമാണ്. ആ നിയമം നടപ്പാക്കാനല്ല കേരളത്തിലെ ഈ സർക്കാർ. ഭരണഘടനാവിരുദ്ധമായ ഒരു നിയമവും ഈ സംസ്ഥാനത്ത് അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ഇതിന് അതിസമർത്ഥമായ മറുപടി ഗവർണ്ണറും നൽകി. ഞാനടക്കം എല്ലാവരും നിയമത്തിനുകീഴിലാണ്. രാജ്യത്ത് കോളനിഭരണമില്ലെന്ന് മുഖ്യമന്ത്രിയാണ് തിരിച്ചറിയേണ്ടത്. പൗരത്വനിയമം കേന്ദ്രപട്ടികയിൽപെട്ടതാണ്. നിയമസഭയുടെ പരിധിയിൽ വരാത്ത വിഷയത്തിനായി പ്രത്യേക നിയമസഭാസമ്മേളനം വിളിച്ച് സംസ്ഥാനത്തെ ജനങ്ങളുടെ പണം ദുരുപയോഗം ചെയ്തുവെന്ന് ഗവർണ്ണർ വിശദീകരിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP