Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അമ്മയേയും കൂട്ടാളിയേയും കൊന്ന ശേഷം ഭാര്യയും കുട്ടികളുമായി എത്തിയത് ലവ് ഷോർ അഗതി മന്ദിരത്തിൽ; എല്ലാവർക്കും സഹായമെത്തിച്ച് നേടിയെടുത്തത് ജീവകാരുണ്യ പ്രവർത്തകൻ ലേബൽ; മാങ്ങവയലിലെ പള്ളിയിൽ സഹായിയായതും സത്യ ക്രിസ്ത്യാനി എന്ന് വരുത്തി നീലഗിരിയിൽ നല്ലപിള്ളയാകാൻ; കുടുക്കിയത് ആ വിരലടയാളങ്ങളും; സംസ്ഥാന പൊലീസ് ചരിത്രത്തിൽ ആദ്യമായി ഫോട്ടോയിൽ നിന്ന് വിരലടയാളമെടുത്ത് ആളെ തിരിച്ചറിഞ്ഞപ്പോൾ കുടുങ്ങി 'ബിർജു'; മുക്കത്തെ ഇരട്ട ക്രൂരതയിൽ ചർച്ച തുടരുമ്പോൾ

അമ്മയേയും കൂട്ടാളിയേയും കൊന്ന ശേഷം ഭാര്യയും കുട്ടികളുമായി എത്തിയത് ലവ് ഷോർ അഗതി മന്ദിരത്തിൽ; എല്ലാവർക്കും സഹായമെത്തിച്ച് നേടിയെടുത്തത് ജീവകാരുണ്യ പ്രവർത്തകൻ ലേബൽ; മാങ്ങവയലിലെ പള്ളിയിൽ സഹായിയായതും സത്യ ക്രിസ്ത്യാനി എന്ന് വരുത്തി നീലഗിരിയിൽ നല്ലപിള്ളയാകാൻ; കുടുക്കിയത് ആ വിരലടയാളങ്ങളും; സംസ്ഥാന പൊലീസ് ചരിത്രത്തിൽ ആദ്യമായി ഫോട്ടോയിൽ നിന്ന് വിരലടയാളമെടുത്ത് ആളെ തിരിച്ചറിഞ്ഞപ്പോൾ കുടുങ്ങി 'ബിർജു'; മുക്കത്തെ ഇരട്ട ക്രൂരതയിൽ ചർച്ച തുടരുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ഇരട്ടക്കൊലക്കേസ് പ്രതി ബിർജു നീലഗിരിയിൽ ഒളിച്ചു താമസിച്ചത് 'ജീവകാരുണ്യ പ്രവർത്തക'നെന്ന നിലയിൽ. ജോർജുകുട്ടി എന്ന പേരിൽ പള്ളിയിലെ പ്രാർത്ഥനകളിലും മറ്റും സജീവമായ 'സത്യക്രിസ്ത്യാനി'. പാട്ടവയലിനടുത്ത മാങ്ങവയലിലെ ഒരു പള്ളിയിൽ സഹായിയുമായിരുന്നു ഇയാൾ. ജീവകാരുണ്യ പ്രവർത്തനങ്ങളിലും പള്ളിയിലെ സഹായിയായും നിന്ന 'ജോർജുകുട്ടി'യെക്കുറിച്ച് നീലഗിരിക്കാർക്ക് മതിപ്പായിരുന്നു. ഫോട്ടോ കണ്ട പലരും ജോർജുകുട്ടി എന്ന പേരിലാണ് ഇദ്ദേഹത്തെ ഇപ്പോഴും തിരിച്ചറിയുന്നത്.

കോഴിക്കോട്ടുനിന്ന് വസ്ത്ര വ്യാപാരശാലകളിലേക്ക് തുണികൾ എത്തിച്ചാണ് ബിർജു നീലഗിരിയിൽ ജീവിതം മുമ്പോട്ട് കൊണ്ടു പോയത്. ഭാര്യക്കും കുട്ടികൾക്കും ഒപ്പം ആദ്യമെത്തിയത് ലവ് ഷോർ അഗതിമന്ദിരത്തിലാണ്. ഇതിന്റെ നടത്തിപ്പുകാരനെ ബിർജുവിന് പരിചയമുണ്ടായിരുന്നു. അഗതി മന്ദിരത്തിൽ താമസിക്കുമ്പോൾ ചില ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തി. അങ്ങനെ ജീവകാരുണ്യ പ്രവർത്തകൻ എന്ന മേൽവിലാസവും നേടിയെടുത്തു. ഭാര്യ നേഴ്സിങ് പൂർത്തിയാക്കിയിരുന്നെങ്കിലും ജോലിക്ക് പോയിരുന്നില്ല. ഇവരും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. കോയമ്പത്തൂരിൽ ജോലിചെയ്യവേയാണ് ഇവർ വിവാഹിതരായത്.

കല്യാണം കഴിഞ്ഞതോടെ ബിർജുവും ഭാര്യയുടെ വഴിയേ യാത്ര തുടങ്ങി. ക്രിസ്തീയ ആചാരങ്ങൾ പിന്തുടർന്നതിനാൽ ആർക്കും സംശയം തോന്നിയിരുന്നില്ല. നാട്ടിൽ സജീവമായിരുന്നെങ്കിലും 'ജോർജുകുട്ടിയും കുടുംബവും' വ്യക്തിപരമായ കാര്യങ്ങൾ പങ്കുവയ്ക്കുന്നതിൽ വിമുഖത കാട്ടിയിരുന്നതായി നീലഗിരിക്കാർ ഇപ്പോൾ തിരിച്ചറിയുന്നുണ്ട്. അമ്മയുടെ പേരിൽ ബാക്കിയുണ്ടായിരുന്ന സ്വത്ത് തട്ടിയെടുക്കാനാണ് ഏക മകനായ ബിർജു ജയവല്ലിയെ കൊലപ്പെടുത്തിയത്. സ്വത്ത് ആവശ്യപ്പെട്ട് ബിർജു ജയവല്ലിയെ നിരന്തരം ശല്യംചെയ്തിരുന്നു. എന്നാൽ, സ്വത്ത് ഭാഗംവെയ്ക്കാൻ ജയവല്ലി കൂട്ടാക്കിയില്ല. തുടർന്ന് ജയവല്ലിയെ കൊലപ്പെടുത്താൻ സുഹൃത്തും വാടകക്കൊലയാളിയുമായ ഇസ്മായിലിനെ ഏർപ്പാടാക്കി. 2016 മാർച്ച് അഞ്ചിനാണ് കൊല നടന്നത്.

അഞ്ചിനു രാവിലെ ഇരുവരും കൊല നടത്താനായി എത്തിയെങ്കിലും ജയവല്ലി വീട്ടുജോലിയിലായതിനാൽ കൃത്യം എളുപ്പമല്ലെന്നു കരുതി തിരിച്ചുപോയി. ഉച്ചയ്ക്കു വീണ്ടും എത്തിയെങ്കിലും കൊല നടത്താനായില്ല. രാത്രി ജയവല്ലി ഉറങ്ങിയ ശേഷം ബിർജു ഇസ്മായിലിനെ വീട്ടിലേക്കു വിളിച്ചുവരുത്തി. ജയവല്ലിയുടെ കഴുത്തിൽ തോർത്തുമുണ്ട് മുറുക്കി. മരിച്ചശേഷം കഴുത്തിൽ സാരികെട്ടി ഫാനിൽ തൂക്കി. രാവിലെവരെ വീട്ടിൽത്തന്നെയിരുന്ന ബിർജു രാവിലെ അയൽവാസികളോട് കാര്യംപറയുകയായിരുന്നു. ഇസ്മായിലിനെ കൊലപ്പെടുത്തിയ ശേഷം ബിർജു തമിഴ്‌നാട് നീലഗിരി ജില്ലയിലെ പുളിയാടി വയലിൽ പാലിയിൽ വീട്ടിലേക്കു താമസംമാറ്റി. ഇവിടെനിന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണസംഘം ബിർജുവിനെ പിടികൂടിയത്. 2017-ൽ കോഴിക്കോട് ചാലിയം, കൈതവളപ്പ് തുടങ്ങിയ കടൽത്തീരങ്ങളിൽ കൈകൾ ലഭിച്ചു. കുറച്ച് ദിവസങ്ങൾക്കു ശേഷം മുക്കം അഗസ്ത്യമുഴിയിൽനിന്ന് ഉടൽ ഭാഗവും ഓഗസ്റ്റ് 13-ന് ചാലിയം കടൽത്തീരത്തുനിന്ന് തലയോട്ടിയും കണ്ടെത്തുകയായിരുന്നു.

കൊല്ലപ്പെട്ടയാളെ തിരിച്ചറിയാൻ കഴിയാതെ ഇരുട്ടിൽത്തപ്പിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തിനു തുണയായത് 29 വർഷം മുമ്പെടുത്ത വിരലടയാളമായിരുന്നു. മലപ്പുറം വണ്ടൂർ സ്വദേശി പുതിയാത്ത് ഇസ്മയിലിന്റെ മൃതദേഹമാണ് ഇത്തരത്തിൽ തിരിച്ചറിഞ്ഞത്. ഇസ്മായിലിനെ പത്തൊൻപതാമത്തെ വയസ്സിൽ മലപ്പുറം പൊലീസ് സംശയിച്ച് കസ്റ്റഡിയിലെടുത്തിരുന്നു. അന്നത്തെ പൊലീസ് ഓഫീസർ എടുത്തുസൂക്ഷിച്ച വിരലടയാളമാണ് കടൽത്തീരത്തുനിന്ന് കിട്ടിയ അജ്ഞാത മൃതദേഹഭാഗങ്ങൾ ആരുടേതാണെന്നു തിരിച്ചറിയാൻ സഹായകമായത്. വെള്ളത്തിൽക്കിടന്ന് അഴുകിദ്രവിച്ച് വെളുത്തനിറത്തിലായിരുന്നു ഇസ്മായിലിന്റെ മൃതദേഹഭാഗങ്ങൾ. അതിനാൽ തൊലിപ്പുറത്തുള്ള വരകളൊന്നും നഗ്നനേത്രങ്ങളാൽ തിരിച്ചറിയാൻ സാധിച്ചില്ല. മഷിയിൽ വിരൽമുക്കിയോ മെഷീൻ മുഖേനയോ വിരലടയാളം പതിപ്പിച്ചെടുക്കാൻ കഴിഞ്ഞില്ല.

കോഴിക്കോട് ഫിംഗർ പ്രിന്റ് ബ്യൂറോയിലെ ഉദ്യോഗസ്ഥർ വിരലുകളെല്ലാം മുറിച്ചെടുത്ത് രാസലായനിയിൽ സൂക്ഷിച്ചു. പിന്നീട് വിരലടയാളങ്ങൾ കാണാനുള്ള രൂപത്തിലാക്കാൻ സോഡിയം ഹൈഡ്രോക്‌സൈഡ് ലായനി മുഖേന പലവട്ടം ഉണക്കിയെടുത്തു. രാസപദാർഥമായ അസറ്റോൺ വഴി വീണ്ടും വിരലുകൾ ഉണക്കിയെടുത്തു. വിരലടയാളങ്ങൾ തെളിഞ്ഞുവന്നതോടെ ഫോട്ടോയെടുത്തു. ഡൽഹി സെൻട്രൽ ഫിംഗർ പ്രിന്റ് ബ്യൂറോ ഉൾപ്പെടെയുള്ള പരിശോധനകേന്ദ്രങ്ങളിലേക്ക് ഇവ അയച്ചുകൊടുത്തു. അതിനിടയിൽ തിരുവനന്തപുരം ഫിംഗർ പ്രിന്റ് ബ്യൂറോ ടെസ്റ്റർ ഇൻസ്പെക്ടർ ടി.ആർ. ഹരിപ്രസാദ്, കോഴിക്കോട് ഫിംഗർ പ്രിന്റ് ഇൻസ്പെക്ടർ പി. ദിനേശ് കുമാർ, സഹപ്രവർത്തകരായ വി.പി. കരീം, എ.വി. ശ്രീജയ, എസ്.വി. വൽസരാജ് എന്നിവരുടെ പരിശോധനയിലാണ് വിരലടയാളം ഇസ്മയിലിന്റേതാണെന്നു കണ്ടെത്തിയത്. സംസ്ഥാനത്ത് പൊലീസിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിൽ ഫോട്ടോയിൽനിന്ന് വിരലടയാളമെടുത്ത് ആളെ തിരിച്ചറിയുന്നത്.

ഇസ്മയിലിനെതിരേ കൊണ്ടോട്ടി, കരുവാരക്കുണ്ട് സ്റ്റേഷനുകളിൽ കേസുകളുണ്ടായിരുന്നു. കരുവാരക്കുണ്ട് സ്റ്റേഷനിൽ മൂന്നുമാസം റിമാൻഡിലായിട്ടുണ്ട്. 700 പേരെ കേസുമായി ബന്ധപ്പെട്ട് ചോദ്യംചെയ്തു. അന്വേഷണ ഉദ്യോഗസ്ഥർ സംശയിച്ച 50 പേരെ ഡി.എൻ.എ. പരിശോധനയ്ക്കു വിധേയരാക്കി. ക്രൈംബ്രാഞ്ച് ഉത്തരമേഖലാ ഐ.ജി. ഇ.ജെ. ജയരാജ്, ഡിവൈ.എസ്‌പി. എം. ബിനോയ്, എസ്‌ഐ.മാരായ പി. ജിതേഷ്, കെ. മനോജ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ കെ.ആർ. രാജേഷ്, സി. സന്തോഷ്, കെ. വന്ദന, കെ. വിനോദ് കുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ കെ. അരുൺ, ആർ.കെ. ബിജു, പൊലീസ് ഫോട്ടോഗ്രാഫർമാരായ പി. ഹാരിസ്, എസ്. ശ്യാംലാൽ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP